വയനാട് മണ്ഡലത്തിൽ വോട്ടർമാരോട് നന്ദി പറയാനെത്തി രാഹുൽഗാന്ധി.വയനാട് തുടരണോ റായ് ബറേലി തുടരണോയെന്ന ധർമ്മസങ്കടത്തിലാണ് താനെന്നും രാഹുൽ ​ഗാന്ധി ജനങ്ങളോട് പറഞ്ഞു.ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാകും. ഒരു ഭാഗത്ത് ഭരണഘടനയെ മുറുകെ പിടിച്ചവർ മറുഭാഗത്ത് ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നവരാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മൂന്നാറിലെ ഭൂമി കയ്യേറ്റ കേസില്‍, രവീന്ദ്രൻ പട്ടയങ്ങളിൽ കൃത്യമായ അന്വേഷണം നടന്നില്ല എന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി . കുടൂതൽ വകുപ്പുകൾ ചേർക്കാനുള്ള കുറ്റങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതിന് ആത്മാർഥമായി അന്വേഷിക്കണമെന്നായിരുന്നു കോടതിയുടെ മറുപടി.

സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ. മെയ് മാസത്തെ ശമ്പളം പന്ത്രണ്ടാം തീയതി ആയിട്ടും കിട്ടാത്തതിനെ തുടർന്നാണ് സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ നിസ്സഹകരണ സമരം ആരംഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണി മുതൽ ആരംഭിച്ച സമരം ശമ്പളം ലഭിക്കുന്നതുവരെ തുടരുമെന്ന് ജീവനക്കാർ അറിയിച്ചു.

ഇടതുമുന്നണിയിലെ നാലാമത്തെ കക്ഷിയായ ആര്‍ജെഡിക്ക്‌ ഇടതുമുന്നണിയിൽ പരിഗണന കിട്ടുന്നില്ലെന്ന് എംവി ശ്രേയാംസ് കുമാര്‍. രാജ്യസഭാ സീറ്റ് കാര്യത്തിൽ ചർച്ച പോലും ഉണ്ടായില്ല.സംസ്ഥാനത്ത് ആര്‍ജെഡിക്ക് മന്ത്രിപദവി വേണമെന്നും ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു.

പത്താം ക്ലാസ് വിദ്യാർത്ഥിനി മലപ്പുറം പരപ്പനങ്ങാടിയിൽ ജീവനൊടുക്കിയ സംഭവം ദൗർഭാഗ്യകരമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ആത്മഹത്യയുടെ കാരണം എന്താണെന്ന് പൊലീസിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. പ്രാഥമിക വിവരം അനുസരിച്ച് കുട്ടിക്ക് സീറ്റ് ലഭിക്കാതിരിക്കുന്ന പ്രശ്‌നം ഇല്ല എന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭയിൽ വൈസ് ചെയർമാനായി എൽഡിഎഫ് അംഗം തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന വോട്ടെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുന്ന രണ്ട് അംഗങ്ങൾ വോട്ട് അസാധുവാക്കിയതോടെയാണിത്. എൽഡിഎഫിലെ ജിജി വട്ടശ്ശേരിയാണ് വൈസ് ചെയര്‍മാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനു മുന്നിൽ ഓട റോഡിലേയ്ക്ക് ഇറക്കി നിർമ്മിച്ചുവെന്ന ആക്ഷേപത്തിൽ, പ്രതികരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച വിഷയത്തിൽ നിയമനടപടി സ്വീകരിക്കും. റോഡ് അലൈൻമെന്റിൽ മാറ്റം വരുത്തിയിട്ടില്ല. താൻ സ്ഥലത്ത് പോയിരുന്നു. ജോലി തടസ്സപ്പെടുത്തിയ പഞ്ചായത്ത് പ്രസിഡന്റ് കെകെ ശ്രീധരന്റെ നടപടി പാർട്ടി ഗൗരവമായി പരിശോധിക്കുമെന്നും കെപി ഉദയഭാനു പറഞ്ഞു.

വൈദികനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. അവരുടെ പാർട്ടിക്കാർ തന്നെയാണെന്നും അതവര് തന്നെ തീർത്തോളുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. അത് മുഖ്യമന്ത്രിയുടെ നാവാണ്. മുഖ്യമന്ത്രിയുടെ ചിന്തയാണെന്നും സുരേഷ് ​ഗോപി പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ടോൾ നിരക്ക് കൂട്ടി തലശേരി – മാഹി ബൈപാസ് . ഇരു ഭാഗത്തേക്കുമുള്ള യാത്രക്ക് പുതുക്കിയ നിരക്കനുസരിച്ച് നൽകേണ്ടത് 110 രൂപയാണ്. ബൈപാസ് യാത്രയിലെ സൗകര്യങ്ങൾ ഉറപ്പിക്കും മുൻപ് തന്നെ ടോൾ പിരിക്കുന്നതിൽ വിമർശനങ്ങളുയർന്നിരുന്നു. അതിന് പരിഹാരം കാണാതെയാണിപ്പോൾ ടോൾനിരക്ക് കൂട്ടിയത്.എന്നും ഈ പാതയിൽ യാത്ര ചെയ്യുന്ന സാധാരണക്കാർക്ക് ഇത് വലിയ ബുദ്ധിമുട്ടാണെന്ന് യാത്രക്കാർ പറയുന്നു.

 

മണിപ്പുരിലേത് അടിസ്ഥാനപരമായി രണ്ട് ​ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് മലങ്കര യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ജോസഫ് മാർ ​ഗ്രി​ഗോറിയോസ് മെത്രാപൊലീത്ത . ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലീങ്ങളും അക്കൂട്ടത്തിൽ ഉണ്ടെന്നുപറഞ്ഞ അദ്ദേഹം, കൂടുതൽ ബുദ്ധിമുട്ടുണ്ടായത് ക്രൈസ്തവർക്കാണെന്നും അതിനാൽ ക്രൈസ്തവ സമൂഹത്തിന് വലിയ ആശങ്കയുണ്ടെന്നും വ്യക്തമാക്കി.

ഒറ്റ നോട്ടത്തിൽ ഇടതുപക്ഷം എന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്ക് എടുക്കപ്പെട്ടു എന്ന് എം വി ജയരാജൻ. ചെങ്കോട്ട, ചെങ്കതിർ, പോരാളി ഷാജി എന്നിവയെ ആശ്രയിക്കുന്നവർ ഇക്കാര്യം ഓർക്കണം. സോഷ്യൽ മീഡിയ മാത്രം നോക്കി നിൽക്കുന്ന ശീലം ചെറുപ്പക്കാരിൽ വ്യാപമാകുന്നു. അതിന്റെ ദുരന്തം ഈ തെരഞ്ഞെടുപ്പിൽ ഇടതിനെതിരെ ചിന്തിക്കാൻ ഇടയാക്കിയിട്ടുണ്ടെന്നും എം വി ജയരാജൻ പറഞ്ഞു.

അഞ്ച് വര്‍ഷം തൃശൂർ വിട്ട് പോകാഞ്ഞത് വോട്ടർമാരെ സുരേഷ് ഗോപിയിലേക്ക് അടുപ്പിച്ചോയെന്ന് പരിശോധിക്കണമെന്ന് വിഡി സതീശൻ . ഏതുവിധേനയും കെ മുരളീധരനെ നേതൃത്വത്തിൽ സജീവമാക്കുമെന്ന് പറഞ്ഞ അദ്ദേഹം കണ്ണൂരിലെ വമ്പൻ ഭൂരിപക്ഷത്തിന് കാരണം സിപിഎം വോട്ടുകൾ കൂടിയാണെന്നും പറ‌ഞ്ഞു.

കെ മുരളീധരനെ അനുകൂലിച്ച് തിരുവനന്തപുരത്തും പോസ്റ്റർ. നയിക്കാൻ നായകൻ വരട്ടെ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. വർഗീയതക്ക് എതിരായ പോരാട്ടത്തിൻ്റെ പ്രതീകമാണ് മുരളിധരൻ. കെപിസിസി-ഡിസിസി ഓഫീസുകൾക്ക് സമീപമാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.

സുരേഷ് ഗോപി വീട്ടിൽ വരുന്നതിൽ പുതുമയില്ലെന്ന് നായനാരുടെ ഭാര്യ ശാരദ. സുരേഷ് ​ഗോപിയുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ല, ഇതിന് മുൻപും പലതവണ വന്നിട്ടുണ്ടെന്നും ശാരദ ടീച്ചർ പറഞ്ഞു. വീട്ടിൽ വരുന്നവരുടെ രാഷ്ട്രീയം ചോദിക്കാറില്ലെന്നും ശാരദ ടീച്ചർ പ്രതികരിച്ചു.

റിയാദ് റഹീം സഹായ സമിതി കേസുമായി ബന്ധപ്പെട്ട് നിയമപരമായുള്ള എല്ലാ കാര്യങ്ങളും പൂർത്തീകരിച്ചതായി സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി.സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്‍റെ മോചനത്തിനായി രൂപവത്കരിച്ച ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചു.ഈദ് അവധി കഴിഞ്ഞ് കോടതി തുറന്നാലുടൻ മോചനത്തിനുള്ള നടപടികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഹൈസ്ക്കൂളുകളിലെ പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് വൈകുന്നു. അതുമൂലം പ്രധാന അധ്യാപകരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ ശമ്പള വിതരണം ഉള്‍പ്പെടെ മുടങ്ങുമെന്ന ആശങ്കയിലാണ് അധ്യപകരും ജീവനക്കാരും.സര്‍ക്കാര്‍ സ്കൂളുകളിലെ പ്രധാന അധ്യാപകരും എഇഒമാരും സ്ഥലംമാറ്റ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. സ്ഥലംമാറ്റ ഉത്തരവ് ഇറക്കാത്തതിനാല്‍ സംസ്ഥാനത്തെ നിരവധി സര്‍ക്കാര്‍ ഹൈസ്ക്കൂളുകളില്‍ പ്രധാന അധ്യാപകരില്ലാത്ത സ്ഥിതിയാണ്.

പത്ത് വയസ്സുകാരി ശബരിമല തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി വിശാല ബെഞ്ചിന്‍റെ പരിഗണയിലാണ്. പ്രായം പത്ത് വയസ്സാണ് ആദ്യ ആർത്തവം ഉണ്ടാകാത്തതിനാൽ പ്രായപരിധി പരിഗണിക്കാതെ മലകയറാൻ അനുവദിക്കണം എന്നായിരുന്നു കർണാടക സ്വദേശിയായ പെൺകുട്ടിയുടെ ആവശ്യം.ഇത്തവണ തന്നെ മലകയറാൻ അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വത്തോട് കോടതി നിർദ്ദേശം നൽകണമെന്നാണ് പെൺകുട്ടിയുടെ ആവശ്യപ്പെട്ടത്.

ആലപ്പുഴയിൽ സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും ലഭിക്കേണ്ട പരമ്പരാഗത വോട്ട് നഷ്ടമായി. ന്യൂനപക്ഷ വോട്ടും കിട്ടിയില്ല. അമ്പലപ്പുഴയിലടക്കം സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല.പാർട്ടി തിരുത്തേണ്ട കാര്യങ്ങൾ ഉണ്ട് അത് തിരുത്തുമെന്നും ആർ നാസർ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയെ വിമര്‍ശിച്ച തമിഴിസൈ സൗന്ദര്‍രാജനെ താക്കീത് ചെയ്ത് അമിത് ഷാ.ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ചന്ദ്രബാബു നായിഡു സര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഭവം.

മുംബൈയിലെ ഡോംബിവാലി വ്യവസായ മേഖല ഫാക്ടറിയിൽ തീപിടിത്തം. 20 ദിവസം മുൻപ് തീപിടിത്തം നടന്ന സ്ഥലത്തിന് തൊട്ടടുത്താണ് വീണ്ടും അപകടമുണ്ടായത്. ഇന്ന് പ്രദേശത്ത് തുടർച്ചയായി പൊട്ടിത്തെറി ഉണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു. നിരവധി തൊഴിലാളികൾ ഇവിടെ കുടുങ്ങിയതായി സൂചനയുണ്ട്. ഫയർ ഫോഴ്സ് എത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.

ബിജെപി നേതാവ് യെദിയൂരപ്പയോട് ഇന്ന് തന്നെ ഹാജരാകാൻ നോട്ടീസ് നൽകി സിഐഡി വിഭാഗം. പരാതി നൽകാൻ എത്തിയ സ്ത്രീയോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനോട് ലൈംഗികാതിക്രമം നടത്തി എന്നതാണ് യെദിയൂരപ്പയ്ക്കെതിരെയുള്ള കേസ്. പരാതി നൽകിയ കുട്ടിയുടെ അമ്മ കഴിഞ്ഞ മാസം ക്യാൻസർ രോഗബാധയെത്തുടർന്ന് മരിച്ചിരുന്നു.

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ . രാജ്യസഭ സമ്മേളനം ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെയും നടക്കും. സമ്മേളനത്തിൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്ക‌ർ തെരഞ്ഞെടുപ്പ് എന്നിവ നടക്കും.

റഷ്യൻ ആർമിയിലേക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ 200 പേരെയെങ്കിലും ഇന്ത്യയിൽ നിന്ന് നിയമിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം . വലിയ ശമ്പളം വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയാണ് . യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങൾ തൊഴിൽ പരസ്യത്തിനായി ഉപയോഗിച്ചാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ആൾക്കടത്തിനെതിരെ സംസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീ ടെസ്റ്റ് നടത്തുന്നതിനെപ്പറ്റി എൻടിഎ ആലോചന. ഗ്രേസ് മാർക്ക് വിവാദത്തെക്കുറിച്ച് അന്വേഷണം നടത്താൻ നിയോഗിച്ച നാലംഗ സമിതി റീ ടെസ്റ്റ് സാധ്യത പരിശോധിച്ചു. യു.പി.എസ്.ഇ. മുൻ ചെയർമാൻ അധ്യക്ഷനായ നാലംഗസമിതിയാണ് ഗ്രേസ് മാർക്ക് ലഭിച്ച 1563 പേർക്ക് റീ ടെസ്റ്റ് സാധ്യത പരിശോധിച്ചത്. രണ്ട് ദിവസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും.

ജമ്മു കശ്മീരിലെ റിയാസിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെ വെടിയുതിര്‍ത്ത ഭീകരനെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു. ഇയാളെ കുറിച്ച് വിവരം നൽകുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അതിനിടെ ജമ്മു കശ്മീരിലെ കത്വയിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. ഒരു ഭീകരനെ വധിച്ചു. രണ്ടാമത്തെ ഭീകരനായി തെരച്ചിൽ പുരോഗമിക്കുകയാണ്.

അധികാരമുണ്ടായാൽ എന്തും നടത്താമെന്ന ധാരണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെന്ന് രാഹുൽ ഗാന്ധി. ഭരണഘടന കയ്യിൽ പിടിച്ചു കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. വൻ വിജയം സമ്മാനിച്ച വയനാട്ടിലെ വോട്ടർമാർക്ക് നന്ദിപറയാനാണ് രാഹുൽ ഗാന്ധി മണ്ഡലത്തിലെത്തിയത്. വയനാട് മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ ​ഗാന്ധിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. മോദിയോട് പാരമാത്മാവ് സംസാരിക്കുന്നതുപോലെ എന്നോട് സംസാരിക്കാറില്ല. കാരണം, ഞാൻ സാധാരണ ഒരു മനുഷ്യനാണ്. ജനങ്ങളാണ് എന്‍റെ ദൈവം ഇന്നും അദ്ദേഹം പറഞ്ഞു.

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചു. മംഖഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പിലാണ് തീപ്പിടിത്തമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയാണ്‌ തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്‌. മരിച്ചവരേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി തെലുഗുദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു അധികാരമേറ്റു.ഇന്ന് രാവിലെ ഗന്നാവരം കെസറാപ്പള്ളി ഐ.ടി. പാര്‍ക്കില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ എസ്. അബ്ദുള്‍ നസീര്‍ സത്യവാചകം ചൊല്ലികൊടുത്തു.പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ.പി. നഡ്ഡ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *