mid day hd 1

ഇ പോസ് സെർവർ തകരാർ തുടര്‍ന്നതോടെ റേഷൻ മസ്റ്ററിങ് ഇന്നും തടസപ്പെട്ടു. ഇന്ന് മഞ്ഞ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് ആയിരുന്നു നടത്തേണ്ടിയിരുന്നത്. ഇ-പോസ് മെഷീന്‍റെ സെര്‍വര്‍ മാറ്റാതെ സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ നേരിടുന്ന പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ വ്യക്തമാക്കി. വിവിധ ജില്ലകളില്‍ മസറ്ററിങിനായി ആളുകള്‍ എത്തിയെങ്കിലും സെര്‍വര്‍ തകരാറിനെതുടര്‍ന്ന് ഒന്നും ചെയ്യാനായില്ല. പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ റേഷന്‍ കടകള്‍ക്ക് മുന്നില്‍ നിരവധി പേരാണ് കാത്തുനില്‍ക്കുന്നത്.

 

 

സംസ്ഥാനത്തെ വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.07 ലക്ഷം പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച്‌ ഉത്തരവിറക്കി.

 

 

റബർ ഉൽപാദന ബോണസ്‌ 180 രൂപയാക്കി ഉയർത്തിയതായും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സ്വാഭാവിക റബറിന്‌ വിലയിടഞ്ഞ സാഹചര്യത്തിലാണ്‌ സംസ്ഥാന സർക്കാർ റബർ ഉൽപാദന ഇൻസെന്റീവ്‌ പദ്ധതി നടപ്പാക്കിയത്‌. റബർ സബ്‌സിഡി ഉയർത്തുമെന്ന്‌ ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

 

 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ കേരളത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം, പലയിടത്തും ബിജെപിക്ക് നല്ല സ്ഥാനാര്‍ത്ഥികളാണ് ഉള്ളതെന്ന ഇപിയുടെ പ്രസ്താവനയ്ക്ക് നന്ദി പറഞ്ഞ് ബിജെപി നേതാക്കൾ. എന്നാൽ കേരളത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് മത്സരം തന്നെയാണ് നടക്കുന്നതെന്നും ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇപി പറഞ്ഞത് വിവാദമാക്കേണ്ട കാര്യമില്ല,കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെയെന്നും എംവി ഗോവിന്ദനും വ്യക്തമാക്കി.

 

 

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. ഒഡീഷ അരുണാചൽ പ്രദേശ് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ വോട്ടെടുപ്പും, കൂടെ ജമ്മുകശ്മീരിലെ വോട്ടെടുപ്പും നടന്നേക്കും. ഇക്കുറിയും അഞ്ച് ഘട്ടങ്ങളിലധികമായി വോട്ടെടുപ്പ് നടത്താനാണ് ആലോചന. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.

 

 

സിഎഎ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി സുപ്രീം കോടതിയിൽ ഹർജി നൽകി. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും പൗരത്വം നൽകുന്നതിന് താൻ എതിരല്ലെന്നും, എന്നാൽ ഭാവിയിൽ എൻപിആറും എൻആർസിയും കൊണ്ടു വരുമ്പോൾ, ഇന്ത്യയിലെ 17 കോടി മുസ്ലീങ്ങളെ രാജ്യമില്ലാത്തവരാക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്നും ഉവൈസി പറഞ്ഞു.

 

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരൻറി ഒന്നും നടക്കില്ലെന്ന ഗ്യാരൻറിയാണെന്ന് ശശി തരൂര്‍ എംപി. കേരള വികസനത്തിന് ബിജെപി ഒന്നും സംഭാവന ചെയ്തിട്ടില്ല, മോദിയുടെ ഗ്യാരന്റി പ്രസംഗത്തിൽ കേരളം വീഴില്ലെന്നും, സമ്പന്നർക്ക് മോദിയുടെ ഗ്യാരന്റി ഉണ്ടായിട്ടുണ്ട്, സാധാരണക്കാർക്ക് ഉണ്ടായിട്ടില്ല, ഒരു വികസനവും തരാത്തവരെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക എന്നും അദ്ദേഹം ചോദിച്ചു.

 

 

ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്നും, ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടുവെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജമ്മു കശ്മീർ പീപ്പിള്‍സ് ഫ്രീഡം ലീഗിനെ നിരോധിച്ചു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സംഘടനയെ നിരോധിച്ചെന്നും, ഭീകര സംഘടനകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

 

 

ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തില്‍ എന്‍ഡിഎ സഖ്യത്തില്‍ മത്സരിക്കുന്ന ബിഡിജെഎസിന്‍റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളിയും, ഇടുക്കിയില്‍ അഡ്വ. സംഗീത വിശ്വനാഥനും മത്സരിക്കും. റബർ ബോർഡ് വൈസ് ചെയർമാൻ കെ. എ. ഉണ്ണികൃഷ്ണൻ ചാലക്കുടിയിലും, കെപിഎംഎസ് നേതാവ് ബൈജു കലാശാല മാവേലിക്കരയിലും മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

 

കോട്ടയത്ത് എന്‍ഡിഎ ജയിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. റബ്ബർ താങ്ങുവില 250 ആക്കുമെന്ന് ഉറപ്പു കിട്ടിയാലേ മൽസരിക്കു എന്നാണ് താൻ പറഞ്ഞത്. ആ ഉറപ്പ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. താൻ ജയിച്ചാല്‍ ഉറപ്പായിട്ടും റബ്ബറിന്‍റെ താങ്ങുവില 250 രൂപയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം ഞാൻ വെറുമൊരു സ്മോൾ ബോയ് ആണെന്നും വിട്ടുകളയുവെന്നും പിസി ജോര്‍ജിന്‍റെ വിമര്‍ശനത്തിനും തുഷാര്‍ വെള്ളാപ്പള്ളി മറുപടി നല്‍കി.

 

 

കേരളാ യൂണിവേഴ്സിറ്റി കലോത്സവത്തിലെ കോഴ വിവാദത്തിൽ എസ്എഫ്ഐയിൽ നിന്നും പുറത്താക്കിയ നെയ്യാറ്റിൻകര മുൻ ഏരിയാ സെക്രട്ടറി ആരോമൽ വോളന്റിയറായി പ്രവര്‍ത്തിച്ചുവെന്ന് വിവരം. യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിലും സംസ്കൃത കോളേജിൽ വിദ്യാർത്ഥിയെ മർദിച്ച കേസിലും പ്രതിയാണ് ആരോമൽ. വിധികർത്താക്കളെ മർദ്ദിച്ചപ്പോൾ ആരോമലും സ്ഥലത്തുണ്ടായിരുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ആവശ്യപ്പെടും.

 

 

കേരള യൂണിവേഴ്സ്റ്റി കലോത്സവം പ്രോഗ്രാം സബ് കമ്മിറ്റി കൺവീനറും വിധികര്‍ത്താക്കളുടെ ചുമതലയുമുണ്ടായിരുന്ന എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം അക്ഷയ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി നൽകി. എസ്എഫ്ഐ പുറത്താക്കിയ മുൻ ജില്ലാ ഭാരവാഹി വിധികര്‍ത്താക്കളെ സ്വാധീനിക്കാൻ കൂട്ടുനിൽക്കുന്നതിന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്.

 

 

എസ്എഫ്ഐ സാമൂഹ്യ വിരുദ്ധ സംഘടനയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യൂണിവേഴ്സിറ്റി കലോത്സവത്തിൽ കോഴ നൽകിയതും അതിനെതിരെ പരാതി കൊടുക്കുന്നതും എസ്എഫ്ഐയാണ്. എസ്എഫ്ഐയെ നിയന്ത്രിക്കാൻ സിപിഎമ്മിനോ പൊലീസിനോ കഴിയുന്നില്ലെന്നും ചെന്നിത്തല കുററപ്പെടുത്തി.

 

 

കടമ്പനാട് വില്ലേജ് ഓഫീസർ മനോജിന്‍റെ ആത്മഹത്യയില്‍ കളക്ടർക്ക് പരാതി നൽകി സഹപ്രവർത്തകരായ മറ്റ് വില്ലേജ് ഓഫീസർമാർ. ആത്മഹത്യയിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി 12 വില്ലേജ് ഓഫീസർമാർ ഒപ്പിട്ട പരാതി കളക്ടർക്ക് നൽകി. മണ്ണെടുപ്പുമായി ബന്ധപ്പെട്ട ജോലി ചെയ്യാൻ കഴിയാത്ത തരത്തിൽ ബാഹ്യ ഇടപെടലുകൾ കൂടി വരുന്നതായും വില്ലേജ് ഓഫീസർമാരുടെ പരാതിയിലുണ്ട്. ഭരണകക്ഷിയിലെ നേതാക്കളിൽ നിന്ന് മനോജിന് സമ്മർദ്ദമുണ്ടായിരുന്നതായി നേരത്തെ ബന്ധുക്കൾ അറിയിച്ചിരുന്നു.

 

 

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ബെവ്‌കോ തിരുവനന്തപുരം റീജിയണൽ മാനേജർ റഷയ്ക്കെതിരെ വിജിലൻസ് അന്വേഷണം. വിജിലൻസ് കോഴിക്കോട് സ്പെഷ്യൽ സെല്ലിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റഷയുടെ മലപ്പുറം മഞ്ചേരിയിലെ വീട്ടിൽ പരിശോധന തുടരുകയാണ്.

 

 

തെരഞ്ഞെടുപ്പ് വേഗത്തില്‍ തീരാനാണ് ആഗ്രഹമെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. തൃശൂരിൽ ബി ജെ പി യെ മൂന്നാം സ്ഥാനത്താക്കാനാണ് ശ്രമമെന്നും, ആൾക്കൂട്ടത്തിന്‍റെ പ്രതികരണം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. എത്ര വോട്ട് കിട്ടും എന്ന കണക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ പറയാനാകുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം മുഖ്യമന്ത്രി സമനില തെറ്റിയ പോലെയാണ് സംസാരിക്കുന്നതെന്നും, പൗരത്വ നിയമ ഭേദഗതിയിൽ അതുകൊണ്ടാണ് നുണ പറയുന്നത്. ആരാണ് പിണറായിയെ നുണ പറഞ്ഞ് പഠിപ്പിച്ചതെന്നറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലെത്തും. മാര്‍ച്ച് 1ന് ജില്ലാ അതിര്‍ത്തിയിലെ സ്വീകരണത്തോടെ തുടങ്ങിയതാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.

 

 

കണ്ണൂരില്‍ സ്കൂട്ടര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. കണ്ണൂര്‍ മാച്ചേരിയില്‍ ഇന്ന് പുലര്‍ച്ചെ സ്കൂട്ടര്‍ യാത്രികനായ ഏച്ചൂര്‍ സ്വദേശി പി സജാതാണ് മരിച്ചത്. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡിലൂടെ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ അടിയില്‍പ്പെട്ടാണ് യുവാവിന്‍റെ മരണം. നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇടിച്ച് രാവിലെ നടക്കാൻ ഇറങ്ങിയ സ്ത്രീക്കും പരിക്കേറ്റു.

 

 

കോഴിക്കോട് പുതുപ്പാടിയില്‍ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും നവജാത ശിശുവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്ന ആംബുലന്‍സാണ് അപടത്തില്‍പ്പെട്ടത്. കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റ അംബുലന്‍സ് ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

 

 

 

കോഴിക്കോട് നൊച്ചാട് തോട്ടിൽ വാളൂർ സ്വദേശി അനുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ആഭരണങ്ങളും മറ്റും മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ കൊലപാതകമാണോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവ സമയം സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ സഞ്ചരിച്ച ആളെ കേന്ദ്രീകരിച്ചാണിപ്പോള്‍ പൊലീസ് അന്വേഷണം.

 

 

 

ഇലക്ടറൽ ബോണ്ട് റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടതെന്നും, ഈ അഭിപ്രായം വ്യക്തിപരമാണെന്നും കള്ളപ്പണം തിരികെ വരുമെന്ന ആശങ്ക ഉണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 6000 കോടി ബിജെപിക്ക് കിട്ടിയപ്പോൾ 14,000 കോടി കിട്ടിയത് മറ്റ് പാർട്ടികൾക്കാണെന്നും, രാഷ്ട്രീയത്തിലെ കള്ളപ്പണം ഇല്ലാതാക്കാനാണ് ഇലക്ടറൽ ബോണ്ട് സർക്കാർ കൊണ്ടുവന്നതെന്നും, അതോടൊപ്പം സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയുണ്ടെന്നും ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും കേന്ദ്ര കേന്ദ്രകാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലാണ് അലർട്ട്.

 

 

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിന് ദില്ലി റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചു. 15000 രൂപയുടെ ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. ഇഡിയുടെ അപേക്ഷയിൽ കോടതി വാദം തുടരും. ഏപ്രിൽ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. കേസിന്‍റെ രേഖകൾ ആവശ്യപ്പെട്ടുള്ള കെജ്രിവാളിന്‍റെ അപേക്ഷയിൽ മറുപടി നൽകാൻ ഇഡിക്ക് കോടതി നിർദ്ദേശം നല്‍കി.

 

 

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. പ്രിയപ്പെട്ട കുടുംബാംഗം എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കത്തിൽ ജന ജീവിതത്തിലുണ്ടായ പരിവർത്തനമാണ് പത്ത് വർഷത്തിനിടെ ഉണ്ടായ വലിയ നേട്ടമെന്നും, പാരമ്പര്യത്തെയും ആധുനികതയെയും ഒരുപോലെ ചേർത്തുവച്ചാണ് രാജ്യം മുന്നോട്ടു പോകുന്നതെന്നും മോദി കത്തിൽ സൂചിപ്പിക്കുന്നു.

 

 

 

പത്മജ വേണുഗോപാലും അനിൽ ആന്റണിയും ബിജെപിയിൽ പോയതിൽ തെറ്റുകാണുന്നില്ലെന്നും അതവരുടെ തീരുമാനമാണെന്നും എന്നാൽ സഹപ്രവർത്തകൻ എന്ന നിലയിൽ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും ചാണ്ടി ഉമ്മൻ. തന്റെ പാര്‍ട്ടി കോൺഗ്രസാണ്, തന്റെ നേതാവ് രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

അദാനി ഗ്രൂപ്പിനും കമ്പനിയുടെ തലവൻ ഗൗതം അദാനിക്കുമെതിരെ അമേരിക്കയിൽ അന്വേഷണമെന്ന് റിപ്പോര്‍ട്ട്. ഊർജ്ജ പദ്ധതിക്ക് അനുകൂലമായ നടപടിക്കള്‍ക്കായി ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയോ എന്നതിലാണ് പരിശോധനയെന്ന് അന്തര്‍ദേശീയ ബിസിനസ് മാധ്യമത്തിലെ റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാൽ കമ്പനിക്കും ഗൗതം അദാനിക്കുമെതിരെ അമേരിക്കയിൽ അന്വേഷണം നടക്കുന്നുവെന്ന റിപ്പോർട്ട് അദാനി ഗ്രൂപ്പ് തള്ളി.

 

 

 

കരീംനഗറിലെ ബിആര്‍എസ് സ്ഥാനാര്‍ത്ഥിയും മുൻ എംപിയുമായ ബി വിനോദ് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള മള്‍ട്ടിപ്ലക്സ് തിയേറ്ററില്‍ നിന്ന് ആറരക്കോടിയിലധികം രൂപ പിടിച്ചെടുത്തു. തിയേറ്ററില്‍ നടത്തിയ പരിശോധനയിൽ, കാർഡ് ബോർഡ് പെട്ടിയിൽ നിന്നുമാണ് പോലീസിന് പണം ലഭിച്ചത് ഇത് സീല്‍ ചെയ്ത് കസ്റ്റഡിയിലെടുത്തു.

 

 

ഗാസയിലെ റഫാ നഗരം ആക്രമിക്കാന്‍ അംഗീകാരം നല്‍കിയെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടു. അതോടൊപ്പം 200 ഭക്ഷ്യവസ്തുക്കളുമായി സ്പാനിഷ് സന്നദ്ധസംഘടനയുടെ കപ്പല്‍ ഗാസയിലെത്തി. ഭക്ഷ്യവിതരണമേഖലകളിലെ ആക്രമണങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയാണ് വിതരണം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *