ഓപ്പറേഷൻ സിന്ദൂറില്‍ ഇന്ത്യ വധിച്ച ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരുടെ പേര് പുറത്ത് വിട്ട് ഇന്ത്യ. ലഫ്റ്റനന്‍റ് ജനറൽ ഫയാസ് ഹുസൈൻ, മേജർ ജനറൽ റാവു ഇമ്രാൻ, ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ എന്നീ സൈനിക ഉദ്യോഗസ്ഥർ ഭീകരരുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തുവെന്ന് ഇന്ത്യ വ്യക്തമാക്കി. ഉസ്മാൻ അൻവർ, ശുഹൈബ് അഹമ്മദ് എന്നീ ജനപ്രതിനിധികളും ഈ ചടങ്ങുകളില്‍ പങ്കെടുത്തു. സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യം പാകിസ്ഥാൻ നിഷേധിച്ചിരുന്നു.

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ വന്നതോടെ പഞ്ചാബിലെ പത്താന്‍കോട്ടില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. സമാധാനപരമായ രാത്രിക്ക് ശേഷം പത്താന്‍കോട്ടില്‍ ഇന്ന് വിപണിയടക്കം സജീവമാകുന്നതിന്‍റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. ആളുകളും വാഹനങ്ങളും നിരത്തില്‍ കാണാം. രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന് ജമ്മു ആന്‍ഡ് കശ്‌മീരിലും മറ്റ് പ്രദേശങ്ങളിലും ഇന്നലെ രാത്രി പൊതുവേ സമാധാനപരമായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

അതിർത്തി പ്രദേശങ്ങളിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലിംഗിനെ തുടർന്ന് വീടുകൾ വിട്ട് വന്ന് ക്യാമ്പുകളിൽ കഴിയുന്നവർ തത്കാലം മടങ്ങേണ്ടെന്ന് ജമ്മുകശ്മീർ സർക്കാർ. ഇന്നലെ രാത്രി അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കരസേനയുടെ അറിയിപ്പ്. അന്താരാഷ്ട്ര അതിർത്തികളടക്കം സ്ഥിതിഗതികൾ ശാന്തമാണ്. ജമ്മുവിൽ വിവിധയിടങ്ങളിൽ സെന്യത്തിൻ്റെ പരിശോധന തുടരുന്നു. എന്നിരുന്നാലും പെട്ടന്ന് തന്നെ മടങ്ങേണ്ടതില്ലെന്നാണ് ജനങ്ങൾക്ക് ജമ്മു സർക്കാരിന്റെ നിർദ്ദേശം.

 

ഓപ്പറേഷൻ സിന്ദൂർ വൻ വിജയമെന്ന് ബി ജെ പി. ഭീകരർക്ക് തക്ക മറുപടി നൽകിയെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു.സേനകൾ നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമാണ്. ഭീകരർക്ക് പ്രധാനമന്ത്രി മോദി ശക്തമായ താക്കീത് നൽകിയിരിക്കുന്നു.വാഗ അട്ടാരി അതിർത്തി അടച്ചതോടെ പാകിസ്ഥാനി ലെ വ്യാപാര മേഖല തകർന്നു. പാകിസ്ഥാൻ ഒറ്റപ്പെട്ടിരിക്കുന്നു.സിന്ധു നദീജല കരാർ റദ്ദാക്കിയതോടെ പാകിസ്ഥാന് തിരിച്ചടികൾ കിട്ടിയിരിക്കുന്നു.പാകിസ്ഥാന്‍റെ ജി ഡി പി ഇടിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കുറഞ്ഞത് 10 ഇന്ത്യന്‍ കൃത്രിമ ഉപഗ്രഹങ്ങളെങ്കിലും രാജ്യ സുരക്ഷയ്ക്കായി 24 മണിക്കൂറും കണ്‍തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇവയുടെ പ്രവര്‍ത്തനം അനിവാര്യമാണെന്ന് അദേഹം വിശദീകരിച്ചു. ഇംഫാലില്‍ കേന്ദ്ര അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ അഞ്ചാം കോണ്‍വൊക്കേഷനില്‍ സംസാരിക്കുകയായിരുന്നു ഇസ്രൊ ചെയര്‍മാന്‍.

 

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 213.43 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ ജനറൽ പർപ്പസ്‌ ഗ്രാന്റിന്റെ രണ്ടാം ഗഡുവാണ്‌ അനുവദിച്ചത്‌.

 

ഗുരുതര ആരോപണങ്ങൾ നേരിട്ട ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ. ഇന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി അന്ത്യശാസനം നൽകിയിരുന്നു. ഇതോടെയാണ് റിപ്പോർട്ട് കോടതിയിലെത്തിയത്. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ മേൽ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് വിജിലൻസ് നടപടി.

വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. 2 മണിക്ക് ബോംബ് പൊട്ടുമെന്നാണ് സന്ദേശം. കോടതിയുടെ ഔദ്യോഗിക മെയിലാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വഞ്ചിയൂർ കോടതിയിൽ നേരത്തെയും സമാനമായ രീതിയിൽ ബോംബ് ഭീഷണിയെത്തിയിരുന്നു.

കാസർ​ഗോഡ് തലപ്പാടി മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതാ വികസനത്തിനായി സംസ്ഥാന സർക്കാർ ചെലവാക്കിയ 5,600 കോടി രൂപ യു.ഡി.എഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ പിഴയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന “എന്റെ കേരളം” പ്രദർശന വിപണന മേളയുടെ ഭാ​​ഗമായി കണ്ണൂരിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി കേദൽ ജിൻസൺ രാജ കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധിയിൽ വാദം നാളെ നടത്തുമെന്നും കോടതി അറിയിച്ചു. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി കത്തിച്ച കേസിലെ ഏകപ്രതിയാണ് കേദൽ ജിൻസണ്‍ രാജ. 2017 ഏപ്രിൽ അഞ്ചിനാണ് അച്ഛൻ പ്രൊഫ. രാജ തങ്കം, അമ്മ ഡോ. ജീൻപത്മം, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിവരെ കേദൽ കൊലപ്പെടുത്തിയത്.

 

ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഐഎൻഎസ് വിക്രാന്തയുടെ വിവരങ്ങൾ തേടി കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച വ്യാജ ഫോൺ കോളിൽ കസ്റ്റഡിയിലായ ആള്‍ കോഴിക്കോട് സ്വദേശി. കോഴിക്കോട് സ്വദേശിയായ മുജീബിനെയാണ് കസ്റ്റഡിയിലെടുത്തത്. മുജീബിനെ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിനുശേഷമായിരിക്കും തുടര്‍ നടപടിയെന്ന് പൊലീസ് അറിയിച്ചു.

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭാവനിൽ നടന്ന ചടങ്ങിലാണ് ചുമതലയേറ്റത്. ഒരു ടീം പാക്കേജ് വേണം എന്നത് കൊണ്ടാണ് ഹസനെ മാറ്റിയതെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. എവിടെയൊക്കെ മാറ്റം വേണോ അതൊക്കെ വേഗത്തിൽ ചെയ്യാൻ സണ്ണിക്ക് പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. അടുത്ത സർക്കാർ യുഡിഎഫ് ആയിരിക്കുമെന്നും കെസി വേണു​ഗോപാൽ പറ‍ഞ്ഞു.

 

സിയുസി പൂർത്തിയാക്കാൻ കഴിഞ്ഞില്ല, അത് സണ്ണിയെ ഏൽപ്പിക്കുന്നുവെന്ന് കെ സുധാകരൻ. തദ്ദേശ ഉപ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം ഉണ്ടാക്കാൻ കഴിഞ്ഞു. പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ല. പ്രവർത്തകർ ആണ് എന്റെ കരുത്ത്. സിപിഎമ്മിനെതിരെ ഒരു പടക്കുതിര ആയി ഞാൻ ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു. കെപിസിസി ഭാരവാഹികൾ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലാണ് സുധാകരൻ്റെ പരാമർ‌ശം.

താൻ ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം പ്രതിനിധിയല്ലെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സമൂഹത്തിലെ എല്ലാ വിഭാ​ഗം നേതാക്കളുമായും സംസാരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിൽ കോൺ​ഗ്രസ് ഒറ്റക്കെട്ടാണ്. പ്രഖ്യാപനം വരുംമുമ്പ് തന്നെ കെ സുധാകരനെ കണ്ടിരുന്നു. സുധാകരനുമായുള്ളത് സഹോദരബന്ധമാണ്. ചെന്നിത്തല വിജയിച്ച പ്രതിപക്ഷ നേതാവ് തന്നെയാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

 

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കണാതെ പോയതിൽ ക്ഷേത്ര ജീവനക്കാർക്കിയിലെ ചേരിപ്പോരുണ്ടോയെന്ന് സംശയം. ക്ഷേത്ര ജീവനക്കാരെയും സ്വർണപണിക്കാരെയും ഇന്നും വീണ്ടും ചോദ്യം ചെയ്യും. ക്ഷേത്ര ജീവനക്കാർക്കിടയിലെ പടലപ്പിണക്കവും സ്വർണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും പൊലിസ് വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകും.

 

കാലവർഷം എത്താനിരിക്കെ കേരളത്തിൽ ഇടിമിന്നൽ മഴ സജീവമാകുന്നു. ഇന്ന് മുതൽ 4 ദിവസം കേരളത്തിൽ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഈ മാസം പതിനഞ്ചാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

 

കാസർകോട് ചെറുവത്തൂർ ഞാണങ്കൈയിൽ ദേശീയപാതാ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരു തൊഴിലാളി മരിച്ചു. കൊൽക്കത്ത സ്വദേശി മുൻതാജ് മിർ (18) ആണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ 3 തൊഴിലാളികളെ രക്ഷപ്പെടുത്തി.

വനാതിര്‍ത്തികളില്‍ വന്യജീവികളുടെ സാന്നിദ്ധ്യം അറിയാന്‍ ഏര്‍ലി വാര്‍ണിങ് സിസ്റ്റവുമായി പാലക്കാട് ഡിവിഷൻ. ഒലവക്കോട്, വാളയാര്‍ റെയ്ഞ്ച് പരിധികളിലെ പരുത്തിപ്പാറ, മായാപുരം എന്നിവിടങ്ങിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. കാട്ടാനയുടെയോ പുലിയുടെയോ മറ്റ് ഏത് വന്യജീവികളുടെയോ നിഴൽ വെട്ടം കണ്ടാൽ മതി ഏര്‍ലി വാര്‍ണിങ് സിസ്റ്റത്തിൽ വിവരമെത്തും. അത്യാധുനിക തെര്‍മ്മല്‍ ക്യാമറകളും, നൈറ്റ് വിഷന്‍ ക്യാമറകളും ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യയാണ് ഏര്‍ലി വാര്‍ണിങ് സിസ്റ്റം.

 

കൊല്ലം കിളികൊല്ലൂർ മങ്ങാട് പൊറോട്ട കൊടുക്കാത്തതിൻ്റെ പേരിൽ ഹോട്ടൽ ഉടമയെ യുവാക്കൾ ആക്രമിച്ചെന്ന് പരാതി. മങ്ങാട് സംഘം മുക്കിൽ പ്രവർത്തിക്കുന്ന സെന്റ് ആന്റണീസ് ഹോട്ടലിൻ്റെ ഉടമ അമൽ കുമാറിനെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്. ഹോട്ടലുടമയുടെ തലയ്ക്ക് പരിക്കേറ്റു.സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

പുതിയ കെപിസിസി പ്രസിഡന്‍റായി സണ്ണി ജോസഫ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ അഭിനന്ദനത്തിന് ഒപ്പം സ്വയം വിമർശനവും ട്രോളുമായി കെ മുരളീധരൻ. വടകരയില്‍ കാലുകുത്തിയപ്പോള്‍ ഷാഫി പറമ്പിലിന്റെ ഗ്രാഫ് മുകളിലേക്ക് പോയെന്നും താന്‍ തൃശൂരിലേക്ക് മാറിയപ്പോള്‍ ഗ്രാഫ് താഴെ പോയെന്നും മുരളീധരന്‍ പറഞ്ഞു. തൃശ്ശൂരിൽ ഉണ്ടായിരുന്ന പ്രതാപന്റെ ഗ്രാഫും പോയെന്നും അദ്ദേഹം പറഞ്ഞു.

 

പത്തനംതിട്ട കോന്നി കുളത്തുമണ്ണിൽ കാട്ടാന ചെരിഞ്ഞത് ഹൈ വോൾട്ടേജ് വൈദ്യുതാഘാതം ഏറ്റതിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൈതത്തോട്ടം ഉടമ ബൈജു രാജനെതിരെ വനം വകുപ്പ് കേസെടുത്തു. സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റത് എന്നാണ് പറഞ്ഞതെങ്കിലും അതല്ല എന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. വേലിയിൽ നേരിട്ട് വൈദ്യുതി കൊടുത്തതായാണ് സംശയം. സംഭവത്തിൽ വനം വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

 

വെടിനിര്‍ത്തൽ പ്രഖ്യാപിച്ചത് നല്ലകാര്യമാണെന്നും എന്നാൽ, പാർലമെന്‍റ് സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. അവഹേളനത്തിന് തുല്യമായ പരാമർശങ്ങളാണ് അമേരിക്കൻ സർക്കാരിൽ നിന്ന് ഉണ്ടാകുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. വിക്രം മിസ്രിക്ക് നേരെ വരെ സൈബർ അക്രമണം നടത്തുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഒരുപാട് പുകമറയുണ്ട്. പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളെ വിളിച്ച് സംസാരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു .

സംഘര്‍ഷത്തിനിടെ പാകിസ്ഥാന്‍റെ പിടിയിലായ ബിഎസ്എഫ് ജവാന്‍ പൂര്‍ണം ഷായുടെ മോചനത്തില്‍ അവ്യക്തത തുടരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനെ പ്രതീക്ഷ കാണുകയാണ് ഷായുടെ കുടുംബം. എത്രയും പെട്ടെന്ന് മോചനം സാധ്യമാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

 

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ പാകിസ്ഥാൻ അതിര്‍ത്തി മേഖലയില്‍ നടത്തിയ ആക്രമണശ്രമത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറന്നു. അതിര്‍ത്തി സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങള്‍ തുറക്കാനുള്ള സുപ്രധാന തീരുമാനമാണ് എയര്‍പോര്‍ട്ട് അതോറ്റിറ്റി ഓഫ് ഇന്ത്യ (എഎഐ) എടുത്തത്.

 

ജമ്മു കശ്മീരിലെ ഉധംപൂരിൽ പാകിസ്താന്‍റെ ഡ്രോൺ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ സുരേന്ദ്രകുമാർ മൊഗെയ്ക്ക് നാട് യാത്രാമൊഴിയേകി. ശത്രുക്കളെ നേരിടുന്നതിനിടെയാണ് തന്‍റെ അച്ഛൻ രാജ്യത്തിനായി വീരമൃത്യു വരിച്ചതെന്നും വലുതാകുമ്പോൾ താനും സൈന്യത്തിൽ ചേരുമെന്നും അച്ഛന്‍റെ മരണത്തിന് താൻ എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും 11 വയസ്സുകാരിയായ മകൾ വർത്തിക പറഞ്ഞു.

ചൂതാട്ടവുമായി ബന്ധമുണ്ടെന്ന ആശങ്കയെത്തുടർന്ന് അഫ്ഗാനിസ്ഥാനിൽ ചെസ് കളിക്കുന്നത് വിലക്കി താലിബാൻ സര്‍ക്കാര്‍. അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക പരിപാടികളും നിയന്ത്രിക്കുന്ന താലിബാന്‍റെ കായിക ഡയറക്ടറേറ്റ് ആണ് ഈ നടപടി സ്വീകരിച്ചത്. ശരിഅത്ത് നിയമപ്രകാരം ചെസിനെ ചൂതാട്ടമായി കണക്കാക്കുന്നു. താലിബാൻ ഈ നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് സർക്കാർ കായിക വകുപ്പ് വക്താവ് അത്താൽ മഷ്വാനി പറഞ്ഞു.

 

ടിബറ്റില്‍ റിക്ടര്‍ സ്കെയിലില്‍ 5.7 മാഗ്നിറ്റ്യൂഡ് തീവ്രത വരുന്ന ഭൂചലനം. ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.41നാണ് ഭൂചലനം അനുഭവപ്പെട്ടത്. ടിബറ്റിലാകെ ചലനം അനുഭവപ്പെട്ടപ്പോള്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഖത്തർ രാജകുടുംബത്തിന്റെ സമ്മാനം. ആഡംബര ബോയിംഗ് 747-8 ജംബോ ജെറ്റ് വിമാനമാണ് സമ്മാനമായി നൽകുന്നതെന്നാണ് വിവരങ്ങൾ. ഇത് ട്രംപ് ഭരണകൂടം സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് 26 വിനോദസഞ്ചാരികളുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണത്തിന് രണ്ട് മാസം മുമ്പ് പ്രദേശത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ക്ക് ആവശ്യക്കാരേറിയിരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സാറ്റ്‌ലൈറ്റ് കമ്പനിയായ മാക്‌സാര്‍ ടെക്‌നോളജീസില്‍ നിന്ന് ഈ ചിത്രങ്ങള്‍ ആരാണ് വന്‍ വില കൊടുത്ത് വാങ്ങിയതെന്നും, ഇവയ്ക്ക് ഭീകരാക്രമണവുമായി ബന്ധമുണ്ടോയെന്നും ഇപ്പോള്‍ വ്യക്തമല്ലെന്നും ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു.

 

കുവൈത്തിലെ പള്ളികളിൽ സംഭാവനകൾ സ്വീകരിക്കുന്നത് നിരോധിച്ചു. ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ മോസ്‌ക് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എഞ്ചിനീയർ ബദർ തുർക്കി അൽ ഒതൈബിയാണ് ഉതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. പള്ളികളിലെ മതപരമായ സ്ഥാനങ്ങൾ വഹിക്കുന്നവർ, സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അനുമതിയും മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരവും ഇല്ലാതെ ഒരു സ്ഥാപനത്തെയും വ്യക്തിയെയും പള്ളിക്കുള്ളിൽ സംഭാവനകൾ ശേഖരിക്കാൻ അനുവദിക്കരുതെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ​ഗൾഫ് സന്ദർശനത്തിന് നാളെ തുടക്കമാകും. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളാണ് ട്രംപ് സന്ദർശിക്കുക. അധികാരത്തിൽ തിരിച്ചെത്തിയ ശേഷമുള്ള ‍ട്രംപിന്റെ ആദ്യ വിദേശ പര്യടനമായിരിക്കും ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര.

 

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ തന്നെ എക്സൈസ് സംഘം വിളിപ്പിച്ച സംഭവത്തിലും സായ് കൃഷ്ണ തന്നെക്കുറിച്ച് വീഡിയോ ചെയ്തതിലും പ്രതികരണവുമായി ബിഗ്ബോസ് താരം ജിന്റോ രംഗത്ത്. പ്രതിയുടെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള ആളുകളെയാണ് വിളിപ്പിച്ചതെന്നും തന്റെ ജിമ്മിന്റെ അടുത്താണ് അവർ താമസിക്കുന്നതെന്നും ജിന്റോ പറഞ്ഞു. ബിഗ്ബോസ് താരം ജിന്റോ അറസ്റ്റിൽ എന്നു പറ‍ഞ്ഞാണ് പലരും വീഡിയോ പോസ്റ്റ് ചെയ്തതെന്നും ജിന്റോ കൂട്ടിച്ചേർത്തു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾക്ക് അയവ് വന്നതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നത്തെ ആദ്യ വ്യാപാരത്തിൽ കുത്തനെ ഉയർന്നു.സെൻസെക്സ് 2,000 പോയിന്റിലധികം ഉയർന്നു, നിഫ്റ്റി 24,600 കടന്നതോടെ നിക്ഷേപകരുടെ പ്രതീക്ഷയും ഉയർന്നിട്ടുണ്ട്.

 

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്.

 

 

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *