പ്രധാനമന്ത്രി നരേന്ദ്ര മോദി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം, പ്രാർത്ഥന, പൂജ എന്നിവ പൂർത്തിയാക്കിയതിന് ശേഷമാണ് മോദി പത്രിക സമർപ്പിക്കാനെത്തിയത്. വാരാണസി ലോക്സഭാ മണ്ഡലത്തില്‍ നിന്നും ഇത് മൂന്നാം തവണയാണ് മോദി മത്സരിക്കുന്നത്. വാരാണസിയിലുള്ള ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള ഒരു വ്യക്തി, ഒബിസി, ദളിത് വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തികൾ എന്നിവരാണ് മോദിയുടെ പത്രികയിൽ ഒപ്പുവെച്ചത്.
കാശിയുമായുള്ള ബന്ധം വാക്കുകൾകൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയിൽ ജനവിധി തേടുന്നത്. ഗംഗ തന്നെ ദത്തെടുത്തുവെന്നും, തന്നെ കാശിയിലെ ജനം ബനാറസി ആക്കിയെന്നും മോദി പറഞ്ഞു. വാരാണസിയിൽ 10 വർഷം നടപ്പാക്കിയ പദ്ധതികൾ വിവരിക്കുന്ന വീഡിയോ അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിൽ അവസാനം ലഭിച്ച കണക്കനുസരിച്ച് 67.71 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ വിധിയെഴുതിയത്. അതോടൊപ്പം ജമ്മു കശ്മീരിൽ പോളിംഗ് ഉയർന്നത് നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും, തെരഞ്ഞെടുപ്പിൽ വൻവിജയം നേടുമെന്ന് അമിത് ഷായും പറഞ്ഞു. 400 കടക്കുമെന്ന് ഉറപ്പായെന്നും വോട്ട് ചെയ്യുന്നവരിൽ കൂടുതൽ ബിജെപി അണികളാണെന്നും പറഞ്ഞ അമിത് ഷാ പോളിംഗ് കുറഞ്ഞതിൽ ആശങ്കയില്ലെന്നും വ്യക്തമാക്കി. വരുന്ന 13ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറ്റലിയിലേക്ക് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ ക്രമക്കേട് കണ്ടെത്തി. സംഭവത്തിൽ സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആദൂർ പൊലീസ് കേസെടുത്തു. അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്പ എടുത്തെന്ന പരാതിയിലാണ് സെക്രട്ടറിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെണ്‍കുട്ടിയെ തടഞ്ഞതിന് സമരക്കാർക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും മാർഗ തടസ്സം സൃഷ്ടിച്ചതിനുമാണ് കേസെടുത്തത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന സമരക്കാർക്കെതിരെ കേസെടുത്തത്.
ആര്‍എംപി നേതാവ് ഹരിഹരൻ ഖേദം പ്രകടിപ്പിച്ചതോടെ ആ വിഷയം തീർന്നുവെന്ന് കെ.മുരളീധരന്. തെറ്റ് കണ്ടാൽ തിരുത്തും, മാപ്പ് പറഞ്ഞതോടെ വിഷയം തീര്‍ന്നു. ഇനി കാലു പിടിക്കാൻ ഒന്നും ഇല്ല കൂടാതെ ബോംബ് ,മാരകായുധം എന്നിവ കൊണ്ട് ഇനിയും സിപിഎം ഇറങ്ങിയാൽ വിപുലമായ പ്രചരണ പരിപാടി യുഡിഎഫ് സംഘടിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു. അൻവറിന്റെ പ്രസ്താവന സിപിഎമ്മും മുഖ്യമന്ത്രിയും പിന്താങ്ങിയത് പോലെ ഞങ്ങൾ ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി പ്രവർത്തക പ്രൊഫസർ കുസുമം ജോസഫിന്റെ പരാതിയിൽ മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജി മോൻ ജോർജിനെതിരെ കേസെടുത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതി. ഇന്നലെ ഷാജിമോൻ ജോർജിന്റെ സ്ഥാപനത്തിന് മുന്നിലെ പരിസ്ഥിതി പ്രവർത്തകരുടെ സമരം വാക്കുതർക്കത്തിലും സംഘർഷത്തിലുമാണ് കലാശിച്ചത്. പ്രൊഫസർ കുസുമം ജോസഫിന്റെ നേതൃത്വത്തിൽ എത്തിയ പരിസ്ഥിതി പ്രവർത്തകരെ ഷാജിമോൻ ജോർജ്ജും സംഘവും തടഞ്ഞതോടെയാണ് ഇരുകൂട്ടരും തമ്മിൽ വാക്കു തർക്കം ഉണ്ടായത്.
കലക്ടർക്കെതിരായ വിമർശനത്തിന് പിന്നാലെ ജോയിന്റ്കൗൺസിൽ നേതാവും ദേവസ്വം ബോർഡ് തഹസീൽദാറുമായ ജയചന്ദ്രൻ കല്ലിങ്കലിനു റവന്യു സെക്രട്ടറി മെമ്മോ നൽകി. സർവീസ് ചട്ടം ലംഘിച്ചെന്നും 15 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും മെമ്മോയിൽ പറയുന്നു. ചാർജ് മെമ്മോ നൽകിയതിന് പിന്നിൽ ഐഎഎസ് അസോസിയേഷനാണെന്ന് ജോയിന്റ് കൗൺസിൽ ആരോപിച്ചു. കഴിഞ്ഞ ദിവസം നൽകിയ കാരണം കാണിയ്ക്കൽ നോട്ടീസിനെതിരെ ജോയിന്റ് കൗൺസിൽ കലക്ടറേറ്റ് മാർച്ച് നടത്തിയിരുന്നു.
പൊന്നാനിയിൽ കടലിൽ കപ്പൽ ബോട്ടിലിടിച്ച് രണ്ട് പേർ മരിച്ച അപകടത്തിൽ കോസ്റ്റൽ പൊലീസ് അന്വേഷണം തുടങ്ങി. കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്ത കപ്പൽ ഇന്നലെ വൈകിട്ടോടെ ഫോർട്ട് കൊച്ചി തീരത്ത് എത്തിച്ചിരുന്നു. കപ്പലിലെ ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്യും. കൂടാതെ ഫോറൻസിക് സംഘവും ഇന്ന് കപ്പലിൽ പരിശോധന നടത്തും. അലക്ഷ്യമായി കപ്പൽ ഓടിച്ചതിനും മരണത്തിന് ഇടയാക്കിയതിനുമാണ് കപ്പലിലെ ജീവനക്കാർക്കെതിരെ കേസ്.
മൂവാറ്റപുഴയില്‍ 8 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷൻ നല്കുന്ന പ്രതിരോധ പ്രവർത്തനങ്ങളുമായി മൂവാറ്റുപുഴ നഗരസഭ. നാല് വാർഡുകളിൽ നിന്നായി പിടികൂടുന്ന നായ്ക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കൂടാതെ നഗരസഭാ പരിധിയിലെ മുഴുവൻ നായ്ക്കൾക്കും വാക്സീൻ നല്‍കുമെന്ന് നഗരസഭ വ്യക്തമാക്കി. കൂടാതെ നായയുടെ കടിയേറ്റവര്‍ക്ക് ഇതിനോടകം രണ്ടു തവണ വാക്സിനേഷൻ നല്കിയിട്ടുള്ളതിനാൽ കടിയേറ്റവരും ആക്രമണമേറ്റവരും സുരക്ഷിതരാണെന്ന് നഗരസഭ അറിയിച്ചു.
മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന് ജീവനക്കാര്‍ സമരം തുടങ്ങിയതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പാല്‍വിതരണം തടസപ്പെട്ടേക്കും. സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്നാരോപിച്ചാണ് ഐ.എന്‍.ടി.യു.സി– സി.ഐ.ടി.യു സംഘടനകളിലെ ജീവനക്കാര്‍ സംയുക്തമായി സമരം ചെയ്യുന്നത്.
ആവേശം സിനിമയുടെ റീലുമായി തൃശ്ശൂരിൽ പാർട്ടി നടത്തി കൊലക്കേസ് പ്രതി. ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തി അതിന്റെ റീല്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പാടത്ത് പാര്‍ട്ടി നടത്തിയതിൻ്റെ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് റീൽ ഒരുക്കിയത്. അനുപിൻ്റെ സുഹൃത്തുക്കളും പരിചയക്കാരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. അറുപതിലേറെ പേർ പാടത്ത് തമ്പടിച്ചതറിഞ്ഞ് പൊലീസ് വന്നതും ദൃശ്യങ്ങളിൽ കാണാം.
കണ്ണൂർ വിസ്മയ പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പെരിയയിലെ കേന്ദ്ര സർവകലാശാല പ്രൊഫസർ ഇഫ്തിക്കർ അഹമ്മദിനെ റിമാൻഡ് ചെയ്തു. മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോട് പാര്‍ക്കിലെ വേവ്പൂളില് വച്ച് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു.
സ്ത്രീധനത്തിന്റെ പേരിൽ എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ നവവധുവിനെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുല്‍ ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിക്കും വനിത കമ്മീഷനും പരാതി നല്കി പെണ്‍കുട്ടി. ഗാര്‍ഹിക പീഡന പരാതിയില്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ് ആരോപണം.
രൂക്ഷമായ വരൾച്ചയിൽ വയനാട്ടിൽ എട്ടുകോടിയുടെ കൃഷിനാശം. ജില്ലയിലെ 26 കൃഷി ഭവനുകളുടെ പരിധിയിലായി 722 ഹെക്ടറാണ് കൃഷി നശിച്ചത്. 288 ഹെക്ടർ സ്ഥലത്തെ കുരുമുളകു വള്ളികൾ കൊടുംവേനലിൽ വാടിപ്പോയി. അതിൽ 255 ഹെക്ടറും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലാണ്. ചൂട് കനത്തതും വേനൽമഴ കൃത്യമായി കിട്ടാത്തതുമാണ് കുരുമുളക് കൃഷിക്ക് തിരിച്ചടിയായത്.
പ്രശസ്ത നാടക നടൻ എം സി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം സി ചാക്കോ (75) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 9.30 കട്ടപ്പന സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.
ഇടുക്കി ഇരട്ടയാറിലെ പോക്സോ അതിജീവിതയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ പതിനൊന്ന് മണിയോടെ അമ്മയാണ് കുട്ടിയുടെ ജീവനറ്റ ശരീരം കണ്ടെത്തിയത്.
എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഒമാനില്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലായിരുന്ന ഭര്‍ത്താവിനെ കാണാൻ പോകാൻ കഴിയാതിരുന്ന അമൃതയുടെ ഭർത്താവ് നമ്പി രാജേഷ് മരിച്ചു. മസ്കറ്റില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷിനെ കാണാൻ പോകാനിരുന്ന അമൃതയ്ക്ക് പണിമുടക്കുമൂലം പോകാൻ സാധിച്ചിരുന്നില്ല.
അഫ്ഗാനിസ്ഥാനിലെ ഓസ്ട്രേലിയയുടെ യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ട മുൻ സൈനിക അഭിഭാഷകന് തടവ് ശിക്ഷ. ഡേവിഡ് മക്ബ്രൈഡ് എന്ന മുൻ സൈനിക അഭിഭാഷകനാണ് അഞ്ച് വർഷത്തിലേറെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ സംഭവിച്ച യുദ്ധ കുറ്റങ്ങളേക്കുറിച്ച് തുറന്ന് പറയേണ്ടത് തന്റെ ധാർമിക ഉത്തരവാദിത്തമെന്നാണ് മക് ബ്രൈഡ് പ്രതികരിച്ചു.