പിഎസ്സി അംഗനിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണത്തില്‍ നിയമസഭയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ . പിഎസ് സി അംഗങ്ങളെ നിയമിക്കുന്നതിൽ വഴി വിട്ട രീതിയിൽ ഒന്നും നടക്കാറില്ല.കോഴിക്കോട്ടെ കോഴ വിവാദം ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്നായിരുന്നു എന്‍.ഷംസുദ്ദീന്‍റെ ചോദ്യം.പിഎസ്സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
സിപിഎം നേതാവ് പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിയാണ് കോഴ വാങ്ങിയതെന്നാണ് ആരോപണം. സംഭവത്തില്‍ പരാതിക്കാരുടെ മൊഴിയും രേഖപ്പെടുത്തി. പ്രമോദ് കൊട്ടൂളിക്കെതിരെ നടപടിക്ക് നാലംഗ കമ്മീഷനെയും സിപിഎം നിയോഗിച്ചു.
പി.എസ്.സി. അംഗത്വം നൽകാമെന്ന് വാഗ്ദാനംചെയ്ത് പ്രാദേശിക നേതാവ് കോഴവാങ്ങിയെന്ന് ആരോപണത്തിൽ സി.പി.എമ്മിനെതിരെ അതിരൂക്ഷ വിമർശനവുമായി കോഴിക്കോട് ഡി.സി.സിപ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ. പി.എസ്.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണെന്നും കോഴിക്കോട്ടെ സി.പി.എമ്മിൽ മാഫിയകൾ തമ്മിലുള്ള തർക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിനും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
നിലയ്ക്കൽ മുതൽ പമ്പ വരെ ശബരിമല തീർത്ഥാടകർക്കായി സൗജന്യ വാഹനസൗകര്യം ഒരുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ. നിലയ്ക്കൽ മുതൽ പമ്പ വരെ റൂട്ടിൽ ബസ് സർവീസ് നടത്താൻ അധികാരം കെ എസ് ആർ ടി സി ക്കാണെന്നും സംസ്ഥാന സർക്കാർ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
കൊച്ചിയിൽ തീ തുപ്പുന്ന ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ എംവിഡി കേസെടുത്തു. . തിരുവനന്തപുരം സ്വദേശിയായ കിരൺ ജ്യോതിയെന്ന യുവാവാണ് KL 01 CT 6680 രജിസ്ട്രേഷൻ ബൈക്കിലുണ്ടായിരുന്നത്. ചെന്നൈയിൽ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുകയാണ് യുവാവ്. വാഹനത്തിന്റെ രജിസ്ട്രേഷൻ അച്ഛന്റെ പേരിലാണ്. ഈ സാഹചര്യത്തിൽ അച്ഛനോടും വ്യാഴാഴ്ച ആർടിഒയ്ക്ക് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയതായി എംവിഡി അറിയിച്ചു.
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോൾ വികസനത്തിന് വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. എന്നാൽ തുറമുഖ നിര്‍മ്മാണം തുടങ്ങി പതിറ്റാണ്ടാകാറായിട്ടും മികച്ച റോഡ് കണക്റ്റിവിറ്റി പൂര്‍ത്തിയാക്കാൻ പോലും സര്‍ക്കാരിന് ആയിട്ടില്ല. അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരളം പിന്നോട്ട് പോയാൽ പ്രയോജനം തമിഴ്നാടിനാകും എന്നാണ് വ്യവസായ സംഘടനകളുടെ മുന്നറിയിപ്പ്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇഡി എടുത്ത കേസിന്റെ രേഖകൾ, കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ഹർജിയിൽ അനുകൂല ഉത്തരവുമായി കേരളാ ഹൈക്കോടതി. ക്രൈംബ്രാഞ്ചിന് രേഖകൾ കൈമാറാൻ ഇഡിക്ക് കോടതി നിർദേശം നൽകി. രണ്ട് മാസത്തിനുള്ളിൽ രേഖകളിന്മേലുള്ള പരിശോധന പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിനും കോടതി നിർദേശം നൽകി.
തൃശ്ശൂരിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി നടക്കാൻ പറ്റാതായ യുവാവിനെ സീൻ മഹസർ എടുക്കാനെന്ന പേരിൽ പോലിസ്അതിക്രമം നടന്ന സ്ഥലത്ത് എത്തിച്ചു. എടക്കഴിയൂർ നാലാം കല്ല് സ്വദേശി ഹസൻ ബസരിക്കാണ് ദുരനുഭവമുണ്ടായത്. സ്ട്രക്ചറിലാണ് സുഹൃത്തുക്കൾ ചേർന്ന് ഇദ്ദേഹത്തെ സ്ഥലത്തെത്തിച്ചത്. മൂന്നുമാസം കിടക്കയിൽ വിശ്രമം വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ച രോഗിയെയാണ് സീൻ മഹസറിന്റെ പേരിൽ പോലീസ് ബുദ്ധിമുട്ടിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. ഈ നിയമനത്തില്‍ അക്കൗണ്ട് ജനറല്‍ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്.കോടതി ഉത്തരവും ചട്ടവും പാലിക്കപ്പെട്ടില്ലെന്ന് അക്കൗണ്ട് ജനറല്‍ വ്യക്തമാക്കി.
തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാവായ അജ്മൽ കെഎസ്ഇബി ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. തിരുവമ്പാടിയിൽ വിശദീകരണ യോഗവും നടത്തും. അജ്മലും സഹോദരനും ചേർന്ന് നടത്തിയ ഓഫീസ് ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് അടക്കം പരിക്കേൽക്കുകയും ഓഫീസ് തല്ലിത്തകർക്കുകയും ചെയ്തിരുന്നു. കെഎസ്ഇബിക്കെതിരെ മാനഹനിക്ക് കേസ് കൊടുക്കുമെന്ന് റസാഖിന്റെ കുടുംബം പ്രതികരിച്ചു.
മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് വീണു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പെരുമാതുറ സ്വദേശി ഷാക്കിറിന്‍റെ ഉടമസ്ഥതയിലുള്ള വള്ളമാണ് ഇന്ന് പുലര്‍ച്ചെ അപകടത്തിൽപ്പെട്ടത്.വള്ളത്തിലെ വലകൾ കടലിലേക്ക് പോയതിനെ തുടർന്ന് അത് എടുക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം.
കൊല്ലം കരുനാഗപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ ബന്ധുക്കൾ. കെഎസ്ഇബിയുടെ അനാസ്ഥയാണ് അബ്ദുൽ സലാമിന്‍റെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വൈദ്യുതി ലൈനിലെ പ്രശ്നങ്ങൾ പ്രദേശവാസികൾ മുൻപ് തന്നെ കെഎസ്ഇബിയെ അറിച്ചതാണെന്നും പരിഹാരം ഉണ്ടായില്ലെന്നും അവർപറഞ്ഞു. ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
കേരളത്തിൽ മഴ തുടരും.ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ 4 ദിവസം വടക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മറ്റീടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മൂന്ന് ദിവസം നീളുന്ന സിപിഐയുടെ സംസ്ഥാന നേതൃ യോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സർക്കാരിന്‍റെ പ്രവർത്തനത്തിലും മുഖ്യമന്ത്രിയുടെ ശൈലിയിലും മുന്നണി നേതൃത്വത്തിന്‍റെ പിടിപ്പുകേടിലും അതിരൂക്ഷ വിമർശനങ്ങളാണ് ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്നിരുന്നത്.ബഹുജന സംഘടനകൾ ഉണ്ടാക്കുന്ന പ്രതിസന്ധി അടക്കം സംസ്ഥാന നേതൃയോഗത്തിൽചർച്ചയാകും.
ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന വാഹനങ്ങൾ പിടികൂടിയാൽ പിഴ ഈടാക്കുന്നതിനൊപ്പം ഇൻഷുറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ . ഇതു സംബന്ധിച്ച് കർശന നിർദ്ദേശം പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്നും കമ്മിഷൻ ഡി ജി പിയോട് ആവശ്യപ്പെട്ടു.2022 ൽ പാലക്കാട് വാഹന പരിശോധനയ്ക്കിടെ ഇൻഷ്വറൻസില്ലാത്ത വാഹനം കസ്റ്റഡിയിലെടുക്കാതെ വിട്ടുനൽകിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
മാന്നാർ കലയുടെ കൊലപാതകക്കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒന്നാംപ്രതി അനിലിനെ ഇസ്രയേലിൽ നിന്ന് നാട്ടിലെത്തിച്ച ശേഷം ഒന്നിച്ച് തെളിവെടുപ്പ് നടത്തിയാൽ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. അതിനാൽ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ചെങ്ങന്നൂർ കോടതിയിൽ അപേക്ഷ നൽകും.
പിഎസ്സി അംഗത്തെ നിയമിക്കാൻ കോഴ വാങ്ങിയത് ഒതുക്കി തീർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ ആരോപച്ചു. പിഎസ്സിയിൽ നിയമന തട്ടിപ്പുകൾ നടക്കുന്നു.30 ഉം 50ഉം ലക്ഷം നൽകി നിയമനം നേടുന്നവർ നിയമനങ്ങളിൽ അട്ടിമറി നടത്തുന്നു.മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേര് പറഞ്ഞാണ് പിരിവ് നടത്തുന്നത്. ഇക്കാര്യത്തിൽ സമഗ്രാന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തൃശ്ശൂർ മേയർ എം കെ വർഗീസ് സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്. മുൻധാരണ പ്രകാരം മേയർ സ്ഥാനം രാജി വെച്ച് മുന്നണിയിൽ തുടരാൻ എം കെ വർഗീസ് തയാറാകണമെന്നാണ് കെ കെ വത്സരാജ് ആവശ്യപ്പെട്ടത്. മേയറുടെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹമാണ് സിപിഐ ജില്ലാ സെക്രട്ടറി വിമർശിച്ചു. തൃശ്ശൂരിലെ പരാജയത്തിന് മേയറുടെ നിലപാട് ഒരു കാരണമായിയെന്നും ഇവർ കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായത് അതീവ ഗുരുതരമായ തിരിച്ചടിയാണെന്നും ഇപ്പോഴത്തെ അവസ്ഥ നിരാശ പടര്‍ത്തുന്നതെന്നും പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വാക്കും പ്രവർത്തിയും ജീവിതശൈലിയും പ്രശ്നമായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണം. ഉൾപ്പാർട്ടി വിമര്‍ശനങ്ങൾ ഉൾക്കൊണ്ട് നിര്‍വ്യാജമായ തിരുത്തലാണ് വേണ്ടതെന്നും ബേബി പച്ചക്കുതിരയിൽ എഴുതിയ ലേഖനത്തിൽ തുറന്ന് പറഞ്ഞു.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റവാളികളുടെ അപ്പീലിൽ സുപ്രീംകോടതിയുടെ നോട്ടീസ്. സംസ്ഥാന സർക്കാർ, കെ കെ രമ അടക്കമുള്ള എതിർകക്ഷികൾക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയ കേസാണെന്ന് പറഞ്ഞ പ്രതികൾ, അപ്പീൽ അംഗീകരിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. എതിർ ഭാഗത്തെ കേൾക്കാതെ ഇത് സാധ്യമല്ലെന്ന് അറിയിച്ചാണ് കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്.
മാത്യു കുഴൽനാടൻ എംഎൽഎ മാസപ്പടി കേസിൽനൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് പക്ഷപാതപരമെന്ന് ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
എടക്കരയില്‍ മര്‍ദനമേറ്റ ഭിന്നശേഷിക്കാരനെതിരെ പൊലീസ് കേസ്. ഇലക്ട്രിക് സ്കൂട്ടറിന്‍റെ ബാറ്ററി ചാർജ് ചെയ്യാൻ കയറിയ വീട്ടിലെ 6 വയസുള്ള കുട്ടിയെ കയറി പിടിച്ചെന്നാണ് ജിബിനെതിരെ വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം ഭിന്നശേഷിക്കാരനായ ജിബിനെതിരെ കേസെടുത്തത്. ജിബിന്‍റെ പിതാവ് അലവിക്കുട്ടിയുടെ പരാതിയിൽ ജിബിനെ മർദ്ദിച്ച വീട്ടുകാർക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.
ചേർത്തല പൂച്ചാക്കലിൽ നടുറോഡിൽ ദളിത് പെൺകുട്ടിക്ക് മർദനമേറ്റ സംഭവത്തിൽ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. തൈക്കാട്ടുശ്ശേരി സ്വദേശി പ്രാദേശിക സിപിഎം പ്രവർത്തകൻ ഷൈജുവിനും സഹോദരനുമെതിരെ പൊലിസ് പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമ ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇളയ സഹോദരങ്ങളെ മർദിച്ചത് ചോദ്യം ചെയ്തതിനായിരുന്നു പെൺകുട്ടിയെ ക്രൂരമായി മർദിച്ചത്.
കോട്ടയത്ത് വിദ്യാര്‍ത്ഥി കണ്‍സെഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനമെന്ന് പരാതി. വിദ്യാര്‍ത്ഥിനിക്ക് എസ്‍ടി നല്‍കാത്തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മര്‍ദനമേറ്റതെന്നാണ് പരാതി. കണ്ടക്ടറെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. യൂണിഫോമും കൺസെഷൻ കാർഡും ഇല്ലാതെ എസ് ടി ആവശ്യപ്പെട്ട വിദ്യാർഥിനിയുടെ യാത്ര ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്നാണ് ബസ് ജീവനക്കാരുടെ പരാതി.
ഫ്രാൻസിൽ തീവ്രവലതിന്റെ മുന്നേറ്റം തടഞ്ഞത് ഇടതുസഖ്യവും മധ്യപക്ഷവും. പരാജയകാരണം എതിരാളികൾ ഉണ്ടാക്കിയ അവിശുദ്ധ സഖ്യമെന്നാണ് തീവ്രവലത് പക്ഷ പാർട്ടിയായ നാഷണൽ റാലി ആരോപിച്ചു. ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സഭയിൽ ഇടതുപക്ഷം കൂടുതൽ സീറ്റ് നേടും. ഫലം വന്നതിന് പിന്നാലെ പാരീസിൽ സംഘർഷമുണ്ടായി.
ആർത്തവ അവധിക്ക് നയം രൂപീകരിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി.നയം രൂപീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നായിരുന്നു ആവശ്യം.ഇത്തരം അവധികൾ തൊഴിലുടമക്ക് സ്ത്രീകൾക്ക് ജോലി നൽകാൻ താൽപര്യം ഇല്ലാതെയാക്കും.ഇത് വിപരീതഫലം ഉണ്ടാക്കും.നയപരമായ കാര്യത്തിൽ ഇടപെടാനില്ലെന്നും ചീഫ ജസ്റ്റിസ് വ്യക്തമാക്കി.
ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ചലച്ചിത്രങ്ങളിലും, ഡോകുമെന്‍ററികളിലും ഇക്കഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുത് എന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാരുടെ നേട്ടങ്ങൾ ആണ് ചിത്രങ്ങളിലും ഡോകുമെന്ററികളിലും കാണിക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സിനിമയടക്കം ദൃശ്യമാധ്യമങ്ങൾക്ക് സുപ്രീംകോടതി മാർഗ്ഗ രേഖ പുറത്തിറക്കി.
വെള്ളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പഞ്ചാബിൽ നാലുപേര്‍ വെടിയേറ്റ്കൊല്ലപ്പെട്ടു. പഞ്ചാബിലെ ഗുരുദാസ്പുരിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഗുരുദാസ്പൂരിലെ വിത്വ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ദാരുണ സംഭവം. കൃഷി സ്ഥലത്തേക്ക് കനാലിലെ വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തദ്ദേശവാസികൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കാൻ ഇടമില്ലാത്തിനേ തുടർന്ന് വിനോദ സഞ്ചാരികൾക്കെതിരെ ബാർസിലോണയിൽ പ്രതിഷേധം. ആയിരക്കണക്കിന് ആളുകളാണ് വാട്ടർ ഗണ്ണുകളുമായി വിനോദ സഞ്ചാരികൾക്കെതിരെ സംഘടിച്ചെത്തിയത്. വാരാന്ത്യത്തിൽ വിനോദ സഞ്ചാരികൾ കൂട്ടമായി എത്തുന്ന ഭക്ഷണ ശാലകളുടെ അടക്കം പുറത്ത് സംഘടിച്ചെത്തിയ തദ്ദേശീയർ പ്ലക്കാർഡുകളുമായി എത്തിയാണ് പ്രതിഷേധിച്ചത്.
രോഗികളുടെ വിവരങ്ങൾ പേപ്പർ പ്ലേറ്റിൽ അച്ചടിച്ച് വന്ന സംഭവത്തിൽ മുംബൈ കെഇഎം ആശുപത്രിയിലെ 6 ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. പഴയ സിടി സ്കാൻ റെക്കോർഡ് മുറിയിലെ പേപ്പറുകൾ ആക്രികാർക്ക് നൽകിയതാണെന്നും ഇത് ഉപയോഗിച്ചുള്ള പ്ലേറ്റുകളാണ് വിതരണത്തിന് എത്തിയതെന്നുമാണ് സംഭവത്തേക്കുറിച്ച് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. സംഭവത്തിൽ മുംബൈ കോർപ്പറേഷൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്.
മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ദന്തേവാഡയിൽ സ്ത്രീ ശാക്തീകരണത്തിലൂടെ ഇത് മറികടക്കാനുള്ള ശ്രമത്തിൽ ഛത്തിസ്ഗഡ് സർക്കാർ. പ്രതിമാസം 15,000 രൂപ മുതൽ 20,000 രൂപ വരെ വരുമാനം ലഭിക്കുന്ന കൈത്തറി രംഗത്തേക്ക് കൂടുതൽ സ്ത്രീകളെ എത്തിച്ച് സാമ്പത്തികമായി ശാക്തീകരണം ഉറപ്പാക്കാനാണ് സർക്കാർ ശ്രമം.
മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിലെത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജിരിബാമിലെ ക്യാമ്പിലാണ് രാഹുൽ ഗാന്ധി ആദ്യമെത്തിയത്. രാവിലെ അസമിലെ കാച്ചാർ, സിൽച്ചർ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ട ശേഷമാണ് രാഹുൽ മണിപ്പൂരിലെ ജിരിബാമിലെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലൽ അടക്കം നേതാക്കളും രാഹുലിനൊപ്പം മണിപ്പൂരിലെ ക്യാമ്പുകളിൽ സന്ദർശിക്കുന്നുണ്ട്.
യു.എസ്. തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുനിന്ന് ജോ ബൈഡൻ പിൻമാറാണമെന്ന ആവശ്യം ശക്തമായതോടെ പിൻഗാമിയായി കമല ഹാരിസിനെ മത്സര രംഗത്തിറക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ സജീവമായതായി റിപ്പോർട്ട്. സ്ഥാനാർഥിത്വം ഒഴിയില്ലെന്ന കടുംപിടുത്തത്തിൽ ബൈഡൻ നിൽക്കുകയാണെങ്കിലും ട്രംപിനെതിരെ കമല ഹാരിസിനുള്ള വിജയസാധ്യത ഏത്രത്തോളമെന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.സ്വതന്ത്രരുടെയും മിതവാദികളുടെയും പിന്തുണ ട്രംപിനേക്കാൾ ഹാരിസിനായിരിക്കുമെന്നും സർവേഫലം പറയുന്നു.
റഷ്യയും യുക്രെയിനും ഉൾപ്പെട്ട മേഖലയിലെ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ എല്ലാ പിന്തുണയും നല്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദർശനത്തിന് മോസ്കോവിലേക്ക് തിരിക്കും മുമ്പ് നല്കിയ പ്രസ്താവനയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ തൻറെ സന്ദർശനം സഹായിക്കുമെന്നും മോദി അറിയിച്ചു.