mid day hd 2

കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 1823 കോടി രൂപ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ ആദായ നികുതി വകുപ്പിൽ നിന്നും ഇന്നലെ രാത്രി രണ്ട് നോട്ടീസുകള്‍ കൂടി കോണ്‍ഗ്രസിന് ലഭിച്ചു. 2020-21, 2021 -22 സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം തുക അടക്കാനാണ് നിര്‍ദ്ദേശം.

 

ആദായ നികുതിയുമായി ബന്ധപ്പെട്ട് 30 വർഷം മുമ്പുള്ള നികുതി ഇപ്പോൾ ചോദിച്ചതിൽ തര്‍ക്കം ഉന്നയിച്ച് സുപ്രീം കോടതിയിൽ അടുത്തയാഴ്ച കോൺഗ്രസ് ഹർജി നൽകും. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജൻസികളുടെ നീക്കം ചട്ടലംഘനമാണെന്നും, ഒപ്പം ബിജെപിയിൽ നിന്ന് നികുതി പിരിക്കാത്തത് ചൂണ്ടിക്കാട്ടുമെന്നും നേതാക്കൾ അറിയിച്ചു. സംഭവത്തിൽ ഇന്ന് രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കും. കേരളത്തിൽ ആദായ നികുതി വകുപ്പിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും.

 

നാളത്ത ഇന്ത്യ സഖ്യത്തിന്‍റെ റാലി വ്യക്തി കേന്ദ്രീകൃതമല്ലെന്നും, ആദായ നികുതി വകുപ്പിന്‍റെ നടപടിയടക്കം ചോദ്യം ചെയ്യുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവും, ഭരണഘടന സംരക്ഷണവും നാളത്തെ റാലിയിലെ വിഷയങ്ങളാണെന്നും ജയറാം രമേശ് വ്യക്തമാക്കി.

 

സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി ഏപ്രില്‍ 6 വരെ നീട്ടി. ഇ പോസ് മെഷീന്റെ സർവർ തകരാറിലായതോടെയാണ് ഇന്നും റേഷൻ വിതരണം തടസപ്പെട്ടത്.

 

ഇടതുമുന്നണിയുടെ പ്രധാന ക്യാംപെയിനറായ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തുടനീളം 60 പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് സി.പി.ഐസ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റേതുൾപ്പെടെ തിരുവനന്തപുരത്ത് മൂന്ന് യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഒരു ലോക്സഭാ മണ്ഡലത്തില്‍ മൂന്ന് റാലികൾ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്.

 

ബിജെപി ഭരണത്തിൽ കോടാനുകോടി ജനങ്ങൾ ഭയത്തിലാണെന്നും, ഇത് ലോകത്തിന് മുന്നിൽ ദുഷ്കീർത്തിയുണ്ടാക്കിയിരിക്കുന്നുവെന്നും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവിടെ ജനാധിപത്യമുണ്ടോയെന്ന സംശയം ലോകത്തുയർന്നിരിക്കുന്നുവെന്നും, തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുന്ന രീതിയാണ് വന്നിരിക്കുന്നത്, ബിജെപി ആകാവുന്ന ശ്രമങ്ങൾ എല്ലാം നടത്തിയാലും കേരളത്തിൽ ജയിക്കില്ല, മതനിരപേക്ഷയുള്ള ഈ നാടിന് ചേരുന്ന നയമല്ല ബിജെപിക്കുള്ളത്, ജനങ്ങൾ ബി ജെ പിയെ ഇവിടെ തിരസ്കരിച്ചതാണെന്നും കൂടാതെ കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിച്ചപ്പോഴാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിന്‍റെ വാദങ്ങൾ ഗൗരവമുള്ളതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടുവെന്നും ഒന്നാം പ്രതി ബി ജെ പി സർക്കാരാണ്, അതിന് തപ്പു കൊട്ടികൊടുത്തവരാണ് കോൺഗ്രസുകാരെന്നും പിണറായി കുറ്റപ്പെടുത്തി.

 

കാസർകോട്ടെ റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയും കാസര്‍കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു.

 

കാസര്‍കോട്ട് ചൂരിയില്‍ റിയാസ് മൗലവിയുടെ കൊലപാതകത്തിനു പിന്നിൽ വര്‍ഗീയ സംഘര്‍ഷമാണെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു. അത് പിന്നീട് കുറ്റപത്രത്തില്‍ തന്നെ സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ദിവസങ്ങളോളം പ്രദേശത്ത് നിരോധനാജ്ഞയായിരുന്നു. കൊല നടന്ന് 90 ദിവസത്തിനകം കേസില്‍ കുറ്റപത്രവും സമര്‍പ്പിക്കപ്പെട്ടു. പ്രതികളാണ് കൃത്യം നടത്തിയെന്നതിന് സംഭവസ്ഥലത്ത് നിന്ന് ശാസ്ത്രീയമായ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുമ്പോള്‍ നീതി നിഷേധിക്കപ്പെട്ടു എന്നാണ് കുടുംബവും ആക്ഷൻ കമ്മിറ്റിയും പ്രോസിക്യൂഷനുമെല്ലാം പറയുന്നത്.

 

കോടതിയില്‍ പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ നീതി ലഭിച്ചില്ലെന്ന് റിയാസ് മൗലവിയുടെ ഭാര്യ സൈദ പ്രതികരിച്ചു. പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ലഭിച്ചില്ല. അതുകൊണ്ടുതന്നെ വളരെ ദുഃഖമുണ്ടെന്ന് സഹോദരനും, വിധിയിൽ വേദനയുണ്ടെന്നും ഗൂഢാലോചന പുറത്തുവരണമെന്നും ആക്ഷൻ കമ്മിറ്റിയും വ്യക്തമാക്കി.

 

മലപ്പുറത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനോടും കെ പി സി സി ആക്ടിംഗ് പ്രസിഡന്‍റ് എം എം ഹസ്സനോടും അഭ്യര്‍ത്ഥിച്ച് മുസ്ലീം ലീഗ്. ആര്യാടന്‍ ഷൗക്കത്ത് വിഭാഗവും ഡിസിസി പ്രസിഡന്‍റ് വി എസ് ജോയിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവും തമ്മില്‍ പ്രശ്നം നിലനില്‍ക്കുന്ന ഇടങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഗ്രൂപ്പ് പോര് ബാധിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്തുമ്പോള്‍ മറു വിഭാഗം നിസ്സഹരിക്കുകയാണെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്.

 

വിഴിഞ്ഞം തുറമുഖം സെപ്റ്റംബറോടെ പ്രവർത്തനസജ്ജമാകുമെന്ന് അദാനി പോർട്സിന്റെ പുതിയ സിഇഒ പ്രദീപ് ജയരാമൻ പറഞ്ഞു. അതോടൊപ്പം അടുത്തിടെ വിഴിഞ്ഞത്തേക്ക് ടിപ്പറിൽ കൊണ്ട് വന്ന കല്ല് വീണ് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അനന്ദുവെന്ന ബിഡിഎസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അനന്തുവിന്റെ കുടുംബത്തിന് ഉടൻ അർഹമായ സഹായം നൽകുമെന്നും, ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയുണ്ടാകുമെന്നും അദാനി ഗ്രൂപ്പ് ഉറപ്പ് നൽകി.

 

രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ വിദ്യാഭ്യാസ യോഗ്യതയല്ല പ്രധാനം സാമാന്യ ബുദ്ധിയാണെന്ന് സിപിഎം നേതാവ് ജി സുധാകരൻ. ഒരു സ്ഥാനത്തെത്തുന്നതിന് മുമ്പ് എംഎൽഎയും എംപിയുമാവണം എന്ന മോഹമാണ് ചിലർക്ക്. കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് ഇത്തരക്കാര്‍ എംഎൽഎയും എംപിയുമൊക്കെ ആവുന്നതെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.

 

പാലക്കാട് കുഴൽമന്ദത്ത് വയോധികയുടെ കാൽ കാട്ടുപന്നി കടിച്ചു മുറിച്ച പശ്ചാത്തലത്തിൽ രണ്ട് പന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ച് കൊന്നു. ഇന്നലെയാണ് 61കാരിയായ കുഴൽമന്ദം സ്വദേശിനിയെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തുകയും കാൽ കടിച്ചുമുറിക്കുകയും ചെയ്തത്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രണ്ട് പന്നികളെയാണ് വനം വകുപ്പ് വെടിവെയ്ക്കുകയായിരുന്നു. കാട്ടുപന്നി ആക്രമിച്ച വയോധികയും ആരോഗ്യ നില ഗുരുതരമാണ്. കാൽ മുറിച്ചുമാറ്റേണ്ടിവന്നേക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

 

ചിന്നക്കനാലിൽ ചക്കക്കൊമ്പൻ എന്ന കാട്ടാന പശുവിനെ ആക്രമിച്ചു. പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ആനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ചക്കക്കൊമ്പന്‍റെ ആക്രമണത്തില്‍ പശുവിന്‍റെ നടു ഒടിഞ്ഞു വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

 

മലപ്പുറം വളാഞ്ചേരിയിൽ അനധികൃത ക്വാറിയിൽ നിന്ന് സ്ഫോടകവസ്തു ശേഖരം പിടികൂടി. ജലാറ്റിൻ സ്റ്റിക്, ഇലക്ട്രിക് ഡിറ്റേനേറ്റർ, സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പിടികൂടിയത്. ക്വാറിയിലേക്ക് സ്ഫോടകവസ്തുക്കളെത്തിക്കുന്ന സ്വാമിദാസൻ, ക്വാറി തൊഴിലാളികളായ ഷാഫി, ഉണ്ണികൃഷ്ണൻ, രവി എന്നവരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

 

മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ യുവാവ് മലയാറ്റൂര്‍ ഇല്ലിത്തോട് പുഴയില്‍ മുങ്ങിമരിച്ചു. ഇല്ലിത്തോട് പുഴയിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വൈപ്പിൻ ഓച്ചൻതുരുത്ത് സ്വദേശി സിജോ ആണ് മരിച്ചത്. ഒഴുക്കില്‍ പെട്ടതാണെന്നാണ് സംശയിക്കുന്നത്.

 

ദേശീയപാതയിൽ തളിക്കുളത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവറായ തളിക്കുളം ത്രിവേണി ഇത്തിക്കാട്ട് വിശ്വംഭരന്റെ മകൻ രതീഷാണ് മരിച്ചത്. കാർ യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

മദ്യനയ അഴിമതിക്കേസില്‍ ഗതാഗതവകുപ്പ് മന്ത്രി കൈലാഷ് ഗെലോട്ടിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. ഗെലോട്ട് ഡല്‍ഹി ഇഡി ആസ്ഥാനത്ത് ഹാജരായി. കേസിലെ പ്രതിയും മലയാളിയുമായ വിജയ് നായരുമായുള്ള ബന്ധം, മദ്യനയം രൂപീകരിക്കുന്നതിലെ പങ്ക്, നിരന്തരം മൊബൈല്‍ നമ്പരുകള്‍ മാറ്റിയതെന്തിന് ഇതെല്ലാം ചോദിച്ചറിയാനാണ് ഇഡി വിളിപ്പിച്ചതെന്നാണ് സൂചന.

 

അന്വേഷണ ഏജന്‍സികളെ പ്രധാനമന്ത്രി ദുരുപയോഗം ചെയ്യുന്നതും, ഇലക്ട്രല്‍ ബോണ്ട് അഴിമതി മുക്കാന്‍ ശ്രമിക്കുന്നതും ചോദ്യം ചെയ്ത് കാര്‍ട്ടൂണ്‍ വിഡിയോ കോണ്‍ഗ്രസ് പുറത്തിറക്കി. തെരഞ്ഞടുപ്പ് പ്രചാരണത്തിന് ഈവിഡിയോ ഉപയോഗിച്ചേക്കും.

 

ഉത്തർപ്രദേശിലെ ദേവ്റിയ ദുമ്രി ഗ്രാമത്തിൽ ശനിയാഴ്ച സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു. അപകടത്തിന് ശേഷം അഗ്നിശമന ഉദ്യോഗസ്ഥർ തീ അണച്ചതായി ദേവ്റിയ പൊലീസ് സൂപ്രണ്ട് (എസ്പി) സങ്കൽപ് ശർമ്മ വ്യക്തമാക്കി.

 

കർണാടകയിലെ ദാവൻഗെരെ പാർലമെന്റ് സീറ്റിൽ മത്സരിക്കുന്ന ബിജെപിയുടെ വനിതാ സ്ഥാനാർത്ഥിയായ ഗായത്രി സിദ്ദേശ്വരയ്ക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവായ ശിവശങ്കരപ്പയുടെ വിവാദ പരാമർശം. പൊതുജനങ്ങളെ അഡ്രസ് ചെയ്യാനുള്ള കഴിവില്ലെന്നും, അടുക്കളയിലെ യോഗ്യത മാത്രമേ അവർക്കുള്ളൂവെന്നും ശിവശങ്കരപ്പയുടെ പരാമർശത്തിന് പരമ്പരാഗതമായി പുരുഷൻമാർ കൈവശം വെച്ചിരിക്കുന്ന എല്ലാ മേഖലകളിലും സ്ത്രീകൾ അവരുടെ കഴിവുകൾ തെളിയിക്കാൻ തുടങ്ങിയെന്ന് ഗായത്രി മറുപടി നൽകി.

 

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികളെക്കുറിച്ച് കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മുസാവിർ ഷാസിബിനെയും അബ്ദുൾ മതീൻ അഹമ്മദ് താഹയെയും കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികമായി നൽകുമെന്നാണ് എൻഐഎ അറിയിച്ചത്. മുസാവിർ ഷാസിബി രാമേശ്വരം കഫേയിൽ സ്‌ഫോടക വസ്തു വെച്ചുവെന്നും അബ്ദുൾ മതീൻ അഹമ്മദ് താഹ ഗൂഢാലോചന നടത്തിയെന്നുമാണ് എൻഐഎ യുടെ ആരോപണം.

 

വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപെട്ട് റഷ്യയിൽ കുടുങ്ങിയ മലയാളികളുടെ യാത്രാ രേഖകൾ കൈയിൽ ഇല്ലാത്തതിനാൽ, മടക്കം വൈകുമെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു. സർക്കാർ കണക്കു പ്രകാരം റഷ്യയിലെ യുദ്ധ മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് നാലു പേരാണ്. അഞ്ചു തെങ്ങ് സ്വദേശികളായ മൂന്നും പൊഴിയൂർ സ്വദേശിയായ ഒരാളുമാണ് റഷ്യയിലുളളത്. എംബസി തഴയുമ്പോഴും റഷ്യയിലെ മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമം ഊർജിതമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉറപ്പ്.

 

മധ്യപ്രദേശിലെ ഗ്വാളിയോറിൽ പ്രമോദ് കുമാർ ദണ്ഡോതിയ എന്ന കോളേജ് വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിലൂടെ 46 കോടിയുടെ ഇടപാട് നടന്നതായി പരാതി. ആദായനികുതി, ജിഎസ്ടി എന്നിവയിൽ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും 2021-ൽ മുംബൈയിലും ഡൽഹിയിലും തന്റെ പാൻ കാർഡ് ഉപയോഗിച്ച് ഇടപാടു നടന്നിട്ടുണ്ടെന്നും വിദ്യാർഥി പറയുന്നു. മുഴുവൻ കാര്യങ്ങളും അന്വേഷിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

 

പശ്ചിമ ബംഗാളില്‍ പൊതു തെരഞ്ഞെടുപ്പിനൊപ്പം ബരാനഗർ നിയമസഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഭിനേത്രി സയന്തിക ബാനർജി തൃണമൂല്‍ സ്ഥാനാർഥിയായി മത്സരിക്കും. മികച്ച നർത്തകി എന്ന നിലയിലും സയന്തിക ബാനർജി ശ്രദ്ധേയയാണ്. നടിമാരായ ജൂണ്‍ മാലിയ, രചന ബാനർജി എന്നിവരെ ലോക്സഭ സ്ഥാനാർഥികളായി തൃണമൂല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

യു.എസ്സിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് തകര്‍ന്ന ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി. ഈസ്റ്റേണ്‍ സീബോര്‍ഡ് എന്നറിയപ്പെടുന്ന അമേരിക്കയുടെ കിഴക്കന്‍ തീരത്തെ ഏറ്റവും വലിയ ക്രെയിനാണ് ഇതിനായി എത്തിച്ചിരിക്കുന്നത്. തകര്‍ന്ന പാലത്തിന്റെ ലോഹഭാഗങ്ങളും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും നീക്കാനാണ് ക്രെയിനുകള്‍ ഉപയോഗിക്കുന്നത്. കൂടാതെ പാലത്തില്‍ ഇടിച്ച ദാലി എന്ന ചരക്കുകപ്പലും ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *