ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂരിൽ ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂർ വടപുറത്തായിരുന്നു വാഹന പരിശോധന. പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു.
വാഹന പരിശോധനക്കിടെ സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പൊട്ടിത്തെറച്ചു, പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമർശിച്ചു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടെന്നും സ്വതന്ത്രവും നീതിയുക്തവും സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികൾ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദ്. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ഈ നിർബന്ധിത പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നതായും കളക്ടർ അറിയിച്ചു.
നിലമ്പൂരിലെ വാഹനം പരിശോധിച്ച പൊലീസ് നടപടി ഏകപക്ഷീയമെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മാധ്യമങ്ങളോട് പ്രതികരിച്ചു. പരിശോധനയിൽ പരാതിയില്ലെന്നും പരിശോധനയ്ക്ക് പിന്നിലെ ഉദ്ദേശ്യമാണ് ചോദ്യം ചെയ്തതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അപമാനിക്കപ്പെട്ടത് കൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥരോട് തട്ടി കയറിയതെന്നും പെട്ടിയെടുത്ത് പുറത്ത് വയ്പ്പിച്ച ശേഷം തുറന്ന് പരിശോധിക്കാതെ വന്നപ്പോഴാണ് ചോദ്യം ചെയ്തതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
ഷാഫി പറമ്പിലിന്‍റേയും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റേയും പെട്ടി പരിശോധനയിൽ എന്ത് അത്ഭുതമാണുള്ളതെന്നും ഞങ്ങൾ രാജാക്കന്മാർ ആണെന്നാണോ കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നതെന്നും എം വി ഗോവിന്ദൻ. ഉദ്യോഗസ്ഥർ അവരുടെ പണി ചെയ്യുമ്പോൾ എന്തിനാണ് ഭീഷണിപ്പെടുത്തുന്നതെന്നും രാഹുലിന്‍റേത് തരംതാണ പ്രസ്താവനയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പറയാനില്ലാതെ യുഡിഎഫ് നിരായുധീകരിക്കപ്പെട്ടു മറച്ചുവെക്കാനുള്ളവർക്ക് പരിശോധിക്കുന്നതിന്‍റെ ഭാഗമായി അമർഷവും പ്രതിഷേധവും രൂപപ്പെട്ടു വരാമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിലെ വാഹന പരിശോധന വിവാദമാക്കുന്നത് രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് യുഡിഎഫിന് ഒളിച്ചോടാനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അപകടങ്ങളുടെ ആഘോഷക്കമ്മിറ്റിയാണ് പ്രതിപക്ഷം പക്വമായ നിലപാട് പ്രതിപക്ഷം എടുക്കണമെന്നും കനഗോലു സിദ്ധാന്തമാണ് കോൺഗ്രസ് പിന്തുടരുന്നത് അവർ എഴുതിക്കൊടുക്കുന്ന, തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഇവർ പല പരിപാടികളും നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം കോൺഗ്രസ് നേതാക്കളുടേത് അപക്വമായ നിലപാടാണെന്നും പരിശോധനയുമായി പാർട്ടികൾ സഹകരിക്കുകയാണ് വേണ്ടതെന്നും ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണനും പറഞ്ഞു.
വാഹന പരിശോധന അപമാനിക്കലോ അവഹേളിക്കലോ ആയി കരുതേണ്ടതില്ലെന്നും എല്ലാ തെരഞ്ഞെടുപ്പിലും നടക്കുന്നതാണെന്നും സിപിഎം പിബി അംഗം എ വിജയരാഘവൻ. അത് അവഹേളനമായി തോന്നിയിട്ടില്ല, പികെ ബിജുവിൻ്റെയും കെ രാധാകൃഷ്ണൻ്റെയും അബ്ദുൾ വഹാബിൻ്റെയും വാഹനം പരിശോധിച്ചിട്ടുണ്ട്. രാഹുലും ഷാഫിയും ന്യൂജൻ കോൺഗ്രസാണെന്നും അവരുടെ ഉദ്യോഗസ്ഥർക്കെതിരായ ഭീഷണിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അവർ എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കേണ്ടത് അവർ തന്നെയാണെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും രാഷ്ട്രീയം നിർത്തി വല്ല കോമഡി സിനിമയിലും അഭിനയിക്കുന്നതാണ് നല്ലതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ പി അബ്ദുള്ളക്കുട്ടി. നിലമ്പൂരിലെ പെട്ടി വിവാദത്തിലാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. യുവനേതാക്കൾ നടത്തിയത് നാടകമാണ്. അവർക്ക് വല്ല സിനിമയിലും പോയി അഭിനയിച്ചൂടെയെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു.
സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിമർശിച്ച് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നത് വിവാദമായതോടെ ഖേദപ്രകടനവുമായി സിപിഐ നേതാക്കളായ കമല സദാനന്ദനും കെഎം ദിനാകരനും. എന്നാൽ വിവാദത്തോട് ബിനോയ് വിശ്വം പ്രതികരിച്ചിട്ടില്ല.
സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തന സമയമാറ്റവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനും കോൺഗ്രസിനുമെതിരെ സമസ്ത. ന്യൂനപക്ഷ അവകാശ സംരക്ഷണ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ നിലപാട് അവസരവാദ പരമെന്നാണ് വിമർശനം. പ്രതിപക്ഷ പാർട്ടികളുടെ മൗനത്തിന്റെ അർത്ഥം എന്താണെന്നും സമയമാറ്റത്തെ അനുകൂലിക്കുന്നു എന്നാണെങ്കിൽ അത് വിശദീകരിക്കണമെന്നും സമസ്ത നേതൃത്വം ആവശ്യപ്പെടുന്നു.
മുസ്ലിം ലീഗ് പോഷക സംഘടനയായ കെഎംസിസിയുടെ പരിപാടിയിലേക്ക് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവറിനും ക്ഷണം. കോഴിക്കോട് തിരുവമ്പാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് തുടങ്ങിയവരും പങ്കെടുക്കുന്നവരുടെ പട്ടികയിലുണ്ട്.
മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെയും മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം. പള്ളിക്കൽ, വാമനപുരം എന്നീ നദികളുടെ ജലനിരപ്പ് ഉയരുന്നതിനാലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.
മ്ലാവിറച്ചിയുമായി പിടിയിലായ വനം വകുപ്പ് പിടികൂടിയ യുവാക്കൾക്ക് ജയിൽ മോചനം. തൃശ്ശൂർ ജില്ലയിലെ മൂപ്ലിയത്ത് നിന്ന് ചാലക്കുടിയിലെ ചുമട്ടുതൊഴിലാളി സുജീഷും വണ്ടി ബ്രോക്കർ ജോബിയും പിടിയിലായ സംഭവത്തിലാണ് വഴിത്തിരിവുണ്ടായത്.ഇരുവരുടെയും പക്കൽ നിന്ന് പിടിച്ചത് മ്ലാവിറച്ചിയല്ലെന്നും പോത്തിറച്ചിയാണെന്നും പരിശോധനയിൽ വ്യക്തമായി.
പന്തീരാങ്കാവ് സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്ന് കളഞ്ഞ കേസില്‍ പ്രതിയുടെ മൊഴി പുറത്ത്. പണം അടങ്ങിയ ബാഗ് വഴിയിൽ വലിച്ചെറിഞ്ഞു എന്നാണ് പ്രതി ഷിബിൻ ലാല്‍ പൊലീസിന് നല്‍കിയ മൊഴി. ബാഗിൽ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പ്രതി പറയുന്നത്. ബാക്കി തുക ആർക്ക് കൈമാറി എന്നതിൽ പൂർണ്ണ വ്യക്തത വന്നിട്ടില്ല.
മലാപറമ്പ് സെക്സ് റാക്കറ്റ് കേസില്‍ ഒളിവിലുള്ള പൊലീസുകാർക്കെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കും. കോഴിക്കോട് കൺട്രോൾ റൂമിലെ ഡ്രൈവർമാരായിരുന്ന കെ ഷൈജിത്ത്, കെ സനിത് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് സർക്കുലർ ഇറക്കുക. സെക്സ് റാക്കറ്റ് കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനായ ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി അമനീഷിനെതിരെയും ലുക്കൗട്ട് സർക്കുലർ വരും. മൂന്ന് പേരുടെയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഇറാനിലെ നഥാന്‍സ് ആണവ കേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആണവ- രാസ മാലിന്യങ്ങള്‍ ഉണ്ടാകുന്നതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫേല്‍ ഗ്രോസി ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയെ അറിയിച്ചു. എന്നാല്‍ ആക്രമണത്തില്‍ എത്രത്തോളം വികിരണങ്ങള്‍ നഥാന്‍സിലുണ്ടായി എന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.
പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം. യുദ്ധഭീതിയിലാണ് അറബ് രാജ്യങ്ങൾ. ഇറാൻ ഇസ്രായേൽ പോര് യുദ്ധത്തിന്റെ വക്കോളമെത്തി നിൽക്കുമ്പോൾ വിപണിയും തൊഴിൽ മേഖലയും തകരുമെന്ന് ഭീതിക്ക് പുറമേ, ഏറ്റുമട്ടൽ കനത്ത ദുരന്തത്തിലേക്കെത്തുമെന്ന ഭീതിയിലാണ് ഇരു രാജ്യങ്ങളിലേയും ജനത.
പ്രാദേശികമായി യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിൽ തനിക്ക് ആശങ്കയില്ലെന്ന് ട്രംപ്. ഇറാന് നയതന്ത്രത്തിനും സംഭാഷണങ്ങൾക്കും മതിയായ സമയം നൽകി ഇസ്രായേലി ആക്രമണം വൈകിപ്പിക്കാൻ താൻ ആദ്യം ശ്രമിച്ചിരുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ടെഹ്റാന് 60 ദിവസത്തെ അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ ഇന്ന് 61-ാം ദിവസമായിരുന്നു. എന്നാലും ഇറാനുമായുള്ള ആണവ ചർച്ചകൾ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാൻ വ്യോമപാത അടച്ചതോടെ വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ യാത്ര തുടരാനാവാതെ തിരിച്ചെത്തുകയോ ചെയ്തതിനാൽ നിരവധി യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള പല വിമാനങ്ങളും വൈകുകയാണ്. പ്രധാനമായും യുഎസിലേക്കും യുകെയിലേക്കുമുള്ള വിമാനങ്ങളാണ് വൈകുന്നത്.
സാക്ഷി ടിവിയിലെ മാധ്യമപ്രവർത്തകന്‍റെ അറസ്റ്റ് റദ്ദാക്കി സുപ്രീംകോടതി ഉത്തരവ്. ചർച്ചയ്ക്ക് എത്തിയ പാനലിസ്റ്റ് മോശം പരാമർശം നടത്തിയതിന് വാർത്താവതാരകൻ ഉത്തരവാദിയല്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആന്ധ്രാപ്രദേശിലെ സാക്ഷി ടിവിയുടെ വാർത്താവതാരകൻ കെ ശ്രീനിവാസ റാവുവിനെയാണ് കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡയിലേക്കുള്ള യാത്രയിൽ മാറ്റമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജി7 ഉച്ചകോടിക്കായി നാളെ പ്രധാനമന്ത്രി തിരിക്കും. ഇറാൻ – ഇസ്രയേൽ സംഘർഷം കാനഡയിൽ നടത്തുന്ന കൂടിക്കാഴ്ചകളിൽ ചർച്ചയാകും. ചർച്ചയിലൂടെ നിലവിലെ സംഘർഷം തീർക്കണമെന്ന് ഉച്ചകോടിയിൽ നരേന്ദ്ര മോദി ആവശ്യപ്പെടും.
അഹമ്മദാബാദിൽ വിമാനം തകർന്ന് വീണ മെഡിക്കല്‍ കോളേജ് ഹോസ്റ്റൽ പരിസരത്ത് നിന്ന് 21 മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് സ്ഥിരീകരണം. ഇതിൽ ഒമ്പത് പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നവരാണെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 20 വിദ്യാർത്ഥികളിൽ 12 പേരെ ഡിസ്ചാർജ് ചെയ്തു.
വ്യാഴാഴ്‌ച അഹമ്മദാബാദിൽ തകർന്നുവീഴുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിൽ താൻ സഞ്ചരിച്ചിരുന്നുവെന്ന് അവകാശപ്പെടുന്ന ആകാശ് വത്സയുടെ പോസ്റ്റ് വൈറലാകുന്നു. വീഡിയോകളോടൊപ്പമുള്ള പോസ്റ്റാണ് ആകാശ് പങ്കുവച്ചിരിക്കുന്നത്. എന്നാൽ വിമാനത്തെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ പങ്കുവെക്കാൻ അധികാരികൾ ബന്ധപ്പെടണമെന്നും ആകാശ് വത്സ തന്റെ പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.
സൗദി അറേബ്യയിലേക്ക് വലിയ തോതിൽ ഹാഷിഷ് കടത്തിയ കേസിൽ രണ്ട് പ്രവാസികളെ വധശിക്ഷക്ക് വിധേയമാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നജ്റാൻ ഗവർണറേറ്റിന് കീഴിലാണ് ശിക്ഷ നടപ്പാക്കിയത്. സോമാലിയക്കാരായ മുഹമ്മദ് മുഹമ്മദ് ഇബ്രാഹീം അബ്ദുല്ല, ഹംസ ഹസ്സൻ ഉമർ ജമാൽ എന്നിവർക്കാണ് വധശിക്ഷ.
ഉത്തരേന്ത്യയിലെ താപനില അൻപത് ഡിഗ്രിയോടടുത്ത് ഉയർന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് 2025ലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. താപനില 49.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ വർഷം ഇന്ത്യയിലെ ഒരു സ്റ്റേഷനിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന താപനിലയാണ് ശ്രീഗംഗാനഗറിൽ രേഖപ്പെടുത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ഉത്തർ പ്രദേശിൽ സ്കൂളുകളിൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ജൂൺ 30 വരെ അവധി നൽകിയിരിക്കുകയാണ്
തബൂക്ക് സ്വദേശിനികളായ 10 യുവതികൾക്ക് റിമോട്ട് ക്രെയിൻ ഓപ്പറേഷൻ ഉൾപ്പെടെയുള്ള നൂതന സാങ്കേതിക ജോലികളിൽ പരിശീലനം നൽകാൻ റിയാദിലെ നിയോം പോർട്ട് അധികൃതർ തുടക്കം കുറിച്ചു. സാങ്കേതിക വിദ്യാഭ്യാസം, പ്രായോഗിക പരിശീലനം, കരിയർ മാർഗനിർദേശം എന്നിവ ഉൾപ്പെട്ട സിലബസിൽ രണ്ട് വർഷം നീളുന്നതാണ് പരിശീലനം.
തമിഴ്നാട്ടിലെ തഞ്ചാവൂരിൽ പ്രഭാത ഭക്ഷണത്തിന് വിളമ്പിയ പുളിയോദരയും തക്കാളി കറിയും കഴിച്ച് അവശനിലയിലായി എസ് സി ഹോസ്റ്റലിലെ 30 വിദ്യാർത്ഥിനികൾ. പട്ടുകോട്ടെയിലെ ആദി ദ്രാവിഡർ ഗേൾസ് ഹോസ്റ്റലിലെ 30 വിദ്യാർത്ഥിനികളാണ് വെള്ളിയാഴ്ച പ്രഭാത ഭക്ഷണത്തിന് പിന്നാലെ അവശനിലയിലായത്.