കേരളത്തിലെയും തമിഴ്നാട്ടിലെയും മുസ്ലിം ലീഗിന്‍റെ  സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.ഇടി മുഹമ്മദ് ബഷീർ മലപ്പുറത്തും, അബ്ദുസമ്മദ്  സമദാനി പൊന്നാനിയിലും മൽസരിക്കും എന്ന് ലീഗ്അധ്യക്ഷൻ വിശദമാക്കി. സീറ്റ് നൽകണമെന്ന യൂത്ത് ലീഗിന്‍റെ   ആവശ്യം ഇത്തവണ അംഗീകരിച്ചില്ല.രാജ്യസഭാ സീറ്റിലെക്കുള്ള സ്ഥാനാർത്ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തീർപ്പാക്കുകയായിരുന്നു. പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും  ഹൈക്കോടതി നിർദ്ദേശിച്ചു.

കോഴിക്കോട് മണ്ഡലം ഇടതുമുന്നണി തിരിച്ചു പിടിക്കുമെന്നും, ടി പി ചന്ദ്രശേഖരൻ വധക്കേസ് വിധി തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം. വടകരയിൽ ഇത്തവണ ജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയും പറഞ്ഞു. വടകര ഇടതുപക്ഷത്തിൻ്റെ ശക്തി കേന്ദ്രം തന്നെയാണെന്നും. ജയിക്കാൻ ബുദ്ധിമുട്ടുള്ള മണ്ഡലമല്ലെന്നും വ്യക്തമാക്കി.

കമ്പാർട്ട്മെന്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് വന്ദേഭാരത് ട്രെയിൻ ആലുവയിൽ 23 മിനിറ്റ്നിർത്തിയിട്ടു. തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്കുള്ള വന്ദേഭാരത്  ട്രെയിനിലാണ് സംഭവം. പരിശോധനകൾക്കു ശേഷം 9 . 24 ന് ട്രെയിൻ പുറപ്പെട്ടു. പുക ഉയരാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.. ട്രെയിന്‍ മംഗലാപുരത്ത് എത്തിയ ശേഷം വിശദമായ പരിശോധന നടത്തും എന്ന് അധികൃതർ അറിയിച്ചു.

വടകര ലോക്സഭ മണ്ഡലത്തില്‍ ഇത്തവണയും കോണ്‍ഗ്രസ് വിജയിക്കുമെന്ന് കെ.മുരളീധരന്‍ എംപി.ടിപി കൊലയ്ക്ക് ശേഷം ഒരിക്കൽ പോലും സിപിഎമ്മിന് വടകരയിൽ ജയിച്ച് കയറാനായിട്ടില്ല. തോൽക്കുന്നത് വരെ, ശൈല ടീച്ചർക്ക്‌ ജയിക്കുമെന്ന് പറയാമെന്നും കെ.മുരളീധരന്‍ പറഞ്ഞു.കഴിഞ്ഞ തവണ താൻ വട്ടിയൂർകാവിൽ നിന്നാണ് വടകരയിലേക്ക് തീവണ്ടി കയറിയത്. ഇതാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥികൾ കോപ്പിയടിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ഗഗൻയാൻ ദൗത്യം 2025ൽ സാധ്യമാകുമെന്ന് ഇസ്രോ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. വിക്ഷപണത്തിന് മുമ്പ് മൂന്ന് തവണ ആളില്ലാ ദൗത്യങ്ങൾ നടത്തുന്നതാണ്. ആദ്യ ആളില്ലാ ദൗത്യം ഈ വർഷം ജൂലൈയിൽ ഉണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി.

രാജീവ് ഗാന്ധി വധകേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം.അടുത്തിടെ ശാന്തന് ശ്രീലങ്കയിലേക്ക് പോകാൻ കേന്ദ്രം എക്സിറ്റ് പെർമിറ്റ് അനുവദിച്ചിരുന്നു.രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപ് വിട്ടയച്ച ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തൻ എന്ന സുതേന്ദിരരാജ.

കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് എംപി ഡീൻ കുര്യാക്കോസ് നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. പടയപ്പ ഉൾപ്പെടെയുള്ള അക്രമകാരികളായ കാട്ടാനകളെ പിടിച്ചുമാറ്റാൻ ഉത്തരവിടുക, ആർ ആർ ടി സംഘത്തെ വിപുലീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാരം സമരം. ഇന്നലെ ഉച്ചയോടെയാണ് ഡീൻ കുര്യാക്കേോസ് മൂന്നാറിൽ നിരാഹാര സമരം തുടങ്ങിയത്.

കേരളത്തിലെ 16 സീറ്റില്‍ കോണ്‍ഗ്രസും 2 സീറ്റില്‍ ലീഗും മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . കോൺഗ്രസ്സ് സീറ്റ് ചർച്ചകൾ ഉടൻ തീരുമെന്നും, നാളെ സ്ക്രീനിങ് കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.മൂന്നാം സീറ്റിലെ ബുദ്ധി മുട്ട് ലീഗിനെ അറിയിച്ചു, അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും,ഈ ഫോര്‍മുല ലീഗ് അംഗീകരിച്ചുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഗവ. കരാറുകാര്‍ മാര്‍ച്ച് നാലിനു സൂചനാ പണിമുടക്ക് നടത്തുന്നു. ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്.സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ വിഷയങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ടെണ്ടറുകള്‍ ബഹിഷ്‌ക്കരിച്ചും, പണികള്‍ നിര്‍ത്തിവച്ചും സമരം ചെയ്യാന്‍ കേരളത്തിലെ ഗവ.കരാറുകാര്‍ നിര്‍ബന്ധിതരാകുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കണ്ണൂർ സർവകലാശാല മുൻ വി.സി.ഗോപിനാഥ് രവീന്ദ്രൻ, 20,55,000 രൂപ സർവകലാശാല ഫണ്ടിൽ നിന്നും കേസ് നടത്താൻ ഉപയോഗിച്ചുവെന്ന വിവരാവകാശ രേഖകൾ കെ എസ് യു പുറത്തുവിട്ടു. വിസിയായിരിക്കെ ചിലവഴിച്ച മുഴുവൻ തുകയും തിരിച്ച് പിടിക്കണമെന്ന് സ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.

അഡ്വക്കറ്റ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ വധശിക്ഷക്കെതിരെ പ്രതികൾ ഹൈക്കോടതിയിൽ . നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം എന്നിവരാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. അപ്പീലിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി മാർച്ച് 13ന് ഹൈക്കോടതി പരിഗണിക്കും.

സിഎംആർഎൽ വിവാദത്തിൽ പി രാജീവിനും എം ബി രാജേഷിനും മറുപടിയുമായി മാത്യു കുഴൽനാടൻ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെയാണ്സിഎംആർഎലിനു കരാർ നൽകിയത്. എന്നാൽ, ലീസ് നൽകി പത്തു ദിവസത്തിനു ശേഷം നിയമവിരുദ്ധമെന്ന് കണ്ടെത്തി റദ്ദ് ചെയ്തു എന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

എൻഡിഎ പദയാത്ര ഗാനവിവാദത്തിൽ ഐടി സെൽ കൺവീനർ എസ് ജയശങ്കറിനെതിരെ നടപടിയുണ്ടാവില്ല. ബിജെപി ഐടി സെൽ നിർവഹിച്ചിരുന്ന ചുമതലകൾ ഇനിമുതൽ നിർവഹിക്കുക എൻഡിഎ ഐടി സെൽ ആയിരിക്കും. എൻഡിഎ ഐടി സെല്ലിന് പുതിയ കോഡിനേറ്റർ പദവി സൃഷ്ടിക്കും.ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം.

ഹിമാചൽ പ്രദേശിയിൽ പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ ഉള്‍പ്പെടെയുള്ള 15 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. ഇന്നലെ വോട്ടെടുപ്പിനിടെ നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഇതിന്റെ പേരിലാണ് നടപടിയെന്നാണ് . ആകെ 25 എംഎല്‍എമാരാണ് ഹിമാചല്‍പ്രദേശില്‍ പ്രതിപക്ഷമായ ബിജെപിക്കുള്ളത്. 14 പേരെ സസ്പെന്‍റ് ചെയ്തതോടെ അംഗ സംഖ്യ 10 ആയി.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മാസം തോറും 12000 രൂപ ശമ്പളത്തിലാണ് കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലി നൽകുന്നത്. പുരുലിയയിൽ നടന്ന ചടങ്ങിലാണ് മമത ബാനർജിയുടെ പ്രഖ്യാപനം.

തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികൾ കൂടി നടപ്പിലാക്കി തെലങ്കാന സർക്കാർ. സ്ത്രീകൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ നൽകുന്ന മഹാലക്ഷ്മി പദ്ധതിയും ഒരു മാസം ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതിയും നിലവിൽ വന്നു. സ്ത്രീ ശാക്തീകരണം, പുക രഹിത പാചകം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി ആരംഭിച്ചത്.

ഇന്നലെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചവർ ക്രോസ് വോട്ട് ചെയ്തു എന്ന് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി. മനുഷ്യസ്വഭാവത്തെക്കുറിച്ച് പഠിപ്പിച്ച ഒൻപത് എംഎൽഎമാർക്ക് നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *