വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ നരഭോജി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു.
പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തത് ജനങ്ങൾക്ക് വളരെയധികം ആശ്വാസമാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ചത്തെങ്കിലും വനം വകുപ്പ് കടുവയെ പിടികൂടാൻ നടത്തിയ വെല്ലുവിളികൾ നിറഞ്ഞ ശ്രമത്തെ അഭിനന്ദിക്കുന്നു. പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്ക് ആശ്വാമായി ഉറങ്ങാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു. കടുവയുടെ സാന്നിദ്ധ്യം സ്പോട്ട് ചെയ്ത വയനാട്ടിലെ മറ്റ് മൂന്ന് സ്ഥലങ്ങളിൽ ടാസ്ക് ഫോഴ്സ് സ്പെഷ്യൽ ഡ്രൈവ് തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പിലാക്കാവ്- പഞ്ചാര കൊല്ലി റോഡിലെ പണ്ട്യത്തും പറമ്പിൽ റിജോയുടെ വീടിനോട് ചേർന്നാണ് നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. വീടിന് 3 മീറ്റർ അകലെ നിന്നുമാണ്കടുവയെ കിട്ടിയത്. വനംവകുപ്പ്ഉദ്യോഗസ്ഥർ രാവിലെ വന്നപ്പോഴാണ് കടുവ വീടിന് സമീപത്ത് ചത്തുകിടക്കുന്ന വിവരമറിയുന്നതെന്ന് റിജോയും കുടുംബവും പറയുന്നു.
നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത് ആശ്വാസം പകരുന്ന വാർത്തയാണെന്ന് പഞ്ചാരക്കൊല്ലി നിവാസികള്‍. സന്തോഷമുണ്ടെന്നും ഇനിയാർക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചു.
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മദ്യവിലയില്‍ മാറ്റം. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനും വില വര്‍ധിക്കും. വിവിധ ബ്രാന്റുകള്‍ക്ക് പത്തു രൂപ മുതല്‍ 50 രൂപ വരെയാണ് വില വര്‍ധിക്കുന്നത്. മദ്യനിര്‍മാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം.ജവാന് 10 രൂപയാണ് കൂട്ടിയത്.വിവിധ ബിയറുകള്‍ക്ക് 20 രൂപ വരെ കൂടിയിട്ടുണ്ട്.
മദ്യ കമ്പനികളുടെ ആവശ്യത്തിന് വഴങ്ങി മദ്യ വില വര്‍ധിപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി 341 ബ്രാന്‍ഡുകളുടെ വിലയാണ് 10 രൂപ മുതല്‍ 50 രൂപ വരെ വര്‍ധിപ്പിച്ചത്. മദ്യ ഉപഭോക്താക്കളെ ചൂഷണം ചെയ്ത് മദ്യകമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നത് അംഗീകരിക്കാനാകില്ല. തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അനിശ്ചിതകാല സമരം നടത്തുന്ന റേഷൻ വ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽകുമാർ റേഷൻ വ്യാപാരികളെ ചർച്ചക്ക് വിളിച്ചു. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമായി. ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. തുറക്കാത്ത കടകൾ ഉച്ച മുതൽ ഏറ്റെടുക്കും. എല്ലാ ജില്ലകളിലും കൺ ട്രോൾ റൂം തുറക്കാൻ ഭക്ഷ്യമന്ത്രി നിർദ്ദേശിച്ചു.
നീലേശ്വരം വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട ചികിത്സാ ചെലവടക്കം സംസ്ഥാന സർക്കാർ നൽകിയില്ല. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിക്ക് ഒന്നര കോടി രൂപയും മരിച്ച രണ്ട് പേരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതവും അപകട സമയത്ത് സർവീസ് നടത്തിയ ആംബുലൻസുകൾക്കുള്ള പണവും നൽകാനുണ്ട്. ചികിത്സാ ചെലവിനത്തിലെ ബിൽ കുടിശിക ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രി കാസർകോട് എംപിയെ സമീപിച്ചു.ഒക്ടോബര്‍ 29 നാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ വെടിക്കെട്ട് അപകടം ഉണ്ടായത്.
പാലക്കാട്ടെ ബിജെപിയിലെ പൊട്ടിത്തെറി പരിഹരിക്കാൻ ആർഎസ്എസ് ഇടപെട്ടു. ഇതിന് പിന്നാലെ ബിജെപിക്കൊപ്പം നിൽക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ വ്യക്തമാക്കി. രാജിക്കില്ലെന്നും അവർ പറഞ്ഞു. കൗൺസിലർമാർ അടിയന്തിര യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡൻ്റായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് പ്രതികരിച്ചു.
ബി.ജെ.പി. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു. പ്രശാന്ത് ശിവന്‍ ജില്ലാ പ്രസിഡന്റായി ചുമതലയേറ്റാല്‍ രാജിവെക്കുമെന്ന രാജിവെക്കുമെന്ന പാലക്കാട് നഗരസഭയിലെ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാരുടെ ഭീഷണിക്കിടെയാണ് വരണാധികാരി പ്രമീള ദേവിക്ക് മുമ്പാകെയാണ് പ്രശാന്ത് ശിവന്‍ ചുമതലഏറ്റത്.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെതിരേ മുസ്ലിം ലീഗ് കൊണ്ടുവന്ന അവിശ്വാസം പാസായി. 13 അംഗ ഭരണസമിതിയില്‍ 11 വോട്ട് അവിശ്വാസത്തിന് അനൂകൂലമായി ലഭിച്ചു. ഒരു വോട്ട് അസാധുവായി.നേരത്തെ ജില്ലാ തലത്തില്‍ മുന്നണി തീരുമാനപ്രകാരം ഒരു വര്‍ഷം മുസ്ലിം ലീഗിന് പ്രസിഡന്റ് സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് അവിശ്വാസം കൊണ്ടുവന്നത്.
ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. ഇദ്ദേഹത്തെ കോൺഗ്രസ് വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി പാർട്ടി ജനറൽ സെക്രട്ടറി എം ലിജു നേതാക്കൾക്ക് കത്തയച്ചു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനൽ ചർച്ചകളിൽ സന്ദീപ് വാര്യർ പങ്കെടുക്കും. .
ബിഡിജെഎസ് മുന്നണി മാറ്റം ചർച്ച ചെയ്യാൻ സംസ്ഥാന നേതൃത്വം അടിയന്തര യോഗം വിളിച്ചു. ഫെബ്രുവരി ഒന്ന് ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ചേർന്ന് മുന്നണി മാറ്റം ചർച്ച ചെയ്യും. മുന്നണി വിടണം എന്ന ആവശ്യം പാർട്ടിയിൽ ശക്തമായി ഉയരുന്നുണ്ട്.
പരാതിക്കാരനൊപ്പമെത്തിയ സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദ്ദിച്ചെന്ന പരാതിയിൽ പൊലീസുകാരനെ സസ്പെൻ്റ് ചെയ്തു. കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. ഇന്നലെ പരാതി ഉയർന്നതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ രഘുകുമാർ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
അധ്യാപക നിയമനത്തിന് മാനേജ്മെന്‍റ് ഒരു കോടി രൂപവരെ കൈക്കൂലി വാങ്ങുന്നുവെന്ന് മുൻ മന്ത്രി ജി സുധാകരൻ. ഇത് തടയാൻ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‍സിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ രണ്ട് കോളേജുകളിൽ 40 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് നിയമനത്തിനായി കൈക്കൂലി വാങ്ങുന്നത്. എന്നിട്ടും അധ്യാപകരുടെ കൈയിൽ നിന്ന് കൈക്കൂലി വാങ്ങുകയാണിവരെന്നും സുധാകരൻ പറഞ്ഞു.
കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടുപോയതിനെ അഭിനന്ദിച്ച് സിപിഎം എറണാകുളം ജില്ലാ സമ്മേളനം. പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ലെന്നനിലപാടിന് സമ്മേളനത്തില്‍ അംഗീകാരം നല്‍കി. പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ല എന്ന നിലപാടിനും അംഗീകാരം നല്‍കി. മാത്രമല്ല തട്ടിക്കൊണ്ടുപോകലിനെ അഭിനന്ദിക്കുകയും ചെയ്തു.
കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം ഇന്ന് പൂർണമായും പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് . 2023 തുലാവർഷം 2024 ജനുവരി 14നും 2022 , 2021 ആണ് പിൻവാങ്ങിയത്. ഈ മാസം അവസാനവും ഫെബ്രുവരി ആദ്യ ദിവസങ്ങളിലും ചെറിയ രീതിയിൽ വീണ്ടും മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പാലക്കാട് ജില്ലയിലെ നെന്മാറയിൽ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം. ഇവിടുത്തെ താമസക്കാരായ സുധാകരൻ (58), മാതാവ് ലക്ഷ്മി (76) എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.
ചാലക്കുടിയിലെ ബ്യൂട്ടിപാർലർ സംരംഭക ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതി നാരായണ ദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ മൂന്ന് മാസത്തിനുള്ളിൽ കുറ്റപത്രം നൽകാനും അന്തിമ റിപ്പോർട്ട് നൽകി നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള നേതാക്കളുടെ സെൽഫ് പ്രമോഷന് സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിൽ പരിഹാസം. ചിലർക്ക് ഫോണോമാനിയയാണ്. താടിയും മീശയും വടിക്കുന്നത് പോലും വാർത്തയാക്കുന്നു. ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല. ഈ പ്രവണത തിരുത്തണമെന്നും സമ്മേളന പ്രതിനിധികൾ ആവശ്യപ്പെട്ടു.അതേസമയം കൂത്താട്ടുകുളം നഗരസഭ വിഷയത്തിൽ പാർട്ടിക്ക് വീഴ്ചയില്ലെന്ന് സമ്മേളനം വിലയിരുത്തി. എറണാകുളം ജില്ലാ സമ്മേളനമാണ് കൂത്താട്ടുകുളം ഏരിയ കമ്മിറ്റി നിലപാടിനെ ശരിവെച്ചത്.
തിരുവനന്തപുരം പ്രസ് ക്ലബ് ഓണററി അംഗവും ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്ററുമായ തുളസി ഭാസ്‌കരന്‍ (77) അന്തരിച്ചു. തിരുവനന്തപുരം മാഞ്ഞാലിക്കുളം ധര്‍മ്മാലയം റോഡ് അക്ഷയയിലാണ് താമസം.
പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിർദ്ദേശിച്ച് സംസ്ഥാനത്തിന് നോട്ടീസ് അയച്ചു. നടൻ്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷനായ ബെഞ്ചിൻ്റെ തീരുമാനം.
താമരശ്ശേരിയില്‍ ജയിലില്‍ നിന്നും ഇറങ്ങിയ ആളെ ആള്‍ക്കൂട്ടം മർദിച്ചെന്ന് പരാതി. പെരുമ്പള്ളി സ്വദേശി കുഞ്ഞുമൊയ്തീനാണ് മര്‍ദനമേറ്റത്. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ മർദ്ദിച്ചെന്നാണ് പരാതി. സ്ത്രീയോട് മോശമായി പെരുമാറി എന്ന കേസില്‍ കുഞ്ഞുമൊയ്തീൻ റിമാന്‍ഡിലായിരുന്നു. ഈ കേസിലെ പരാതിക്കാരിയുടെ ബന്ധുക്കളാണ് ജയിലില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ കുഞ്ഞുമൊയ്തീനെ കെട്ടിയിട്ട് മര്‍ദിച്ചത്. സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു.
കർണ്ണാടകയിൽ കോൺഗ്രസ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ നടത്തുമെന്ന് ഉപമുഖ്യമന്ത്രിയും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ഡി.കെ ശിവകുമാർ. ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ പരിപാടിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്.
ലുഫ്താൻസ വിമാനത്തിൽ പ്രായമായ ദമ്പതികൾക്കുണ്ടായ ദുരനുഭവത്തെത്തുടര്‍ന്ന് വിമാനക്കമ്പനിക്ക് പിഴ ചുമത്തി ചെന്നൈ കോടതി. 2023 ജൂൺ 12 നാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. വിമാനക്കമ്പനി വരുത്തിയ ഗുരുതരമായ വീഴ്ച്ചയ്ക്കാണ് പിഴ ചുമത്തിയത്. വെള്ളം ഇറ്റു വീണും നനഞ്ഞ സീറ്റിലിരുന്നും യാത്രയിലുടനീളം സഞ്ചരിക്കേണ്ടി വന്നതിന്റെ പിഴയാണ് വിമാനക്കമ്പനിക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.
റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഹൈദരാബാദിൽ നടന്ന ആഘോഷപരിപാടികൾക്കിടെ കരിമരുന്ന് സൂക്ഷിച്ചിരുന്ന രണ്ടു ബോട്ടുകൾക്ക് തീപിടിച്ചു. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാളുടെ നില അതീവ ഗുരുതരമാണ്. രണ്ട് ബോട്ടുകളിലുമായി 15 പേർ ഉണ്ടായിരുന്നതായി കരുതുന്നു. എന്നാൽ, പൊലീസോ ഫയർഫോഴ്സോ ഇത് സ്ഥിരീകരിച്ചിട്ടില്ല.
സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ മരണ തീയതി പരാമര്‍ശിച്ചതില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് കൊൽക്കത്ത പൊലീസ്. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് തെക്കന്‍ കൊല്‍ക്കത്തയിലെ ഭവാനിപുര്‍ പൊലീസ് രാഹുലിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റർ ചെയ്തത്. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്‍റെ മരണ തീയതി പരാമർശിച്ചത്.
കുംഭമേളയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് അംഗങ്ങൾ കൊല്ലപ്പെട്ടു. ഓം പ്രാകാശ് സിങ് (42), ഭാര്യ പൂർണിമ (34), മകൾ അഹാന (12), മകൻ വിനായക് (4) എന്നിവരെയാണ് ഉത്തർ പ്രദേശിലെ ഫത്തേഹബാദ് ലക്ക്നൗ-ആഗ്ര എക്സ്പ്രസ് ഹൈവേയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് രാവിലെ ഉണ്ടായ കനത്ത മൂടൽമഞ്ഞിൽ 15 ട്രെയിനുകൾ വൈകിയോടി. മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് ദൃശ്യപരത കുറഞ്ഞിരുന്നു. പ്രതികൂല സാഹചര്യമായതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റെയിൽവേ സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. പ്രതികൂല സാഹചര്യത്തിൽ സുരക്ഷാ പ്രൊട്ടൊക്കോളുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ അവരുടെ ട്രെയിൻ സമയം ഉറപ്പാക്കണമെന്നും റെയിൽവേ അതോറിറ്റികൾ അറിയിച്ചു.