mid day hd 1

ഹെലികോപ്റ്റര്‍ അപകടത്തിൽ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് വനമേഖലയിൽ തകർന്നു വീണ കോപ്റ്ററിന്‍റെ അവശിഷ്ടങ്ങൾ ഇന്ന് രാവിലെ കണ്ടെത്തി. പ്രസിഡന്‍റിന് ഒപ്പം സഞ്ചരിച്ച പ്രവിശ്യാ ഗവർണർ അടക്കം അഞ്ച് ഉന്നതരും അപകടത്തിൽ മരിച്ചു. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ ഹെലികോപ്ടറിലുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടു.

അവയവക്കച്ചവടത്തിൽ മനുഷ്യക്കടത്ത് നടത്തിയ കേസിൽ, ഇരയായവരിൽ ഒരാൾ മലയാളിയെന്ന് അന്വേഷണ സംഘം . ഉത്തരേന്ത്യൻ സ്വദേശികളായ മറ്റ് 19 പേരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് കിട്ടി. കൂടുതൽ പേർ മനുഷ്യക്കടത്തിന് ഇരകളായിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

 

അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ പ്രതി സബിത് നാസറിന്റെ വിരലടയാളം അന്വേഷണ സംഘം ശേഖരിച്ചു. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തിയ ശേഷം പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കും. പ്രതി സബിത് നാസർ മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന പരിശോധനയും അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്.

 

മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനെതിരെ ഇഡി സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. സ്ഥാനാർഥിയായതിനാൽ തെരഞ്ഞെടുപ്പ് സമയത്ത്  ഇഡി മുമ്പാകെ ഹാജരാകുന്നതിൽ നിന്ന് തോമസ് ഐസക്കിനെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു ഇഡി അപ്പീൽ നൽകിയത്. ലോക്സഭാ ഇലക്ഷൻ കഴിഞ്ഞ  സാഹചര്യത്തിൽ ഹർജിയ്ക്ക് പ്രസക്തി ഇല്ലെന്ന് വ്യക്തമാക്കിയാണ് ‍ഡിവിഷൻ ബെഞ്ച് അപ്പീൽ തീർപ്പാക്കിയത്.

തദ്ദേശവാര്‍ഡ് വിഭജനത്തിന് സംസ്ഥാനത്ത് ഓര്‍ഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കും. കൂടിയാലോചന ഇല്ലാത്ത തീരുമാനമെന്ന വിമര്‍ശനം പ്രതിപക്ഷത്തിനുണ്ട്. സര്‍ക്കാര്‍ നിയോഗിക്കുന്ന നാല് പേരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ആറ് മാസത്തിനകം നടപടികൾ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

 

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഭൗതികദേഹം ഇന്ന് തിരുവല്ലയിലെ സഭ ആസ്ഥാനത്ത് പൊതുദർശനത്തിന് വെയ്ക്കും. നാളെ രാവിലെ ഒൻപത് വരെ ബിലീവേഴ്സ് കൺവെൻഷൻ സെന്ററിലാണ് പൊതുദർശനം. നാളെ 11 മണിയോടെ കബറടക്ക ചടങ്ങുകൾ തുടങ്ങും.

 

പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വധശിക്ഷയിൽ നിന്ന് മാത്രമല്ല കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നാണ് പ്രതിയുടെ ആവശ്യം. വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ഇന്ന് ഉത്തരവുണ്ടാകും.

 

നാലു വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ, ഗുരുതര ചികിത്സാ പിഴവില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ഇന്ന് പോലീസ്ചോദ്യം ചെയ്യും. ഡോ. ബിജോണ്‍ ജോണ്‍സനെ ഉടൻ ചോദ്യം ചെയ്യുമെന്ന് മെഡിക്കല്‍ കോളേജ് എസിപി പ്രേമചന്ദ്രൻ പറഞ്ഞു. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേരുന്നുണ്ടെന്നും അതിനുശേഷമായിരിക്കും ഡോക്ടറെ ചോദ്യം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

 

ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യത. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

 

എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങിയെന്ന് മന്ത്രി കെ രാജൻ. മഴയുടെ പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ  തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും അനാവശ്യ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിലെ നാലാം പ്രതി രാഹുൽ പൊലീസ്പിടിയിലായി. കഞ്ചാവുമായിട്ടാണ് പിടിയിലായത്. കേസിൽ സഹോദരങ്ങൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശി അരുൺ പ്രസാദാണ് റെയിൽവേ ട്രാക്കിൽ വെച്ച് ഗുണ്ടാ സംഘത്തിന്റെ അതിക്രൂര മർദനത്തിന് ഇരയായത്.

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ. നാല് ജില്ലകളിൽ റെഡ് അലർട്ട് . പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മത്സ്യതൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രത വേണം. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും എന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ മാംഗോ സിറ്റിയായ മുതലമടയിൽ മാമ്പഴ ഉത്പാദനം കുത്തനെ ഇടിഞ്ഞു.കാലാവസ്ഥ വ്യതിയാനം മൂലം സീസണിൽ 500 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്ന മേഖലയിൽ, ഇത്തവണ 70 ശതമാനം കുറവുണ്ടായി. ഈ സീസണിൽ വിദേശത്തേക്കുള്ള കയറ്റുമതിയും നിലച്ചു.

കോഴിക്കോട്  കട വരാന്തയിൽ കയറി നിന്ന വിദ്യാർത്ഥി തൂണിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍, മറുപടിയുമായി കെഎസ്ഇബിയും വൈദ്യുതി മന്ത്രിയും. മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. രക്ഷപ്പെടുത്താൻ ശ്രമിച്ച സഹോദരൻ റാഫിക്കും ഷോക്കേറ്റിരുന്നു. വൈദ്യുത കേബിളിന് തകരാർ ഉണ്ടെന്ന പരാതി അന്വേഷിച്ചിരുന്നു എന്ന് കെ എസ് ഇ ബി അറിയിച്ചു. മഴ പെയ്തപ്പോൾ ഉണ്ടായ പ്രശ്നമാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് നിഗമനം.

ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തിൽ വീണ് കോഴിക്കോട് സ്വദേശി സൈനികന് ദാരുണാന്ത്യം. ഹവിൽദാർ അനീഷ് (42) ആണ്  മരിച്ചത്. ചിറാപുഞ്ചിയിലെ ലിംഗ്സിയാർ വെളളച്ചാട്ടത്തിൽ കുടുംബവുമൊത്ത് വിനോദയാത്രക്ക് പോയതാണ് അനീഷ്.

ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയെ പൊലീസ്തിരിച്ചറിഞ്ഞു. കുടക് സ്വദേശിയായ യുവാവാണ് സംഭവത്തിലെ പ്രതി. സിസിടിവി ദൃശ്യം ശ്രദ്ധയിൽപെട്ട ബന്ധുവാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

 

കൊവാക്സിന്റെ പാർശ്വ ഫലങ്ങളെ കുറിച്ചുള്ള ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകരുടെ പഠനം തള്ളി ഐസിഎംആർ. ഐസിഎംആറിനെ പഠനത്തിൽ ഉദ്ധരിച്ചത് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ഗവേഷകർക്കും ജേർണൽ എഡിറ്റർക്കും ഡയറക്ടർ ജനറൽ രാജീവ് ബാൽ കത്തയച്ചു. പഠനം സംബന്ധിച്ച് അവ്യക്തതകൾ ഏറെ ഉണ്ടെന്നും വിവര ശേഖരണ രീതി പോലും ശരിയല്ലെന്നും രാജീവ് ബാൽ കത്തിൽ ചൂണ്ടിക്കാട്ടി.

 

ഇന്നലെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതിൽ ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇറാനുമായി നല്ല നയതന്ത്ര, വാണിജ്യ ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. ദാരുണമായ വിയോഗം ഞെട്ടിക്കുന്നതാണെന്നും വിഷമിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി വിശദമാക്കി. ഈ ദുരിത സമയത്ത് ഞങ്ങൾ ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു എന്ന്പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെ വ്യക്തമാക്കി.

 

ഗുജറാത്തിൽ മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമെന്ന്, വാരാണസിയിലെ ബിഎസ്പി സ്ഥാനാർത്ഥി ആതർ ജമാൽ ലാരി. ഗുജറാത്തിൽ മോദിയുടെ ജനപിന്തുണ ഇടിയുകയാണ്. കോൺഗ്രസും സമാജ്‍വാദി പാർട്ടിയും മുസ്‍ലിംകൾക്ക് എതിരാണെന്നും ലാരി ആരോപിച്ചു.

ലോക്സഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 49 സീറ്റുകളിലായി 144 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ജമ്മു കശ്മീരിൽ സർപഞ്ച് കൊല്ലപ്പെട്ട സാഹചര്യത്തിൽ വോട്ടെടുപ്പിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട് . കേന്ദ്ര മന്ത്രിമാരായ രാജ്നാഥ്, സ്മൃതി ഇറാനി, പീയൂഷ് ഗോയൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *