പതിമൂന്നാം ദിനത്തിലേക്ക് കടന്ന ആശാവർക്കർമാരുടെ രാപ്പകൽ സമരം കൂടുതൽ ശക്തമാകുകയും ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന വേളയിൽ സെക്രറ്ററിയേറ്റിന് മുന്നിൽ പണിമുടക്കി സമരത്തിനെത്തിയവരുടെ കണക്കെടുക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം മുതൽ ഡിഎംഒ മാരുടെ നേതൃത്വത്തിൽ ജില്ലകളിൽ ഗൂഗിൽ ഫോം വഴി കണക്കെടുത്ത് തുടങ്ങി.എന്നാൽ സർക്കാറിന്റെ ഭീഷണികളുടെ തുടർച്ചയാണിതെന്നും കണക്കെടുത്ത് ഭയപ്പെടുത്തിയാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സമരസമതി നേതാക്കൾ പറഞ്ഞു.
ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വർക്കർമാരുടെ സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്ന് മുതിർന്ന സിപിഐ നേതാവ് സി.ദിവാകരൻ. മുഖ്യമന്ത്രി ഇടപെട്ടാൽ 5 മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരുമെന്നും സി.ദിവാകരൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ പി.എസ് സി ആവശ്യമുണ്ടോയെന്ന് പഠനം നടത്തണമെന്നും പ്രധാനമന്ത്രിയെക്കാൾ ഉയർന്ന ശമ്പളമാണ് പിഎസ് സി അംഗങ്ങൾക്കുള്ളതെന്നും ആശ വർക്കർമാരുടെ സമരത്തെ എതിർക്കുന്ന ചിലർ പി എസ്സി ശമ്പള വർധയെ ന്യായീകരിക്കുകയാണെന്നും ദിവാകരൻ വിമർശിച്ചു.
ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിനനുസരിച്ച് നടപടിയെടുക്കാനാണ് ഈരാറ്റുപേട്ട പൊലീസ് നീക്കം. പി സി ജോർജിന് നോട്ടീസ് നൽകാൻ പൊലീസ് വീട്ടിലെത്തി. പി സി ജോർജ് വീട്ടിൽ ഇല്ലാത്തതിനാൽ നോട്ടീസ് നൽകാതെ മടങ്ങി.
എഐ സാങ്കേതിക വിദ്യ ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കണമെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. എഐ മനുഷ്യന്‍റെ കഴിവാണെന്നും നിർമിത ബുദ്ധിയെ ജന താത്പര്യം സംരക്ഷിക്കാൻ ഉപയോഗിക്കണമെന്നും ഇടതുപക്ഷം ശാസ്ത്രത്തിന്‍റെ വളർച്ചയെ ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം വ്യാപകമാകുന്നതോടെ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വിദഗ്ദ്ധര്‍. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിനോടനുബന്ധിച്ച് ഫ്യൂച്ചര്‍ ഓഫ് ടാലന്‍ന്‍റ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്ന വിദഗ്ദ്ധർ, എന്നാൽ നിര്‍മ്മിത ബുദ്ധി വ്യാപകമാകുന്നത് തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍ക്ക് ഇടയാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
കേരളത്തിലേക്ക് നിക്ഷേപം ക്ഷണിച്ചുകൊണ്ട് കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റ് ഇൻവെസ്റ്റ് കേരള പദ്ധതി സംസ്ഥാനത്തിൻ്റെ വ്യാവസായിക മുന്നേറ്റത്തിന് കരുത്താകുന്നതായി മാറുന്നു. രണ്ടാം ദിവസത്തിലേക്ക് കടന്ന സമ്മിറ്റിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.
ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി വരുന്ന നിക്ഷേപം കേരളത്തിന്റെ ഭാവി പുരോഗതിക്ക് ശക്തി പകരുമെന്ന് ഇടതു മുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ. കേരളം ഒന്നിച്ചു നിൽക്കുന്നുവെന്നതാണ് ഉച്ചകോടിയുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകണമെന്നും നിലവിലുള്ള തൊഴിലാളികളുടെ കൂലിയും ജോലിയും സംരക്ഷിക്കപ്പെടണമെന്നും ഇതിനൊക്കെ സഹായകരമായ രീതിയിലാണ് കേരള സർക്കാർ വിവിധ പദ്ധതികളുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റിൽ അനുവദിക്കപ്പെട്ടതിനേക്കാൾ അധികം തസ്തികയിൽ ഉദ്യോഗസ്ഥർക്ക് നിയമനം നൽകിയെന്ന് എജിയുടെ റിപ്പോർട്ട്. 700ലധികം തസ്തിക അധികമായി സൃഷ്ടിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിലേക്ക് പോകുമ്പോൾ സമാന തസ്തകിയിലേക്ക് ജൂനിയറായ ആൾക്ക് സ്ഥാനക്കയറ്റം നൽകും. പക്ഷെ ഡെപ്യൂട്ടേഷൻ കഴിഞ്ഞ് ഉദ്യോഗസ്ഥൻ തിരിച്ചെത്തിയാലും അധിക തസ്തികകൾ തുടരും. അതാണ് രീതി. അധിക തസ്തികവഴി സർക്കാരിന് ശമ്പളവും ആനുകൂല്യങ്ങളുമായി ലക്ഷങ്ങള്‍ നഷ്ടമാകുന്നുവെന്നാണ് എജിയുടെ റിപ്പോർട്ട്.
ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സിപിഎമ്മില്‍ ചേർന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നേതൃത്വത്തിലാണ് ചേവായൂര്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ സ്വീകരിച്ചത്.
കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തി. പുനലൂര്‍ റെയില്‍വേ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ട്രെയിന്‍ അട്ടിമറി ശ്രമമാണോ നടന്നതെന്ന് കേന്ദ്രീകരിച്ചാണ് അന്വേഷണം. പോസ്റ്റ് റെയില്‍പാളത്തില്‍ ആദ്യം കണ്ടെത്തിയതിനെ തുടർന്ന് ഏഴുകോൺ പോലീസെത്തി പോസ്റ്റ് മാറ്റിയിട്ടു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം റെയില്‍വേ പോലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ വീണ്ടും പോസ്റ്റ് കണ്ടെത്തുകയായിരുന്നു. ഇതാണ് അട്ടിമറിശ്രമത്തിലേക്കുള്ള സംശയം വർദ്ധിപ്പിക്കുന്നത്.
സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗർഭപാത്രത്തിനുള്ളിൽ സർജിക്കൽ മോപ് മറന്നു വച്ച സംഭവത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ സുജ അഗസ്‌റ്റിന് പിഴ വിധിച്ച് സ്‌ഥിരം ലോക് അദാലത്ത്. മൂന്ന് ലക്ഷം രൂപ പിഴ തുകയ്ക്ക് പുറമേ 10,000 രൂപ ചികിത്സാ ചെലവും 5,000 രൂപ കോടതിച്ചെലവും നൽകണമെന്നാണ് വിധി. 2022 ൽ സിസേറിയന് വിധേയയായ പ്ലാമൂട്ടുക്കട സ്വദേശി ജീതുവിൻ്റെ ( 24) പരാതിയിലാണ് വിധി.
കാലടി സർവകലാശാലയുടെ അക്കാഡമിക് ബ്ലോക്കിൽ മൂന്നാം നിലയിൽ ലിഫ്റ്റിനായി പണിത ഭാഗം തുറന്നു കിടക്കുന്നതായി റിപ്പോർട്ട്. നിരവധി വിദ്യാർത്ഥികളും അധ്യാപകരും സ്ഥിരമായി ഉപയോഗിക്കുന്ന വഴിയിലാണ് ലിഫ്റ്റ്. ലിഫ്റ്റ് സ്ഥാപിക്കാനായി പുതുതായി പണിത ഭാഗം രണ്ട് കസേരകൾ ഉപയോഗിച്ചാണ് മറച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
സംസ്ഥാനത്തെ ഡിജിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍റെ അടുത്ത തലമായി വിശേഷിപ്പിക്കപ്പെടുന്ന കെ-സ്മാര്‍ട്ടിലൂടെ ഇതിനോടകം തീര്‍പ്പാക്കിയത് 23 ലക്ഷത്തിലധികം അപേക്ഷകള്‍. 2024 ജനുവരി ഒന്ന് മുതല്‍ 87 മുന്‍സിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും അടങ്ങുന്ന 93 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 3057611 ഫയലുകളാണ് ഇതിനോടകം കെ-സ്മാര്‍ട്ട് വഴി കൈകാര്യം ചെയിരിക്കുന്നതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ. 80 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും കുട്ടിമാക്കൂൽ സ്വദേശി സഹദേവൻ അടക്കം രണ്ട് പേരെയാണ് ഇതുവരെ പിടികൂടാനായത്. ബാക്കിയുള്ളവർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
കൈക്കൂലിക്കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി യുവ സംരഭകന്‍. ആര്‍ടിഒ ജേഴ്സണും ഭാര്യയും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ തുണിക്കടയുടെ മറവിലായിരുന്നു 75 ലക്ഷം രൂപയുടെ തട്ടിപ്പ്. പണം തിരികെ ചോദിച്ചപ്പോള്‍ പണി തരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആര്‍ടിഒ പിടിയിലായതോടെ ധൈര്യം സംഭരിച്ച് പരാതിയുമായി പൊലീസിനെയും വിജിലന്‍സിനെയും സമീപിച്ചിരിക്കുകയാണെന്നും യുവസംരഭകന്‍ അല്‍ അമീന്‍ പറഞ്ഞു.
ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ പിടിമുറുക്കി എന്‍ഫോര്‍സ്‍മെന്‍റ് ഡയറക്ടറേറ്റ്. രണ്ട് മലയാളികളെ കൂടി അറസ്റ്റ് ചെയ്തു. തട്ടിപ്പിന് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുത്ത കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ടിജി വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ കേസില്‍ ജനുവരിയില്‍ 4 പേര്‍ ഇഡിയുടെ പിടിയിലായിരുന്നു.
കോടനാട് ആന പരിപാലനകേന്ദ്രത്തില്‍ ചരിഞ്ഞ കാട്ടുകൊമ്പൻ്റെ തലച്ചോറിന് അണുബാധ ഏറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊമ്പൻ്റെ മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നുവെന്നും മറ്റ് ആന്തരിക അവയവങ്ങൾക്ക് അണുബാധ ഇല്ലെന്നുമാണ് കണ്ടെത്തല്‍. ആനയുടെ മരണകാരണം ഹൃദയാഘാതം തന്നെയാണെന്നും മസ്തകത്തിലേത് കൊമ്പ് കുത്തിയതിനെ തുടർന്നുണ്ടായ മുറിവാണെന്നുമാണ് നിഗമനം.
അച്ഛനും അമ്മയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ തുടർ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമെങ്കിലും ഒരു മാസം കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് രക്ഷിതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. ചികിത്സ പൂർത്തിയായാൽ ഉടൻ കുഞ്ഞിനെ സ്വീകരിക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.
കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥനും കേന്ദ്ര ജി എസ് ടി ഓഡിറ്റ് വിഭാഗം അഡീഷണൽ കമ്മീഷണറുമായ മനീഷിന്റെയും സഹോദരിയുടെയും അമ്മയുടെയും പോസ്റ്റ്‌മോർട്ടം ഇന്ന്. മനീഷും സഹോദരിയും തൂങ്ങി മരിച്ചെന്നാണ് പൊലീസ് നിഗമനം. പോസ്റ്റുമോർട്ടം കഴിഞ്ഞ് വൈകിട്ട് 4 മണിക്ക് കാക്കനാട് അത്താണി പൊതുശ്മശാനത്തിലാണ് മൂവരുടെയും സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് മരണം. കോട്ടയം ജില്ലയിലെ വൈക്കം മൂത്തേടത്തുകാവ് റോഡിൽ ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് 25 കാരനായ ശ്രീഹരിയാണ് മരിച്ചത്. ഇടുക്കി കട്ടപ്പനയ്ക്ക് സമീപം കരിമ്പാനിപ്പടിയിൽ കാർ ക്രാഷ് ബാരിയറിലിടിച്ചാണ് അപകടമുണ്ടായത്. വള്ളക്കടവ് തണ്ണിപ്പാറ റോബിൻ ജോസഫാണ് മരിച്ചത്.
അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസലിന്‍റെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു. രാവിലെ ഏഴരക്ക് ചൈന്നൈയിൽ നിന്നുള്ള വിമാനത്തിൽ കൊച്ചിയിലെത്തിച്ച മൃതദേഹം പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, എറണാകുളം ജില്ലാ സെക്രട്ടറി സി.എം മോഹനൻ, കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ചേർന്നാണ് ഏറ്റുവാങ്ങിയത്. സംസ്കാരം നാളെ നടക്കും.
മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോയ മലയാളിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി ജോജു ജോർജിനെയാണ് കാണാതായത്. അയൽവാസിയായ കുടുംബ സുഹൃത്തിനൊപ്പം കഴിഞ്ഞ ഒൻപതിനാണ് ചെങ്ങന്നൂരിൽ നിന്ന് ട്രെയിൻ മാർഗം ജോജു പ്രയാഗ് രാജിലേക്ക് പോയത്.
പ്രശസ്ത ബ്രിട്ടീഷ് – ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ ന്യൂയോർക്കിലെ പ്രഭാഷണ വേദിയിൽ കുത്തിക്കൊല്ലാൻ ശ്രമിച്ച അക്രമി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതി 27 കാരനായ യുഎസ് ലെബനീസ് പൗരൻ ഹാദി മതറിനുള്ള ശിക്ഷ അമേരിക്കൻ പ്രാദേശിക കോടതി ഏപ്രിലിൽ വിധിക്കും. മുപ്പത് വർഷം എങ്കിലും തടവ് ശിക്ഷയ്ക്ക് ആണ് സാധ്യത.
അമേരിക്കയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ – എഫ്ബിഐ-യുടെ പുതിയ ഡയറക്ടറായി ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ ചുമതലയേറ്റു. ഭഗവത് ഗീതയിൽ കൈവച്ചാണ് കാഷ് പട്ടേൽ സത്യ പ്രതിജ്ഞ ചെയ്തത്. വാഷിങ്ടണിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ കാറിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍. വിദര്‍ഭയിലെ ബുല്‍ഡാനയില്‍ നിന്നാണ് മങ്കേഷ് വയാല്‍ (35) അഭയ് ഷിന്‍ഗനെ (22) എന്നിവരെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനെ തുടര്‍ന്ന് മങ്കേഷിന്‍റെ ഫോണില്‍ നിന്ന് അഭയ് ഈ മെയില്‍ വഴി സന്ദേശം അയക്കുകയായിരുന്നു.
സൗദി അറേബ്യയിൽ ഇന്ന് സ്ഥാപക ദിനം.രാജ്യത്തിന്‍റെ പാരമ്പര്യവും ചരിത്രവും പ്രതിഫലിപ്പിക്കു പരിപാടികൾ 23 വരെ നീളും. സ്ഥാപക ദിനാഘോഷം പ്രമാണിച്ച് ഇന്നും നാളെയും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. അല്‍ഉലയിലെ അല്‍ സറായ്യ ഫെസ്റ്റിവലാണ് സ്ഥാപക ദിനം പ്രമാണിച്ചുള്ള പരിപാടികളില്‍ പ്രധാനപ്പെട്ടത്.
ഹോളിയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ബോളിവുഡ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാനെതിരെ കേസെടുത്തു. ഹിന്ദുസ്ഥാനി ഭാവു എന്നറിയപ്പെടുന്ന വികാഷ് ഫദക്കാണ് ഫറയ്ക്കെതിരെ പരാതി നൽകിയത്. അപകീർത്തികരമെന്ന് പരക്കെ കാണുന്ന ഒരു പദം ഉപയോഗിച്ച് ഫറ ഖാൻ ഹോളിയെ “ഛപ്രിമാരുടെ ഉത്സവം” എന്ന് വിശേഷിപ്പിച്ചുവെന്നാണ് ആരോപണം.
എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സംവിധായകൻ ഷങ്കറിന്‍റെ 10 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതിന് തൊട്ടുപിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍. ചെന്നൈ ഹൈക്കോടതി നേരത്തെ തന്നെ തള്ളിയ കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടിയെന്നും, തന്നോട് ഈ കേസില്‍ ഒരു ആശയവിനിമയവും ഇഡി നടത്തിയിട്ടില്ലെന്നും ഷങ്കര്‍ പ്രസ്താവന പുറത്തിറക്കി.
ചെറിയ ക്ലാസുകളിലെ കുട്ടികളിൽ അറബിക് ഭാഷാ പരിജ്ഞാനം വർധിപ്പിക്കാൻ പുതിയ നയം അവതരിപ്പിച്ച് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി. ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും നഴ്സറികളിലും ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അറബിക് ഭാഷാ പഠനം നിർബന്ധമാക്കുന്നതാണ് പുതിയ നയം.
അമേരിക്കയിലുള്ള ഇന്ത്യാക്കാരടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് അയക്കാനുള്ള പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻറെ നീക്കത്തിൽ ഇന്ത്യയ്ക്ക് ആശങ്ക. ഇന്ത്യക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് നാടുകടത്തുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. സൈനിക വിമാനത്തിലാണെങ്കിലും ഇവരെ ഇന്ത്യയിലേക്ക് തന്നെ തിരികെ എത്തിക്കണം എന്ന് നിർദ്ദേശിക്കും.
ഫ്രാൻസിസ് മാർപ്പാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇപ്പോഴും ശ്വാസം മുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും ഡോക്ടമാർ പറഞ്ഞു.കടുത്ത ശ്വാസ തടസത്തെ തുടർന്നാണ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹമാസ് കസ്റ്റഡിയിലിരിക്കെ മരിച്ച ഇസ്രയേൽ യുവതിയും 2 മക്കളുടെ അമ്മയുമായ ഷിരി ബിബാസിന്റെ മൃതദേഹം ഒടുവിൽ ഹമാസ് കൈമാറി. ആശയക്കുഴപ്പങ്ങൾക്കൊടുവിൽ യഥാർത്ഥ മൃതദേഹം റെഡ്ക്രോസിന് കൈമാറിയെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ.മൃതദേഹം പരിശോധിച്ച് ഉറപ്പിക്കാൻ നടപടി തുടങ്ങിയതായി ഇസ്രയേൽ അറിയിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തിലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ഇരുവരുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്‍റെ വിമര്‍ശനം. ഇമ്മാനുവൽ മക്രോൺ ചൊവ്വാഴ്ച്ചയും സ്റ്റാർമർ വ്യാഴാഴ്ചയുമാണ് വൈറ്റ് ഹൗസിലെത്തുക. യുക്രൈൻ – റഷ്യ വിഷയം തന്നെയാണ് പ്രധാന അജണ്ട. ട്രംപിന്‍റെ വ്യാപാര തീരുവ നയത്തിലും ചർച്ചകളുണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.