ബേപ്പൂരിൽ നിന്ന് 88 നോട്ടിക്കൽ മൈൽ മാറി അറബിക്കടലിൽ ചരക്കുകപ്പലിന് തീ പിടിച്ചത് അണയ്ക്കാനായില്ല. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞെങ്കിലും കണ്ടെയ്നറുകളിലേക്ക് തീ പടരുകയാണ്. കോസ്റ്റുഗാർഡിന്‍റെ മൂന്നു കപ്പലുകൾ മണിക്കൂറുകളായി വെളളമൊഴിക്കുന്നുണ്ട്. എന്നാൽ കണ്ടെയ്നറുകളിലേക്ക് തീ പടരുന്നതാണ് ആശങ്കയാകുന്നത്. കഴി‍ഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ട്. പ്രദേശത്ത് മഴ പെയ്യുന്നുണ്ട്. ഇപ്പോഴത്തെ നിലയിൽ ഇതേരീതിയിൽ വരുന്ന മണിക്കൂറുകളിലും വെളളമൊഴിക്കേണ്ടിവരും..ഇന്ധന ടാങ്കിൽ ശേഷിക്കുന്ന ടണ്ണായിരം ടണ്ണോളം ഓയിലും മറ്റൊരു ഭീഷണിയാണ്. തീയണക്കുന്നതിനാണ് പ്രാഥമിക പരിഗണനയെന്ന് നാവിക സേന അറിയിച്ചു.

 

കേരളത്തിന്റെ പുറംകടലിൽ അപകടത്തിൽപ്പെട്ട് കത്തിയമർന്ന വാൻ ഹായി 503 കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും കേരള തീരത്ത് എത്രത്തോഴം ആഘാതം ഉണ്ടാക്കുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും തീരദേശത്തെ കടൽവെള്ളത്തിന്റെ സാംപിളുകൾ പരിശോധിച്ചു തുടങ്ങി. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളിൽനിന്നു കടൽവെള്ളവും ചെളിയും ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.

 

മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ എക്സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുമായ ടി വീണ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നും മുഖ്യമന്ത്രിയുടെ മകളായതിനാലാണ് തന്നെ കേസില്‍ പ്രതിയാക്കുന്നതെന്നും വീണ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജിയിലെ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും മാസപ്പടിയില്‍ സിബിഐ അന്വേഷണം വേണ്ടെന്നും സത്യവാങ്മൂലത്തില്‍ വീണ വ്യക്തമാക്കുന്നു.

താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചു. ആറ് വിദ്യാർത്ഥികൾക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ട് നൽകണം, അന്വേഷണവുമായി വിദ്യാർത്ഥികൾ സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, രാജ്യം വിട്ട് പോകരുത്, ക്രിമിനൽ സ്വഭാവം ഉള്ള ആളുകളുമായി സമ്പർക്കം ഉണ്ടാകാൻ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

 

ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയതിന് പിന്നാലെ സര്‍ക്കാരിന് എതിരെ പിതാവ് ഇഖ്ബാല്‍. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഇഖ്ബാല്‍ പറഞ്ഞു.

 

ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവമാണ് പി.കെ. കുഞ്ഞനന്തനെ ഇല്ലാതാക്കിയതെന്ന് ഇ.പി. ജയരാജൻ. തടവറയ്ക്കുള്ളിലും കുഞ്ഞനന്തന് നീതി ലഭിച്ചില്ലെന്നും ഇ.പി. പറഞ്ഞു. പാനൂരിൽ പി.കെ. കുഞ്ഞനന്തൻ ദിനാചരണത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഇ.പിയുടെ വിവാദ പരാമർശം.

ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം ഒരു കാലത്തും രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പലപ്പോഴും സ്ഥാനാർത്ഥികളെ നോക്കി അവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിഡിപി പീഡിപ്പിക്കപ്പെട്ടവരാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. മഅദനിയെ പോലെ പീഡനം ഏറ്റുവാങ്ങിയ രാഷ്ട്രീയ നേതാവ് അപൂർവമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

സംസ്ഥാനത്തെ ഹൈസ്കൂളുകളുടെ സമയക്രമം അരമണിക്കൂർ കൂട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹൈസ്കൂൾ ക്ലാസുകളില്‍ ഇനി മുതൽ അരമണിക്കൂർ അധികം പഠിപ്പിക്കും. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷം 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്.

 

 

 

തങ്ങളെ വിമര്‍ശിക്കുന്നതിന് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ചരിത്രം പഠിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരി. സിപിഎമ്മുമായി വെല്‍ഫെയര്‍ പാര്‍ട്ടി മുമ്പ് ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ആദ്യ എക്സ്ബാന്‍റ് റഡാർ വയനാട്ടിൽ വരുന്നു. കാലാവസ്ഥ നിരീക്ഷണത്തിനായുള്ള എക്സ്ബാൻഡ് റഡാർ സ്ഥാപിക്കാൻ ഏറെ പരിശോധനകള്‍ക്ക് ശേഷമാണ് വയനാട്ടിലെ പഴശ്ശിരാജ കോളേജ് ക്യാപസ് ഐഎംഡി കണ്ടെത്തിയത്.മുണ്ടക്കൈ ചൂരല്‍മല ഉരുൾപ്പൊട്ടൽ ദുരന്തത്തിന് ശേഷമാണ് കാലാവസ്ഥ നിരീക്ഷണത്തിനായി എക്സ്ബാന്‍റ് റഡാർ സ്ഥാപിക്കാനുള്ള തീരുമാനം കാലാവസ്ഥ വകുപ്പ് എടുത്തത്.

ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തില്‍ ശശി തരൂര്‍ എം പിക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം താരിഖ് അന്‍വര്‍. തരൂര്‍ അച്ചടക്കമുള്ള നേതാവാണെന്ന് താരിഖ് അൻവർ പ്രതികരിച്ചു. ശശി തരൂര്‍ പാര്‍ട്ടി ലൈന്‍ ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ താരിഖ് അൻവർ, തരൂര്‍ തന്‍റെ നിലപാട് വ്യക്തമാക്കുന്നതില്‍ എന്താണ് തെറ്റെന്നും ചോദിച്ചു.തരൂരിൻ്റെ നീക്കങ്ങളിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിൽ തുടരുമ്പോഴാണ് പ്രവർത്തക സമിതിയംഗമായ താരിഖ് അന്‍വറിൻ്റെ പിന്തുണ.

സമൂഹമാധ്യമങ്ങളിൽ വൈറലായ ഇടുക്കി ഡാം വ്യൂ പോയിന്‍റിലേക്ക് സഞ്ചാരികൾക്ക് വിലക്ക്..നം വകുപ്പാണ് നിരോധനം ഏർപ്പെടുത്തിയത്.വനമേഖലയിലൂടെ പ്രവേശിക്കാതിരിക്കാൻ വഴി അടച്ചു.സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത സ്ഥലത്ത് സഞ്ചാരികൾ അപകടത്തിൽ പെടാനുള്ള സാഹചര്യം കണക്കിലെടുത്താണ് വിലക്ക്.

കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

 

കേരളം ഉൾപ്പെടെയുള്ള കർണാടക, ഗോവ, മഹാരാഷ്ട്ര പശ്ചിമ തീരത്ത് ഇനിയുള്ള 7-8 ദിവസം വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ ചൈന കടലിൽ ചുഴലിക്കാറ്റ് ഭീഷണിയുണ്ട്. ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴിയും അറബികടലിൽ കാലവർഷക്കാറ്റ് പതിയെ ശക്തി പ്രാപിക്കുന്നുമുണ്ട്. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.

 

കേരളത്തിലെ റോഡ് നിർമാണത്തിൽ അദാനി അഴിമതി നടത്തിയെന്ന ആരോപണം തള്ളി കേന്ദ്ര സർക്കാർ. അദാനി പകുതി തുകക്ക് ഉപകരാർ നൽകി എന്നത് കള്ളപ്രചാരണമെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരണം. സാധാരണ റോഡ് കരാർ രീതിയല്ല വെങ്ങളം അഴിയൂർ പാതയിൽ സ്വീകരിച്ചതെന്നും നിർമ്മാണ സമയത്ത് 40 ശതമാനം തുക മാത്രം കൈമാറുന്ന എച്ച്എഎം രീതിയിലാണ് കരാർ നൽകിയതെന്നുമാണ് വിശദീകരണം.

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ പരാതിയിൽ 3 ജീവനക്കാരികൾക്കും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. ഇവരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ബന്ധുക്കൾ അടക്കമുള്ളവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകൾ ശേഖരിക്കാൻ പൊലീസ് ഇന്ന് വീണ്ടും ബാങ്കിലെത്തും. ക്യൂ ആർ കോഡ് വഴി 66 ലക്ഷം രൂപ ജീവനക്കാരികളുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഓൺലൈൻ ബിസിനസും ഉണ്ടായിരുന്നതിനാൽ കൂടുതൽ പരിശോധന വേണമെന്നു പൊലീസ് വ്യക്തമാക്കി.

വേടന്റെ പാട്ട് പാഠ്യവിഷയത്തിലുള്‍പ്പെടുത്തി കാലിക്കറ്റ് സര്‍വകലാശാല. ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്തകത്തിലാണ് ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ഉള്‍പ്പെടുത്തിയത്.

കെനിയയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ന് ശ്രമം തുടങ്ങും. പരിക്കേറ്റവരെ നെയ്‍റോബിയിലെത്തിക്കാനാണ് നീക്കം. അപകടത്തിൽ ചിതറിയ യാത്രാ രേഖകൾ ഉൾപ്പടെയുള്ളവ വീണ്ടെടുക്കുന്നതും ശ്രമകരമാണ്. സർക്കാർ സംവിധാനങ്ങളുടെ ഏകോപനത്തോടെ കാര്യങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമം. മലയാളി സംഘടനാ നേതാക്കളും പ്രവർത്തകരും സജീവമായി രംഗത്തുണ്ട്.

 

സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയാപോളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് തള്ളി. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലീന ജാമ്യാപേക്ഷ നല്‍കിയിരുന്നത്. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

 

 

ആലപ്പുഴ കാവാലം സ്വദേശിയായ യുവാവിൻ്റെ കൊലപാതകത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. കാവാലം സ്വദേശികളായ ഹരി കൃഷ്ണൻ, യദു കുമാർ എന്നിവരാണ് അറസ്റ്റിലായത്. കാവാലം സ്വദേശി സുരേഷ് കുമാർ കഴിഞ്ഞ രണ്ടിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മസ്തിഷ്ക അണുബാധയായിരുന്നു മരണ കാരണം. സുരേഷ് കുമാറിന്‍റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ സുഹൃത്തുക്കൾ സംഘം ചേർന്ന് മർദിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

 

സർക്കാർ ജീവനക്കാർക്ക് പങ്കാളിത്ത പെൻഷനു പകരമായി പ്രഖ്യാപിച്ച ‘ഉറപ്പായ പെൻഷൻ’ (അഷ്വേർഡ് പെൻഷൻ) നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുക്കംതുടങ്ങി. കേന്ദ്രസർക്കാർ നടപ്പാക്കിയ ഏകീകൃത പെൻഷൻ പദ്ധതിക്കു (യുപിഎസ്) സമാനമായി ജീവനക്കാരുടെ പങ്കാളിത്തമുള്ളതാവും പുതിയ പെൻഷൻ.

പ്രാദേശികഭാഷകളായ മഹൽ, അറബിക്‌ എന്നിവ സ്കൂൾ സിലബസിൽനിന്ന് ഒഴിവാക്കിയ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കരുതെന്ന് ഹൈക്കോടതി. സിബിഎസ്ഇ അടക്കമുള്ള സ്കൂളുകൾ നിലവിലുള്ള രീതി തുടരണം.ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതെയാണ് പ്രാദേശികഭാഷകൾ ഒഴിവാക്കിയതെന്ന് ഇടക്കാല ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

 

റെയിൽവേയുടെ മൺസൂൺകാല ഷെഡ്യൂളിന്റെ ഭാഗമായി കൊങ്കൺ വഴിയുള്ള പുതുക്കിയ സമയക്രമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. 128 ദിവസത്തേക്ക് 42 ട്രെയിൻ സ‍ർവ്വീസുകൾക്കാണ് പുതിയ സമയക്രമം ബാധകമാവുക. ഒക്ടോബ‍ർ 20 വരെയാണ് പുതിയ സമയക്രമം ബാധകമാവുക.

ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെടുത്ത കേസുകൾക്കുപിന്നാലെ പ്രമുഖ നടന്മാർക്കെതിരെയുള്ള നിയമനടപടികളും അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. ജയസൂര്യ, ബാലചന്ദ്രമേനോൻ എന്നിവർക്കെതിരായ ബലാത്സം​ഗക്കേസുകളാണ് അവസാനിപ്പിക്കാനൊരുങ്ങുന്നത്. ഇരുവർക്കുമെതിരെ തെളിവൊന്നുമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നി​ഗമനം.

 

പാലക്കാട് കല്ലേക്കാട് കടകൾ കത്തിയ സംഭവത്തിൽ വഴിത്തിരിവ്. പ്രദേശവാസിയായ ഒരാളാണ് കടകൾ കത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. തെക്കുമുറി വി രാധാകൃഷ്ണനെ നോർത്ത് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തി വൈരാഗ്യമാണ് കടകൾ തീ ഇട്ടതിന് പിന്നിലെന്നാണ് പൊലീസിന് ഇയാൾ നൽകിയ മൊഴി. ശനിയാഴ്ച രാത്രിയാണ് റോഡ് അരികിലെ കടകൾ കത്തി നശിച്ചത്.

ചെന്നിത്തല നവോദയ വിദ്യാലയത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് റാഗിങ്ങെന്ന് പരാതി. എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾ മർദിച്ചുവെന്നാണ് രക്ഷിതാക്കൾ പോലീസില്‍ പരാതി നൽകി.യ പരാതി. എന്നാൽ റാഗിങ് ഉണ്ടായിട്ടില്ലെന്നാണ് നവോദയ സ്കൂൾ പ്രിൻസിപ്പൽ ജോളി ടോമി വിശദീകരിക്കുന്നത്. സ്കൂൾ അധികൃതർ വിശദമായ റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറി. കലക്ടറുടെ നിർദേശ പ്രകാരമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് മാന്നാർ പൊലീസ് അറിയിച്ചു.

 

രാജ്യത്ത് കൊവിഡ് 19 കേസുകൾ 7,000 കടന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മുതിർന്ന മന്ത്രിമാർ ഉൾപ്പെടെ എല്ലാവർക്കും ആർടിപിസിആർ (RT-PCR) പരിശോധന നിർബന്ധമാക്കി. ഇന്നലെ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്‍റെ വസതിയിൽ സന്ദർശിച്ച ഭീകരവിരുദ്ധ പ്രതിനിധി സംഘവും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരായതായി വൃത്തങ്ങൾ അറിയിച്ചു.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുടെ യാത്രയുടെ കാത്തിരിപ്പ് ഇനിയും നീളും. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്സിയം സ്പേസിന്‍റെ ദൗത്യം (Axiom 4 Mission)വീണ്ടും മാറ്റിവെച്ചു. റോക്കറ്റിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് മാറ്റിവെച്ചത്. നാളെ വിക്ഷേപണം നടന്നേക്കും.

 

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോരാട്ടത്തിന് ഇന്ന് ലോർഡ്സിൽ തുടക്കമാവും. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയെണ് കിരീടപ്പോരില്‍ നേരിടുക. വൈകിട്ട് മൂന്നിനാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാവും.

 

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള റെയ്ഡുകള്‍ക്കെതിരെ തുടങ്ങിയ പ്രതിഷേധം കലാപത്തിലേക്ക് പോയതോടെ ലോസ് ആഞ്ജലീസില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ ലോസ് ആഞ്ജലീസിലെ ചിലയിടങ്ങളിലായാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. അക്രമം, തീവെപ്പ്, കൊള്ള എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലോസ് ആഞ്ജലീസ് മേയര്‍ കരെന്‍ ബാസ് കര്‍ഫ്യു പ്രഖ്യാപിച്ചത്.

ഓപ്പറേഷൻ സിന്ദൂറിനെകുറിച്ച് വിദേശത്ത് പര്യടനം നടത്തി വിശദീകരിച്ച കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശം. പാർട്ടിയെ വെട്ടിലാക്കുന്ന പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കി. മടങ്ങിയെത്തിയ നേതാക്കൾ വാർത്താ സമ്മേളനത്തിന് താൽപര്യം അറിയിച്ചെങ്കിലും നേതൃത്വം പ്രതികരിച്ചില്ല. വിദേശപര്യടനത്തെ കുറിച്ച് ആനന്ദ് ശർമ്മയിൽ നിന്ന് മാത്രം കോൺഗ്രസ് ഹൈക്കമാൻഡ് വിവരങ്ങൾ തേടി.

 

മധുവിധുയാത്രയ്ക്കിടെ വാടക കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സോനം രഘുവംശിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മേഘാലയ പോലീസ്. കൊലയാളികള്‍ക്ക് സോനം 20 ലക്ഷംരൂപ നല്‍കിയതായി പോലീസ് പറഞ്ഞു.യുപി പോലീസില്‍ കീഴടങ്ങുകയായിരുന്നു സോനമെന്നാണ് വിവരം.

പ്രതിയെ നിർബന്ധിച്ച് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത് നിയമം അനുവദിക്കുന്നില്ലെന്ന് സുപ്രീംകോടതി. അത്തരം പരിശോധന പ്രതിയുടെ മൗലികാവകാശങ്ങളെ സംബന്ധിച്ച്.ഗൗരവമുള്ള ചോദ്യങ്ങളുയർത്തുന്നെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പി.ബി. വാരലെ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

 

മക്കളുമായി പാർക്കിലേക്ക് പോയ 36 കാരൻ നാലുകുട്ടികളുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഫരീദാബാദിലെ ബല്ലാഗഡിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. മൂന്ന് വയസിനും 9 വയസിനും ഇടയിലുള്ള നാല് ആൺമക്കളെയാണ് മനോജ് മെഹ്തോ എന്ന ദിവസവേതനക്കാരൻ ട്രെയിനിന് മുന്നിൽ തന്നോടൊപ്പം ചേർത്ത് പിടിച്ചത്.

ന്യൂയോർക്ക് നഗരത്തിലെ ജൂത കേന്ദ്രത്തില്‍ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി പാകിസ്ഥാൻ പൗരനെ കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് നാടുകടത്തിയതായി നീതിന്യായ വകുപ്പ് അറിയിച്ചു. എഫ്ബിഐ മേധാവി കാഷ് പട്ടേലും വിവരം സ്ഥിരീകരിച്ചു. ഷഹസീബ് ജാദൂൺ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹസേബ് ഖാൻ (20) എന്ന യുവാവിനെ സെപ്റ്റംബറിലാണ് കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

 

നിർമിതബുദ്ധി സഹായത്തോടെ പ്രവർത്തിക്കുന്ന ലൈറ്റ് മെഷീൻ ഗൺ സംവിധാനം(എൽഎംജി) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 14,000 അടി ഉയരത്തിൽ നടത്തിയ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഉയർന്ന ഭൂപ്രദേശങ്ങളിൽ കൃത്യതയോടെ പ്രവർത്തിപ്പിക്കാനാകുന്ന ആയുധമാണിത്.

 

സ്കൂൾ കുട്ടികളുമായി പോയ മിനിബസ് മിന്നൽ പ്രളയത്തിൽ ഒഴുകി പോയി. ദക്ഷിണാഫ്രിക്കയിൽ വലിയ അപകടം. മൂന്ന് കുട്ടികളെയാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷിക്കാനായത്. എത്ര കുട്ടികളാണ് മിനിബസിൽ ഉണ്ടായിരുന്നതെന്ന് ഇനിയും വ്യക്തമല്ല. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.

 

ഇന്ത്യയില്‍ നിര്‍മിച്ച റഷ്യന്‍ യുദ്ധവിമാനം സുഖോയ് 30എംകെഐ വാങ്ങാന്‍ ആലോചിച്ച് അര്‍മേനിയ. എതിരാളിയായ അസര്‍ബൈജാന്‍ പാകിസ്താനില്‍നിന്ന് ചൈനീസ് വിമാനമായ ജെഎഫ്-17 തണ്ടര്‍ വിമാനത്തിന്റെ 40 എണ്ണം വാങ്ങാനുള്ള തീരുമാനമെടുത്തതിനെ തുടര്‍ന്നാണ് അര്‍മേനിയ ഇന്ത്യയിലേക്ക് ആയുധത്തിനായി നീക്കം നടത്തുന്നത്.

 

കുറ്റസമ്മതത്തോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഖേദം പ്രകടിപ്പിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. തന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മസ്‌ക് ഖേദപ്രകടനം നടത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *