പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പ്രോട്ടേം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മഹത്താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രിക്കുശേഷം രണ്ടാമതായി രാജ് നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് മറ്റു കേന്ദ്ര മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഭരണഘടന കയ്യിലേന്തി സഭയിലെത്തിയ പ്രതിപക്ഷം പ്രതിഷേധിച്ചു. സ്പീക്കറെ തിരഞ്ഞെടുക്കുന്നതിന് പ്രോടെം സ്പീക്കറെ സഹായിക്കാൻ നിയോഗിച്ച ചെയർപേഴ്‌സൺമാരെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചപ്പോഴാണ് പ്രതിപക്ഷം ബഹളംവെച്ചത്. എട്ടുതവണ ലോക്‌സഭാംഗമായിത്തുടരുന്ന മുതിർന്ന കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു. വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സത്യ പ്രതിജ്ഞ ചെയ്തപ്പോൾ നീറ്റ് വാക്യമുയർത്തിയും പ്രതിപക്ഷം ബഹളം വച്ചു.
പാര്‍ലമെന്‍റ് സമ്മേളനത്തിന് മുൻപായി പ്രധാനമന്ത്രി നരേന്ദ്രമോദി എംപിമാരെ സ്വാഗതം ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ചരിത്ര ദിനമാണ് ഇതെന്നും രാജ്യത്തെ നയിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാന്‍ ശ്രമമുണ്ടാകണമെന്നും നരേന്ദ്രമോദി പാര്‍ലമെന്‍റില്‍ പറഞ്ഞു. മൂന്നാം തവണയും ജനങ്ങൾ സർക്കാരിൽ വിശ്വാസമർപ്പിച്ചു. പാർലമെൻ്റിൻ്റെ മാന്യത പ്രതിപക്ഷം പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കണമെന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഭരണഘടനയുടെ പകര്‍പ്പുമായാണ് പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്‍റിലെത്തിയത്. ഗാന്ധി പ്രതിമ നേരത്തെ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് മാര്‍ച്ചായിട്ടായിരിക്കും കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്‍റിലെത്തുക. പ്രതിപക്ഷത്തിന്‍റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ ബിജെപിയുടെ തീരുമാനം അറിഞ്ഞശേഷമായിരിക്കും നിശ്ചയിക്കുക. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ എംപിമാരും ഭരണഘടനയുടെ പകര്‍പ്പുമായിട്ടായിരിക്കും പാര്‍ലമെന്‍റിലെത്തുക.
ലോക്സഭ അംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി എംപി. ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്‍ക്കാരിൽ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് അദ്ദേഹം.
വന്യജീവി വിഷയത്തിൽ സ്വകാര്യ ബിൽ പാർലമെന്‍റില്‍ അവതരിപ്പിക്കുമെന്ന് നിയുക്ത കോട്ടയം എംപി ഫ്രാൻസിസ് ജോര്‍ജ്. ജനങ്ങളെ വന്യജീവികളുടെ ദാക്ഷിണ്യത്തിന് വിട്ടുകൊടുക്കാൻ കഴിയില്ലെന്നും, വന്യജീവികൾ ആക്രമിച്ചാൽ കയ്യും കെട്ടിയിരിക്കണമെന്ന ഏർപ്പാട് ഇന്ത്യയിൽ മാത്രമാണ്. ലോക്സഭയിൽ സംസാരിക്കാൻ കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ റബർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വൺ സീറ്റ് വിഷയത്തില്‍ അണ്‍ എയ്ഡഡ് മേഖലയിലെ സീറ്റുകളുടെ കണക്ക് സഭയില്‍ ആവര്‍ത്തിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. 17298 പേർക്കാണ് ഇനി സീറ്റ് കിട്ടാൻ ഉള്ളതെന്നും സപ്ലിമെന്‍ററി അലോട്ട്മെന്‍റ് കഴിയുമ്പോൾ 7408 സീറ്റ് പ്രശ്‌നം വരും എന്നാൽ നാളെ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും വി ശിവന്‍കുട്ടി സഭയില്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തോൽവിക്ക് മുഖ്യമന്ത്രിയുടെ നിലപാടുകളും കാരണമായെന്ന് കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ചാഴികാടൻ പറഞ്ഞു. കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. പാലായിൽ നടന്ന നവ കേരള സദസ്സിലെ ശകാരം അടക്കം തിരിച്ചടിയായി.സി പി എം വോട്ടുകൾ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് ലഭിക്കാതെ പോയതും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾക്ക് കാരണമെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ വ്യക്തമാക്കി. എം.വിന്‍സന്‍റിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടിക്കടി മരണങ്ങൾ ഉണ്ടാകുന്നുണ്ട്. അതോടൊപ്പം കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാർ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ ജീവനക്കാരുടെ എതിർപ്പ് ഏറ്റുവാങ്ങിയ സർക്കാർ ഇതുപോലെ വേറെ ഇല്ലെന്ന് രമേശ് ചെന്നിത്തല. ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണം. ശമ്പളവും ക്ഷാമബത്തയും വരെ മുടങ്ങിയ ജീവനക്കാർക്ക് ജീവാനന്ദം പദ്ധതിയിൽ സംശയമുണ്ടെന്നും. സർക്കാർ ജീവനക്കാരോടുള്ള ക്രൂരത സർക്കാർ അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍, ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം വായിക്കരുതെന്ന് ധനമന്ത്രി മറുപടി നൽകി.
സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിൽ കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസ്സാക്കി. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. എന്നാൽ ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽ മതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. ഇതിനെ തുടർന്നാണ് പ്രമേയം വീണ്ടും അവതരിപ്പിച്ചത്.
ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ കൂടുതൽ പരാതികൾ. കൈക്കൂലി വാങ്ങിയെന്നും തുക കുറഞ്ഞതിനാൽ രോഗിയെ നോക്കിയില്ലെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് നവകേരളസദസ്സിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം നവകേരള സദസില്‍ പരാതി കൈപ്പറ്റിയെന്ന രസീത് വന്നെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്നും റിപ്പോർട്ടുണ്ട്.
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിവാദ പരാമര്‍ശവുമായി എസ് വൈ എസ് നേതാവ്. കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാൻ കഴിയില്ലെന്ന് എസ് വൈ എസ് നേതാവ് മുസ്തഫ മുണ്ടുപാറ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് അവഗണന തുടരുമ്പോൾ മലബാർ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ തെറ്റ് പറയാൻ കഴിയില്ലെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം.
കൊല്ലത്ത് ഔദ്യോഗിക ആവശ്യത്തിനെത്തിയ അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അഭിഭാഷകനും സിപിഎം നേതാവുമായ ഇ. ഷാനവാസ് ഖാനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനടക്കമാണ് കേസ്. അഭിഭാഷകൻ വീട്ടിലേക്ക് വിളിച്ചുവരുത്തി കടന്നു പിടിച്ചെന്ന യുവതിയുടെ പരാതിയിലാണ് നടപടി.
പ്രോടേം സ്പീക്കര്‍, നീറ്റ്, നെറ്റ് വിവാദങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം നടക്കുകയാണെന്നും ഈ വിഷയങ്ങള്‍ ശക്തമായി പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും നിയുക്ത എംപി ഷാഫി പറമ്പിൽ വ്യക്തമാക്കി. കഴിഞ്ഞതവണത്തെ പോലെ അവഗണിക്കാവുന്ന ശക്തിയല്ല പ്രതിപക്ഷം. ഇന്ത്യ മുന്നണിയുടെ ശബ്ദമാവുക എന്നത് പാർലമെന്‍റിന് അകത്തെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. മലപ്പുറത്ത് 20,000ത്തോളം സീറ്റുകള്‍ ബാക്കിയുണ്ട്. ഒരു കുട്ടി തന്നെ രണ്ടും മൂന്നും സ്കൂളുകളില്‍ അപേക്ഷിച്ചിട്ടുണ്ട്. അതാണ് അപേക്ഷകള്‍ പെരുപ്പിച്ചുകാണിക്കുന്നത്. എല്ലാ കുട്ടികള്‍ക്കും പ്രവേശനം സര്‍ക്കാര്‍ ഉറപ്പ് നല്‍കും. അവസാന അലോട്ട്മെന്‍റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം തുടരുന്നു. കോഴിക്കോട് ഡി.ഡി.ഇ ഓഫിസ് കെഎസ്‌യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പ്രതിഷേധക്കാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. മലപ്പുറത്തെ ഹയര്‍സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് എം.എസ്.എഫിന്റെ പ്രതിഷേധവുമുണ്ടായി.ഹരിത പ്രവര്‍ത്തകരാണ് ഇന്ന് പ്രതിഷേധവുമായി എത്തിയത്.
ജിഎസ്‌ടിയിലെ കേന്ദ്ര– സംസ്ഥാന നികുതി പങ്കുവയ്‌ക്കൽ അനുപാതം പുനഃപരിശോധിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിലവിൽ 50:50 എന്നതാണ് അനുപാതം. ഇത് 40:60 ആയി മാറ്റണം. ജിഎസ്‌ടിയുടെ 60 ശതമാനമെങ്കിലും സംസ്ഥാനങ്ങൾക്ക് ഉറപ്പാക്കണമെന്നു ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.
എ കെ ബാലന്റെ പരാമർശം പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്ന് വിമർശനം. പാലക്കാട് സിപിഎം ജില്ല കമ്മിറ്റിയിലാണ് വിമർശനമുയർന്നത്. ചിഹ്നം സംരക്ഷിക്കാൻ വോട്ടു പിടിക്കണമെന്ന പരാമർശം തെറ്റായിപ്പോയെന്നും പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്നും അംഗങ്ങൾ വിമർശനമുയർത്തി. ഇപി ജയരാജനെതിരെയും രൂക്ഷമായ വിമർശനമുയർന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇപി അനാവശ്യ വിവാദമുണ്ടാക്കിയത് തിരിച്ചടിയായെന്നും അംഗങ്ങൾ വിമർശിച്ചു.
പത്തനംതിട്ടയിൽ സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. കടമ്മനിട്ട വട്ടോണമുരിപ്പിലെ ബാബുജിയുടെ വീടിന് നേരെയാണ് ഒരു സംഘം ആക്രമണം നടത്തിയത്. വീടിന്‍റെ ജനൽചില്ലുകൾ അടിച്ച് തകർത്ത സംഘം വാഹനങ്ങളും നശിപ്പിച്ചു. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം.
വയനാട് കേണിച്ചിറയിൽ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കാട്ടിലേക്ക് തുറന്നു വിടാൻ ആകില്ല. താഴത്തെ നിരയിലെ രണ്ട് പല്ലുകൾ തകർന്നിട്ടുണ്ട്. തോൽപ്പെട്ടി 17 എന്ന കടുവ നിലവിൽ ഇരുളം വനം വകുപ്പ് കേന്ദ്രത്തിലാണുള്ളത്. കടുവയെ മൃഗശാലയിൽ പുനരധിവസിപ്പിക്കാൻ സാധ്യതയുണ്ട്. വിശദമായ ആരോഗ്യ പരിശോധന ഇന്ന് നടത്തിയേക്കും.
ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവില്‍ ശക്തമായ കുഴിപ്പന്‍ തിരമാലയില്‍ കെട്ടിടം തകര്‍ന്നുവീണു. മുമ്പ് ടെലിഫോണ്‍ ബൂത്തായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തിരയില്‍ തകര്‍ന്നത്. കെട്ടിടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഹോട്ടലും ഭാഗികമായി തകര്‍ന്നു. കെട്ടിടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന രണ്ട് തെങ്ങുകളും വീഴുന്ന നിലയിലാണ്.
പാലക്കാട് പട്ടാമ്പിയിൽ വീട് കുത്തിത്തുറന്ന് മോഷണം. മരുതൂരിൽ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 38 പവൻ സ്വർണ്ണാഭരണവും 16000 രൂപയും മോഷണം പോയി. അബുബക്കറിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മഹാരാഷ്ട്രയിൽ മുതിർന്ന ബി ജെ പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൂര്യകാന്താ പാട്ടീൽ ബിജെപി വിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നു പാർട്ടിയുമായി അകൽച്ചയിലായിരുന്നു സൂര്യകാന്താ. എല്ലാറ്റിനും നന്ദി, കഴിഞ്ഞ 10 വർഷത്തിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചു എന്നാണ് പാർട്ടി വിട്ട ശേഷം പാട്ടീൽ പ്രതികരിച്ചത്. ബിജെപി വിട്ട നേതാവ് എൻസിപി ശരദ് പവാറിനൊപ്പം ചേരുമെന്നാണ് സൂചന.
ഛത്തിസ്‌ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ ആർ വിഷ്ണുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ തിരുവനന്തപുരം പാലോട്ടെ വീട്ടിൽ എത്തിക്കും. കുഴിബോംബ് പൊട്ടിത്തെറിച്ചാണ് വിഷ്ണുവും ഉത്തർപ്രദേശ് സ്വദേശി ശൈലേന്ദ്രയും കൊല്ലപ്പെട്ടത്.
റഷ്യയുടെ കോക്കസസ് മേഖലയിലെ നഗരമായ ഡാഗെസ്താനിലെ ജൂത സിനഗോഗിന് നേരെയും തലസ്ഥാനമായ മഖച്കലയിലെ പോലീസിനെ ലക്ഷ്യമിട്ടും ഒരേസമയം നടത്തിയ ഭീകരാക്രമണത്തില്‍ മരണ സംഖ്യ ഉയര്‍ന്നു. 15 പൊലീസ് ഉദ്യോഗസ്ഥരും ഒരു പുരോഹിതനും കൊല്ലപ്പെട്ടു.