മേഘവിസ്ഫോടനവും മിന്നൽപ്രളയവും ഉണ്ടായ ധരാലി ​ഗ്രാമം സന്ദർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. വ്യോമ മാർ​ഗമാണ് മുഖ്യമന്ത്രി ധരാലിയിലേക്ക് എത്തിയത്. രക്ഷാപ്രവർത്തനം നടത്തുന്നതിനായി കൂടുതൽ സേന ധരാലിയിലേക്ക് എത്തും. കാലാവസ്ഥ മോശമായതും ദുരന്ത ബാധിത പ്രദേശത്തേക്ക് എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ രക്ഷാപ്രവർത്തനത്തെ കുറിച്ച് പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

 

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മിന്നൽ പ്രളയത്തിൽ ഒമ്പത് സൈനികരെയും കാണാതായി. ഹർഷിലിലുള്ള സൈനിക ക്യാമ്പിൽ നിന്നാണ് സൈനികരെ കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. സൈനിക ക്യാമ്പിനെയും വെള്ളപ്പൊക്കം ബാധിച്ചിരുന്നു. സൈനിക ക്യാമ്പിലെ ആശയവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കപ്പെടുകയും യൂണിറ്റ് ബേസിനെ പ്രതികൂലമായി ബാധിക്കുകയും 9 പേരെ കാണാതായെന്ന് സംശയിക്കുകയും ചെയ്യുന്നതായി സൈന്യം അറിയിച്ചു.

 

മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മലയാളികളും കുടുങ്ങിയതായി സൂചന. ഇന്നലെ ഉച്ച മുതൽ കൊച്ചി സ്വദേശികളായ നാരായണൻ- ശ്രീദേവി ദമ്പതികളെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല എന്ന് ബന്ധുക്കൾ അറിയിച്ചു. 28 പേരുള്ള സംഘമാണ് ​ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത്. ഇതിൽ 8 പേർ കേരളത്തിൽ നിന്നുള്ള മലയാളികളും 20 പേർ മുംബൈയിൽ സ്ഥിരതാമസം ആക്കിയിട്ടുള്ള മലയാളികളും ആണെന്നാണ് വിവരങ്ങൾ.

 

ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ കനത്ത നാശത്തിന് കാരണമായ മിന്നൽ പ്രളയത്തിന് കാരണം മേഘവിസ്ഫോടനം അല്ലെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിന് കാരണം കൂറ്റന്‍ ഹിമാനിയോ ഹിമ തടാകമോ തകര്‍ന്നതാണെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. മീറ്ററോളജിക്കൽ, സാറ്റലൈറ്റ് ഡാറ്റകളുടെ വിവരം ഉദ്ധരിച്ചാണ് വിദഗ്ധരുടെ നിരീക്ഷണം.

 

തിരുവനന്തപുരം കല്ലാർ ഇക്കോ ടൂറിസം പദ്ധതിയിൽ വ്യാപക ക്രമക്കേടെന്ന് ധനവകുപ്പ്. ധനകാര്യ പരിശോധന വിഭാഗത്തിന്റേതാണ് കണ്ടെത്തൽ. ഡിഎഫ്ഓ പ്രദീപ് കുമാർ, മുൻ റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാ‍ർ, ബീറ്റ് ഫോറസ്റ്റ് ഓഫീസ‍ർ റോഷ്നി എന്നിവർ വ്യാപക ക്രമക്കേട് നടത്തിയിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

 

പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ തുറന്നടിച്ച് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. ഉത്തരവാദി ഭരണകൂടമാണെന്നും ശമ്പളകുടിശ്ശിക നൽകാത്തതിൽ വീഴ്ച്ച ഭരണകൂടത്തിനാണെന്നും സെക്രട്ടറിയേറ്റിൽ 3.5ലക്ഷം ഫയൽ കെട്ടി കിടക്കുന്നുവെന്നും ജി.സുധാകരന്റെ വിമർശനം. പരാതി പറഞ്ഞിട്ടും ഉദ്യോഗസ്ഥർ ചെയ്തില്ലെങ്കിൽ ഭരണകൂട വീഴ്ച്ചയാണ്. ഉപദേശം കൊണ്ട് കാര്യം ഇല്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.

 

പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം തള്ളി സ്കൂൾ മാനേജ്മെന്‍റ്. വീഴ്ച വരുത്തിയത് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി നിയമനടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

 

നടന്‍ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ മൂന്നാമത്തെ പ്രതിയും കീഴടങ്ങി. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായിരുന്ന ദിവ്യ ഫ്രാൻസിസാണ് കീഴടങ്ങിയത്. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു.

 

തൃശ്ശൂരിൽ ​ഗവൺമെന്റ് സ്കൂളിൽ ഹാളിന്റെ സീലിങ് തകർന്നു വീണു. കോടാലി ഗവണ്‍മെന്‍റ് യുപി സ്കൂളിലാണ് സംഭവം. സ്കൂൾ അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്.മരപ്പെട്ടി കാരണമാണ് സീലിംഗ് വീണതെന്നാണ് സ്കൂൾ ഹെഡ്മാസ്റ്ററുടെ വിശദീകരണം.

 

വയനാട് സിപിഎമ്മിലെ വിഭാഗീയതയിൽ നേതാക്കൾക്കെതിരെ വീണ്ടും നടപടി. വയനാട്ടിലെ മുതിർന്ന നേതാവ് എ വി ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സാമ്പത്തിക ക്രമക്കേട് ഉന്നയിച്ച് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത് വിവാദം ആയിരിക്കേയാണ് വീണ്ടും നടപടി ഉണ്ടായത്. വയനാട് സിപിഎമ്മിൽ വിഭാഗീയതയെന്ന പരസ്യപ്രസ്താവനയിലാണ് നടപടി.

 

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. സംഘർഷത്തിൽ എസ് എഫ് ഐ – യു ഡി എസ് എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. യു ഡി എസ് എഫ് കള്ളവോട്ടിന് ശ്രമിച്ചു എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആരോപിച്ചു. പൊലീസ് എസ് എഫ് ഐ പ്രവർത്തകരെ അകാരണമായി മർദിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. ലാത്തിയടിയിൽ എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗത്തിന് പരിക്കേറ്റു. എസ് എഫ് ഐ പ്രവർത്തകരും പൊലീസും മർദിച്ചെന്ന് യു ഡി എസ് എഫ് പ്രവർത്തകരും ആരോപിക്കുന്നു.

 

സെൻട്രൽ ജയിലിൽനിന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ കൊണ്ടുപോകവെ ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികൾക്ക് മദ്യപിക്കാൻ അവസരമൊരുക്കിയ പോലീസ് നടപടിയിൽ കടുത്ത അതൃപ്തിയറിയിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അദ്ദേഹം കർശന നിർദേശം നൽകി.

 

ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്. 70 പേർ മരിച്ച ദുരന്തത്തിൻ്റെ ഞെട്ടലിൽ നിന്ന് മോചിതരാവാത്ത പെട്ടിമുടിക്കാർ മറ്റ് പലയിടങ്ങളിലായി ജീവിതം കരുപ്പിടിപ്പിക്കുകയാണ്. സംസ്ഥാന സർക്കാരും കെഡിഎച്ച്‍പി കമ്പനിയും ചേർന്ന് പുനരധിവാസമുറപ്പാക്കിയെങ്കിലും, സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ കേന്ദ്രസഹായം ഇപ്പോഴും കിട്ടിയിട്ടില്ല.

 

ചേട്ടാ എന്നു വിളിക്കാത്തതിന് റാഗിങ്.മർദ്ദനമേറ്റെന്ന പ്ലസ് വൺ വിദ്യാർഥി ചികിത്സയിൽ കോട്ടയം കളത്തിപ്പടി ഗരിദീപം ബദനി സ്കൂൾ വിദ്യാർത്ഥിയാണ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.കോന്നി അട്ടച്ചാക്കൽ സ്വദേശിയായ വിദ്യാർത്ഥിയെയാണ് സീനിയർ കുട്ടികൾ മർദ്ദിച്ചത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആശുപത്രിയിൽ കൊണ്ടുപോയില്ല എന്നിങ്ങനെ ഹോസ്റ്റൽ നടത്തിപ്പുകാർക്കെതിരെയും കുടുംബത്തിന്‍റെ ആരോപണം ഉണ്ട്.

 

പെരിയാറിന് കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി. പാലക്കാട് – എറണാകുളം മെമു (66609), എറണാകുളം – പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

 

പാലക്കാട് പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവിനെതിരെ ചെർപ്പുളശേരി പോലീസ് കേസെടുത്തു. ചെർപ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പ് ചുമത്തിയാണ് കേസ്.

 

പെട്രോൾ പന്പുകളിലെ ടോയ് ലറ്റുകൾ പൊതുശൗചാലയങ്ങളാണോ എന്നതിൽ കൂടുതൽ വ്യക്തത തേടി ഹൈക്കോടതി. ഡീലർമാരുമായുളള കരാറിൽ പബ്ലിക് ടോയ് ലറ്റുകൾ എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോയെന്നാണ് പൊതുമേഖലാ എണ്ണ കമ്പനികളോട് വിശദീകരണം തേടിയത്. യാത്രക്കാർക്ക് എന്നാണ് നിർദേശമെങ്കലും പൊതുജനം ഇതിൽപെടുമെന്നാണ് എണ്ണക്കമ്പനികൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ വാക്കാൽ അറിയിച്ചത്.

 

നിമിഷപ്രിയയുടെ മോചനം വൈകിപ്പിക്കുന്നത് തെക്കൻ കേരളത്തിലെ യുവ എംഎൽഎയെന്ന ആരോപണവുമായി നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ട്രഷറർ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് രം​ഗത്ത്. നിമിഷപ്രിയയുടെ മോചനത്തിന് പ്രതിസന്ധിയുണ്ടാക്കുന്നവരെ യുവ എംഎൽഎ സഹായിക്കുന്നുവെന്നും ആക്ഷൻ കൗൺസിലിന്റെ ആരോപണം.

 

സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീടിനുള്ളിൽ പരിശോധന. വീടിനകത്ത് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. വീടിനുള്ളിൽ മൃതദേഹമോ, മൃതദഹാവശിഷ്ടങ്ങളോ കുഴിച്ചിട്ടിട്ടുണ്ടോ എന്നറിയനാണ് പരിശോധന. തിരോധാന കേസിൽ കൂടുതൽ ആളുകളെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. പ്രതിയായ സെബാസ്റ്റ്യൻ്റെ സുഹൃത്ത് റോസമ്മയെ ആലപ്പുഴ കോട്ടയം ക്രൈംബ്രാഞ്ച് സംഘങ്ങൾ സംയുക്തമായി ചോദ്യം ചെയ്യും.

 

ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. സെപ്റ്റംബർ 22നും ഒക്ടോബർ രണ്ടിനും ഇടയിലുള്ള ദിവസങ്ങളിലാണ് മുന്നറിയിപ്പ്. വിമാനത്താവളങ്ങൾ, ഹെലിപ്പാഡുകൾ, ഫ്ലൈയിംഗ് സ്കൂളുകൾ, പരിശീലന സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാക്കാനും ബിസിഎഎസ് നിർദേശിച്ചു.

 

ബിഹാറിലെ ഗയ വിമാനത്താവളത്തിന്റെ തിരിച്ചറിയാനുള്ള കോഡ് ‘GAY’ എന്നായതിൽ ആശങ്ക പ്രകടിപ്പിച്ച് രാജ്യസഭയിലെ ബിജെപി അംഗം ഭീം സിങ്. ജനങ്ങൾക്ക് സാമൂഹികപരമായും സാംസ്‌കാരികപരമായും സുഖകരമല്ലാത്തതും, കുറ്റകരമായി കണക്കാക്കുന്നതുമാണ് ‘GAY’ എന്ന വാക്ക്. ഈ കോഡാണോ വിമാനത്താവളത്തിന് നൽകിയിരിക്കുന്നതെന്നായിരുന്നു ബിജെപി എംപിയുടെ ചോദ്യം.എന്നാൽ മൂന്നക്ഷരമുള്ള എയർപോർട്ട് തിരിച്ചറിയൽ കോഡുകൾ ഒരിക്കൽ തീരുമാനിച്ച് കഴിഞ്ഞാൽ മാറ്റാനാവില്ലെന്ന് വ്യോമയാന സഹമന്ത്രി മുരളീധർ മഹോൽ മറുപടി നൽകി.

 

ദില്ലിയിൽ അതിസുരക്ഷ മേഖലയിൽ നിന്ന് കോൺഗ്രസ് എംപി ആര്‍ സുധയുടെ മാല മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഓഖ്ല സ്വദേശിയായ യുവാവാണ് ദില്ലി പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് പൊലീസ് മാല കണ്ടെടുത്തു. യുവാവ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

 

87 പുതിയ ഹെവി-ഡ്യൂട്ടി സായുധ ഡ്രോണുകളും 110-ലധികം എയർ-ലോഞ്ച്ഡ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളും അടക്കം പുത്തന്‍ ആയുധങ്ങള്‍ സ്വന്തമാക്കാൻ ഇന്ത്യൻ സൈന്യം. ഹെവി-ഡ്യൂട്ടി ആംഡ് ഡ്രോണുകളായിരുന്നു ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യ പ്രധാനമായും ഉപയോ​ഗിച്ചത്. ഇതടക്കം പുതിയ ആയുധങ്ങൾ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച പ്രാഥമിക അനുമതി നൽകി. 67,000 കോടി രൂപയുടെ ആയുധങ്ങളാണ് ഇന്ത്യ സ്വന്തമാക്കുന്നത്.

 

ബിഹാറിൽ വോട്ടർ പട്ടിക സംബന്ധിയായ വിവാദങ്ങൾ തുടരുന്നതിനിടെ താമസ സ‍ർട്ടിഫിക്കറ്റ് അപേക്ഷയുമായി എത്തിയത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമസ്തപൂർ ജില്ലയിലെ പടോരി സബ്ഡിവിഷനിലെ മൊഹിയുദ്ദീൻ ബ്ലോക്കിലാണ് ട്രംപിന്റെ പേരിൽ താമസ സർട്ടിഫിക്കറ്റിന് അപേക്ഷ ഓൺലൈനായി ലഭിച്ചത്. എന്നാൽ അപേക്ഷ വ്യാജമാണെന്ന് വ്യക്തമായതിനാൽ തള്ളിയതായാണ് അധികൃതർ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് വിശദമാക്കിയത്

 

പൊതു ജലസ്രോതസ്സുകൾ ലഭ്യമാകുന്നതിൽ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിൽ ശക്തമായി അപലപിച്ച് മദ്രാസ് ഹൈക്കോടതി. സംസ്ഥാനത്ത് തുല്യമായ പൊതു ജലസ്രോതസ്സുകൾ എല്ലാവർക്കും ഉപയോഗിക്കാൻ തരത്തിൽ ലഭ്യമാക്കണമെന്നും കോടതി നിർദേശവും നൽകി. തെങ്കാശി തലൈവൻകോട്ടൈയിലെ വിവേചനപരമായ രീതികൾ ഉയർത്തിക്കാട്ടിയ 65കാരിയായ സ്ത്രീ സമർപ്പിച്ച ജാമ്യാപേക്ഷയ്ക്ക് മറുപടിയായാണ് കോടതിയുടെ വിമർശനം. ഇതിനായി ഒരു ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു.

 

കമൽഹാസന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി. ഞായറാഴ്ച അ​ഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ “സനാതന ധർമ്മ”ത്തെക്കുറിച്ച് കമൽ ഹാസൻ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ബിജെപി രം​ഗത്തെത്തിയത്.

 

തമിഴ്നാട്ടിൽ എംഎൽഎയുടെ തോട്ടത്തിൽ വച്ച് പൊലീസുകാരനെ വെട്ടിക്കൊന്നു. തിരുപ്പൂരിൽ ആണ് സംഭവം. സ്പെഷ്യൽ എസ്‌ഐ ഷണ്മുഖസുന്ദരം ആണ് മരിച്ചത്. എഐഎഡിഎംകെ എംഎൽഎ മഹേന്ദ്രന്റെ തോട്ടത്തിൽ വച്ചാണ് കൊലപാതകം നടന്നത്. തോട്ടത്തിൽ ജോലി ചെയുന്ന അച്ഛനും മകനും തമ്മിലെ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു പൊലീസുകാരൻ. നാലംഗ സംഘം ആണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന.

 

റഷ്യയിൽ നിന്ന് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെച്ചൊല്ലി അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിലെത്തി. റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡോവലിന്റെ സന്ദർശനം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഈ മാസം അവസാനം റഷ്യ സന്ദർശിച്ചേക്കും.

 

പാകിസ്ഥാനിൽ ഏഴ് വയസ്സുള്ള ബാലനെതിരെ തീവ്രവാദക്കുറ്റം ചുമത്തി പൊലീസ്. മനുഷ്യാവകാശ പ്രവർത്തകനായ ഗുൽസാർ ദോസ്തിന്റെ പ്രസംഗം ഉൾപ്പെടുന്ന വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിനാണ് കുട്ടിക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തിയത്. പൊലീസ് നടപടിക്കെതിരെ പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ (HRCP) അപലപിച്ചു. ഈ നടപടിയെ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും രാജ്യത്ത് തീവ്രവാദ വിരുദ്ധ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്നും എച്ച്ആർപിസി പറഞ്ഞു.

 

മാഡ്രിഡ് എയർപോർട്ടിൽ നിന്ന് പാരീസിലേക്ക് പറയുന്നയർന്ന വിമാനത്തിൽ പക്ഷിയിടിച്ചു. വിമാനത്തിന്റെ മുൻഭാ​ഗം തകർന്നതോടെ പുകയുയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ മുൻഭാ​ഗത്താണ് പക്ഷി ഇടിച്ചത്.എൻജിന് കേടുപാടുകൾ വന്നതിനാലാണ് ക്യാബിനിലേക്ക് പുക എത്തിയതെന്ന് അധികൃതർ പറഞ്ഞു.

 

താരിഫ് വിഷയത്തിൽ ചർച്ച നടത്താൻ എപ്പോൾ വേണമെങ്കിലും തന്നെ വിളിക്കാമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വാഗ്ദാനം നിരസിച്ച് ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ. ട്രംപിനെ വിളിക്കുന്നതിന് പകരം, ബ്രസീലിന്‍റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ഉൾപ്പെടെ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് ലുല വ്യക്തമാക്കി.

 

ഇന്ത്യയ്ക്ക് കൂടുതൽ തീരുവ ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇപ്പോഴില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. റഷ്യയുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനമെന്ന് ട്രംപ് അറിയിച്ചു. ഇന്ത്യയ്ക്കെതിരായ അമേരിക്കയുടെ നീക്കത്തെ റഷ്യ അപലപിച്ചിരുന്നു. റഷ്യയിൽ നിന്ന് യുഎസ് രാസവളം ഇറക്കുമതി ചെയ്യുണ്ടെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റഷ്യയിൽ നിന്ന് രാസവളം യുഎസ് ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ട്രംപിന്‍റെ മറുപടി.

 

ഇന്ത്യക്കെതിരെ തീരുവ ചുമത്താനുള്ള പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദേശത്തെ രൂക്ഷമായി വിമർശിച്ച് യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി. യുഎസ് ചൈനയ്ക്കുമേലുള്ള തീരുവ 90 ദിവസത്തേക്ക് നിർത്തിവെച്ചത് ഇരട്ടത്താപ്പാണെന്നും അവർ വിമർശിച്ചു. ഈ നീക്കം യുഎസ്-ഇന്ത്യ ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്നും ശത്രുവായ’ ചൈനയെ വെറുതെ വിടാതെ, ഇന്ത്യയെപ്പോലുള്ള ഒരു സഖ്യകക്ഷിയുമായുള്ള ബന്ധം തകർക്കരുതെന്നും ഹേലി ട്രംപിന് മുന്നറിയിപ്പ് നൽകി.

 

ബീഹാറിലെ ദർഭംഗയിലെ സർക്കാർ ആശുപത്രിയിൽ 25 വയസ്സുള്ള നഴ്‌സിംഗ് വിദ്യാർഥിയെ ഭാര്യാപിതാവ് വെടിവച്ചു കൊന്നു. ദർഭംഗ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ബിഎസ്‌സി (നഴ്‌സിംഗ്) രണ്ടാം വർഷ വിദ്യാർത്ഥിയായ രാഹുൽ കുമാറിനെയാണ് ഭാര്യയും ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിയുമായ തനു പ്രിയയുടെ മുന്നിൽ വെച്ച് വെടിവച്ച് കൊലപ്പെടുത്തിയത്. രാഹുലുമായുള്ള മിശ്ര വിവാഹം കഴിഞ്ഞതിനെ തുടർന്ന് തനുവിന്റെ കുടുംബം അസ്വസ്ഥരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

തെലുഗു നടൻ വിജയ് ദേവെരകൊണ്ട ഇഡി ഓഫീസിൽ ഹാജരായി. അനധികൃത വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്തെന്ന കേസുമായി ബന്ധപ്പെട്ടാണ് നടൻ ഹാജരായത്. അന്വേഷണസംഘം ദേവെരകൊണ്ടയുടെ മൊഴിയെടുക്കും.

 

യുഎഇയിലെ ഖോര്‍ഫക്കാനില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. റിക്ടര്‍ സ്കെയിലില്‍ 2 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരും. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോ​ഗത്തിന് ശേഷം റിപ്പോ നിരക്ക് 5.5% ൽ നിലനിർത്താൻ തീരുമാനിച്ചതായി ആർബിഐ അറിയിച്ചു. ഫെബ്രുവരി മുതൽ മൂന്ന് തവണയായി 100 ബേസിസ് പോയിന്റ് കുറച്ചതിനു ശേഷമാണ് ഈ നീക്കം.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *