മദ്ധ്യാഹ്‌ന വാർത്തകൾ
കോഴിക്കോട് ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട നഴ്‌സ് പി ബി അനിതയ്ക്ക് പുനര്‍നിയമന ഉത്തരവ്. നിയമനം നല്‍കാന്‍ ഡിഎഇയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ കോഴിക്കോട് തന്നെയായിരിക്കും നിയമനം.
കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ എംഎം വർഗീസിനോട് വീണ്ടും ചോദ്യം ചെയ്യലിന് തിങ്കളാഴ്ച കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ ഹാജരാകാൻ ഇഡി നിർദേശം. തൃശൂർ ജില്ലയിൽ മാത്രം വിവിധ സഹകരണ ബാങ്കുകളിലായി സിപിഐഎമ്മിന് 81 അക്കൗണ്ടുകൾ ഉണ്ട് . ഇതിൽ അഞ്ചു അക്കൗണ്ടുകൾ കരുവന്നൂരിൽ ആണെന്നും ഇഡി കണ്ടെത്തി.ഇത് സംബന്ധിച്ചുള്ള വിവരങ്ങളും എംഎം വർഗീസ് നൽകിയിട്ടില്ല.
രാജീവ് ചന്ദ്രശേഖറിനെതിരെ ആരോപണവുമായി ശശി തരൂർ. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ട് തേടുന്നുവെന്ന് ശശി തരൂർ ആരോപിച്ചു. മത, സാമുദായിക നേതാക്കളുൾപ്പെടെ ഇക്കാര്യം രഹസ്യമായി വെളിപ്പെടുത്തിയെന്ന് ശശി തരൂർ പറഞ്ഞു.
പാനൂരിലെ ബോംബുനിര്‍മ്മാണം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് എം.എം.ഹസന്‍. പിണറായി സി.പി.ഐ.എം ജില്ലാ സെക്രട്ടറിയായിരുന്ന കാലം മുതല്‍ പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ ബോംബ് നിര്‍മ്മാണവും സ്‌ഫോടനവും നടന്നിട്ടുണ്ട്. ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരെയെല്ലാം പാര്‍ട്ടി രക്തസാക്ഷികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്കിൽ ഇന്നലെ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ പരിശോധന നടത്തി. പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. സിപിഎം ജില്ലാ സെക്രട്ടറി ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു ഈ പണം ചെലവഴിക്കരുതെന്ന് ഇൻകംടാക്സ് നിർദേശം നൽകിയിട്ടുണ്ട്.
പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കസ്റ്റഡിയിലായി. സ്ഫോടനം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന അരുൺ, അതുൽ, ഷിബിൻ ലാൽ, സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച സായൂജിനെ പാലക്കാട് നിന്നാണ് പിടികൂടിയത്. ബോംബ് നിർമാണത്തിൽ ഉൾപ്പെട്ട എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് അറിയിച്ചത്.
പാനൂരിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആവർത്തിച്ചു. സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ലെന്നും, മരിച്ചയാൾ പാർട്ടിക്കാരെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതോടൊപ്പം കേസിലെ പൊലീസ് നടപടികൾ ദുരൂഹമെന്ന് വകടരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും, തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലത്തെത്തണമെന്ന് കെ കെ രമയും ആവശ്യപ്പെട്ടു.
അരുണാചല്‍ പ്രദേശില്‍ ജീവനൊടുക്കിയ മലയാളികളെ വിചിത്രവിശ്വാസത്തിലേക്ക് നയിച്ച ഡോണ്‍ ബോസ്കോ എന്ന ഇ മെയില്‍ ഐ.ഡിയുടെ ഉടമയെ അന്വേഷിക്കുകയാണ് പോലീസ്. അരുണാചല്‍ പ്രദേശും, മാര്‍ച്ച് മാസവും തിരഞ്ഞെടുത്തത് അന്ധവിശ്വാസത്തിന്റെ ഭാഗമായാണെന്നാണ് പൊലീസ് നിഗമനം.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ UDF ജില്ലാ ചെയർമാൻ സ്ഥാനo രാജിവിച്ചു. മോൻസ് ജോസഫിന്റെ നിലപടുകളിൽ പ്രതിഷേധിച്ചാണ് രാജി.
മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻറണിയുടെ മകൻ അനിൽ ആന്റണി ബിജെപിയേയും ചതിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. പി ജെ കുര്യൻ. കോൺഗ്രസിൽ നിന്ന് എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച ശേഷം കോൺഗ്രസിനെ ചതിച്ച ആളാണ് അനിൽ ആന്റണിയെന്നും, ഇപ്പോൾ ബിജെപി യിൽ പോയി. ഇനി വൈകാതെ വഴിയാധാരമാകും. തിരികെവരുമ്പോൾ അനിലിനെ നമുക്കെടുക്കാമെന്നും കുര്യൻ പറഞ്ഞു.
കെ.അണ്ണാമലൈക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഡിഎംകെ. കന്നിവോട്ടർമാർക്കായി ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നുവെന്നും, ടൂർണമെന്റിന്റെ അറിയിപ്പിൽ മോദിയുടെയും അണ്ണാമലൈയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ്പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ആണെന്നും മത്സരങ്ങളുടെ മറവിൽ പണം നൽകാൻ നീക്കം ഉണ്ടെന്നും ഡിഎംകെ ആരോപിച്ചു.
ഇലക്ടറൽ ബോണ്ടിൽ സിപിഎം പണം വാങ്ങിയെന്ന ഷിബു ബേബി ജോണിന്റെ ആരോപണത്തിന് മറുപടിയുമായി സീതാറാം യെച്ചൂരി. ഇലക്ടറൽ ബോണ്ടിലൂടെ സിപിഎം പണം വാങ്ങിയിട്ടില്ല, കമ്പനികളിൽ നിന്ന് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. നിയമപരമായി സംഭാവന സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്?. സംഭാവന സ്വീകരിച്ചതെല്ലാം സുതാര്യമായിട്ടാണെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന് സംഭാവന കിട്ടിയ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും യെച്ചൂരി വിശദമാക്കി.
പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലേക്ക്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം ഇന്നലെ കണ്ണൂരിലെത്തി, കേസ്അന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് മുതൽ സംഘം അന്വേഷണം തുടങ്ങും.
വയനാട്ടിലെ ഹൈസ്കൂൾ അധ്യാപക നിയമനത്തിൽ നാല് ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകും. പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഉത്തരവ് പുറത്തിറക്കി. സുപ്രീംകോടതിയുടെ താക്കീതിന് പിന്നാലെയാണ് നടപടി. അവിനാഷ് പി റാലി പിആർ, ജോൺസൺ, ഇവി ഷീമ എം എന്നിവർക്ക് ഒരുമാസത്തിനകം നിയമനം നൽകും.
ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. വിഷു ദർശനത്തിനോടനുബന്ധിച്ച് ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ ക. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള 10,11 ദിവസങ്ങളിലെ പരീക്ഷകൾ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിൻവലിച്ചു. തുടർന്നും സർക്കാർ അധിയുള്ള ദിവസത്തിന് തലേന്നും തൊട്ടടുത്ത ദിവസവും പരീക്ഷ നടത്തില്ല. പരീക്ഷാ തീയതി മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആവശ്യം പരിഗണിച്ചാണ് തീയതി മാറ്റിയത്.
വ്യക്തിപരമായ അസൗകര്യങ്ങൾ കൊണ്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് ജസ്റ്റിസ് മണികുമാർ. ഗവർണർ നിയമനം അംഗീകരിച്ചതിനു പിന്നാലെയാണ് മണികുമാർ നിലപാട് വ്യക്തമാക്കിയത്.
തിരുവനന്തപുരം കാട്ടാക്കടയിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഇന്നലെ രാത്രി പതിനൊന്നരയോടെ കുത്തേറ്റു. നെഞ്ചിൽ കുത്തേറ്റ ഡിവൈഎഫ്ഐ പ്രവർത്തകരായ സജിൻ , ശ്രീജിത്ത് എന്നിവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പെൺസുഹൃത്തിനെ കാണാൻ വേണ്ടി എത്തിയ അശോക് ദാസ്മൂവാറ്റുപുഴ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അതിക്രൂരപീഡനങ്ങൾക്കിടയിൽ.പെൺകുട്ടികൾ രജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തി. പ്രതികൾ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് വെളിപ്പെടുത്തി. സംഘം ചേർന്ന് മർദ്ദിച്ചതിനും കൊലപ്പെടുത്തിയതിനുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ശ്വാസ തടസം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണം 45 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അബ്ദുൾ നാസർ മദനി ആശുപത്രി വിട്ടു. ബംഗളൂരു സ്ഫോടന കേസിൽ സുപ്രീം കോടതി ഉപധികളോടെ അദ്ദേഹതിന് നേരെത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം കേരളത്തിലെത്തിയത്.
ഡൽഹിയിൽ കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് സിബിഐ നടത്തിയ തിരിച്ചലിൽ ഇന്നലെ രാത്രി രണ്ട് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി, കൂടുതൽ പേരെ ചോദ്യം ചെയ്യുന്നുണ്ടെന്നും സിബിഐ വിശദമാക്കി. നവജാത ശിശുക്കളെ വാങ്ങി മറിച്ച് വിൽക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം.