കാസർകോട് ബെഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെന്റ് നടന്നതിൽ കുപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു.പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്മെന്റ് വന്നപ്പോൾ ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം വേദിയിൽ നിന്ന് പ്രസംഗം പാതിയിൽ നിർത്തി ഇറങ്ങിപ്പോയത്. എന്നാൽ പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നു താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാറിനെ പൊലീസ് കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിയയിൽ നിന്നാണ് പൊലീസ് ഇദ്ദേഹത്തെ കരുതൽ തടങ്കലിൽ എടുത്തത്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന സിപിഐ നിലപാടില്‍ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍. ആരെല്ലാം എവിടെയൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയാണ്. സ്ഥാനാർത്ഥി നിർണയത്തെ പറ്റി ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും സിപിഎമ്മിന് ഭയമാണെന്നും വിമര്‍ശിച്ചു.
സംസ്ഥാനത്ത് വർധിച്ചുവരുന്ന വായ്പാ കുരുക്ക് ആത്മഹത്യാ കേസുകളെ തുടർന്ന് 72 വെബ്സൈറ്റുകളും ലോൺ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും പൊലീസ് നോട്ടീസ് നൽകി. കേരളാ പൊലീസ് സൈബർ ഓപ്പറേഷൻ എസ് പിയാണ് നോട്ടീസ് നൽകിയത്.
വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പലെത്തുന്ന ചടങ്ങ് നിശ്ചയിച്ചത് പോലെ നാലിന് തന്നെ നടത്തണമെന്നാണ് സർക്കാർ നിലപാട്. എന്നാൽ ആദ്യം മുന്ദ്ര തുറമുഖത്തേക്ക് പോകേണ്ടതിനാൽ കപ്പൽ വിഴിഞ്ഞത്ത് എത്താൻ വൈകുമെന്നാണ് അദാനി പറയുന്നത്.നാലിന് കപ്പലെത്തുന്നത് വലിയ ആഘോഷമാക്കാനാണ് സർക്കാർ തീരുമാനം.എന്നാൽ വർഷങ്ങളായി കേരളം കണ്ട സ്വപ്നം യാഥാർത്ഥ്യമാകുന്നത് ഇനിയും വൈകുമെന്നാണ് റിപ്പോർട്ടുകൾ.
അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെ ന്യായീകരിച്ച് എ കെ ആന്‍റണിയുടെ ഭാര്യ എലിസബത്ത്. കൃപാസനം യൂട്യൂബ് ചാനലിലൂടെയായിരുന്നു എലിസബത്ത് ആന്റണിയുടെ പ്രതികരണം. അനിലിന് ബിജെപിയിൽ കൂടുതൽ അവസരങ്ങൾ കിട്ടുമെന്നും, ചിന്തൻ ശിബിരത്തിൽ മക്കൾ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് പ്രമേയം പാസാക്കിയതിനാൽ രണ്ടു മക്കൾക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയത്തിലേക്ക് വരാൻ കഴിയാതെയായെന്നും എലിസബത്ത് ആന്റണി പറഞ്ഞു.
മണ്ഡലസദസുകള്‍ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുക കെ.എസ്.ആര്‍.ടി.സി ബസ്സിലായിരിക്കുമെന്ന് റിപ്പോർട്ട്. നവംബര്‍ 18 ന് മഞ്ചേശ്വരത്തു നിന്നാണ് യാത്ര ആരംഭിക്കുക. എല്ലാ വേദികളിലും ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യും. മണ്ഡല സദസ്സിനെ ജനസമ്പര്‍ക്കത്തിന്റെ ഇടത് ബദലാക്കുകയാണ് ലക്ഷ്യമെന്നും സൂചനയുണ്ട്.
ഖാലിസ്ഥാൻ വാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ വീണ്ടും അമേരിക്ക. അതിർത്തി കടന്നുള്ള അടിച്ചമർത്തലുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നും സംഭവത്തെക്കുറിച്ച് അമേരിക്കയും അന്വേഷിക്കുകയാണെന്നും ബ്ലിങ്കൻ കൂട്ടിച്ചേര്‍ത്തു.
കേരളത്തിൽ തീവ്രവാദ സംഘടനയായ ഐ എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മണ്ണാർക്കാട് സ്വദേശിയായ സഹീർ തുർക്കിയെ അയാളുടെ വീട്ടിൽ വെച്ച് എൻഐഎ കസ്റ്റഡിയിലെടുത്തു. തൃശൂർ ഐഎസ് കേസിൽ പിടിയിലായ നബീൽ അഹമ്മദിന്‍റെ കൂട്ടാളിയാണ് സഹീർ തുർക്കിയെന്നും ഇയാളുടെ വീട്ടിൽ നിന്ന് സൈബർ തെളിവുകളും മറ്റും കണ്ടെടുത്തിട്ടുണ്ടെന്നും എൻഐഎ പറഞ്ഞു.
പുതുപ്പള്ളിയിലെ വിജയത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരാദ്യം സംസാരിക്കണമെന്നതിനെച്ചൊല്ലി വിഡി സതീശനുമായുണ്ടായ തര്‍ക്കത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍.പുതുപ്പള്ളി തർക്കം അടഞ്ഞ അധ്യായമാണെന്നും വിജയത്തിൻ്റെ ക്രഡിറ്റ് തനിക്ക് വേണ്ട.വി.ഡി സതീശനുമായി ഒരു തർക്കവുമില്ല,നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ അഭിമാന ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ മൂന്ന് പേടകത്തെ സ്ലീപ് മോഡിൽ നിന്ന് ഉണർത്താനുളള നടപടികൾ ഇന്നും തുടരും. ഇതുവരെ പേടകത്തിൽ നിന്ന് പ്രതികരണം ഒന്നും ലഭിച്ചില്ലെന്ന് ഇന്നലെ ഇസ്രോ സ്ഥിരീകരിച്ചിരുന്നു.
ഇത്തവണത്തെ ഓണം ബമ്പർ അടിച്ചത് തമിഴ്നാട് സ്വദേശികളായ നാല് സുഹൃത്തുക്കൾക്കാണ്. അസുഖ ബാധിതനായി കിടക്കുന്ന ഒരു സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് വാളയാറിൽ നിന്ന് ഓണം ബമ്പർ ടിക്കറ്റ് എടുത്തതെന്നും അടിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും ഓണം ബമ്പർ ഭാഗ്യശാലികളിലൊരാൾ പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്കിനേക്കാൾ വലിയ തട്ടിപ്പാണ് അയ്യന്തോൾ സഹകരണ ബാങ്കിൽ നടക്കുന്നതെന്ന് എംഎല്‍എ അനിൽ അക്കര. തട്ടിപ്പില്‍ 100 കോടിയോളം രൂപ അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിന് നഷ്ടമായിട്ടുണ്ടെന്നും ബാങ്ക് ജീവനക്കാർ തന്നെയാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നും അനില്‍ അക്കര ആരോപിച്ചു.
ഇന്നലെ ഉരുൾപൊട്ടലുണ്ടായ പാലക്കാട് പാലക്കയത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 2 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങി. കാഞ്ഞിരപുഴ ഡാമിലെ ജലനിരപ്പ് താഴാത്തതിനാൽ മൂന്ന് ഷട്ടറുകൾ 80 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.
ഓട്ടോമാറ്റിക് ഡോർ അടയാത്തതിനെ തുടർന്ന് വന്ദേ ഭാരത് എക്സ്പ്രസ് 20 മിനിട്ട് തൃശൂർ സ്റ്റേഷനിൽ പിടിച്ചിട്ടു. രാവിലെ ഒമ്പതരയോടെ തൃശൂർ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്. എഞ്ചിനിൽ നിന്നും ഡോറിലേക്കുള്ള പവർ സപ്ലെ തകരാറായതാണ് ഡോർ അടയാതിരുന്നതിന്റെ കാരണം.
പത്തനംതിട്ടയിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള 14 ഹോട്‌സ്പോട്ടുകള്‍ കണ്ടെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ മാസം മാത്രം ഇതുവരെ 23 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 120 പേര്‍ക്ക് സംശയാസ്പദമായ രോഗബാധയും രണ്ട് മരണവും ഉണ്ടായിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം പാരിപ്പള്ളിയില്‍ അക്ഷയ സെന്ററിലെ ജീവനക്കാരിയായ കുടക് സ്വദേശിനി നാദിറയെ തീകൊളുത്തി കൊന്ന ശേഷം ഭര്‍ത്താവ് റഹീമിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട പതിനാറും പതിനഞ്ചും വയസുള്ള കുട്ടികളെ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽഅമ്മയുടെ സ്വദേശമായ കര്‍ണാടകയിലെ കുടകിലേക്ക് കൊണ്ടുപോയി.
കണ്ണൂർ കൂത്തുപറമ്പിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥിയായ നീർവേലി സ്വദേശി സിനാൻ കുഴഞ്ഞ് വീണ് മരിച്ചു. ആണ് മരിച്ചത്.ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
ബിടിഎസ് ഗ്രൂപ്പിലെ മൂന്നാമനും സൈനിക സേവനത്തിന്. സുഗ എന്നറിയപ്പെടുന്ന മിൻ ആണ് നിർബന്ധിത സൈനിക സേവനത്തിന് പോകുന്നതായി പ്രഖ്യാപിച്ചത്. ലോകമൊട്ടുക്ക് ഏറെ ആരാധകരെ നേടിയ ബിടിഎസ് ഗ്രൂപ്പിലെ ജിൻ, ജെ ഹോപ്പ് എന്നിവർ നേരത്തെ സൈനിക സേവനത്തിന് പോയിരുന്നു.
ഞങ്ങൾ സ്വപ്നം കാണും, ഞങ്ങൾ നേടും എന്ന മുദ്രാവാക്യം ഉയർത്തി 93ാം ദേശീയദിനം ആഘോഷിച്ചു കൊണ്ട് സൗദി അറേബ്യ . മധ്യപൂർവദേശത്ത് പ്രബല ശക്തിയായി വളർന്നുകൊണ്ടിരിക്കുന്ന സൗദി വിപുലമായ പരിപാടികളോടെയാണ് ദേശീയദിനം ആഘോഷിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഇന്ത്യ ഏഷ്യൻ ഗെയിംസിന് ഇറങ്ങുമ്പോൾ ടീമിനു കരുത്തായി 45 മലയാളിതാരങ്ങളും. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ കേരളത്തിന്റെ വലിയ സംഘങ്ങളിൽ ഒന്നാണിത്. അത്‍ലറ്റിക്സ് മുതൽ ചൈനീസ് ആയോധനകലയായ ജു ജിട്സുവിൽ വരെയുണ്ട് മലയാളി പ്രാതിനിധ്യം. ഇന്ത്യ 38 ഇനങ്ങളിൽ മത്സരിക്കുമ്പോൾ അതിൽ 13 ഇനങ്ങളിൽ മലയാളി താരങ്ങളും കളത്തിലുണ്ടാകും.