മുൻകൂർ അനുമതി ഇല്ലാതെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി. സ്പെഷ്യൽ കമ്മീഷണറുടെ മുൻകൂർ അനുമതി വേണമെന്ന് ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെന്നും ഹൈക്കോടതിയുടെ ഉത്തരവ് അനിവാര്യമായിരുന്നുവെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയിൽ നിന്ന് അനുമതി തേടാൻ ആവശ്യത്തിന് സമയമുണ്ടായിരുന്നല്ലോ എന്നും കോടതി ചോദിച്ചു. വിഷയത്തിൽ വെള്ളിയാഴ്ച റിപ്പോർട്ട് നൽകാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി.
ആഗോള അയ്യപ്പ സംഗമത്തിനുള്ള ചെലവ് സ്പോൺസർഷിപ്പിലൂടെയും സിഎസ്ആർ ഫണ്ട് വഴിയും കണ്ടെത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയിൽ അഞ്ചിന്‍റെ പൈസ കിട്ടുമ്പോൾ എന്തിനാണ് അസ്വസ്ഥത ഉണ്ടാക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. പന്തളം കൊട്ടാരം സഹകരിക്കുമെന്നാണ് പ്രതീക്ഷ. കൊട്ടാരം നിർവാഹസമിതിയുമായി നല്ല ബന്ധമാണുള്ളത്. ‘പന്തളം കൊട്ടാരം പ്രതിനിധികൾ സംഗമത്തിൽ വരണമല്ലോ” എന്ന് പി എസ് പ്രശാന്ത് പറഞ്ഞു.
സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ മന്ത്രിമാരെ ഇനി ‘ബഹു’ എന്ന് അഭിസംബോധന ചെയ്യണമെന്ന് നിർദേശം. പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പാണ് ഇതുസംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറക്കിയത്. ഭരണഘടന പദവികളിലെ അഭിസംബോധനകളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന കാലത്താണ് കേരള സർക്കാരിന്റെ ഈ നീക്കം. സർക്കാർ സേവനങ്ങളിൽ പരാതി നൽകുന്ന സാധാരണക്കാർക്ക് പോലും ഇനി ബഹുമാനാർത്ഥം മന്ത്രിമാരുടെ പേരിന് മുൻപ് ‘ബഹു’ എന്ന് ചേർക്കണം.
കേരള സര്‍വകലാശാലയിലെ പദവി തര്‍ക്കത്തിൽ രജിസ്ട്രാര്‍ക്ക് തിരിച്ചടി. സസ്പെന്‍ഷൻ നടപടിക്കെതിരെ ഡോ.കെഎസ് അനിൽകുമാര്‍ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് കെഎസ് അനിൽകുമാറിനെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി തുടരും. അനിൽകുമാറിന്‍റെ സസ്പെന്‍ഷൻ തുടരണമോയെന്ന് സിന്‍ഡിക്കേറ്റിന് വീണ്ടും യോഗം ചേര്‍ന്ന് തീരുമാനിക്കാമെന്നും ഹൈക്കോടതി ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കി.
ബലാത്സംഗ കേസിൽ റാപ്പർ വേടൻ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യലിന് പൊലീസിനു മുന്നിൽ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്എച്ച്ഒ യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. ചോദ്യം ചെയ്തതിനു ശേഷം വേടൻ്റെ അറസ്റ്റ് രേഖപ്പെടുത്തും. മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വേടനെ വിട്ടയയ്ക്കും.
തൃശൂരിൽ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നടു റോഡിൽ വെച്ച് മര്‍ദനം. ട്രാഫിക് ബ്ലോക്കിനിടെ സ്വകാര്യ ബസ് ജീവനക്കാരൻ മര്‍ദിച്ചെന്നാണ് പരാതി. തൃശൂര്‍ കേച്ചേരിയിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കെഎസ്ആര്‍ടസി കണ്ടക്ടര്‍ രാജേഷ്‍കുമാറിനാണ് മര്‍ദനമേറ്റത്. ട്രാഫിക് ബ്ലോക്കിനിടെ വാഹനം മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സ്വകാര്യ ബസ് ഡ്രൈവര്‍ രാജേഷ്‍കുമാറിനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തിൽ രാജേഷ്‍കുമാര്‍ കുന്നംകുളം പൊലീസിൽ പരാതി നൽകി.
ബിജെപിയുടെ വളർച്ച കണക്ക്കൂട്ടലിന് അപ്പുറമെന്ന് സിപിഐയുടെ രാഷ്ട്രീയ പ്രമേയം. പബിജെപിക്കെതിരെ വേണ്ടത് വിശാല ഇടതുപക്ഷ ഐക്യം. അത് തന്ത്രപരമായ അനിവാര്യതയാണ്. അധികാരം ഉപയോഗിച്ച് സമഗ്രമേഖലയിലും ബിജെപി കടന്നു കയറി തെരഞ്ഞെടുപ്പുകളെ സീസണലായി കാണരുത് പ്രതീകാത്മക സ്ഥാനാർത്ഥിത്വങ്ങൾ ഒഴിവാക്കണമെന്നും രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.
ആഗോള അയ്യപ്പ സംഗമത്തിനുള്ള ചെലവ് സ്പോൺസർഷിപ്പിലൂടെയും സിഎസ്ആർ ഫണ്ട് വഴിയും കണ്ടെത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയിൽ അഞ്ചിന്‍റെ പൈസ കിട്ടുമ്പോൾ എന്തിനാണ് അസ്വസ്ഥത ഉണ്ടാക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. പന്തളം കൊട്ടാരം സഹകരിക്കുമെന്നാണ് പ്രതീക്ഷ. കൊട്ടാരം നിർവാഹസമിതിയുമായി നല്ല ബന്ധമാണുള്ളത്. ‘പന്തളം കൊട്ടാരം പ്രതിനിധികൾ സംഗമത്തിൽ വരണമല്ലോ” എന്ന് പി എസ് പ്രശാന്ത് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകൾ. രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടിയിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു. മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോടും പറഞ്ഞുവെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്ന് മൊഴി നൽകി. ട്രാൻസ്ജെണ്ടർ യുവതി മൊഴി നൽകാൻ താൽപര്യമില്ലെന്ന് പൊലിസിനെ അറിയിച്ചു.
കേരളത്തിലെ എൽഡിഎഫ് സർക്കാരിൽ ഒരു പോലീസ് നയമുണ്ടെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. വിദ്യാർത്ഥി യുവജന നേതാക്കളെ ഒക്കെ ക്രൂരമായി മർദ്ദിക്കുന്ന പോലീസ് നയമല്ല എൽഡിഎഫിന്‍റേത്.എൽഡിഎഫ് സർക്കാരിന്‍റെ പ്രഖ്യാപിത പോലീസ് നയത്തിൽ ഇടിമുറികൾ ഇല്ല, സിപിഐ കൂടി ചേർന്ന് തയ്യാറാക്കിയതാണ് ഇടതുപക്ഷത്തിന്‍റെ പോലീസ് നയം ഇങ്ങനെ തയ്യാറാക്കിയ പോലീസ് നയം വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോകണം എന്നാണ് സിപിഐയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിൻ ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടതിനെതുടര്‍ന്ന് ശീതളപാനീയ കച്ചവടക്കാരൻ ഓടുന്ന ട്രെയിനിൽ നിന്ന് എടുത്തു ചാടി. ഇന്നലെ രാത്രി ഒമ്പതിന് എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ മലപ്പുറം താനൂരിൽ എത്തിയപ്പോഴാണ് ഓടുന്ന ട്രെയിനിൽ നിന്ന് യുവാവ് ചാടിയത്. താനൂര്‍ പാണ്ടിമുറ്റം സ്വദേശി അഷ്ക്കര്‍ ആണ് ട്രെയിനിൽ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ അഷ്ക്കറിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശീതള പാനീയങ്ങള്‍ വിൽക്കുന്നതിനിടെ ടിടിഇ ടിക്കറ്റടക്കമുള്ള രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു.
കലാപത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയവരിൽ തൃശ്ശൂർ സ്വദേശികളും. കൈലാസ മാന സരോവർ തീർഥാടനത്തിനായി പോയ വാടാനപ്പള്ളി, എരുമപ്പെട്ടി സ്വദേശികളാണ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ നേപ്പാൾ കലാപത്തെ തുടർന്ന് ചൈന – ടിബറ്റ് അതിർത്തിയിൽ കുടുങ്ങിയത്. കുന്നംകുളം യൂണിറ്റി ആശുപ്രതിയിലെ സീനിയർ ഡോക്ടർ അവിണിപ്പുള്ളി വീട്ടിൽ ഡോ. സുജയ് സിദ്ധാർഥൻ, സുഹൃത്തും വാടാനപ്പള്ളി സ്വദേശിയുമായ അഭിലാഷ് എന്നിവരാണ് ടിബറ്റിലെ ചെറു പട്ടണമായ ദർച്ചനിൽ ഹോട്ടൽ മുറിയിൽ കുടുങ്ങിക്കിടക്കുന്നത്.
പാലിയേക്കരയില്‍ ടോള്‍ പിരിവിന് ഇന്നും അനുമതിയില്ല. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ടോള്‍ പിരിവിനെ കുറിച്ച് ആലോചിക്കാമെന്ന് കോടതി വ്യക്തമാക്കി. ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു. സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറിയ പ്രശ്നങ്ങളാണ് നിലവിലുള്ളതെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി.
മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. തൃശൂർ കൊരട്ടിയിലെ ആറ്റപ്പാടത്ത് ജോയ് (56) ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റിയെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ജോയ്.
ഇരട്ട വോട്ടര്‍പ്പട്ടിക ക്രമക്കേടില്‍ തന്റെ ഭാര്യ അനുഷയുടെ പേര് വലിച്ചിഴച്ച് മറ്റു തട്ടിപ്പുകള്‍ക്ക് മറയാക്കരുതെന്ന് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ്. ഭാര്യയുടെ വോട്ട് തന്റെ താമസസ്ഥലത്തേക്ക് മാറ്റിയപ്പോള്‍ സംഭവിച്ച ജാഗ്രതക്കുറവാണ്. സെപ്റ്റംബര്‍ രണ്ടിനാണ് പുതുക്കിയ വോട്ടര്‍പ്പട്ടിക നിലവില്‍ വന്നത്. തെറ്റ് മനസ്സിലായപ്പോള്‍ത്തന്നെ തിരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എംഎല്‍എ ഫെയ്‌സ്ബുക് കുറിപ്പില്‍ അറിയിച്ചു.
പീച്ചി പൊലീസ് സ്റ്റേഷനിൽ എസ്ഐ ആയിരുന്ന പിഎം രതീഷിനെതിരെ കൂടുതൽ പരാതി. പീച്ചി പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ വയോധികനെ എസ്ഐ പിഎം രതീഷ് മര്‍ദിച്ചതായാണ് പരാതി. പ്രധാനമന്ത്രിയുടെ മുദ്ര ലോൺ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സ്ത്രീക്കൊപ്പം നിന്നുകൊണ്ടാണ് പിഎം രതീഷ് വയോധികനായ പ്രഭാകരനെ മര്‍ദിച്ചതെന്നാണ് പരാതി.
പാലക്കാട് പുതുപ്പെരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീര (29) ആണ് മരിച്ചത്. ഇന്നലെ ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് മീര വന്നിരുന്നു. ഇതിനുശേഷം രാത്രി 11 ഓടെ ഭർത്താവ് അനൂപ് എത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും ഇതിനുശേഷമാണ് മീര മരിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. മരണവിവരം അറിയിച്ചത് പൊലീസാണെന്നും മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മീരയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
കേരളത്തിൽ അടുത്ത 5 ദിവസം കൂടി നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെങ്ങുകയറ്റത്തിന് നിയന്ത്രണങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടം.പാതയോരത്തെ തെങ്ങുകയറ്റത്തിന് മുൻകൂർ അനുമതി വേണം.24മണിക്കൂർ മുൻപ് പൊലീസിൽ നിന്ന് അനുമതി വാങ്ങണം.ട്രാഫിക് പ്രശ്നങ്ങൾ കാരണമെന്നാണ് ഔദ്യോഗികവിശദീകരണം.ഉത്തരവിനെതിരെ ദ്വീപ് നിവാസികള്‍ രംഗത്തെത്തി .തൊഴില്‍ മേഖലയെ തകർക്കുന്ന നിയന്ത്രണമെന്നാണ് പരാതിനിയന്ത്രണം.
പാകിസ്ഥാനിലെ ബഹാവൽപൂരിൽ ഉപയോഗിക്കുന്ന ഒരു ഇന്ത്യൻ സിം കാർഡുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തുന്ന സംഘത്തെ കണ്ടെത്തി. പാകിസ്ഥാന്റെ ചാര സംഘടനയായ ഐ എസ്ഐയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയായിരുന്ന നേപ്പാൾ പൗരനെ ദില്ലി പോലീസിൻ്റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തു.
ജിഎസ്ടിയിലെ കുറവ് വിലയിൽ പ്രതിഫലിക്കും എന്നുറപ്പാക്കാൻ സർക്കാർ നടപടി ഊർജ്ജിതമാക്കി. നിത്യോപയോഗ സാധനങ്ങളുടെ വില നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സിമൻറ് വിലയും നിരീക്ഷിക്കും. എല്ലാ മാസവും റിപ്പോർട്ട് തയ്യാറാക്കാനാണ് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. വില പിന്നീട് കൂട്ടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. നികുതി കുറച്ചത് മൂലമുള്ള വിലക്കുറവ് ജനങ്ങളിലേക്കെത്തണമെന്നാണ് കേന്ദ്ര സർക്കാർ ലക്ഷ്യം.
ഫീസ് കുടിശ്ശിക ആവശ്യപ്പെട്ട് വിദ്യാർത്ഥിനിയുടെ അമ്മയ്ക്ക് നേരെ കോളേജ് ചെയർമാന്‍റെ അതിക്രമം. നഴ്സിങ് വിദ്യാർഥിനിയുടെ അമ്മയുടെ താലിമാല പൊട്ടിച്ചെടുത്തു. തുടർന്ന് നഴ്സിംഗ് വിദ്യാർഥിനിയുടെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു. കർണാടകയിലെ കോപ്പൽ ജില്ലയിലാണ് സംഭവം.
കർണാടക ചാമരാജ് നഗറിലെ ബൊമ്മലപുരയിൽ ആളെകൊല്ലി കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ ഗ്രാമവാസികൾ കൂട്ടിലടച്ചു. പ്രദേശത്ത് ഭീതി വിതച്ച കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഗ്രാമവാസികൾ സ്ഥലത്തെത്തിയ വനം വാച്ചർ അടക്കം ഉഗ്യോഗസ്ഥരെ കൂട്ടിലടച്ചത്. മണിക്കൂറുകളോളം കൂട്ടിലടച്ചിട്ട ഉദ്യോഗസ്ഥരെ പോലീസ് എത്തിയ ശേഷമാണ് തുറന്നുവിട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടിലടച്ചതിന് 6 പേർക്കെതിരെ കേസെടുത്തു.
ചിത്രദുർഗ എംഎൽഎ കെ സി വീരേന്ദ്ര പപ്പിയുടെ വീട്ടിൽ നിന്ന് വീണ്ടും സ്വർണം പിടിച്ചെടുത്തു. 21.5 കിലോ സ്വർണം ഇഡി പിടിച്ചെടുത്തതോടെ കോൺഗ്രസ് എംഎൽഎക്ക് വീണ്ടും കുരുക്ക്. 10 കിലോ തൂക്കം വരുന്ന സ്വർണം പൂശിയ വെള്ളിക്കട്ടകളും പിടിച്ചെടുത്തു. ഇപ്പോൾ പിടിച്ചെടുത്ത സ്വർണത്തിന്റെയും വെള്ളിയുടെയും മതിപ്പുവില 24 കോടിയാണ്. ഇതോടെ എംഎൽഎയുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം 100 കോടി രൂപ കവിഞ്ഞു.
ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനംവരെ തീരുവ ചുമത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും യുഎസ് ഉദ്യോഗസ്ഥനെയും യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞനെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ ഇന്ത്യ അടുത്തയാഴ്ച വീണ്ടും തുടങ്ങാൻ സാധ്യത. ഇന്ത്യൻ സംഘം അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. അമേരിക്കൻ സംഘം ഇന്ത്യയിലേക്ക് വരുന്നത് നേരത്തെ മാറ്റിവച്ചിരുന്നു. വാർത്തകൾ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. വ്യാപാര ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമമെന്ന് മോദി അറിയിച്ചു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിൽനിന്ന് വോട്ടുചോര്‍ന്നുവെന്ന് വിലയിരുത്തി കോണ്‍ഗ്രസ്. മഹാരാഷ്ട്രയിൽ നിന്നടക്കം വോട്ടുചോര്‍ന്നുവെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തൽ. ചില ചെറിയ പാര്‍ട്ടികളെ സര്‍ക്കാര്‍ സ്വാധീനിച്ചുവെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. ചില എംപിമാര്‍ ബാലറ്റ് മനപ്പൂര്‍വ്വം അസാധുവാക്കിയെന്നും കോണ്‍ഗ്രസ് സംശയിക്കുന്നു. ആം ആദ്മി പാര്‍ട്ടിയിലെ ചില എംപിമാര്‍ കൂറുമാറിയെന്നും കോണ്‍ഗ്രസ് ഉന്നത വൃത്തങ്ങള്‍ പറയുന്നു.
പാരീസ് മേഖലയിലെ നിരവധി മുസ്ലിം പള്ളികൾക്ക് പുറത്ത് പന്നിത്തലകൾ കണ്ടെത്തിയതായി നഗരത്തിലെ പൊലീസ് മേധാവി പറഞ്ഞു. ഒമ്പത് പള്ളികൾക്ക് മുന്നിലാണ് പന്നിത്തലകൾ കണ്ടെത്തിയത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന മുസ്ലീം വിരുദ്ധ വിദ്വേഷമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ചില പള്ളികൾക്ക് മുന്നിൽ പന്നികളുടെ തലകൾ ഉപേക്ഷിച്ചിട്ടുണ്ട്. നാലെണ്ണം പാരീസിലെയും അഞ്ചെണ്ണം ഉൾപ്രദേശങ്ങളിലെയും പള്ളികൾക്ക് മുന്നിലാണ് കണ്ടെത്തിയതെന്ന് പൊലീസ് മേധാവി ലോറന്റ് നുനെസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം മുഴുവൻ മിഡിൽ ഈസ്റ്റിനുമുള്ള സന്ദേശമാണെന്ന് ഇസ്രയേൽ നിയമ നിർമ്മാണ സഭയായ നെസെറ്റ് സ്പീക്കർ അമീർ ഓഹാന. സ്ഫോടനത്തിന്റെ വീഡിയോ എക്സിൽ പങ്കുവെച്ചുകൊണ്ടാണ് സ്പീക്കറുടെ പ്രസ്താവന.
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണം തങ്ങൾ ഒറ്റയ്ക്ക് നടത്തിയതാണെന്നും ഇത് യുദ്ധം അവസാനിപ്പിക്കുന്നതിന് വഴി തുറക്കുമെന്നുമാണ് നെതന്യാഹുവിന്‍റെ ന്യായീകരണം. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്‍റെ ഡൊണാൾഡ് ട്രമ്പ് മുന്നോട്ട് വെച്ച വെടിനിർത്തൽ നിർദേശങ്ങൾ തങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
നൈൽ നദിക്ക് കുറുകെ കെട്ടിയ കൂറ്റൻ അണക്കെട്ട് എത്യോപ്യയിൽ ഉദ്ഘാടനം ചെയ്തു. ആഫ്രിക്കയിലെ ഏറ്റവും വലിയ അണക്കെട്ടാണ് എത്യോപ്യയിൽ പ്രവർത്തനം ആരംഭിച്ചത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറായി, സുഡാനുമായുള്ള അതിർത്തിക്കടുത്തായാണ് നൈൽ നദിയുടെ പോഷകനദിയിൽ ഏകദേശം 5 ബില്യൺ ഡോളർ ചെലവിൽ കൂറ്റൻ അണക്കെട്ട് നിർമിച്ചത്. മെഗാ അണക്കെട്ട് 5,000 മെഗാവാട്ടിലധികം വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും ദേശീയ വൈദ്യുതി ഉൽപാദന ശേഷി ഇരട്ടിയാക്കുമെന്നും അധികൃതർ പറഞ്ഞു.
ഖത്തറിന്റെ പരമാധികാരത്തിനു മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ-താനി. തങ്ങൾക്കു നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ ‘സ്റ്റേറ്റ് ടെററിസം ’ എന്നാണ് ഖത്തർ വിശേഷിപ്പിച്ചത്. ആക്രമണത്തെ മുസ്ലിം വേൾഡ് ലീഗും അപലപിച്ചു. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുംമുസ്ലിം വേൾഡ് ലീഗ് ആവശ്യപ്പെട്ടു.
നേപ്പാളിൽ ‘ജെൻസി’ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ പ്രത്യേക അറിയിപ്പുമായി സൈന്യം. സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന് നേപ്പാള്‍ സൈന്യം ആഹ്വാനം ചെയ്തു. പുതിയസര്‍ക്കാര്‍ ചുമതലയേറ്റെടുക്കുന്നതുവരെ സമാധാനം ഉറപ്പാക്കാനുള്ള ചുമതല ഏറ്റെടുത്ത സൈന്യം രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചു.നേപ്പാളിലെ സ്ഥിതിഗതികള്‍ ഇന്ത്യ വിലയിരുത്തി. നേപ്പാള്‍ അതിര്‍ത്തിയിൽ കര്‍ശന നിരീക്ഷണത്തിനും കേന്ദ്രം നിര്‍ദേശം നൽകി.
അതിര്‍ത്തി കടന്നെത്തിയ റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ട് പോളണ്ട്. യുക്രൈന് നേരേയുള്ള ആക്രമണം റഷ്യ ശക്തമാക്കിയതിന് പിന്നാലെയാണ് പോളണ്ട് അതിര്‍ത്തിയിലേക്കും ഡ്രോണുകളെത്തിയത്. റഷ്യന്‍ ഡ്രോണുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായും ഇവയെല്ലാം വെടിവെച്ചിട്ടതായും പോളണ്ട് അറിയിച്ചു.