വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷൻ ചെയ്‌തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച്. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ, അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വിഎൻ വാസവൻ, എംപിമാരായ ശശി തരൂർ, ജോൺ ബ്രിട്ടാസ്, എംഎൽഎ എം വിൻസന്റ് മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
സംസ്ഥാനത്തിൻ്റെ വികസന കുതിപ്പിൽ നിർണായക പങ്ക് വഹിക്കാൻ സാധിക്കുന്ന വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യുന്ന ചടങ്ങ് പ്രൗഢഗംഭീരമായി . രാവിലെ ഹെലികോപ്റ്റർ മാർഗം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ വച്ച് വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും എംഎൽഎമാരെയും കണ്ട അദ്ദേഹം, സദസിനെ അഭിവാദ്യം ചെയ്തു. ആർപ്പുവിളിച്ചാണ് സദസിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു.
വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് വേദിയില്‍ തുറമുഖമന്ത്രി വിഎൻ വാസവൻ്റെ പ്രസംഗം ആയുധമാക്കി പ്രധാമന്ത്രി നരേന്ദ്ര മോദി. ഇടത് സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നത് നല്ല കാര്യം. കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി തങ്ങളുടെ പങ്കാളിയാണെന്ന് പറയുന്നു, ഇതാണ് മാറ്റമെന്ന് മോദി പറഞ്ഞു. അദാനിയെ പുകഴ്ത്തി മോദി, രാഹുൽ ഗാന്ധിയെയും പരിഹസിക്കുകയും ചെയ്തു. വിഴിഞ്ഞം ഇന്ത്യ സഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തുമെന്നായിരുന്നു മോദിയുടെ പരിഹാസം.
വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് വേദിയില്‍ കശ്മീർ ഭീകരാക്രമണം പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തന്‍റെ പ്രസംഗം ആരംഭിച്ചത്. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കരുത്താകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ അതും നമ്മള്‍ നേടിയെടുത്തു. അഭിമാനനിമിഷമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം തുറമുഖം കമ്മീഷനിങിന്‍റെ സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ. കാലം കാത്തുവെച്ച കര്‍മ്മയോഗിയെന്നും വിഴിഞ്ഞം തുറമുഖത്തിന്‍റെ ശിൽപിയെന്നും പറഞ്ഞാണ് പിണറായി വിജയനെ മന്ത്രി വിഎൻ വാസവൻ സ്വാഗതം ചെയ്തത്. ചരിത്ര നിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കുന്നതെന്ന് സ്വാഗത പ്രസംഗത്തിൽ വിഎൻ വാസവൻ പറഞ്ഞു.
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടർ ദിവ്യ എസ് അയ്യർ. താൻ ചുമതലയേറ്റ നിരവധി കേസുകൾ തടസം നിൽക്കുന്ന സമയമായിരുന്നു. വിഭവസമാഹരണവും വെല്ലുവിളിയായിരുന്നു. എന്നാൽ എല്ലാം ഇന്ന് മാറി. ട്രയൽ റൺ തുടങ്ങിയ ശേഷം മാത്രം 300 കോടി രൂപ സർക്കാർ ഖജനാവിലേക്ക് ജിഎസ്‌ടിയായി എത്തി. വിഴിഞ്ഞം രണ്ടാം ഘട്ട വികസനത്തിൻ്റെ നിർമ്മാണം ഈ വർഷം തുടങ്ങുമെന്നും അവർ വ്യക്തമാക്കി.
ഇന്ന് കമ്മീഷൻ ചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുന്നു. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരാണ്. വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങിൽനിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിട്ടുനിൽക്കുന്നതിൽ പ്രതികരിച്ച് തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ. പ്രധാനമന്ത്രിയുടെ ഓഫീസാണ് ആരൊക്കെയാണ് വേദിയിൽ പ്രസംഗിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതെന്നും ഗവർണർക്ക് പോലും പ്രസംഗിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവിന്‍റേത് വാർത്ത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ് അടക്കം കാണിച്ചുകൊണ്ടായിരുന്നു വിഎൻ വാസവന്‍റെ പ്രതികരണം.
വിഴിഞ്ഞം തുറമുഖ കമ്മീഷനിങ്ങുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുൻ തുറമുഖ മന്ത്രി കെ ബാബു. ആര് അവകാശവാദം ഉന്നയിച്ചാലും പദ്ധതിയുടെ മാതൃത്വത്തെ കുറിച്ച് ഒരു സംശയവുമില്ലെന്നും അതിൽ കേരളം നന്ദിയോടെ അനുസ്മരിക്കുന്നത് ഉമ്മൻചാണ്ടിയെയാണ്, 1000 ദിവസംകൊണ്ട് പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതിയാണ് 9 വർഷം കൊണ്ട് പൂർത്തിയാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിൻ്റെ വികസന കുതിപ്പിൽ നിർണായക പങ്ക് വഹിക്കാൻ സാധിക്കുന്ന വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിങ് രാഷ്ട്രീയ മുതലെടുപ്പെന്ന് കോൺഗ്രസ് നേതാക്കളുടെ വിമർശനം. ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച രീതിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുഞ്ഞാണ് വിഴിഞ്ഞവുമെന്ന അവകാശവാദമുന്നയിച്ചാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനം ഉന്നയിക്കുന്നത്.
വിഴിഞ്ഞം പദ്ധതി ഉദ്ഘാടനത്തിൽ സംസാരിക്കാൻ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും തുറമുഖ വകുപ്പ് മന്ത്രിക്കും മാത്രം അവസരമെന്നതിനെ വിമര്‍ശിച്ച് ക മുരളീധരന്‍ രംഗത്ത്.പ്രധാനമന്ത്രിക്ക് താൻ ഇല്ലെങ്കിൽ ഇന്ത്യ അപ്രത്യക്ഷം ആയേനെ എന്ന് പ്രസംഗിക്കാം.പിണറായിക്ക് താൻ ഇല്ലെങ്കിൽ കേരളം ഉണ്ടാക്കാൻ പരശുരാമൻ വീണ്ടും മഴു ഏറിയണമെന്ന് പറയാം.എതിർ ശബ്ദം ഇരുവരും ആഗ്രഹിക്കുന്നില്ല. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നതുപോലെയാണ് ഇരുവരും. മോദിക്ക് യോഗി ആദിത്യനാഥ് പോലും ഇത്രയ്ക്ക് മാച്ച് ആകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
വിഴിഞ്ഞം തുറമുഖം യഥാര്‍ത്ഥ്യമായത് പിണറായി വിജയന്‍റെ നിശ്ചയദാര്‍ഢ്യത്തോടുകൂടിയുള്ള ഇടപെടലിന്‍റെ ഫലമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ആര്‍ക്കെങ്കിലും നൽകണമെങ്കിൽ അത് ഇകെ നായനാര്‍ക്കാണ് നൽകേണ്ടത്. വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻ ചാണ്ടിയെ വിസ്മരിച്ചിട്ടില്ല. പക്ഷേ ഇടത് സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കിൽ വിഴിഞ്ഞം നടക്കില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് ചരിത്ര ദിവസമാണ് ഇന്ന് എന്ന് ചാണ്ടി ഉമ്മൻ. വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിങിന് പ്രധാനമന്ത്രിയെത്തുന്നതും സംസ്ഥാന സര്‍ക്കാര്‍ അതിനാവശ്യമായ സഹായം നൽകുന്നതും നല്ലകാര്യമാണെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.ഉമ്മൻചാണ്ടിയുടെ ഓര്‍മകളെ പോലും ഭയപ്പെടുന്നത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിക്കാത്തത്. പരമാവധി കോണ്‍ഗ്രസ് നേതാക്കളെ പരിപാടിയിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഏതെങ്കിലും യുഡിഎഫ് ഘടകകക്ഷിയിൽ താൻ കൺവീനറായ തൃണമൂൽ കോൺഗ്രസ് പാർട്ടിയെ ലയിപ്പിച്ച് മുന്നണിയിൽ എത്താൻ അൻവറിൻ്റെ നീക്കം. സി എം പി അടക്കമുള്ള കക്ഷികളുമായി അൻവർ ചർച്ച നടത്തുന്നതായാണ് സൂചന. കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ് നീക്കം. ഇന്ന് കോഴിക്കോട്ട് ചേരുന്ന യുഡിഎഫ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഘടകകക്ഷിയിൽ ലയിച്ചു മുന്നണിയിൽ എത്തുന്നതിൽ എതിർപ്പില്ലെന്ന് കോൺഗ്രസ് അൻവറിനെ അറിയിച്ചു.
പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്.
ഡ്രൈ ഡേയിൽ വിൽക്കാനായി സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തു. ഡ്രൈ ഡേയോടനുബന്ധിച്ച് നടന്ന പരിശോധനകളിൽ തിരുവനന്തപുരം ഐരാണിമുട്ടത്ത് നിന്നാണ് അനധികൃതമായ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യശേഖരം കണ്ടെത്തിയത്. പ്രാദോഷ് കുമാർ (46) എന്നയാളാണ് മദ്യവുമായി എക്സൈസിന്റെ പിടിയിലായത്.
ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതിയുടെ നിർമാണം അനന്തമായി നീളുന്ന പശ്ചാത്തലത്തിൽ നിർമാണ കരാർ റദ്ദാക്കുമെന്ന് കെഎസ്ഇബി. കരാറുകാരായ ശ്രീ ശരവണ എഞ്ചിനീയറിംഗ് ഭവാനി പ്രൈവറ്റ് ലിമിറ്റഡും ചൈനയിലെ ഹ്യുനാൻ ഷായോങ് ജനറേറ്റിംഗ് എക്യുപ്മെന്‍റ് കമ്പനി ലിമിറ്റഡും ചേർന്ന കൺസോർഷ്യത്തിന് നൽകിയിരുന്ന ഇലക്ട്രോ മെക്കാനിക്കൽ നിർമാണ കരാർ റദ്ദാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
കൊച്ചി കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്ന കൈക്കൂലി കേസിൽ അറസ്റ്റിലായ സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. കെട്ടിടത്തിന്‍റെ പ്ലാൻ അപ്രൂവ് ചെയ്യണമെങ്കിൽ 25,000 രൂപ തരണമെന്ന് സ്വപ്ന ആവശ്യപ്പെട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് കനത്ത മറുപടി നൽകാനൊരുങ്ങി സൈന്യം. തയ്യാറെടുപ്പുകളുമായി കര, നാവിക, വ്യോമ സേന വിഭാഗങ്ങള്‍ മുന്നോട്ടുപോവുകയാണ്. എന്തിനും സജ്ജമാണെന്നാണ് സേന വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേനയും രംഗത്തെത്തി. ഇന്ത്യൻ മേഖലയ്ക്കുള്ളിൽ പ്രവേശിച്ചാൽ തകര്‍ക്കുമെന്നാണ് പാകിസ്ഥാന് നാവിക സേന നൽകുന്ന മുന്നറിയിപ്പ്.
പഹൽഗാമിലെ ഭീകരാക്രമണത്തിന്‍റെ പേരിൽ ആരും മുസ്ലിങ്ങൾക്കും കശ്മീരികൾക്കും എതിരെ തിരിയരുതെന്ന് ഭീകരക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്‍റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍. സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും നീതി ലഭിക്കണമെന്നും ഹിമാൻഷി പറഞ്ഞു. ആരോടും വിദ്വേഷം പുലര്‍ത്തരുതെന്നും ഹിമാൻഷി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന് പിന്നാലെ, പാകിസ്ഥാൻ എഫ്എം റേഡിയോ സ്റ്റേഷനുകളിൽ ഇന്ത്യൻ ഗാനങ്ങളുടെ പ്രക്ഷേപണം നിർത്തിവച്ചു. രാജ്യത്തുടനീളമുള്ള പാകിസ്ഥാൻ എഫ്എം റേഡിയോ സ്റ്റേഷനുകളിൽ ഇന്ത്യൻ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് പാകിസ്ഥാൻ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷൻ (പിബിഎ) അടിയന്തര പ്രാബല്യത്തോടെ നിർത്തിവച്ചതായി പിബിഎ സെക്രട്ടറി ജനറൽ ഷക്കീൽ മസൂദ് പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാനിയൻ എണ്ണ വാങ്ങുന്നവർക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. ഇറാനുമായി ആണവ ചർച്ചകൾ വൈകിയതിതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാനിയൻ എണ്ണയുടെയോ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെയോ എല്ലാ വാങ്ങലുകളും ഇപ്പോൾ നിർത്തണം. ഇറാനിൽ നിന്ന് ഏതെങ്കിലും എണ്ണയോ പെട്രോകെമിക്കലോ വാങ്ങുന്ന രാജ്യങ്ങളും വ്യക്തികളും ഉപരോധങ്ങൾക്ക് വിധേയമാകും.
പാകിസ്താനെ ‘പരാജിതരാഷ്ട്ര’മെന്ന് വിശേഷിപ്പിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. പാകിസ്താനില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതുവരെ ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടില്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഇന്ത്യയുമായുള്ള സൗഹൃദമാണ് പാക് ജനത ആഗ്രഹിക്കുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അപകടകരമായ അനന്തരഫലങ്ങള്‍ സൃഷ്ടിക്കുമെന്നും കശ്മീരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം .പ്രതികരിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള തങ്ങളുടെ ഉറച്ച പിന്തുണയും ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാർഢ്യവും ആവർത്തിച്ച് അമേരിക്ക. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഭീകരതയ്‌ക്കെതിരെ അമേരിക്ക ഇന്ത്യക്കൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും യു.എസ്. സ്റ്റേറ്റ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.
നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. നിയന്ത്രണ രേഖയിൽ കുപ്‍വാര, ബാരമുള്ള, പൂഞ്ച് എന്നിവിടങ്ങളിൽ തുടര്‍ച്ചയായി എട്ടാം ദിവസവും പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു. അതിര്‍ത്തിയിൽ പാകിസ്ഥാന്‍റെ വെടിവെയ്പ്പുണ്ടായതോടെ ഇന്ത്യൻ സൈന്യവും ശക്തമായ തിരിച്ചടി നൽകി.
തമിഴ്നാട്ടിലെ തിരുപ്പൂരിൽ നഴ്സിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. കളക്ട്രേറ്റിന് സമീപത്തെ തകർന്ന കെട്ടിടത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭർത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
അതിശക്ത മഴയ്ക്കും കാറ്റിനുമിടെ വീടിന്‍റെ മേൽക്കൂരയിൽ മരം വീണതിനെ തുടർന്ന് ദില്ലിയിൽ നാല് പേർ മരിച്ചു. ദ്വാരക ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. 26 വയസ്സുള്ള ജ്യോതിയും മൂന്ന് മക്കളുമാണ് മരിച്ചത്.
ദില്ലിയിൽ അതിശക്തമായ മഴയും കാറ്റും. പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. 80 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശും എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതോടൊപ്പം ശക്തമായ ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടായി.വിമാന സർവ്വീസുകളെ ബാധിച്ചു, യാത്രക്കാർക്ക് വിമാനക്കമ്പനികൾ മുന്നറിയിപ്പ് നൽകി.
പാകിസ്ഥാൻ മണ്ണിൽ ഭീകരർ പ്രവർത്തിക്കുന്നു എന്ന് അമേരിക്ക. ഭീകരരെ ഉന്മൂലനം ചെയ്യാൻ പാകിസ്ഥാൻ തയ്യാറാകണം എന്ന് അമേരിക്കൻ വൈസ് പ്രസിഡൻറ് ജെഡി വാൻസ് ആവശ്യപ്പെട്ടു. നരേന്ദ്ര മോദിക്ക് അമേരിക്കയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് അമേരിക്കൻ വിദേശകാര്യവുകുപ്പും വ്യക്തമാക്കി. പഹൽഗാം ആക്രമണത്തിന് തെളിവു ചോദിക്കുന്നത് പാകിസ്ഥാൻ തുടരുമ്പോഴാണ് ഭീകരർക്ക് സഹായം നല്കുന്നത് പാകിസ്ഥാൻ തന്നെയെന്ന സൂചിപ്പിക്കുന്ന പ്രസ്താവന അമേരിക്കൻ വൈസ് പ്രസിഡൻറ് ജെഡി വാൻസ് നടത്തുന്നത്.
പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് നടന്നത് 10 ലക്ഷത്തിലേറെ സൈബർ ആക്രമണങ്ങളെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ അടക്കമുള്ള പല രാജ്യങ്ങളിൽ നിന്നായാണ് സൈബർ ആക്രമണങ്ങളുണ്ടായതായാണ് മഹാരാഷ്ട്ര സൈബർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര പൊലീസിലെ സൈബർ ക്രൈം വിഭാഗത്തിന്റേതാണ് വെളിപ്പെടുത്തൽ.