അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന് ഔദ്യോ​ഗിക ബഹുമതികളോടെ നടത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം അറിയിച്ചത്. രത്തൻ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാൻ പോയിൻ്റിലുള്ള നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിലെ പൊതു ദർശനത്തിനുശേഷം ഉച്ചതിരിഞ്ഞ് 3.30ന് മൃതദേഹം സംസ്‌കാരത്തിനായി വോർളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും.

രത്തൻ ടാറ്റയുടെ വിയോഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു . കോ‍ർപറേറ്റ് രംഗത്തെ വളർച്ച രാഷ്ട്ര നിർമാണവുമായി കൂട്ടിച്ചേർക്കുകയും നൈതികത കൊണ്ട് അതിനെ മികച്ചതാക്കുകയും ചെയ്ത മാതൃകയായാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു അഭിപ്രായപ്പെട്ടു.ദീർഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു.

ദശലക്ഷക്കണക്കിന് മനുഷ്യർക്ക് പ്രചോദനമേകിയ വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റ എന്ന് മല്ലികാർജുൻ ഖാ‍ർഗെ അനുസ്മരിച്ചു.ആധുനിക ഇന്ത്യയുടെ വഴി പുനർനിർവചിച്ച വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് രാഹുൽ ഗാന്ധി അനുസ്മരണ കുറിപ്പിൽ വിശദീകരിക്കുന്നു.

അസാധാരണമായ വ്യവസായ ജീവകാരുണ്യ പൈതൃകം അവശേഷിപ്പിച്ച രത്തൻ ടാറ്റ ഇന്ത്യയിലെ ആധുനിക വ്യവസായ നേതൃത്വം വളര്‍ത്തിയെടുക്കുന്നതിലും അവര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിലും സുപ്രധാന പങ്കുവഹിച്ചുവെന്ന് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ പറഞ്ഞു.അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരോട് അനുശോചനം അറിയിക്കുന്നു. അദ്ദേഹം ശാന്തനായി വിശ്രമിക്കട്ടെ! സുന്ദര്‍ പിച്ചൈ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

 

രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. രത്തന്‍ ടാറ്റയുടെ വിയോഗം എല്ലാ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളവും വലിയ നഷ്ടമാണെന്നും വ്യക്തിപരമായി പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ട ദുഃഖമാണ് തനിക്കെന്നും മുകേഷ് അംബാനി പറഞ്ഞു.

 

ദ ഹിന്ദു വിശദീകരണം ആയുധമാക്കി മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് അയക്കാൻ ഒരുങ്ങി രാജ്ഭവൻ. ഗവർണർ ഭരണഘടന അനുഛേദം 167, കേരള റൂൾ ഓഫ് ബിസിനസ് ചട്ടം 166 എന്നിവ ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരെ വിളിച്ചവരുത്താനും വിവരങ്ങൾ തേടാനും അധികാരമുണ്ടെന്ന് ഗവർണർ സമർത്ഥിക്കുന്നത്. പരാമർശം തെറ്റെങ്കിൽ എന്ത് നടപടി എടുത്തു എന്ന് വിശദീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടും. ഗവർണർ നടപടി കൂടുതൽ കടുപ്പിച്ചാൽ വാർത്താസമ്മേളനം നടത്തി മറുപടി പറയാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

മുഖ്യമന്ത്രിയുടെ ദ ഹിന്ദു പത്രത്തിലെ അഭിമുഖം വീണ്ടും ആയുധമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി എല്ലാ വിവരങ്ങളും തന്നാൽ രാഷ്ട്രപതിയെ അറിയിക്കും. അത് തന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്വർണക്കടത്ത് തടയേണ്ടത് കസ്റ്റംസ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കസ്റ്റംസ് നടപടികളിൽ പോരായ്മ ഉണ്ടെങ്കിൽ എന്ത് കൊണ്ട് മുമ്പ് ഇക്കാര്യം അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ചോദിച്ചു.

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്ത പ്രദേശത്ത് തെരച്ചിലിന് സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി കെ രാജൻ. ഇനിയും 122 പേരെ കണ്ടെത്താനുണ്ട്. 55 ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധന പോലും സാധ്യമല്ലാത്ത തരത്തിലായിരുന്നു. തെരച്ചിൽ തുടരാൻ സർക്കാർ സന്നദ്ധമാണെന്നും കൂടിയാലോചനകൾക്ക് ശേഷം തീയതി തീരുമാനിക്കാമെന്നും മന്ത്രി രാജൻ നിയമസഭയിൽ പറഞ്ഞു.

വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ മോഡൽ ടൗൺഷിപ്പ് ഒരുങ്ങുന്നത് വൈത്തിരി കൽപ്പറ്റ വില്ലേജുകളിൽ. രണ്ടിടങ്ങളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി. രണ്ട് എസ്റ്റേറ്റുകളിൽ നിന്നായി 144 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

 

വയനാട് ചൂരൽമലയെ വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദീകരണത്തിന്  കേന്ദ്രസർക്കാർ കൂടുതൽ സമയം തേടിയപ്പോഴാണ് ഡിവിഷൻ ബെഞ്ചിന്‍റെ പരാ‍മർശം. വയനാടുമായി  ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് അടുത്ത വെളളിയാഴ്ച പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ സഹായം സംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം നൽകണമെന്നും നിർദേശിച്ചു.

 

മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്വേഷണത്തിൽ കരുതലോടെ നീങ്ങാൻ കൊച്ചി പൊലീസ്. എടുത്ത് ചാടിയുള്ള നടപടികൾ വേണ്ടെന്നാണ് പോലീസിന്റെ തീരുമാനം. കോടതിയിൽ നിന്ന് ഇതുവരെ ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

 

നിയമസഭയിൽ മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശം ഉന്നയിച്ച് വി ഡി സതീശൻ. വിഷയത്തിൽ അന്വേഷണം വേണമെന്ന കോടതി ഉത്തരവ് സ്വാ​ഗതം ചെയ്യുന്നു അന്വേഷണം സത്യസന്ധമാകണമെന്നും വി‍ഡി സതീശൻ പറഞ്ഞു. സാമ്പത്തിക സ്ഥിതി മെച്ചമെന്നാണ് ധനമന്ത്രി പറയുന്നതെന്നും എന്നാൽ പഞ്ചായത്തിൽ പുല്ല് പറിക്കാൻ കാശ് കൊടുക്കാനില്ലെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.

 

ഓണം ബമ്പറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് കർണാടക സ്വദേശി അൽത്താഫിന് . കർണാടക പാണ്ഡ്യപുര സ്വദേശിയായ അൽത്താഫ് മെക്കാനിക്കാണ്. അൽത്താഫ് 15 വർഷമായി ലോട്ടറിയെടുക്കുന്നയാളാണ്.വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

പി.എസ്.സി. നിയമനം സർക്കാർ അട്ടിമറിക്കുകയാണെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ. പിൻവാതിൽ നിയമനമാണ് നടക്കുന്നതെന്നും പാർട്ടി സർവീസ് നിയമനം എന്നാക്കുന്നതാവും ഉചിതമെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. നിയമസഭയിൽ സംസാരിക്കുകയായിരുന്നു പി.സി.വിഷ്ണുനാഥ് എംഎൽ.എ.

മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബർ 25 വരെ നീട്ടി. മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്.

ശോഭ സുരേന്ദ്രന് വേണ്ടി പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ശോഭ സുരേന്ദ്രനെ ബിജെപി സ്ഥാനാർത്ഥിയാക്കണമെന്നാണ് ഉയർന്നു വരുന്ന ആവശ്യം. നഗരസഭയുടെ മുൻവശത്ത് ഉൾപ്പെടെ പോസ്റ്ററുകൾ വെച്ചിട്ടുണ്ട്. പാലക്കാട്ടെ കാവിപ്പട എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. ബാങ്കുകൾക്കും അവധി ബാധകമായിരിക്കും.

 

രാസലഹരിക്കേസില്‍ താന്‍ നിരപരാധിയെന്ന് ഓം പ്രകാശ്. നടി പ്രയാഗ മാര്‍ട്ടിനെ അറിയില്ല. ശ്രീനാഥ് ഭാസിയെ അറിയാം. ഇന്നുവരെ മയക്കുമരുന്നിടപാട് നടത്തിയിട്ടില്ലെന്നും സംഭവത്തില്‍ നിരപരാധിയാണെന്നും ഓം പ്രകാശ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലഹരിക്കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി പൊലീസിന് മുമ്പാകെ ഹാജരായി. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് ശ്രീനാഥ് ഭാസി ഹാജരായത്. ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്ന് രാവിലെ 11.45ഓടെയാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്.

 

സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് കേരള ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പരാതിയുമായി വനിതാ ചലച്ചിത്ര നിര്‍മാതാവ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക.

 

കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ ഓർമയ്ക്കായി നിർമ്മിച്ച, ഡോ. വന്ദനാദാസ് മെമ്മോറിയൽ ക്ലിനിക് ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഇന്ന് പ്രവർത്തനം ആരംഭിച്ചു . ക്ലിനിക്കിലെ പ്രാര്‍ത്ഥന ഹാള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. മകളുടെ സ്വപ്നമാണ് സഫലമായതെന്ന് വന്ദനയുടെ അമ്മ പറ‍ഞ്ഞു.

 

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ റഡാർ ചിത്ര പ്രകാരം മലപ്പുറത്തും തൃശൂരും എറണാകുളത്തും അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കൈക്കൂലി ചോദിച്ചതിൽ പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റൻറ് സർജൻ ഡോക്ടർ വിനീതിനെതിരെ ആരോഗ്യവകുപ്പ് ഇന്ന് നടപടിയെടുക്കും. പരാതി അറിഞ്ഞിട്ടും പൂഴ്ത്തിവെച്ച ആശുപത്രി സൂപ്രണ്ടിനെതിരെയും ഡിഎംഒ നൽകിയ അന്വേഷണ റിപ്പോർട്ടിൽ കടുത്ത പരാമർശമുണ്ട്.

ദീര്‍ഘദൂര സ്വിഫ്റ്റ് ബസുകള്‍ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ഡ്രൈവര്‍മാരെ നിയോഗിക്കുന്നു. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ സ്വിഫ്റ്റ് ജീവനക്കാരെ താക്കീത് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്വിഫ്റ്റിലെ താത്കാലിക ഡ്രൈവര്‍മാര്‍ക്കു പകരം കെ.എസ്.ആര്‍.ടി.സി.യുടെ സ്ഥിരം ഡ്രൈവര്‍മാരെ നിയോഗിക്കാന്‍ തീരുമാനം വന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പഴഞ്ഞി അരുവായി സ്വദേശി ആദര്‍ശിനെ(20)യാണ് കുന്നംകുളം സബ്ഇന്‍സ്‌പെക്ടര്‍ ഫക്രുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

കാസർകോട് ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുൾ സത്താറിന്റെ ആത്മഹത്യയിൽ പോലീസിനെതിരേ പരാതിയുമായി കുടുംബം. പോലീസുകാരനായ അനൂപിൽ നിന്നും നേരിട്ട മാനസിക പീഡനത്തിൽ മനംനൊന്താണ് സത്താർ ആത്മഹത്യ ചെയ്തതെന്നും പോലീസുകാരനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നുമാണ് അബ്ദുൾ സത്താറിന്റെ കുടുംബത്തിന്റെ ആവശ്യo.

 

മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ അമേരിക്ക. കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ബുധനാഴ്ച വൈകീട്ടോടെ കര തൊട്ടു. ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് കാറ്റ് ആഞ്ഞടിച്ചു. 125 ലേറെ വീടുകളാണ് ബുധനാഴ്ച നശിച്ചത്. ജനങ്ങള്‍ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഗവര്‍ണര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും പി.ടി ഉഷയെ പുറത്താക്കാൻ നീക്കം. ഉഷയ്ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. ഒക്ടോബർ 25-ന് ചേരുന്ന ഐ.ഒ.എ യോ​ഗത്തിൽ അവിശ്വാസ പ്രമേയം ചർച്ചചെയ്യും.

 

രണ്ട് ആണവ അന്തർവാഹിനികൾ തദ്ദേശീയമായി നിർമിക്കുന്നതിനും യു.എസിൽനിന്ന് 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനുമുള്ള പ്രധാന കരാറുകൾക്ക് സുരക്ഷാ കാബിനറ്റ് കമ്മിറ്റി അനുമതി നൽകി. നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡ്രോണുകൾ വാങ്ങുന്നത്.

ചവിട്ടിയിൽ തന്‍റെ ചിതം പതിപ്പിച്ച് ചവിട്ടി തേക്കുന്ന വീഡിയോ വീണ്ടും പ്രചരിച്ചതോടെ പ്രതികരണവുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. അവരുടെ കാലെങ്കിലും വൃത്തിയായിക്കോട്ടേ, സംഘപരിവാറിന്‍റെ മനസ് വൃത്തിയാക്കാൻ നമുക്ക് കഴിയില്ലെന്ന് ഉദയനിധി പറഞ്ഞു. തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചാണ് ഉദയനിധി രൂക്ഷ പ്രതികരണം നടത്തിയത്.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *