2024-ലെ നീറ്റ് യു.ജി. കൗണ്‍സിലിങ് നീട്ടിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കൗണ്‍സിലിങ് നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് ആയിരുന്നു കൗണ്‍സിലിങ് ആരംഭിക്കേണ്ടിയിരുന്നത്.നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ച് ജൂലൈ എട്ടിന് പരിഗണിക്കും.
ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തിനൊപ്പമുണ്ടാവും.
രണ്ടായിരം കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പ് . വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലെത്താൻ ഇനി ആറ് ദിവസം മാത്രം. ചൈനയിലെ ഷിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കും.വ്യാഴാഴ്ച കപ്പൽ വിഴിഞ്ഞം തീരത്തെത്തും.ഓണക്കാലത്ത് കമ്മീഷനിംഗ് നടത്തുമെന്നാണ് പ്രഖ്യാപനം.
കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിൻറെ ദൃഷ്ടാന്തമാണ് രണ്ട് ഉന്നതരായ രാഷ്ട്രീയ നേതാക്കൾ കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നു എന്നതെന്ന് സിപിഎം നേതാവ് കെകെ ഷൈലജ ടീച്ചർ. സമൂഹത്തെ പിന്നോട്ടു നയിക്കാൻ കാരണമാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കാൻ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ മുന്നോട്ടുവരണം എന്നും കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .
എസ്എഫ്ഐ നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ ഹൈക്കോടതിയെ സമീപിക്കും. പൊലീസ് സാന്നിധ്യത്തിൽ നടത്തിയ ഭീഷണിയിൽ പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് പ്രിൻസിപ്പൽ സുനിൽ ഭാസ്കർ അറിയിച്ചു. എസ് എഫ് ഐ പ്രവർത്തകർ കോളേജിലേക്ക് നടത്തിയ മാർച്ചിലായിരുന്നു പ്രിൻസിപ്പലിനെതിരെ എസ്എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് ഭീഷണി മുഴക്കിയത്.
കാര്യവട്ടം കാമ്പസിൽ കെഎസ്‍യു നേതാവിനെ എസ്എഫ്ഐക്കാർ മർദിച്ചുവെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇന്ന് വിസിക്ക് കൈമാറും. 3 വകുപ്പുകളിലെ പ്രൊഫസർമാർ അടങ്ങിയ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഹോസ്റ്റലിൽ ഇടിമുറിയില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ . സാൻ ജോസിനെ മെൻസ് ഹോസ്റ്റലിലെ ഇടിമുറിയിൽ മർദിച്ചെന്നായിരുന്നു കെഎസ്‌യുവിന്റെ ആരോപണം.
കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില്‍ ഇടിച്ചു തകര്‍ത്തു. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പി കുടിക്കുവാൻ പോയ സമയത്താണ് അപകടമുണ്ടായത്.ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിർവശത്തുള്ള മതിലും ഗേറ്റിലും ഇടിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. റോഡില്‍ മറ്റു വാഹനങ്ങളിലോ യാത്രക്കാരോ ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായി.
സംസ്ഥാനത്തെ പൈതൃക അവശേഷിപ്പുകളെ വീണ്ടെടുക്കാനുള്ള പദ്ധതി, പ്രദേശിക ജനവിഭാഗങ്ങള്‍ക്ക് ഉപയോഗ പ്രദവുമായ വിധത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് . മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായി പുതുക്കി പണിത പാലിയം ഊട്ടുപുര, കൊക്കര്‍ണി, ചേന്ദമംഗലം ഹോളിക്രോസ് പള്ളി എന്നിവ പാലിയം ഊട്ടുപുരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പണി എടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടി നന്നാവില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണെന്ന് നേതാക്കൾ മനസ്സിലാക്കണമെന്നും അബിൻ രൂക്ഷവിമർശനമുന്നയിച്ചു.കഴിഞ്ഞ ദിവസമാണ് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്രം കണ്ടെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്.ആർക്കും തന്നെ അപായപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു സംഭവത്തിൽ സുധാകരന്റെ പ്രതികരണം.
കേരളത്തെ പ്രാകൃത യുഗത്തിലേക്ക് നയിക്കുന്ന ദുഷ്കർമ്മികളായ രാഷ്ട്രീയ-മത നേതാക്കളെ പൊതു സമൂഹം ഒറ്റപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഹിന്ദുക്കൾക്കിടയിൽ കൂടോത്രം, ക്രിസ്ത്യാനികൾക്കിടയിൽ അത്ഭുത രോഗശാന്തി, മുസ്ലീംങ്ങൾക്കിടയിൽ സിഹ്ർ തുടങ്ങിയ ദുരാചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
ബിജെപിയിലേക്ക് പോവുകയെന്ന മോഹം തനിക്ക് ഇല്ലെന്ന് തൃശൂർ മേയർ എം കെ വർഗീസ്. വരുംകാലങ്ങളിൽ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല. സുരേഷ് ഗോപിക്ക് നാടിനായി പ്രവർത്തിക്കാൻ കഴിയുമെന്ന് ബോധ്യമുണ്ട്. ഒപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തിലും അദ്ദേഹത്തെ പ്രശംസിക്കുന്നതിലും പിന്നോട്ടില്ല എന്നു തന്നെയാണ് മേയർ വ്യക്തമാക്കുന്നത്.
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാണമെന്ന് ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ. വിലക്കപ്പെട്ട വിവരം ഒഴിച്ച് മറ്റൊന്നും മറച്ചുവയ്ക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. 2019 ലാണ് കമ്മീഷൻ റിപ്പോർട്ട് സമര്‍പ്പിച്ചത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും ഉത്തരവിൽ പറയുന്നു.
കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . ഇതോടെ ജീവനക്കാർക്ക് ആദ്യ ഗഡു ശമ്പളം വൈകാതെ കിട്ടും. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്.
കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രന് സ്വീകരണം നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. ശരൺ ചന്ദ്രൻ നിലവിൽ കാപ്പാ പ്രതിയല്ല. ശരണിനെ നാടുകടത്തിയിട്ടില്ല, കാപ്പയിൽ താക്കീത് നൽകിയിട്ടെയുള്ളുവെന്നും ആർ എസ് എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് പ്രതിയായതെന്നും ഉദയഭാനു വിശദീകരിച്ചു. രാഷ്ട്രീയ കേസുകളിൽ പെടുന്നവർക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റെന്നും ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു.
കാപ്പാ കേസ് പ്രതിയ്ക്ക് സ്വീകരണം നല്‍കിയ സംഭവത്തില്‍ വിശദീകരണം നൽകി മന്ത്രി വീണാ ജോര്‍ജ്. ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. പത്തനംതിട്ടയില്‍ കാപ്പ പ്രതി പാര്‍ട്ടിയിലേക്ക് വന്നത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ്. ബിജെപിയിലും ആര്‍എസ്എസിലും പ്രവര്‍ത്തിച്ചവരാണ് പാര്‍ട്ടിയിലേക്ക് വന്നത്. വിശദമായ മറുപടി ഇക്കാര്യത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രന്‍റെ കാപ്പാ കാലാവധി കഴിഞ്ഞതാണെന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്‍റെ വാദം തള്ളി പത്തനംതിട്ട ജില്ലാ പൊലീസ്. ശരണ്‍ ചന്ദ്രൻ ഇപ്പോഴും കാപ്പാ കേസ് പ്രതി തന്നെയാണെന്നും കാപ്പാ കേസ് നിലവിലുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.ശരണ്‍ ചന്ദ്രനെതിരെ ആകെ 12 കേസുകളാണുള്ളത്. 11 കേസിനും രാഷ്ട്രീയ ബന്ധമുണ്ടെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വിശദീകരിച്ചു.
കെഎസ്ഇബി ഓഫീസിൽ കേറി ആക്രമണം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് തിരുവമ്പാടി സ്വദേശി അജ്മൽ യു സിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കെഎസ്ഇബി ഓഫീസിൽ കേറി അസിസ്റ്റൻ്റ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തു. കമ്പ്യൂട്ടർ അടക്കമുള്ള സാമഗ്രികൾ തകർത്തു. ബില്ല് അടക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതേ തുടർന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുമായുള്ള തർക്കമാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്.
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജാഗ്രത നിർദ്ദേശം നൽകി . തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 5 ദിവസമായി കുട്ടി കോഴിക്കോട്ടെ സ്വാകാര്യ ആശുപ്ത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
കുവൈത്തില്‍ ഫ്ളാറ്റില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാമിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ചത് ഉള്‍പ്പെടെയുള്ള ധനസഹായം കൈമാറി.മന്ത്രി വി.എന്‍. വാസവനാണ്, സ്‌റ്റെഫിന്റെ വീട്ടിലെത്തി മാതാപിതാക്കളായ സാബു എബ്രഹാമിനും ഷേര്‍ലി സാബുവിനും ധനസഹായം കൈമാറിയത്.
നടൻ എന്ന നിലയിൽ സുരേഷ് ഗോപി പരിപാടിയിൽ പങ്കെടുത്ത് പണം വാങ്ങുന്നതിൽ തെറ്റില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുകേഷും ഗണേഷ് കുമാറും പരിപാടിയിൽ പങ്കെടുക്കുന്നതിന് പണം വാങ്ങാറില്ലേ എന്നും അദ്ദേഹം ചോദിച്ചു.എസ്.എഫ്.ഐയെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. കൊയിലാണ്ടി കോളേജിലെ പ്രിൻസിപ്പലിനെതിരേ കേസെടുത്ത് എസ്.എഫ്.ഐ. നേതാക്കളെ സംരക്ഷിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
എകെജി സെൻ്റർ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈൽ ഷാജന്റെ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി . എകെജി സെന്ററിന് നേരെയുണ്ടായ ആക്രണത്തിന്റെ മുഖ്യ സൂത്രധാരൻ സുഹൈൽ ഷാജഹാനാണ് എന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യ ഹർജിയിൽ വാദം നടന്നത്.
സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 493 ഡെങ്കി കേസുകൾ, 69 എലിപ്പനി കേസുകൾ, 158 എച്ച്1 എൻ1 കേസുകൾ, 6 വെസ്റ്റ് നൈൽ കേസുകൾ എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യവകുപ്പ് പനി കണക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. ഇന്നലെ മാത്രം 109 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് ഇന്നലെ മൂന്ന് പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. ജൂലൈ മാസം ഇതുവരെ 50,000ത്തിലധികം പേർ പനി ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടി.
മാന്നാർ കല കൊലപാതക കേസിൽ മുഖ്യപ്രതി അനിൽകുമാറിനെ നാട്ടിലെത്തിക്കുന്നത് വേഗത്തിലാക്കാൻ പൊലീസ്. ആദ്യം അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് അനിലിനെ എത്തിക്കാനാണ് പൊലീസിന്‍റെ നീക്കം. നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യം തുടരുകയാണ്.യുവതിയെ പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നത്.
എടപ്പാളിൽ സിഐടിയുക്കാരുടെ ആക്രമണം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേയ്ക്ക് ചാടി യുവാവിന്‍റെ രണ്ട് കാലുകളും ഒടിഞ്ഞ സംഭവത്തിൽ ന്യായീകരണവുമായി സിഐടിയു നേതൃത്വം. ചുമട്ട് തൊഴിലാളികളെ ഒഴിവാക്കി അനധികൃതമായി ലോഡ് ഇറക്കിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നമാണ് എടപ്പാളിലേത്. പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ സിഐടിയു തിരുത്തുമെന്നും സിഐടിയു ജില്ലാ പ്രസിഡന്‍റ് എം ബി ഫൈസല്‍ പറഞ്ഞു .
എടപ്പാളിൽ സിഐടിയുക്കാരുടെ ആക്രമണം ഭയന്നോടി വീണ യുവാവിന് ഗുരുതര പരിക്കേറ്റതായി പിതാവ്. ഇരുകാലുകൾക്കും മാരകമായി പരിക്കേറ്റതായും അടുത്ത ദിവസം കാലിന് ശസ്ത്രക്രിയ നടത്തുമെന്നും പിതാവ് പറഞ്ഞു. ഫയാസിന് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. പ്രതികൾക്കെതിരെ കൊലപാതക ശ്രമം വകുപ്പ് ചേർത്തില്ലെന്നും പിതാവ് ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് തോൽവിയുടെ എല്ലാ പഴിയും എസ്.എൻ.ഡി.പിക്കും മറ്റ് ഹിന്ദുസംഘടനകൾക്കുമാണ് എന്ന തലതിരിഞ്ഞ വ്യാഖ്യാനമാണ് സി.പി.ഐ.എം നടത്തികൊണ്ടിരിക്കുന്നതെന്ന് കെ. സുരേന്ദ്രൻ. സർക്കാരിനെതിരായ ജനവികാരവും അമിതമായ ന്യൂനപക്ഷ വർഗീയ പ്രീണനവുമാണ് ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ തകർച്ചയ്ക്ക് കാരണമായി കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ നാഗ്പുരിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ.തിരുവനന്തപുരം സ്വദേശി റിജു (42) ഭാര്യ പ്രിയ (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. ഭാര്യയുടെ കാൻസർ ചികിൽസയെ തുടർന്നുള്ള ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ഭോലെ ബാബയുടെ അടുത്ത അനുയായി ദേവ് പ്രകാശ് മധുക്കറിനെ അറസ്റ്റ് ചെയ്തു. അപകടം നടന്ന സത്‌സംഗം പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു ദേവ് പ്രകാശ് മധുക്കര്‍. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാൾ ഇന്ന് നേരിട്ടെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു. കേസിലെ ഒന്നാം പ്രതി കൂടിയാണ് ദേവ് പ്രകാശ് മധുക്കര്‍.
അഗ്നിവീർ പദ്ധതിയിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വീരമൃത്യുവരിച്ച അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് രാഹുൽ ആവർത്തിച്ചു. ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവും രണ്ടും രണ്ടാണെന്നും രാഹുൽ കേന്ദ്രത്തെ ഓർമ്മിപ്പിച്ചു. എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കൂടിയാണ് അഗ്നിവീർ വിഷയത്തിൽ രാഹുൽ വീണ്ടും കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.
ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോ. മസൂദ് പെസെഷ്‌കിയാന് വിജയം. മുഖ്യഎതിരാളി ആയിരുന്ന അതിയാഥാസ്ഥിതികനും ഇറാന്റെ ആണവപദ്ധതിയുടെ മുന്‍വക്താവുമായ സയീദ് ജലീലി പരാജയപ്പെട്ടു.ഇറാൻ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്സി ഇക്കഴിഞ്ഞ മേയ് 19-നുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ചിരുന്നു. ഇതോടെയാണ് രാജ്യത്ത് ഇടക്കാല തിരഞ്ഞടുപ്പ് നടന്നത്.