കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ അതിശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. പാര്‍ലമെൻ്റിന് അകത്തും പുറത്തും ഇന്ന് പ്രതിഷേധം നടന്നു. ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി കൊടുത്ത ബജറ്റിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് യാതൊന്നും നൽകിയില്ലെന്നാണ് വിമർശനം.
കേരളത്തെ അവഗണിച്ചതിനെതിരെ കേരളത്തിൽ നിന്നുള്ള എംപിമാര്‍ പാര്‍ലമെൻ്റിന് പുറത്ത് പ്രത്യേകം പ്രതിഷേധിച്ചു. പിന്നീട് ലോക്സഭയിൽ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചു. എന്നാൽ ചോദ്യോത്തര വേള തടസ്സപ്പെടുത്താനാകില്ലെന്ന് സ്പീക്കർ ഓം ബിർളയും കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജുവും നിലപാടെടുത്തതോടെ പ്രതിപക്ഷം ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് പാര്‍ലമെന്‍റ് നടപടികള്‍ക്ക് ഇന്ന് തുടക്കമായത്.ആന്ധ്ര, ബിഹാർ ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചതെന്ന് മല്ലികാർജ്ജുൻ ഖർഗെ പരിഹസിച്ചു. എന്നാൽ ഖർഗെയെ രാജ്യസഭ ചെയർമാൻ വിമർശിച്ചു. അനുഭവസമ്പത്തുള്ള നേതാവ് തന്നെ നടപടികൾ തടസപ്പെടുത്തുന്നത് നിർഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം താങ്ങ് വില കിട്ടിയത് ഘടകകക്ഷി നേതാക്കൾക്കെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഉത്തർപ്രദേശിന് പ്രഖ്യാപനങ്ങളില്ലാത്തത് മോദിക്ക് യോഗിയോടുള്ള കലിപ്പ് മൂലമെന്നും അഖിലേഷ് പരിഹസിച്ചു.
ഇന്നലത്തെ ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളെയും പരാമർശിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കോൺഗ്രസ് വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്, കോൺഗ്രസ് ബജറ്റുകളിൽ സംസ്ഥാനങ്ങളെ പരിഗണിച്ചിട്ടില്ലേയെന്നും, കോൺഗ്രസിന്‍റെ ബജറ്റുകൾ ചൂണ്ടിക്കാട്ടാമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളെയും എപ്പോഴും പരാമർശിക്കാനാവില്ല. ആരോടും വിരോധവും വിധേയത്വവും ഇല്ലെന്നും അവര്‍ പറഞ്ഞു.
നേപ്പാളിൽ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പൊഖാറ വിമാനത്താവളത്തിലേക്ക് പോയ ശൗര്യ എയർലൈൻസിന്റെ വിമാനം അപകടത്തിൽപ്പെട്ടു. ജീവനക്കാരടക്കം 19 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വിമാനം പൂർണമായി കത്തിയമർന്നു. പൊലീസിന്റെയും അഗ്നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. റൺവേയിൽ നിന്നും വിമാനം തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.
ചലച്ചിത്ര മേഖലയിൽ വനിതകൾ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇന്ന് പരസ്യമാക്കും. അഞ്ചു വർഷത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവരുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ വിവരാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് ഒഴിവാക്കിയാണ് പ്രസിദ്ധീകരിക്കുക. റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ വിവിധ മേഖലകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.
ഏറെ വിവാദങ്ങൾക്കും നിരന്തര സമ്മർദ്ദങ്ങൾക്കും ഒടുവിൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവരാനിരിക്കെ ഹൈക്കോടതിയിൽ ഹര്‍ജി. ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പറയിലാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
എസ്എൻഡിപി പ്രസക്തമെന്ന് ഗോവിന്ദൻ മാഷിന് തോന്നിയെങ്കിൽ സന്തോഷമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അതുകൊണ്ടാണല്ലോ വിമർശനം ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈഴവ സമുദായത്തിൽ നിന്ന് വോട്ട് ചോർന്നത് എന്തുകൊണ്ടാണെന്ന് നോക്കി തിരുത്തണം. എസ്എൻഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും മുസ്‌ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ പരിശോധനകളിൽ സംതൃപ്തിയുണ്ടെന്ന് അർജുന്റെ ബന്ധു. സന്നദ്ധ പ്രവർത്തകരെ ഇനി രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. പുഴയിലെ പരിശോധനയിൽ കൂടുതൽ പ്രവർത്തിക്കാൻ കഴിയുക നാവിക സേന അടക്കമുള്ളവർക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ ആദ്യത്തെ മൂന്ന് ദിവസം കർണാടക സർക്കാർ കാണിച്ച അലംഭാവമാണ് അർജുന്റെ രക്ഷപ്രവർത്തനം ഈ നിലയിലാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉണർന്നു പ്രവർത്തിച്ചിരുന്നേൽ ജീവനോടെ കിട്ടിയേനെയെന്നും ആദ്യത്തെ മൂന്ന് ദിവസം മൂന്ന് ജെസിബി മാത്രമാണ് ഉണ്ടായിരുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കർണാടക സർക്കാരിന്റെ അലംഭാവത്തിന് കെസി വേണുഗോപാൽ മറുപടി പറയണമെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.
അർജുന് വേണ്ടിയുള്ള പരിശോധനയ്ക്കായി സൈന്യം ബൂം ക്രെയിൻ എത്തിച്ചു. സാനി എന്ന കമ്പനിയുടെ ഈ ലാർജ് എസ്കവേറ്ററിന് 60 അടി വരെ ആഴത്തിലെ വസ്‍തുക്കളെ വലിച്ചുയർത്താൻ സാധിക്കും. ഇത്തരത്തിൽ രണ്ട് ലാർജ് എസ്‍കവേറ്റുകളാണ് സൈന്യം എത്തിച്ചിരിക്കുന്നത്. നദിയില്‍ 60 മീറ്ററോളം ദൂരത്തിലും ആഴത്തിലും ഈ ക്രെയിന്‍ ഉപയോഗിച്ച് പരിശോധന നടത്താൻ സാധിക്കും.
തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ കൃത്യവിലോപം നടത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻ്റ് ചെയ്തു. സെക്രട്ടറിയേറ്റ് സര്‍ക്കിൾ ഹെല്‍ത്ത് ഇന്‍സ്പെക്ടർ കെ ഗണേഷിനെയാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് സസ്പെന്റ് ചെയ്തത്. ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന രാജാജി നഗർ, പാളയം, തമ്പാനൂർ ഭാഗങ്ങൾ ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ മേൽനോട്ട ചുമതല സെക്രട്ടറിയേറ്റ് സര്‍ക്കിൾ ഹെല്‍ത്ത് ഇന്‍സ്പെകടർ കെ ഗണേഷിനാണ്. കോർപറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തിൽ ഗണേഷിന്റെ ഭാഗത്ത് ഗുരുതര വീഴ്ച വന്നതായാണ് കണ്ടെത്തൽ.
എറണാകുളത്തെ കുണ്ടന്നൂര്‍ തേവര മേല്‍പ്പാലം അറ്റക്കുറ്റപണിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അറ്റക്കുറ്റപണിയില്‍ അപാകത സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. ശരിയായ രീതിയില്‍, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ അറ്റക്കുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ രണ്ട് ദിവസം ജലവിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്. സ്മാർട്ട് സിറ്റി നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുന്നതും പഴയ ബ്രാഞ്ച് ലൈനുകൾ, പുതിയ പൈപ്പ് ലൈനുമായി ബന്ധിപ്പിക്കുന്നതുമായ ജോലികൾ നടക്കുന്നതുമാണ് കാരണം.
ട്രെയിനിൽ നിന്ന് 26 കിലോഗ്രാം കഞ്ചാവ് പിടികൂടി. മംഗലാപുരം സെൻട്രൽ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ട്രെയിൻ തിരൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ തിരൂരിലെ എക്സൈസ് സർക്കിൾ ഓഫീസ് സംഘവും റെയിൽവെ സംരക്ഷണ സേനയും ചേർന്നാണ് പരിശോധന നടത്തിയത്.
സ്‌കൂളുകളില്‍ പാചകത്തിനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ ജലജ ചന്ദ്രന്‍. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാംപിൾ ഓരോ ദിവസവും ശേഖരിച്ച് വയ്ക്കണമെന്നും കമ്മിഷന്‍ പറഞ്ഞു. കുട്ടികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ആര്യാട് ലൂഥറന്‍സ് ഹൈസ്‌കൂളില്‍ അന്വേഷണത്തിന് എത്തിയതായിരുന്നു കമ്മീഷന്‍.
ബിഎസ്‌സി നഴ്സിങ് ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ ആയിരത്തിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു വച്ചതിൽ പ്രതിസന്ധി. ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരം കിട്ടും മുൻപ് കോഴ്സ് തുടങ്ങിയതാണ് പ്രശ്നമായിരിക്കുന്നത്. 156 നഴ്സിങ് കോളേജുകളിൽ 24 കോളേജുകളിലെ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം തുടങ്ങിയ പത്തനംതിട്ട, വയനാട്, ഇടുക്കി തുടങ്ങി അഞ്ചിടത്തെ സർക്കാർ നഴ്സിങ് കോളേജുകളും സർക്കാർ നിയന്ത്രിത സി-മെറ്റ് കോളേജുകളും ഉൾപെടെ 17 നഴ്സിങ് കോളേജുകളിലേയും സീറ്റ് കൂട്ടി നൽകിയ ഏഴ് കോളേജുകളിലേയും ഒന്നാം സെമസ്റ്റർ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്.
കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസ് ബസിൽ സിഗരറ്റ് കടത്ത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വന്ന ബസിൽ നിന്നും എണ്‍പത് പാക്കറ്റ് സിഗരറ്റ് കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗമാണ് പിടികൂടിയത്. ഇത് പിന്നീട് സംസ്ഥാന എക്സൈസ് വകുപ്പിന് കൈമാറി. ബസിലുണ്ടായിരുന്ന ബാഗിനകത്താണ് സിഗരറ്റ് കണ്ടെത്തിയത്. ഈ ബാഗ് ആരുടേതാണെന്ന് വ്യക്തമല്ല.
പത്തനംതിട്ടയിൽ തൊഴിലുറപ്പ് തൊഴിലാളികൾ കാടു തെളിക്കുന്നതിനിടെ ടിന്നിൽ അടച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. ഉപയോഗ ശൂന്യമായ ഒരു കെട്ടിടത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് ടിൻ കണ്ടെത്തിയത്. 450 ഗ്രാം കഞ്ചാവും, ഇതു നിറച്ചു വിൽപന നടത്തുന്നതിനുള്ള ചെറിയ കവറുകളും ടിന്നുള്ളിൽ സൂക്ഷിച്ചിരുന്നു. വിവരം അറിയിച്ചത് അനുസരിച്ച് എക്സൈസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ ഇഡി കേസിൽ പ്രതി കെ.ഡി. പ്രതാപന് ജാമ്യമില്ല. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് പ്രതിക്കെതിരായ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതെന്ന് നിരീക്ഷിച്ച് ജാമ്യാപേക്ഷ തള്ളിയത്. തൃശൂരിലെ കൂടാതെ ഝാർഖണ്ഡ് കേന്ദ്രീകരിച്ചും പ്രതാപൻ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന വിവരങ്ങളിൽ ഇഡി അന്വേഷണം തുടരുകയാണ്.
മലപ്പുറം പാണ്ടിക്കാട്ടെ നിപ വൈറസ് ബാധയിൽ ആശങ്ക പതിയെ ഒഴിയുന്നതിനിടെ കേരളാ അതിര്‍ത്തിയിൽ തമിഴ്‌നാട് ആരോഗ്യവിഭാഗത്തിന്റെ പരിശോധന. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതോടൊപ്പം യാത്രക്കാരോട് മാസ്ക് ധരിക്കാനും ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുണ്ട്.
ബീവറേജസ് കോർപറേഷന്റെ പുതിയ വിൽപന കേന്ദ്രം തുറക്കാനുള്ള നടപടികൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കോഴിക്കോട് മുക്കം പെരുമ്പടപ്പിൽ ഔട്ട്‍ലെറ്റിനായി കണ്ടെത്തിയ സ്ഥലം പരിശോധിക്കുന്നതിന് വേണ്ടി എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ജനവാസ മേഖലയില്‍ പുതിയ മദ്യ വിൽപന കേന്ദ്രം ആരംഭിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടുമായാണ് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാർ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞത്.
പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയ പാതയിൽ ലോറി തടഞ്ഞ് പോത്തുകളെ കവർന്ന സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷജീർ, ഷമീർ എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിലും ജീപ്പിലും ബൈക്കിലുമായെത്തിയ സംഘം ലോറി തടഞ്ഞ് പോത്തുകളെയും മൂരികളെയും കവരുകയായിരുന്നു. ലോറിയിൽ 50 പോത്തുകളും 27മൂരികളുമാണ് ഉണ്ടായിരുന്നത്. ആന്ധ്രയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇവർ തട്ടിയെടുത്തത്.
പാലക്കാട് മണ്ണാർക്കാട് എഐവൈഎഫ് നേതാവ് ഷാഹിനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വടക്കുമണ്ണത്തെ വാടക വീട്ടിൽ പൊലീസ് വിശദമായ പരിശോധന നടത്തി. ഫോറൻസിക്, വിരലടയാള വിദഗ്‌ധൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാർക്കാട് മണ്ഡലം ജോ.സെക്രട്ടറിയും പാ൪ട്ടി പരിപാടികളിൽ സജീവ സാന്നിധ്യവുമായിരുന്ന ഷാഹിനയെ തിങ്കളാഴ് രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പളളുരുത്തി വെളി മാര്‍ക്കറ്റില്‍ നിന്ന് ഇരുന്നൂറ് കിലോ പഴകിയ മല്‍സ്യം പിടിച്ചു. കൊച്ചി നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ചീഞ്ഞ മീന്‍ പിടിച്ചെടുത്തത്. മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്ന യൂസഫ് എന്ന കച്ചവടക്കാരനില്‍ നിന്നാണ് പഴകിയ മല്‍സ്യം പിടിച്ചെടുത്തത്.
മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സംഗ്ലി ജില്ലയില്‍ ഷിരാല ചന്ദോളി അണക്കെട്ട് പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. വാരണാവതിയിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. പുലർച്ചെ 4:47 ന് ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3.0 ആണ് രേഖപ്പെടുത്തിയത്.
ഹൈദരാബാദിലെ ജിയാഗുഡ ഏരിയയിൽ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ പത്ത് വയസുകാരി മരിച്ചു. അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു. വെങ്കിടേശ്വര നഗർ കോളനിയിലെ ഒരു കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന ഇരുപത് പേരെ പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു.
ഗുജറാത്തിൽ കനത്ത മഴയെ തുടർന്ന് മൂന്ന് നില കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരിച്ചു. 65 വയസുള്ള സ്ത്രീയും ഇവരുടെ രണ്ട് പേരക്കുട്ടികളുമാണ് മരിച്ചത്. ദ്വാരക ജില്ലയിലെ ദേവ്ഭൂമിക്കടുത്ത് ജാം ഖംബാലിയ ടൗണിലാണ് അപകടമുണ്ടായത്. ഗുജറാത്തിയ സൗരാഷ്ട്ര മേഖലയിൽ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.
മുസൂറിയിലെ ലാൽ ബഹാദുർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ ഹാജരാകാനുള്ള അവസാന തിയതി ലംഘിച്ച് പൂജാ ഖേഡ്കർ. വിവാദങ്ങൾക്ക് പിന്നാലെ ട്രെയിനിംഗ് നിർത്തി തിരികെ എത്താനായിരുന്നു നിർദ്ദേശം. അധികാര ദുർവിനിയോഗത്തിനും സിവിൽ സർവീസ് നേടാൻ വ്യാജരേഖ ചമച്ചെന്ന ആരോപണവും നേരിടുന്നതിനിടെയാണ് പൂജയോട് അക്കാദമിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയത്. 16ന് സംസ്ഥാന സർക്കാരിനൊപ്പമുള്ള പൂജയുടെ ട്രെയിനിംഗ് അവസാനിപ്പിച്ചതായി മഹാരാഷ്ട്ര അഡീഷണൽ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
ഹിമാചൽ പ്രദേശിൽ 89 പ്രൈമറി സ്കൂളുകളിൽ പഠിക്കാൻ കുട്ടികളില്ലെന്ന് റിപ്പോർട്ട്. 701 പ്രൈമറി സ്കൂളുകളിൽ അഞ്ച് കുട്ടികളിൽ താഴെയാണുള്ളത്. വിദ്യാർത്ഥികളില്ലാത്ത സ്കൂളുകളെ മറ്റ് സ്കൂളുകളുമായി ലയിപ്പിച്ച് പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിലാണ് സർക്കാർ. സ്കൂളുകൾ ലയിപ്പിക്കാനുള്ള സാധ്യതകളേക്കുറിച്ച് പഠിക്കാൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി.
തെക്കന്‍ ഇത്യോപ്യയിലെ മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 200ലേറെപ്പേര്‍ മരിച്ചതായി വിവരം. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയില്‍ വലിയ മലയാണ് ഇടിഞ്ഞിറങ്ങിയത്. ആദ്യം ഉരുള്‍പൊട്ടി മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാമത്തേതും ഉണ്ടാവുകയായിരുന്നു. മരിച്ചവരില്‍ 148 പുരുഷന്‍മാരെയും 81 സ്ത്രീകളെയും തിരിച്ചറിഞ്ഞതായി കെഞ്ചോ ഷാച് അധികൃതര്‍ അറിയിച്ചു.