mid day hd

സെക്രട്ടേറിയറ്റിൽ രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ ഫയൽ നീക്കം പൂർണമായും നിലച്ചു. ഇതു കാരണം ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകുന്നില്ല. ഒന്നരമാസം മുമ്പാണ് ഇ-ഫയലിംഗ് സംവിധാനത്തിൽ പുനക്രമീകരണം കൊണ്ടുവന്നത്. ചൊവ്വാഴ്ച രാവിലെ മുതൽ ഇ-ഓഫീസ് പൂർണമായും പണിമുടക്കിയതിനാൽ ഇ-ഫയലുകൾ തുറക്കാൻ പോലും ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ഇ-ഫയലിംഗ് നടപ്പിലാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന നാഷണൽ ഇൻഫാമാറ്റിക് സെൻററിനെ വിവരമറിയിച്ചെങ്കിലും രണ്ടു ദിവസമായിട്ടും എന്താണ് പ്രശ്നമെന്ന് കണ്ടെത്താൻ പോലും എൻഐസിക്ക് കഴിഞ്ഞിട്ടില്ല.

 

 

 

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും സജീവമായി തുടരുന്ന മൺസൂൺ പാത്തിയുമാണ് മഴ തുടരാനുള്ള കാരണം.

 

 

 

കർണാടകയിലെ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ അതി നിർണായക ഘട്ടത്തിലേക്ക്. ഗംഗാവലി നദിയിൽ ഐ ബോഡ് പരിശോധന തുടങ്ങി. എന്നാൽ പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ മുങ്ങൽ വിദഗ്ധർക്ക് പുഴയിൽ ഇറങ്ങാൻ കഴിയുന്നില്ലെന്ന് നാവികസേന വ്യക്തമാക്കി.

ട്രക്കിന്റെ ക്യാബിൻ കണ്ടെത്താൻ ഡ്രോൺ പറത്തി പരിശോധന തുടരുകയാണ്.

മനുഷ്യ സാന്നിധ്യം കണ്ടെത്താൻ ഡ്രോൺ പരിശോധനയിൽ സാധിക്കില്ലെന്നും അവർ പറഞ്ഞു.

 

 

 

അർജുന്‍റെ കുടുംബം നൽകിയ പരാതിയിൽ സൈബർ പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. പരാതിയിൽ പറഞ്ഞിരിക്കുന്ന സോഷ്യൽ മീഡിയയിലെ അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നുവെന്നാണ് അർജുന്‍റെ കുടുംബം പരാതി നൽകിയത്. വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം. ചില യുട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്ന് പരാതിയിൽ പറയുന്നു. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്.

 

 

 

ഐഎന്‍ടിയുസി നേതാവായിരുന്ന രാമഭദ്രൻ വധകേസിലെ 18 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് സിബിഐ കോടതി. നാല് പേരെ വെറുതെ വിട്ടു. കൊലപാതകം , ഗൂഡാലോചന , ആയുധം കൈയിൽ വയ്ക്കുക എന്നി കുറ്റങ്ങളാണ് തെളിഞ്ഞത്. 2010 ഏപ്രിൽ 10 നാണ് വീട്ടിനുള്ളിൽ കയറി രാമഭദ്രനെ വെട്ടികൊലപ്പെടുത്തിയത്. വെറുതെ വിട്ട പ്രതികളില്‍ ജയമോഹൻ സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. തിരുവനന്തപുരം സിബി ഐ കോടതി ഈ മാസം 30 ന് ശിക്ഷ വിധിക്കും.

 

 

 

 

ഇടുക്കിയിൽ ഡിസിസി പ്രസിഡന്റും കെപിസിസിയും തമ്മിലുള്ള പോര് മുറുകുന്നു. ഡിസിസി പ്രസിഡന്റ് സി പി മാത്യു പുറത്താക്കിയ മണ്ഡലം കമ്മറ്റി പ്രസിഡന്റിനെ രണ്ട് മണിക്കൂറിനകം കെപിസിസി തിരിച്ചെടുത്തു. മുട്ടം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ് ഷൈജ ജോമോനെയാണ് ഡിസിസി മാറ്റിയത്. കെപിസിസിയുടെ അനുവാദം ഇല്ലാതെയായിരുന്നു നടപടി. കെപിസിസിയുടെ അനുമതിയില്ലാതെയാണ് ഷൈജയെ ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയതെന്നും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കെപിസിസി ഇക്കാര്യം അറിയുന്നതെന്നും കെപിസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

 

 

തിരുവനന്തപുരം മംഗലപുരത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തിനെ കണ്ടെത്തി. ടെക്നോസിറ്റി ക്യാമ്പസിന് പുറകുവശത്തെ കാടുപിടിച്ച പറമ്പിലാണ് കാട്ടുപോത്ത് എത്തിയത്. ഇന്നലെ രാത്രിയാണ് ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരും പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടിയും സ്ഥലത്തെത്തി പരിശോധന നടത്തി.

 

 

 

വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുമായി തോമസ് ഐസക് മുന്നോട്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തോമസ് ഐസക് മുൻകൈ എടുത്ത് പത്തനംതിട്ടയിൽ മാത്രം തുടങ്ങിയ തൊഴിൽദാന പദ്ധതി ഇലക്ഷൻ തട്ടിപ്പാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പുകാലം കഴിഞ്ഞും തോമസ് ഐസക് പദ്ധതി തുടരുകയാണ്.

 

 

 

മലപ്പുറം പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 102 പേർക്ക് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചു. 59 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് പുളിക്കൽ പഞ്ചായത്തിലെ അരൂർ എ എം യു പി സ്കൂൾ ഈ മാസം 29 വരെ സ്കൂൾ അടച്ചു. ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്നാണ് സ്കൂൾ അടച്ചത്.

 

 

 

ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പർ എക്സ്പ്രസ് ബസിൽ കഞ്ചാവ് കടത്താൻ ശ്രമം. സിഗരറ്റ് എക്സൈസിന് കൈമാറി. ആരാണ് സിഗരറ്റ് കടത്താൻ ശ്രമിച്ചതെന്ന് അറിയില്ലെന്ന് പറഞ്ഞെങ്കിലും കണ്ടക്ടർക്കെതിരെ നടപടി എടുക്കാൻ വിജിലൻസ് ശുപാർശ ചെയ്തു. ബസില്‍ നിയമവിരുദ്ധ കാര്യങ്ങള്‍ കണ്ടെത്തിയാൽ നടപടി സ്വീകരിക്കേണ്ടത് കണ്ടക്ടറാണെന്നും കണ്ടക്ടർ ഇക്കാര്യം ശ്രദ്ധിച്ചില്ല എന്നുമാണ് വിശദീകരണം.

 

 

 

 

കണ്ണൂർ കോട്ടയിലെത്തിയ സ്ത്രീയെയും പുരുഷനെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പൊലീസുകാരന് സസ്പെൻഷൻ. സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രവീഷിനെയാണ് സസ്‌പെൻഡ് ചെയ്തത്.സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി.

 

 

കോട്ടയം പോളയത്തോട് വാഹനാപകടത്തിൽ 8 വയസ്സുകാരന് ദാരുണാന്ത്യം. ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വിശ്വജിത്താണ് മരിച്ചത്. സ്കൂട്ടറിൽ കുടുംബത്തോടൊപ്പം സ്കൂളിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. സ്കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപെട്ട് വിശ്വജിത്ത് നിലത്തുവീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് ദേഹത്ത് കയറിയിറങ്ങിയാണ് അപകടമുണ്ടായത്.

 

 

 

വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫാ. ജോസഫ് കുഴികണ്ണിയിലിനെയാണ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെനാളായി വിവിധ ആരോഗ്യപ്രശ്നങ്ങളുളള ആളായിരുന്നു ഫാദർ ജോസഫ് എന്നും ഇതിനുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

 

 

 

അമ്മയുടെ മുന്നില്‍വച്ച് സഹോദരന്റെ കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന കേസില്‍ പിതൃസഹോദരന്‍റെ വധശിക്ഷ ഇളവ് ചെയ്ത് ഹൈക്കോടതി. റാന്നി സ്വദേശി തോമസ് ചാക്കോയുടെ വധശിക്ഷയാണ് 30 വര്‍ഷം ഇളവില്ലാത്ത കഠിനതടവായി കുറച്ചത്. 2013ലായിരുന്നു കൊലപാതകം നടന്നത്. ഹൈക്കോടതിക്ക് മുന്നിലെത്തിയ അനുകൂല റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ശിക്ഷായിളവ്.

 

 

 

മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. സിബിഐ കേസിലാണ് നടപടി. ആഗസ്റ്റ് 8 വരെയാണ് അരവിന്ദ് കെജ്രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടിയത്. റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. മനീഷ് സിസോദിയ, ബി ആർ എസ് നേതാവ് കെ കവിത എന്നിവരുടെ കസ്റ്റഡി കാലാവധിയും നീട്ടിയിട്ടുണ്ട്.

 

 

 

ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ലോക്‌സഭയിലെ എം.പിമാര്‍ക്ക് ശ്രദ്ധ ഊന്നേണ്ട വിഷയങ്ങളെക്കുറിച്ച് നിര്‍ദേശം നല്‍കി രാഹുല്‍ഗാന്ധി. ബജറ്റില്‍ പ്രത്യേക പരിഗണന ലഭിച്ച സംസ്ഥാനങ്ങളെ വിമര്‍ശിക്കുന്ന തരത്തില്‍ സംസാരിക്കരുതെന്നാണ് രാഹുലിന്റെ പ്രധാന നിര്‍ദേശം. അവഗണിക്കപ്പെട്ട സംസ്ഥാനങ്ങളെക്കുറിച്ചായിരിക്കണം സംസാരിക്കേണ്ടതെന്നും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ തിരിച്ചടിയാവുന്ന പരാമര്‍ശങ്ങള്‍ക്ക് ഇടനല്‍കരുതെന്നും രാഹുൽ വ്യക്തമാക്കി.

 

 

 

നീറ്റ് യുജിയിൽ പുനഃപരീക്ഷ വേണ്ടെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എൻടിഎ പുതിയ നീറ്റ് യുജി മെറിറ്റ് ലിസ്റ്റ് പുറത്തിറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. എന്നാൽ പുതുക്കിയ റാങ്ക് പട്ടികയിൽ 44 പേർക്ക് ഒന്നാം റാങ്ക് നഷ്ടമാകും. വിദ്യാഭ്യാസ മന്ത്രി എൻടിഎ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി ചർച്ച ചെയ്തു. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. നിലവിൽ ഒന്നാം റാങ്കുള്ള പലരും 88ആം സ്ഥാനം വരെ പിന്നോട്ട് പോകാൻ സാധ്യതയുണ്ട്.

 

 

 

ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയ യുപി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ആഗസ്റ്റിൽ വീണ്ടും നടത്തും. 60244 ഒഴിവുകളിലേക്കാണ് നിയമനം. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക ആഗസ്റ്റ് 23, 24, 25, 30, 31 തിയ്യതികളിലാണ്. ഓരോ ഷിഫ്റ്റിലും അഞ്ച് ലക്ഷം പേർ പരീക്ഷയെഴുതും. ഉത്തർപ്രദേശ് പൊലീസ് റിക്രൂട്ട്‌മെന്‍റ് ആൻഡ് പ്രൊമോഷൻ ബോർഡാണ് ഇക്കാര്യം അറിയിച്ചത്.

 

 

 

 

തന്‍റെ വീടിന് പുറത്ത് നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ സൽമാൻ ഖാൻ നല്‍കിയ മൊഴി പുറത്ത്. ഏപ്രിൽ 14 ന് പുലർച്ചെയാണ് സല്‍മാന്‍ ഖാനും കുടുംബവും താമസിക്കുന്ന ഗാലക്‌സി അപ്പാർട്ട്‌മെന്‍റിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. പുലര്‍ച്ചെ ഉറങ്ങുന്ന സമയത്ത് പടക്കം പോലെയുള്ള ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്നും, തന്നെയും കുടുംബത്തെയും വധിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും സല്‍മാന്‍ മൊഴി നൽകിയതായാണ് റിപ്പോർട്ട്.

 

 

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ജിദ്ദ ചരിത്രമേഖല ഇടം പിടിച്ചതിന്‍റെ 10-ാം വാർഷികം സൗദി അറേബ്യ വിപുലമായി ആഘോഷിക്കും. സാംസ്കാരിക മന്ത്രാലയത്തിന്‍റെ ജിദ്ദ ഹിസ്റ്റോറിക് പ്രോഗ്രാമാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ജിദ്ദ ചരിത്ര മേഖലയുടെ സാംസ്കാരികവും നഗരപരവുമായ പൈതൃകം സംരക്ഷിക്കുന്നതിനും രാജ്യത്തിന്‍റെ വിഷൻ 2030ന് അനുസൃതമായി ആഗോള പൈതൃക കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾ പ്രോഗ്രാമിന് കീഴിൽ തുടരുകയാണെന്ന് ചരിത്ര മേഖല പ്രോഗ്രാം അധികൃതർ പറഞ്ഞു.

 

 

 

പുതിയ തലമുറക്ക് ദീപം കൈമാറാനുള്ള സമയമായെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. രാജ്യത്തെയും പാർട്ടിയേയും ഒന്നിപ്പിക്കാനാണ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഉറച്ച നിലപാടുള്ള, കഴിവുള്ളയാളാണ് തനിക്കുപകരം സ്ഥാനാർഥിയാകാൻ തെരഞ്ഞെടുത്ത വൈസ് പ്രസിഡന്റ് കമല ഹാരിസെന്നും ബൈഡൻ വ്യക്തമാക്കി. ഡെമോക്രാറ്റിക് പാർട്ടിയിൽ ഭിന്നതയില്ലെന്നും സ്വേച്ഛാധിപതികൾ ഭരിച്ച സമയത്തേക്കാൾ ശക്തമായ അവസ്ഥയിലാണ് അമേരിക്കയെന്നും ബൈഡൻ വ്യക്തമാക്കി.

 

 

 

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മതപരമല്ലാതെ സംസ്കരിച്ചതിൽ മുസ്ലീം സമുദായത്തോട് മാപ്പ് പറയുമെന്ന് ശ്രീലങ്കൻ സർക്കാർ അറിയിച്ചു. മുസ്‌ലിംങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങൾക്ക് മതപരമായ അവകാശങ്ങൾ നിഷേധിച്ച് മൃതദേഹം സംസ്‌കരിക്കുന്നതിന് 2020-ൽ പുറപ്പെടുവിച്ച നിർബന്ധിത ഉത്തരവ് കടുത്ത വിമർശനങ്ങളെ തുടർന്ന് 2021 ഫെബ്രുവരിയിൽ പിൻവലിച്ചിരുന്നു. സംഭവത്തിൽ മുസ്ലീം സമുദായത്തോട് മാപ്പ് പറയാനുള്ള നിർദേശം ശ്രീലങ്കൻ കാബിനറ്റ് തിങ്കളാഴ്ച ചേർന്ന യോഗത്തിൽ അംഗീകരിച്ചതായി അറിയിച്ചു.

 

 

 

കങ്കണ റണാവത്തിന്‍റെ മണ്ഡിയിലെ വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി വന്നതിനെ തുടർന്ന് കോടതി കങ്കണയ്ക്ക് നോട്ടീസ് അയച്ചു. കിന്നൗർ സ്വദേശിയാണ് ഹർജി സമർപ്പിച്ചത്. തന്റെ നാമനിർദേശ പത്രിക അന്യായമായി നിരസിച്ചതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യം., ഓഗസ്റ്റ് 21-നകം മറുപടി നൽകണമെന്ന് ജസ്റ്റിസ് ജ്യോത്സന റേവാൾ കങ്കണയോട് ആവശ്യപ്പെട്ടു.

 

 

 

പാരിസ് ഒളിംപിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് ഒരു ദിവസം ബാക്കി നിൽക്കെ ഇന്ത്യയുടെ ഒളിംപിക്സ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. അമ്പെയ്ത്താണ് ഇന്ത്യയുടെ ആദ്യ മത്സരയിനം. വനിതകൾ ഉച്ചയ്ക്കും പുരുഷൻമാർ വൈകിട്ട് 5.45നും റാങ്കിംഗ് റൗണ്ടിനിറങ്ങും. റാങ്കിംഗ് റൗണ്ടിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാകും പ്രധാന റൗണ്ടിൽ കളിക്കാരുടെ സീഡിംഗ്. റാങ്കിംഗ് റൗണ്ടിൽ ധീരജ്‌ ബൊമ്മദേവര, തരുൺദീപ്‌ റായ്‌, പ്രവീൺ ജാദവ്‌ എന്നിവർ പുരുഷ വിഭാഗത്തിലും ഭജൻ കൗർ, ദീപികാ കുമാരി, അങ്കിത ഭഗത്‌ എന്നിവർ വനിതാ വിഭാഗത്തിലും മത്സരിക്കും.

 

 

 

പാരീസ് ഒളിംപിക്സിനായി ന്യൂസിലൻഡ് വനിതാ ഫുട്ബോൾ ടീം പരിശീലിക്കുന്ന ഗ്രൗണ്ടിനു മുകളിലൂടെ കനേഡിയൻ ഫുട്‌ബോള്‍ ടീം സ്റ്റാഫ് ഡ്രോൺ പറത്തിയതായി പരാതി. വിവാദമായതോടെ, കാനേഡിയൻ ഒളിംപിക് കമ്മിറ്റി ന്യൂസിലൻഡിനോട് മാപ്പ് പറഞ്ഞു. ഗ്രൗണ്ടിൽ പരിശീലനം നടത്തുമ്പോഴാണ് പെട്ടെന്ന് ഗ്രൗണ്ടിന് മുകളിലൂടെ ഡ്രോൺ പറന്നെത്തിയത്. ആദ്യം അമ്പരന്ന ടീം അംഗങ്ങള്‍ ഒളിഞ്ഞുനോട്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ ഫ്രഞ്ച് പൊലീസിൽ പരാതി നൽകകുകയായിരുന്നു. പൊലിസ് അന്വേഷണത്തില്‍ ഡ്രോൺ പറത്തിയത് കനേഡിയൻ ഫുട്ബോൾ ടീം സപ്പോര്‍ട്ട് സ്റ്റാഫാണെന്ന് കണ്ടെത്തുകയായിരുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *