bf91e7f5 a54c 4182 b27c 2d7a9c563b6b 20250324 141707 0000

ഗവർണർക്ക് ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഇനി തീരുമാനം എടുക്കണം. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളി‍ല്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണം. സംസ്ഥാന സർക്കാരിന്‍റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിലാണ് നിര്‍ണായക ഉത്തരവ്.

 

 

 

 

ഗവർണർമാർക്ക് സംസ്ഥാന സ‍ർക്കാർ പാസാക്കുന്ന ബില്ലുകൾ അനിശ്ചിതകാലം പിടിച്ചു വയ്ക്കാനാവില്ലെന്നും 3 മാസം സമയ പരിധി നിശ്ചയിച്ചുമുള്ള സുപ്രീം കോടതി വിധി കേന്ദ്രസർക്കാരിന് കൂടി പ്രഹരമാകും. ഗവർണർമാരെ ഉപയോഗിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒതുക്കുന്ന കേന്ദ്രസർക്കാരിന് കൂടിയുള്ള താക്കീതായി സുപ്രീംകോടതി വിധി വിലയിരുത്തപ്പെടുകയാണ്. വീറ്റോ അധികാരം ഗവർണ്ണർമാർക്കില്ല എന്ന കോടതി നിരീക്ഷണവും ഫെഡറൽ മൂല്യങ്ങൾ നിലനിറുത്തുന്നതിൽ നിർണ്ണായകമാകും.

 

 

 

ഗവർണറുടെ അധികാരം സംബന്ധിച്ച സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന്റെ കരണക്കുറ്റിക്ക് ഏറ്റ അടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതുകൊണ്ടും മോദിയും അമിത്ഷായും പാഠം പഠിക്കുമെന്ന് തോന്നുന്നില്ലെന്നും കോടതി വിധിയുടെ അന്ത:സത്തയിൽ ജനാധിപത്യ ബോധത്തോടെ ഇനിയെങ്കിലും ഇടപെടണമെന്നും കേന്ദ്രം കൽപ്പിച്ചാൽ ഏറാൻ മൂളുന്ന ഗവർണർമാർ മനസിലാക്കണമെന്നും പാഠം ഉൾക്കൊള്ളണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.

 

 

 

ആശവർക്കർമാരുടെ സമരം തീർക്കാൻ സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്തെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനപ്പുറം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ശിവൻകുട്ടി പറഞ്ഞു. ആശാവർക്കർമാർ തൊഴിൽ മന്ത്രി എന്ന നിലയിൽ തന്നെ കാണാൻ വന്നിരുന്നുവെന്നും അവരുടെ നിവേദനം ഞാൻ കൈപ്പറ്റിയെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ മന്ത്രി 3 തവണ ചർച്ച നടത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

 

 

 

 

സിപിഐ പാർട്ടി സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്ക്. ഔദ്യോഗിക പാനലിനെതിരെ മത്സരം പാടില്ലെന്നാണ് നിർദേശം. മത്സര നീക്കമുണ്ടായാൽ സമ്മേളനം സസ്പെൻഡ് ചെയ്യുമെന്നും അറിയിപ്പ്. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത അമർഷം നിലനിൽക്കെയാണ് തീരുമാനം. സിപിഐയിൽ ലോക്കൽ സമ്മേളനം പുരോഗമിക്കുകയാണ്. സെപ്തംബറിലാണ് സംസ്ഥാന സമ്മേളനം നടക്കുക. ഏതെങ്കിലും സമ്മേളനങ്ങളിൽ മത്സരമുണ്ടാകുകയോ മത്സരത്തിന് ആരെങ്കിലും തയ്യാറാകുകയോ ചെയ്താൽ സമ്മേളനം സസ്പെൻഡ് ചെയ്യാനാണ് തീരുമാനം.

 

 

 

 

 

എഐസിസി സമ്മേളനത്തിൽ ഡിസിസി ശാക്തീകരണം മുഖ്യ അജണ്ടയെന്നും വിശാല പ്രവർത്തക സമിതിയിൽ രൂപരേഖ കൊണ്ടുവരുമെന്നും കോൺഗ്രസ് സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാജ്യത്തെ ജനങ്ങൾക്ക് നീതി തേടിയുള്ള പ്രമേയങ്ങൾ യോഗത്തിലവതരിപ്പിക്കുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. യുഡിഎഫായിരുന്നു അധികാരത്തിലെങ്കിൽ മുനമ്പം പ്രശ്നം എന്നേ പരിഹരിച്ചേനെയെന്ന് ചൂണ്ടിക്കാട്ടിയ കെ.സി വേണുഗോപാൽ ചർച്ച് ബില്ല് കൊണ്ടുവരാനുള്ള നീക്കമാണ് ഓർഗനൈസർ ലേഖനത്തിന് പിന്നിലെന്നും കൂട്ടിച്ചേർത്തു.

 

 

 

പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെ സർക്കാർ, സർക്കാർ അംഗീകൃത വിദ്യാലയങ്ങളില്‍ പഠിക്കുന്ന 26 ലക്ഷം കുട്ടികൾക്ക് 4 കിലോ വീതം അരി വിതരണം ചെയ്യുന്ന പദ്ധതി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഏകദേശം 17,313 മെട്രിക് ടൺ അരിയാണ് ആകെ വിതരണം ചെയ്യുന്നത്. മഹത്തായ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുന്ന അധ്യാപകർക്കും പാചക തൊഴിലാളികൾക്കും സ്‌കൂൾ ഭരണസമിതികൾക്കും മാതാപിതാക്കൾക്കും എല്ലാ ഉദ്യോഗസ്ഥർക്കും മന്ത്രി നന്ദി അറിയിച്ചു.

 

 

 

 

 

കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിൽ ഇനി മുതൽ ഡിസിസി അധ്യക്ഷന്മാര്‍ക്കും പങ്കുണ്ടാകും.സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഡിസിസി പ്രസിഡന്‍റുമാരുടെ ശുപാർശ പരിഗണിക്കും. എന്നാൽ എഐസിസി നീക്കത്തിൽ പിസിസി അധ്യക്ഷന്മാർക്കും പാർലമെന്‍ററി പാർട്ടി നേതാക്കൾക്കും അതൃപ്തിയുണ്ട്.

പാർട്ടിയെ കേഡർ സ്വഭാവത്തിലെത്തിക്കാനാണ് ഡിസിസി അധ്യക്ഷന്മാർക്ക് നിർണ്ണായക റോൾ നൽകുന്നതെന്ന് പ്രവർത്തക സമിതിയംഗം കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

 

 

 

 

 

മുണ്ടൂർ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു വ്യത്യസ്ത റിപ്പോർട്ടുകളുമായി പാലക്കാട് ഡിഎഫ്ഒയും ജില്ലാ കലക്ടറും. കാട്ടാന ആക്രമണത്തിൽ വനം വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നും ഫെൻസിംഗ് തകർത്താണ് കാട്ടാന എത്തിയതെന്നും ‍ഡിഎഫ്ഒ പറയുന്നു. മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ വനം വകുപ്പിന് വീഴ്ച ഉണ്ടായി എന്നാണ് കളക്ടറുടെ റിപ്പോർട്ട്. വ്യത്യസ്ത റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ പാലക്കാട് ഡിഎഫ്ഒയോട് വിശദീകരണം ചോദിക്കുമെന്നും കലക്ടർ അറിയിച്ചു.

 

 

 

 

ഗോകുലം ഗോപാലനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസയച്ചു. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. നേരിട്ട് എത്തുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്നും ഇഡി പറഞ്ഞു. ഇന്നലെ കൊച്ചി ഓഫീസിൽ ഗോകുലം ഗോപാലനെ 6 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.

 

 

 

 

 

 

മുസ്ലീം ലീഗ് നേതൃത്വത്തിന് പരോക്ഷ മറുപടിയുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. സമസ്ത അധ്യക്ഷനെ ചാനലുകൾക്ക് മുന്നിൽ വന്ന് ചിലർ അപമാനിക്കുന്നുവെന്നും ഒരു തവണ ആണെങ്കിൽ അബദ്ധമാണെന്ന് മനസിലാക്കാം എന്നാൽ തുടർച്ചയായി അപമാനിക്കുന്നുവെന്നും സമസ്ത നേതൃത്വത്തെ ദുർബലപ്പെടുത്താൻ ആണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

എടിഎമ്മുകളില്‍ നിക്ഷേപിക്കാനേല്‍പ്പിച്ച ബാങ്കിന്റെ 28 ലക്ഷം രൂപ തട്ടിയ ക്യാഷ് ഓപ്പറേറ്റീവ് എക്‌സിക്യൂട്ടീവുകള്‍ പിടിയില്‍. ബത്തേരി കുപ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ പി.ആര്‍. നിധിന്‍രാജ് (34), മേപ്പാടി ലക്കിഹില്‍ പ്ലാംപടിയന്‍ വീട്ടില്‍ പി.പി. സിനൂപ് (31)എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്. കേരള ഗ്രാമിണ്‍ ബാങ്കിന്റെ വിവിധ എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കുന്ന ബത്തേരി നോഡല്‍ ബ്രാഞ്ചിലെ ജോലിക്കാരായിരുന്ന ഇരുവരും കൂടി 28 ലക്ഷം രൂപയാണ് കവര്‍ന്നത്. 2021 നവംബര്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള വിവിധ കാലയളവിലാണ് തട്ടിപ്പ് നടത്തിയത്.

 

 

 

 

 

എമ്പുരാന്‍ സിനിമയെ വിമര്‍ശിച്ച് ശ്രീലേഖ ഐപിഎസ്. മുന്‍ ഡിജിപിയായിരുന്ന ശ്രീലേഖ ഐപിഎസ് എമ്പുരാന്‍ സമൂഹത്തിന് മോശം സന്ദേശം നല്‍കുന്ന ചിത്രമാണ് എന്നാണ് തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ വിമര്‍ശനം നടത്തിയത്. ആയുധ ഇടപാടുകളും സ്വർണം കടത്തും നടത്തുന്ന അധോലോക നായകന് മാത്രമാണ് കേരളത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് പറഞ്ഞുവയ്ക്കുന്നത് എന്നും കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഡിജിപി വീഡിയോയില്‍ പറയുന്നു.

 

 

 

ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് പരോൾ അനുവദിച്ചു. രണ്ടാഴ്ചത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. സ്വാഭാവിക നടപടിയെന്നാണ് വിഷയത്തിൽ ജയിൽ വകുപ്പിന്റെ പ്രതികരണം. ശിക്ഷായിളവ് നൽകി ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. അതിനിടെ സഹതടവുകാരിയെ മർദിച്ചതിന് കഴിഞ്ഞ മാസം ഷെറിനെതിരെ കേസുമെടുത്തിരുന്നു. കണ്ണൂരിലെ വനിതാ ജയിലിലാണ് ഷെറിൻ ഇപ്പോഴുള്ളത്.

 

 

 

 

 

തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോൾ അനുവദിച്ചു. സംസ്ഥാന സർക്കാരിനോട് വ്യവസ്ഥതകൾ നിശ്ചയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ വ്യവസ്ഥ നിശ്ചയിക്കുന്നത് മുതൽ 15 ദിവസത്തേക്കാണ് പരോൾ. 2016 ൽ സെക്യൂറിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് കഴിയുകയാണ് നിഷാം.

 

 

 

 

കൊച്ചിയിലെ തൊഴിൽ പീഡന ആരോപണവുമായി ബന്ധപ്പെട്ട കമ്പനിയിലെ മുൻ ജീവനക്കാര‌നെതിരെ കൂടുതൽ പരാതികൾ. നായകളെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് യുവാക്കളെ വലിച്ചിഴച്ച ദൃശ്യങ്ങൾ പുറത്തുവിട്ട മനാഫിനെതിരെയാണ് കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയത്. അതിനിടെ, ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് മനാഫിനെതിരെ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിൽ മനാഫിനെതിരെ കേസെടുത്തിരുന്നു. ദൃശ്യങ്ങൾ പുറത്ത് വിട്ട ചങ്ങാതികൂട്ടം എന്ന യൂട്യൂബ് ചാനലിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

 

 

 

 

 

സര്‍വ്വീസ് റോഡിന് ആരിൽ നിന്ന് പണം സ്വീകരിക്കണമെന്ന രാഷ്ട്രീയ തര്‍ക്കത്തിന്‍റെ ഇരകളായി വാടാനപ്പള്ളി ഉപ്പുപടന്നയിലെ 80 കുടുംബങ്ങള്‍. ദേശീയ പാതയോട് ചേര്‍ന്ന് സര്‍വ്വീസ് റോഡ് നിര്‍മ്മിച്ചാലേ ഇവര്‍ക്ക് പുറത്തു കടക്കാനാവൂ. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഫണ്ട് നല്‍കാമെന്ന് പറഞ്ഞിട്ടും പഞ്ചായത്ത് തടസം നില്‍ക്കുന്നു എന്നാണ് ബിജെപിയുടെ ആരോപണം. ദേശീയ പാത നിര്‍മ്മാണം തീര്‍ന്നശേഷം എംഎല്‍എ ഫണ്ടുപയോഗിച്ച് സര്‍വ്വീസ് റോഡ് നിര്‍മ്മിച്ചു നല്‍കുമെന്നാണ് ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് വാദിക്കുന്നത്.

 

 

 

 

 

പാചകവാതക വില വർധനവിനെതിരെ സംയുക്ത പ്രതിഷേധം ആലോചിക്കാൻ പ്രതിപക്ഷം. പാർലമെന്റ് സമ്മേളനം കഴിഞ്ഞതിന് പിന്നാലെ വില കൂട്ടിയെന്ന് ആംആദ്മി പാർട്ടി ആരോപിക്കുന്നു. ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒരിടവേളയ്ക്ക് ശേഷമാണ് വർധിപ്പിച്ചിരിക്കുന്നത്. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയത്. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായി വില ഉയ‍ർന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് സിലിണ്ടറിൻ്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി ഉയർന്നു.

 

 

 

 

ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണിൻ്റെ മകൻ മാർക്ക് ശങ്കർ പവനോവിചിന് പൊള്ളലേറ്റു. സിംഗപ്പൂരിലെ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിലാണ് കുട്ടിക്ക് പൊള്ളലേറ്റത്. 7 വയസ്സായ മാർക്ക് അമ്മ അന്ന ലേഴ്നേവക്ക് ഒപ്പം സിംഗപ്പൂരിലാണ് ഉള്ളത്. കുട്ടിയുടെ കാലിനും കൈക്കും പൊള്ളലേറ്റു എന്നാണ് വിവരം. നിലവിൽ ആന്ധ്രയിലെ രാഷ്ട്രീയ പരിപാടികൾ റദ്ദാക്കി പവൻ കല്യാൺ ഉടൻ സിംഗപ്പൂർക്ക് തിരിക്കും.

 

 

 

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ആരാണെന്ന് താൻ ഗൂഗിൾ ചെയ്തു കണ്ടുപിടിക്കേണ്ടി വരും എന്ന് മുൻ ത്രിപുര മുഖ്യമന്ത്രിയും എംപിയുമായ ബിപ്ലവ് കുമാർദേവിന്‍റെ പരിഹാസം. തനിക്ക് എം എ ബേബി ആരാണെന്ന് അറിയില്ല.പാർട്ടിയോട് വിശ്വസ്തതയുള്ള കഴിവുള്ള വ്യക്തിയാകാം. തനിക്ക് പക്ഷേ എം എ ബേബി ആരാണെന്ന് ഗൂഗിൾ ചെയ്തു നോക്കേണ്ടിവരും. മോദിയെപ്പോലെ യോഗിയെ പോലെയോ തലപ്പൊക്കമുള്ള നേതാവ് സിപിഎമ്മിൽ ഇല്ലെന്നും അദ്ദേഹ വിമർശിച്ചു

 

 

 

 

 

അല്ലാഹു എന്നെ ജീവനോടെ നിലനിർത്തിയതിന് കാരണമുണ്ടെന്നും ആ സുദിനം വരുമെന്നും മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സോഷ്യൽമീഡിയയിൽ അവാമി ലീഗ് അംഗങ്ങളെ അഭിസംബോധന ചെയ്താണ് ഹസീന ഇക്കാര്യം പറഞ്ഞത്. പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങളുമായി സംവദിക്കുകയായിരുന്നു അവർ. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിനെ ഹസീന രൂക്ഷമായി വിമർശിച്ചു.

 

 

 

 

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസ്. ഛത്തീസ്ഗഡിലെ കുങ്കുരിയില്‍ മതപരിവര്‍ത്തനം ആരോപിച്ചാണ് കന്യാസ്ത്രീക്കെതിരെ കേസെടുത്തത്. കോട്ടയം സ്വദേശിയായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുങ്കുരി ഹോളി ക്രോസ് നഴ്സിങ് കോളജ് പ്രിന്‍സിപ്പാളാണ് സിസ്റ്റര്‍ ബിന്‍സി. കോളേജിലെ വിദ്യാര്‍ഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് പ്രിന്‍സിപ്പാൾ സിസ്റ്റര്‍ ബിന്‍സിക്കെതിരെ ഉയർന്നിരിക്കുന്നത്.

 

 

 

 

 

 

വിവിധ തരം സന്ദർശന വിസകളിലെത്തിയവർ ഏപ്രിൽ 13 നുള്ളിൽ മടങ്ങണമെന്ന വാർത്ത വ്യാജമെന്ന് സൗദി ജവാസത്ത്. ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നെത്തിയ ബിസിനസ്, ടൂറിസ്റ്റ്, സന്ദര്‍ശന വിസക്കാര്‍ ഏപ്രില്‍ 13ന് മുമ്പ് സൗദി അറേബ്യയില്‍ നിന്ന് മടങ്ങണമെന്നും ഇല്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വിശ്വസിക്കരുതെന്ന് സാമൂഹിക മാധ്യമ ഉപയോക്താവിന്റെ അന്വേഷണത്തിന് നൽകിയ മറുപടിയിൽ ഡയറക്ടറേറ്റ് വിശദീകരണം നല്കി.

 

 

 

 

 

 

കൂവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‌വർക്കാണ് രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം പ്രാദേശിക സമയം രാത്രി 11:45നാണ് ഉണ്ടായത്. ഭൂമിക്കടിയിൽ 13 കിലോമീറ്റർ താഴ്ചയിലാണ് ഇതിന്റെ ഉത്ഭവം എന്നത് കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് അറിയിച്ചു. അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

 

 

 

 

 

ആന്ധ്രയിൽ ട്രെയിനിന്‍റെ രണ്ട് കോച്ചുകൾ അടർന്ന് മാറിയെങ്കിലും തീവണ്ടി ഉടൻ നിർത്തിയതിനാലാണ് വൻദുരന്തം ഒഴിവായത്. ഇന്ന് രാവിലെ 10 മണിയോടെ സെക്കന്തരാബാദ് – ഹൗറ ഫലക്നൂമ സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് (12704) അപകടത്തിൽപ്പെട്ടത്. യാത്രക്കാർ തീവണ്ടി പാളം തെറ്റിയെന്ന് കരുതി പരിഭ്രാന്തരായി. ശ്രീകാകുളം പാലസയിൽ സുമ്മാദേവി – മന്ദസ റോഡ് സ്റ്റേഷനുകൾക്കിടയിലാണ് എ സി കോച്ചുകൾ വേർപെട്ടത്. രണ്ട് എ സി കോച്ചുകൾക്കിടയിലുള്ള കപ്ലിംഗ് കണക്ഷൻ വേർപെട്ടതാണ് അപകട കാരണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

 

 

 

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തേക്കാണ് സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കിരീടാവകാശി ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടാതെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ന് മോദി ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും ശൈഖ് ഹംദാൻ പങ്കെടുക്കും.

 

 

 

 

 

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന് വ്യക്തമാക്കി ചൈന. അമേരിക്കക്കെതിരെയുള്ള പ്രതിരോധ നടപടികൾ പിൻവലിച്ചില്ലെങ്കിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അമേരിക്കയുടെ പകരച്ചുങ്കത്തിന് തിരിച്ചടിയായി യുഎസ് ഉൽപ്പന്നങ്ങൾക്ക് 34 ശതമാനം തീരുവ ചുമത്തിയിരുന്നു. അധിക തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം തീരുവ കൂടി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *