ലോക്സഭാ എംപിയായി കെ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിനു പകരം മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കും. സിപിഎം സംസ്ഥാന സമിതിയംഗമായ ഒ ആര്‍ കേളുവിന് പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും നല്‍കുക. അതേസമയം, കേരള മന്ത്രി സഭയില്‍ വി എന്‍ വാസവന് ദേവസ്വം വകുപ്പിന്‍റെ ചുമതലയും, പാര്‍ലമെന്‍ററി കാര്യ വകുപ്പ് എം ബി രാജേഷിനും നല്‍കും.
വയനാട് ജില്ലയില്‍നിന്ന് സി.പി.എം. സംസ്ഥാന സമിതിയിലെത്തുന്ന ആദ്യ പട്ടികവര്‍ഗ നേതാവാണ് ഒ.ആര്‍. കേളു. പാര്‍ട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റായ ഒ.ആര്‍. കേളു, സംവരണ മണ്ഡലമായ മാനന്തവാടിയില്‍നിന്നുള്ള നിയമസഭാംഗമാണ്. ഇക്കഴിഞ്ഞ സി.പി.എം. വയനാട് ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി കുറിച്യ സമുദായക്കാരനായ കേളു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഹൈക്കോടതിയോട് ബഹുമാനവും ആദരവും വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കേസുകൾ നീട്ടിവയ്ക്കാൻ സർക്കാർ അഭിഭാഷകർ തുടർച്ചയായി ആവശ്യപ്പെടുന്നു. നീതിനിർവഹണ സംവിധാനത്തിൽ ഈ രീതി ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മൂവാറ്റുപുഴ എറണാകുളം റോഡ് ദേശസാൽക്കരണവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ വിമർശനം.
നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടിസിന് അടിയന്തര സ്വഭാവം ഇല്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഉമ്മൻചാണ്ടിയുടെ കാലത്ത് 18 മാസം കുടിശ്ശിക ഉണ്ടായിരുന്നു. നിലവിൽ അഞ്ചു മാസത്തെ കുടിശ്ശിക ഉണ്ട്. അത് സമയ ബന്ധിതമായി കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെ, അടിയന്തിര പ്രമേയ നോട്ടീസ് കൊണ്ടുവന്ന പിസിവിഷ്ണു നാഥ് തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും സർക്കാൻ ഒരു പാഠവും പഠിച്ചില്ല എന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രിയുടെ നിലപാടെന്ന് വ്യക്തമാക്കി. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് 18 മാസത്തെ കുടിശ്ശിക ഉണ്ടെന്ന പ്രസ്താവന തെറ്റാണ്.
ക്ഷേമ പെൻഷനിൽ നിന്ന് സർക്കാർ മെല്ലെ പിൻവാങ്ങുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അവൻ പരാമർശം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാക്കുകൾ ബഹുമാനത്തോടെ ഉപയോഗിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് സതീശൻ നിയമസഭയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരമാർശം മന്ത്രി കെ.എൻ.ബാലഗോപാൽ സഭയിൽ ഉന്നയിച്ചപ്പോഴാണ് സതീശന്റെ മറുപടി.
ഊര് എന്ന പേരുമാറ്റി പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന സ്ഥലത്തെ ഉന്നതി എന്ന് വിളിക്കാനുള്ള ഉത്തരവിനെതിരെ കോവിൽമല രാജാവ് രാമൻ രാജമന്നാൻ. പേരു മാറ്റിയത് കൊണ്ട് കാര്യമില്ല. പട്ടികവർഗ്ഗ വിഭാഗക്കാരുടെ ജീവിത സാഹചര്യം കൂടി സർക്കാർ മനസ്സിലാക്കണം. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഊരുകൾ കേരളത്തിലുണ്ട്. ആ സ്ഥലങ്ങളെ ഉന്നതി എന്നു വിളിക്കുന്നത് പരിഹാസ്യമായിരിക്കുമെന്നും കോവിൽമല രാജാവ് വ്യക്തമാക്കി. എന്നാൽ കോളനി എന്ന പദം ഒഴിവാക്കിയത് സ്വാഗതാർഹമാണെന്നും കോവിൽമല രാജാവ് പറഞ്ഞു.
കെപിസിസി – യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്നും കെ മുരളീധരൻ വിട്ടുനിൽക്കും. തൃശ്ശൂരിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്നും തൃശ്ശൂർ ജയിച്ചാൽ മാത്രമേ കേരളത്തിൽ യുഡിഎഫിന് ഭരിക്കാൻ കഴിയൂ. പാർലമെന്‍റില്‍ ഉണ്ടായത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.മുരളീധരന്‍ പറഞ്ഞു.
എസ്എഫ്ഐ ജില്ലാ തല അംഗത്വ വിതരണത്തിന് അനുമതിയില്ലാതെ സ്കൂളില്‍ വേദിയൊരുക്കിയതായി പരാതി. പത്തനംതിട്ട വയ്യാറ്റുപുഴ വികെഎന്‍എം സ്കൂളിലാണ് എസ്എഫ്ഐ അംഗത്വ വിതരണ പരിപാടി നടത്താൻ തീരുമാനിച്ചത്. എന്നാല്‍, സംഭവം വിവാദമാകുകയും എതിര്‍പ്പുയരുകയും ചെയ്തതോടെ സ്കൂളില്‍ നടക്കാനിരുന്ന പരിപാടി മാറ്റി. ഇതിനായി സ്കൂളിലെ അധ്യാപകരില്‍ ഒരാള്‍ ഒത്താശ ചെയ്തുവെന്നാണ് ആരോപണം.
കാഫിര്‍ പോസ്റ്റ് പങ്കുവച്ച സംഭവത്തില്‍ സി.പി.എം നേതാവ് കെ.കെ.ലതികയ്ക്കെതിെര അന്വേഷണം. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി. പോസ്റ്റ് വ്യാജമെന്നറിഞ്ഞിട്ടും ലതിക നീക്കം ചെയ്തിരുന്നില്ലെന്നും മുന്‍ എം.എല്‍.എ എന്ന സ്വാധീനത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നുമായിരുന്നു പരാതിയില്‍ ഉണ്ടായിരുന്നത്. ജില്ലാ പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കുവൈത്ത് തീപിടിത്ത ദുരന്തത്തില്‍ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന് ലൈഫ് പദ്ധതിയിൽ വീട് നൽകാൻ ചാവക്കാട് നഗരസഭ തീരുമാനമെടുത്തു. നഗരസഭയുടെ അടിയന്തിര കൗൺസിൽ ചേർന്നാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭ തീരുമാനം തദ്ദേശ സ്വയം ഭരണ വകുപ്പിന് കൈമാറുമെന്നും ചാവക്കാട് നഗരസഭ അറിയിച്ചു.
പത്തനംതിട്ട കൊടുമണ്ണില്‍ റവന്യൂ ഉദ്യോഗസ്ഥരെ മറികടന്നുള്ള മന്ത്രി വീണ ജോർജിന്‍റെ ഭർത്താവിന്‍റെ റോഡ് അളക്കലിൽ പ്രാദേശിക സിപിഎം നേതൃത്വത്തിന് അതൃപ്തി. മന്ത്രിയുടെ ഭർത്താവ് ജോർജ്ജ് ജോസഫും കോൺഗ്രസുമായുള്ള നടുറോഡിലെ കയ്യാങ്കളി ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് പാർട്ടിയിലെ സംസാരം. ജോർജ്ജിന്‍റെ അപേക്ഷയിലാണ് പുറംമ്പോക്ക് കയ്യേറ്റം പരിശോധിക്കാൻ റവന്യു വകുപ്പ് അളവ് തുടങ്ങിയത്. അതിനെ മറികടന്ന്, പ്രാദേശിക കോൺഗ്രസ് നേതാക്കൾ വെല്ലുവിളിച്ചെന്ന് അവകാശപ്പെട്ട് ജോർജ്ജ് ജോസഫും അനുയായികളും റോഡ് അളക്കാൻ ഇറങ്ങുകയായിരുന്നു.
സിറോ മലബാർ സഭയിലെ കുർബാന തർക്കത്തിൽ കടുത്ത നടപടി പാടില്ലെന്ന് എറണാകുളം – അങ്കമാലി അതിരൂപയിൽ ഉൾപ്പെട്ട അഞ്ച് ബിഷപ്പുമാർ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന് കത്ത് നൽകി. ജൂലൈ നാലാം തീയ്യതിക്ക് ശേഷം ഏകീകൃത കുർബാന ചൊല്ലാത്ത വൈദികരെ പുറത്താക്കുമെന്ന് കാണിച്ച് സർക്കുലർ ഇറക്കിയത് ശരിയായില്ലെന്ന് ബിഷപ്പുമാർ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പ്ലസ് വൺ പ്രവേശനത്തിൽ മൂന്നാം ഘട്ട അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും മലബാറിൽ മുക്കാൽ ലക്ഷം പേർക്ക് സീറ്റ് ലഭിച്ചില്ലെന്ന് റിപ്പോർട്ട്. ബാക്കിയുള്ള മെറിറ്റ്, കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വാട്ട സീറ്റുകൾ പരിഗണിച്ചാലും 54000 സീറ്റിന്‍റെ കുറവാണ് മലബാര്‍ ജില്ലകളിലായുള്ളതെന്നാണ് റിപ്പോർട്ട്.
തലശ്ശേരി എരഞ്ഞോളിയിൽ വൃദ്ധൻ ബോംബ് പൊട്ടി മരിച്ച സംഭവത്തിൽ വെളിപ്പെടുത്തൽ നടത്തിയ പ്രദേശവാസിയായ യുവതിയെയും കുടുംബത്തെയും ഒറ്റപ്പെടുത്താൻ നീക്കം നടക്കുന്നതായി ആരോപണം. പ്രതികരിച്ചതിനുപിന്നാലെ നാട്ടിൽ ഒറ്റപ്പെടുത്തൽ തുടങ്ങിയെന്നും മെമ്പർ അടക്കം സിപിഎം പ്രവർത്തകർ വീട്ടിലെത്തിയെന്നും അവർ പറഞ്ഞു.
വീടുകളിൽ പാർട്ടിയുടെ നേതൃത്വത്തിൽ നിർബന്ധിത പിരിവുണ്ട്. മിനിമം 500 രൂപയെങ്കിലും കൊടുക്കണം. എല്ലാവരും പേടിച്ചിട്ടാണ് കൊടുക്കുന്നത്. ഇതുവരെ ഒരു സാധാരണക്കാരൻ അവിടെ മരിച്ചിട്ടില്ല.ഇപ്പോള്‍ ഒരാള്‍ മരിച്ച അനുഭവം ഉണ്ടായപ്പോള്‍ തുറന്നു പറയാമെന്ന് കരുതിയാണെന്നും അവർ വ്യക്തമാക്കി.
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന ഫ്രാൻസിസ്, സുരേഷ് യേശുദാസ് എന്നിവർ രക്ഷപ്പെട്ടു.
കേരള ഹൈകോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും.രാജ്യത്ത് ആദ്യമായി കേരള ഹൈക്കോടതിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. പോസ്റ്റൽ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി. ഇ പോസ്റ്റൽ സംവിധാനം വരുന്നതോടെ ഒറ്റ ദിവസം കൊണ്ട് തന്നെ നോട്ടീസ് കക്ഷികൾക്ക് നൽകാനാവുന്ന സാഹചര്യമാണ് വരുന്നത്. ഇ മെയിൽ വഴി നോട്ടീസ് അയക്കുന്നതിനെക്കാൾ കൃത്യത ഈ പോസ്റ്റിലൂടെ ലഭിക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിർമ്മാണത്തിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിങ് പൂർത്തിയായി. റിങ് റോഡിനായുള്ള സ്ഥലമേറ്റെടുപ്പ്, തീരശോഷണം, തൊഴിൽ നഷ്ടം, മുതലപ്പൊഴിയിലെ അപകടങ്ങൾ എന്നിവയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്ത ഘട്ടങ്ങൾക്കായുള്ള പാരിസ്ഥിതികാനുമതിയുടെ പബ്ളിക് ഹിയറിങിൽ ഉയർന്ന പ്രധാനപ്പെട്ട ആശങ്കകൾ.
സുപ്രീംകോടതി ഉത്തരവ് പോലും ലംഘിച്ച് തമിഴ് നാട് മോട്ടോര്‍ വാഹന വകുപ്പ് കേരളത്തില്‍ നിന്നുളള ബസുകള്‍ അകാരണമായി തടയുകയാണെ ബസ് ഉടമകൾ. എന്നാല്‍, സ്റ്റേജ് കാരേജ് പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ മാത്രമാണ് തടയുന്നതെന്നാണ് തമിഴ് നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണം.
പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. അമ്പലപ്പാറ പൊട്ടച്ചിറ സന്തോഷിനെയാണ് വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെയായിരുന്നു സംഭവം.
കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തെ ഹോട്ടലിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി. ബദിരിയ എന്ന ഹോട്ടലിൽ നിന്നും വാങ്ങിയ ബീഫ് ഫ്രൈയിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനാണ് പരാതി നൽകിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് ഹോട്ടലിൽ പരിശോധന നടത്തി.
തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ ആണ്‍ സുഹൃത്തിനെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി. നെടുമങ്ങാട് സ്വദേശി ബിനോയിയെ കഴിഞ്ഞ ദിവസമാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇൻഫ്ലുവൻസർ കുടിയായ യുവാവിനെതിരെ കേസെടുത്തത്.
അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടിത്തം. എയര്‍ അറേബ്യയുടെ വിമാനം ഇന്ന് പുലര്‍ച്ചെ അബുദാബിയില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെടുമ്പോളാണ് സംഭവം ഉണ്ടായത്.
യാത്രക്കാരന്‍റെ പവര്‍ ബാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതിനെ തുടർന്ന് വലിയൊരു ദുരന്തമാണ് ഒഴിവായത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട് എത്തിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്ന് ബീഹാർ സ്വദേശിയായ 22 വയസുകാരൻ മൊഴി നൽകി. മെയ് അഞ്ചാം തീയതി നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ തൻ്റെ ബന്ധു വഴി തലേന്ന് തന്നെ കിട്ടിയെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. അതോടൊപ്പം വിവാദത്തെ തുടര്‍ന്ന് നീറ്റ് പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. എസ്എഫ്ഐ അടക്കം നൽകിയ പത്ത് ഹർജികളാണ് കോടതി പരിഗണിക്കുക.
മഹാരാഷ്ട്രയിൽ ഇവിഎമ്മിനെതിരെ പരാതിയുമായി ബിജെപി സ്ഥാനാർത്ഥി. കൃത്രിമം നടന്നോ എന്നറിയാൻ വോട്ടിങ് മെഷീൻ്റെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധിക്കണമെന്നാണ് ആവശ്യം മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ പരാജയപ്പെട്ട സുജയ് വിഖേ പാട്ടീൽ ആണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം 33 ആയി. ആശുപത്രികളില്‍ ചികിത്സയിലുള്ള 15 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവം നടന്ന സമയത്ത് വിഷമദ്യ ദുരന്തമല്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ ജില്ലാ കളക്ടറെ സ്ഥലം മാറ്റി. കൂടാതെ എസ്പിയെ സസ്പെൻഡ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. പുതുതായി ചുമതലയേറ്റ കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ആശുപത്രികളിലെത്തി രോഗികളെ സന്ദര്‍ശിച്ചു.
രേണുക സ്വാമി കൊലക്കേസിൽ പ്രതിയായ കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപയുടെ ഭാര്യ വിജയലക്ഷ്മിയെ ചോദ്യം ചെയ്ത് പൊലീസ്. രേണുകാസ്വാമിയെ കൊലപ്പെടുത്തിയ ഷെഡിലേക്ക് പോകുമ്പോൾ ദർശൻ ധരിച്ച ഷൂ വിജയലക്ഷ്മിയുടെ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തു. ഇതിനെ തുടർന്നാണ് ഭാര്യയെ ചോദ്യം ചെയ്യാനുള്ള തീരുമാനം. ഇത് രണ്ടും കേസിലെ നിർണായകമായ തെളിവുകളെന്ന് പൊലീസ് വ്യക്തമാക്കി.