f26a7cef 9d84 477b a438 037f5a5d032f 20250913 140628 0000

സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയതിനെ തുടർന്നുള്ള ചർച്ച പുരോഗമിക്കുന്നു. ദൃശ്യ മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണെന്നും അതുകൊണ്ട് നമുക്കും ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിക്കുകയായിരുന്നു.

 

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ സുജിത്ത് നേരിട്ട പൊലീസിൻ്റെ കസ്റ്റഡി മർദ്ദനം വിവരിച്ചു കൊണ്ടായിരുന്നു അടിയന്തര പ്രമേയത്തിൽ റോജി എം ജോൺ എം എൽ എ സംസാരിച്ചത്. നിയമസഭയിൽ പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമിപ്പിച്ച റോജി എം ജോൺ അന്ന് പൊലീസ് മർദ്ദനത്തെ കുറിച്ച് പറഞ്ഞ ആളുടെ പൊലീസാണ് ഇപ്പോൾ സുജിത്തിനെ മർദ്ദിച്ചതെന്ന് പറഞ്ഞു. ജനാധിപത്യ പരമായി ചോദ്യം ചെയ്തതിനാണ് മർദ്ദനം രാജ ഭരണ കാലത്തെ ഓർമിപ്പിക്കുന്ന പെരുമാറ്റമായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് എന്ന് പറഞ്ഞിട്ടും അടികിട്ടി. നേതാവ് ചമയേണ്ട എന്ന് പറഞ്ഞായിരുന്നു അടിച്ചതെന്നും റോജി എം ജോൺ പറഞ്ഞു.

 

മെഡിക്കൽ കോളേജിൽ രോഗികള്‍ സ്വന്തം ചെലവിൽ ചികിത്സാ ഉപകരണങ്ങൾ വാങ്ങി നൽകേണ്ട ദുരവസ്ഥയാണെന്ന ഡോ. ഹാരിസിന്റെ തുറന്ന് പറച്ചിൽ നിയമസഭയിൽ ശരിവച്ച് ആരോഗ്യ മന്ത്രി. കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ പെട്ട രോഗികൾ പോലും ചികിത്സക്ക് പണം ചെലവാക്കേണ്ട സാഹചര്യം ഗൗരവമായി തന്നെയാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രി സഭയിൽ പറഞ്ഞു. ചികിത്സാ ഉപകരണങ്ങൾ വാങ്ങാൻ 8.66 കോടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം ചെലവാക്കിയെന്നും മന്ത്രി പറഞ്ഞു.

 

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഏറെ സ്വാധീനമുള്ള മേഖലകളെ അമേരിക്കയുടെ പുതിയ താരിഫ് നയം ബാധിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സമുദ്രോല്‍പ്പന്നങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കശുവണ്ടി, കയര്‍, തേയില തുടങ്ങിയ മേഖലകളില്‍ താരിഫ് നയം ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. നിയമ സഭയിൽ പിപി ചിത്തരഞ്ജന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. ഇന്ത്യയുടെ സമുദ്രോല്‍പ്പന്ന കയറ്റുമതിയുടെ ഏകദേശം 12-13 ശതമാനം കേരളത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

 

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി കുത്തി നിയമസഭയിൽ ആരോഗ്യമന്ത്രി വീണാ ജോർജ്. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പെന്നായിരുന്നു പരാമർശം. ശിശു ജനന മരണനിരക്കുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. അതേസമയം

രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയിലേയ്ക്ക് വന്നില്ല. എല്ലാ ദിവസവും സഭയിലേയ്ക്ക് വരേണ്ടെന്ന് നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്.

 

രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ഗർഭഛിദ്ര ആരോപണം സഭയിൽ ഉന്നയിച്ച് കെ ടി ജലീൽ എംഎല്‍എ. ഒരു കുട്ടിയുടെ ജനിക്കാനുള്ള അവകാശം നിഷേധിച്ച് ഭ്രൂണത്തില്‍ തന്നെ കുട്ടിയെ കൊന്ന് കളഞ്ഞു എന്ന ആരോപണം നേരിടുന്ന രാഹുലിനെ പോലെ ആണോ എല്ലാ കോൺഗ്രസുകാരും എന്നായിരുന്നു ജലീലിന്‍റെ ചോദ്യം. പി കെ ഫിറോസിനെ പോലെ അല്ല എല്ലാ ലീഗുകാരും. അതുപോലെ എല്ലാ പൊലീസുകാരും പുഴുക്കുത്തുകളല്ല. പൊലീസ് അതിക്രമങ്ങൾ എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്നും ജലീൽ പറഞ്ഞു.

 

വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയത് സഹായധനമല്ല, മറിച്ച് ഉപാധികളോടുകൂടിയ വായ്പയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിൽ നിന്ന് ലഭിച്ച ഫണ്ടിനെക്കുറിച്ചുള്ള യു.എ ലത്തീഫിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

 

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതി നൽകാൻ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം. കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പോയതിനാണ് പരാതി. കെ.പി.സി.സി അധ്യക്ഷൻ, അച്ചടക്ക സമിതി എന്നിവർക്ക് പരാതി നൽകും. പാർട്ടി സസ്പെൻഡ് ചെയ്തയാൾക്ക് ഒപ്പം പോയത് തെറ്റായ സന്ദേശം നൽകിയെന്നും ഷജീറിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെടും.

 

കോണ്‍ഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേര്‍ത്തു എന്നായിരുന്നു പ്രതാപന്‍റെ പരാതി. എന്നാൽ, ഈ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകള്‍ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് കേസെടുക്കാൻ കഴിയില്ലെന്ന് പരാതിക്കാരനെ പൊലീസ് അറിയിച്ചത്. ജില്ലാ ഭരണകൂടത്തിൽ നിന്നോ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നോ കൂടുതൽ രേഖകൾ വരുന്ന മുറയ്ക്ക് കേസെടുക്കുന്ന കാര്യത്തിൽ വീണ്ടും ആലോചിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

 

കാക്കിയണിഞ്ഞ് പൊലീസ് ചെയ്യുന്നത് പൊലീസ് പണിയല്ല പാർട്ടി പണിയാണെന്നും സംസ്ഥാനത്ത് ഏറി വരുന്ന പൊലീസ് അക്രമങ്ങളുടെ കാരണ ഭൂതൻ മുഖ്യമന്ത്രിയാണെന്നും കുറ്റപ്പെടുത്തി ഷാഫി പറമ്പിവല്‍ എംപി. തലപ്പത്ത് ഇരിക്കുന്നവരുടെ ആറ്റിറ്റ്യൂഡാണ് താഴോട്ട് രോഗം പോലെ പൊലീസിലേക്ക് പടരുന്നത്. പൊലീസ് ഗുണ്ടകളുടെ രക്ഷാധികാരിയായി മുഖ്യമന്ത്രി മാറി. ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. പ്രതികരണത്തിന്‍റെ കാലതാമസം ഗുണ്ടകൾക്കൊപ്പമാണെന്ന സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ ഹർജിയുമായി കുസാറ്റിലെ അക്കാദമിക്ക് വിദഗ്ധനായ ഡോ. ഡി. മാവൂത്ത്. ഇരുസർവകലാശാലകളുടെയും വിസി നിയമനത്തിനായി വിരമിച്ച ജസ്റ്റിസ് സുധാൻഷു ദുലിയ അധ്യക്ഷനായ സെർച്ച് കമ്മറ്റിയെ ജസ്റ്റിസ് ജെ.ബി പർദ്ദിവാലാ അധ്യക്ഷനായ ബെഞ്ച് നിയോഗിച്ചിരുന്നു. ഈ സെർച്ച് കമ്മറ്റി വിസിമാരുടെ നിയമനത്തിനായുള്ള പട്ടിക അക്ഷരമാല ക്രമത്തിൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറണം എന്നായിരുന്നു നിർദ്ദേശം. തുടർന്ന് മുഖ്യമന്ത്രി പട്ടികയിലെ പേരുകൾ മുൻഗണനാക്രമത്തിൽ ഗവർണർക്ക് കൈമാറണം.

 

പാലിയേക്കരയില്‍ ടോള്‍ പിരിവിന് ഹൈക്കോടതി ഇന്നും അനുമതി നല്‍കിയില്ല. ഇടക്കാല ഗതാഗത കമ്മറ്റിയുടെ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് ചുണ്ടിക്കാട്ടിയ ഡിവിഷന്‍ ബെഞ്ച് ദേശീയ പാതയിലെ പ്രശ്നം നിസാരമായി കാണരുതെന്നും ജനങ്ങളെ പരീക്ഷിക്കരുതെന്നും വ്യക്തമാക്കി. പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോട് നിര്‍ദേശിച്ച കോടതി ഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റി.

 

ബി അശോക് ഐഎഎസിൻ്റെ സ്ഥലം മാറ്റം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിലേക്ക് മാറ്റിയ ഉത്തരവാണ് സ്റ്റേ ചെയ്തത്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെതാണ് നടപടി. സ്ഥലം മാറ്റത്തിനെതിരെ ബി അശോക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇന്നലെയാണ് അശോകിനെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി ആന്റ് ആർഡിയിലേക്ക് മാറ്റിയത്.

 

എംഎസ്‌സി എൽസ-3 കപ്പൽ മുങ്ങി മൂന്ന് മാസമാകുമ്പോള്‍ നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാനുള്ള നടപടികളിൽ മെല്ലെപ്പോക്ക് തുടർന്ന് സർക്കാർ. ബാധ്യത 132 കോടിയിൽ പരിമിതപ്പെടുത്തണമെന്ന് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി കോടതിയെ അറിയിച്ചിട്ടും സർക്കാർ ഇതുവരെ എതിർപ്പ് അറിയിച്ചിട്ടില്ല. പാരിസ്ഥിതിക ആഘാതം ഉണ്ടായെന്ന് തെളിയിച്ചാൽ പരിധികളില്ലാത്ത നഷ്ടപരിഹാരം ലഭിക്കുമെങ്കിലും ഒന്നും ചെയ്യുന്നില്ലെന്നാണ് നിയമവിദഗ്ധരും മത്സ്യത്തൊഴിലാളികളും ഉന്നയിക്കുന്ന ആരോപണം.

 

കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂളിന്റെ വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് 22 കുട്ടികൾക്ക് പരിക്കേറ്റതിൽ കടുത്ത നടപടികളുമായി മോട്ടോർവാഹന വകുപ്പ്. സ്കൂൾ ബസിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കും. കൂടാതെ ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തേക്കും. സ്കൂളിന് ഗുരുതര വീഴ്ചയെന്നാണ് വിലയിരുത്തൽ. ഇന്ന് നേരിട്ട് ഹാജരാകാൻ സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

കുന്നംകുളം പൊലീസിൽ നിന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ്‍ സുജിത്തിനെതിരെ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെവി അബ്ദുൽ ഖാദര്‍. വിഎസ്‍ സുജിത്ത് ഒരു സ്വാതന്ത്ര്യസമര സേനാനി അല്ലെന്നും പോരാളിയായോ സര്‍വ്വതങ്ക പരിത്യാഗിയോ ആയിട്ടുള്ള ആളല്ലെന്നും സുജിത്തിനെ പൊലീസ് മര്‍ദിച്ചതിൽ ഒരു മറുവശമുണ്ടെന്നും അബ്ദുൽഖാദര്‍ പറഞ്ഞു. പൊലീസ് കൊണ്ടുപോയി തടവി ബിരിയാണി വാങ്ങി കൊടുക്കുമെന്ന് വിചാരിക്കുന്നത് ശരിയാണോയെന്നും അബ്ദുൽഖാദര്‍ പരിഹസിച്ചു.

 

ആഗോള അയ്യപ്പ സംഗത്തിൽ ഓൺലൈനായി ഇതുവരെ 4590 പേര് അപേക്ഷ നൽകിയെങ്കിലും പ്രതിനിധികളുടെ എണ്ണം 3500 ആയി ചുരുക്കും. ആദ്യം വന്ന 3000 പേരെ ഇതിനായി തെരെഞ്ഞെടുക്കും. ദേവസ്വം ബോർഡ് നേരിട്ട് 500 പേരെയും ക്ഷണിക്കും. ഇതോടെ രജിസ്ട്രേഷൻ നടപടി അവസാനിപ്പിച്ചു. വിവിധ സെഷനുകളിൽ പങ്കെടുക്കുന്ന പ്രമുഖരെയും തീരുമാനിച്ചു. ശബരിമല മാസ്റ്റർ പ്ലാൻ വിഷയാവതരണം നടത്തുന്നത് കെ ജയകുമാർ ഐഎഎസ് ആയിരിക്കും.

 

 

ശബരിമലയിൽ എന്തെങ്കിലും ചെയ്യാൻ ഭക്തർക്കും തനിക്കും പേടിയാണെന്നും എന്ത് ചെയ്താലും തിരിച്ചടിയുണ്ടാകുമോ എന്നാണ് ആശങ്കയെന്നും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡൻ്റ് പി.എസ് പ്രശാന്ത്. ശബരിമല ഒരു പേടി സ്വപ്നമായി മാറുകയാണ് ഭക്തർക്ക് എന്തെങ്കിലും സമർപ്പിക്കാൻ പേടിയാണെന്നും ദൈനംദിന കാര്യം ചെയ്യാൻ തനിക്കും പേടിയുണ്ടെന്നും പിഎസ്‍ പ്രശാന്ത് പറഞ്ഞു.

 

സൈബർ ആക്രമണത്തിൽ പ്രതികരിച്ച് പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ പ്രൊഫ. എം ലീലാവതി. എതിർപ്പുകളോട് വിരോധമില്ലെന്നും എതിർക്കുന്നവർ സ്വതന്ത്രമായി എതിർക്കട്ടെ, അവരോട് ശത്രുതയില്ല എതിർപ്പുകൾ നേരിട്ട് തന്നെയാണ് തുടക്കം മുതൽ തന്റെ ജീവിതമെന്നും ലീലാവതി കൂട്ടിച്ചേർത്തു. ഗസയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ എങ്ങനെയാണ് തൊണ്ടയിൽ നിന്ന് ചോറ് ഇറങ്ങുക എന്നായിരുന്നു ടീച്ചറുടെ പരാമർശം. ഈ പരാമർശത്തിലായിരുന്നു ലീലാവതി ടീച്ചർക്കെതിരായ സൈബർ ആക്രമണം.

 

തിരുവനന്തപുരം ജില്ലാ ജയിലിലെ ക്രൂര മർദ്ദനത്തെ തുടർന്ന് പ്രതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കൊളജിൽ ഐസിയുവിൽ ചികിത്സിയിൽ. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ മുൻ ജീവനക്കാരൻ ബിജുവാണ് ചികിത്സയില്‍ കഴിയുന്നത്. സഹപ്രവർത്തകയെ ഉപദ്രവിച്ചതിനാണ് പേരൂർക്കട പൊലിസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത് ജില്ലാ ജയിലിനുള്ളിൽ വച്ചാണ് മർദ്ദനമേറ്റത് ജയിൽ ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നാണ് പരാതി.

 

സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസൺ സെപ്റ്റംബര്‍ 19 മുതൽ നടക്കും. ആലപ്പുഴ ജില്ലയിലെ കൈനകരിയിലാണ് ഐപിഎല്‍ ക്രിക്കറ്റ് മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആരംഭിക്കുന്നത്. മൂന്ന് മാസം നീളുന്ന 14 മത്സരങ്ങളുള്ള സിബിഎല്‍ ഡിസംബര്‍ ആറിന് കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫിയോടെ സമാപിക്കും.

 

വയനാട് വനം വകുപ്പ് ഉദ്യോഗസ്ഥയെ അർധരാത്രി ഓഫീസിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിൻ്റെ സംഭാഷണം പുറത്ത് വന്നു. പരാതിയിൽ നിന്ന് പിൻമാറാൻ രതീഷ് കുമാർ യുവതിക്ക് മേൽ സമ്മർദം ചെലുത്തുന്ന സംഭാഷണമാണ് പുറത്തുവന്നത്. തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാർ പറയുന്നത് സംഭാഷണത്തിലുണ്ട്. കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാർ സംഭാഷണത്തിനിടെ പറയുന്നു.

 

മലപ്പുറത്ത് ഡിവൈഎസ്പിക്കെതിരെ വനിത എസ്ഐയുടെ പരാതി. മലപ്പുറം മുൻ ഡി.സി.ആർ.ബി ആയിരുന്ന ഡിവൈഎസ്പി വി ജയചന്ദ്രനെതിയാണ് വനിത എസ്ഐ മലപ്പുറം പൊലീസിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചെന്നാണ് വനിത എസ്ഐയുടെ പരാതി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തുന്നുവെന്ന് മലപ്പുറം പൊലീസ് അറിയിച്ചു.

 

ഭരണസമിതി ക്ലബ്ബുമായി ഉണ്ടാക്കിയ കരാർ പാലിക്കാത്തതിനെ തുടർന്ന് സെന്റ് ജോർജ് വള്ളവും ബന്ധപ്പെട്ട സ്വത്തുക്കളും കോടതി ഉത്തരവ് പ്രകാരം ജപ്തി ചെയ്തു. ചങ്ങങ്കരി നടുഭാഗം ക്രിസ്ത്യൻ യൂണിയന്റെ ഉടമസ്ഥതയിലുള്ള സെന്റ് ജോർജ് ചുണ്ടൻവള്ള ഭരണസമിതി എടത്വാ ബ്രദേഴ്സ് ബോട്ട് ക്ലബ്ബുമായുണ്ടാക്കിയ കരാർ പാലിക്കാത്തതിനെ തുടർന്നാണ് നടപടി. ആലപ്പുഴ സിവിൽ കോടതിയുടെ ഉത്തരവിനെത്തുടർന്ന് പൊലീസ് അകമ്പടിയോടെ കോടതി ജീവനക്കാർ വള്ളവും വള്ളപ്പുരയും ഓഫീസ് കെട്ടിടവും ജപ്തി ചെയ്തു.

 

കൊല്ലത്ത് ആരാധന മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മധുര തമിഴ്നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക ( 33 ) ആണ് ജീവനൊടുക്കിയത്. വ്യക്തപരിമായ പ്രശ്നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

 

അനധികൃത ബെറ്റിംഗ് ആപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗിനും റോബിൻ ഉത്തപ്പക്കും നോട്ടീസയച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. നിയമവിരുദ്ധമായി ബെറ്റിംഗ് ആപ്പുകളുടെ പരസ്യത്തിൽ അഭിനയിക്കുകയും കള്ളപ്പണം വെളുപ്പിക്കലിന് കൂട്ടുനില്‍ക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഇഡി ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. നേരത്തെ ബോളിവുഡ് താരങ്ങളെ അടക്കം ഈ കേസിന്‍റെ ഭാഗമായി ഇഡി ചോദ്യം ചെയ്തിരുന്നു.

 

സ്കൂളിലെ പ്രാർത്ഥനയ്ക്ക് ശേഷം അധ്യാപികയുടെ കാൽ തൊട്ട് വന്ദിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം. പ്രതിഷേധം ശക്തമായതിന് പിന്നാലെ അധ്യാപികയെ സസ്പെൻഡ് ചെയ്തു. ഒ‍ഡിഷയിലെ മയൂർഭഞ്ചിലാണ് സംഭവം. ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ നിന്നുള്ള 31 വിദ്യാർത്ഥികളായിരുന്നു ആക്രമണത്തിന് ഇരയായത്.

 

വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചതിന് അസം സിവിൽ സർവീസ് ഉദ്യോഗസ്ഥയെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെല്ലിലെ സംഘം ഉദ്യോഗസ്ഥ നൂപുർ ബോറയുടെ ഗുവാഹത്തിയിലെ വസതിയിൽ റെയ്ഡ് നടത്തുകയും 92 ലക്ഷം രൂപ പണവും ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും പിടിച്ചെടുത്തു. ബാർപേട്ടയിലെ വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ 10 ലക്ഷം രൂപയും കണ്ടെടുത്തു.

 

ടിക്ടോക്കുമായി ബന്ധപ്പെട്ട് യു.എസും ചൈനയും തമ്മിൽ കരാറിലെത്തിയതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച ട്രംപും ഷി ജിൻപിംഗും തമ്മിൽ സംസാരിക്കും. അമേരിക്കയിൽ ടിക് ടോക്കിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനുള്ള സമയപരിധി അടുത്തിരിക്കെയാണ് ഈ സുപ്രധാന നീക്കം.

 

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കനത്ത മഴയെത്തുടർന്ന് വീണ്ടും മേഘവിസ്‌ഫോടനം. മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും വീടുകൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു. നിരവധി വാഹനങ്ങളും കടകളും ഒലിച്ചുപോയി. രണ്ടുപേരെ കാണാതായതായാണ് ഇതുവരെ പുറത്ത് വന്ന റിപ്പോർട്ട്. സാഹസ്‌ത്രധാരയിലും തംസ നദിയിലും കാണാതായ ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

 

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള സമപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടിയതിനാൽ ഇന്നും കൂടി റിട്ടേണ്‍ സമര്‍പ്പിക്കാം. പോർട്ടലിലെ സാങ്കേതിക തകരാറുകൾ കാരണം നികുതിദായകർക്ക് റിട്ടേൺ സമർപ്പിക്കാൻ കഴിയുന്നില്ലെന്ന് വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. വിവിധ കോണുകളിൽ നിന്ന് ഉയർന്ന ഈ ആവശ്യം പരിഗണിച്ചാണ് ആദായ നികുതി വകുപ്പ് സമയപരിധി നീട്ടാൻ തീരുമാനിച്ചത്.

 

ഇസ്രയേല്‍ ഇനി ഖത്തറിന് ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇക്കാര്യത്തിൽ ഉറപ്പ് നൽകിയെന്ന് ട്രംപ് പറഞ്ഞു. അറബ് ഉച്ചകോടിക്ക് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം. അതേസമയം മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണം തന്നെ നേരത്തെ അറിയിച്ചെന്ന റിപ്പോര്‍ട്ടും ട്രംപ് തള്ളി.

 

ഏഷ്യാ കപ്പില്‍ ഈ മാസം 28ന് നടക്കുന്ന ഫൈനലിലെത്തുകയും കിരീടം നേടുകയും ചെയ്താല്‍ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റും പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനുമായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ഇന്ത്യ കിരീടം ഏറ്റുവാങ്ങില്ലെന്ന് റിപ്പോര്‍ട്ട്. ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ പിന്‍വലിച്ചില്ലെങ്കില്‍ ടൂര്‍ണമെന്‍റ് ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാന്‍ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എന്നാണ് സൂചന.

 

ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിരെ ഹസ്തദാന വിവാദത്തിന് പിന്നാലെ മത്സരത്തിലെ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം ഐസിസി ഔദ്യോഗികമായി തള്ളി. ഇക്കാര്യം പാക് ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതോടെ മാച്ച് റഫറിയെ മാറ്റിയില്ലെങ്കില്‍ ടൂര്‍ണമെന്‍റ് ബഹിഷ്കരിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയ പാകിസ്ഥാന്‍ വെട്ടിലായി.

 

 

ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ മാരത്തണിൽ അവിശ്വസനീയമായ ഫോട്ടോ ഫിനിഷിലൂടെ ടാൻസാനിയയുടെ അൽഫോൻസ് ഫെലിക്സ് സിംബു സ്വർണം നേടി.

ഫോട്ടോ ഫിനിഷിലാണ് മാരത്തൺ ജേതാവിനെ നിശ്ചയിച്ചത്. 200 മീറ്ററിന്‍റെയോ 400 മീറ്ററിന്‍റെയോ 800 മീറ്ററിന്‍റെയോ ഫിനിഷിംഗ് അല്ല ഇത്. ഏറ്റവും ദൈർഘ്യമേറിയ മാരത്തണിൽ ജേതാവിനെ നിശ്ചയിച്ചത് ഫോട്ടോ ഫിനിഷിൽ. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ സ്വർണം നേടിയത് ടാൻസാനിയയുടെ അൽഫോൻസ് ഫെലിക്സ് സിംബു. ജർമ്മനിയുടെ അമനാൽ പെട്രോസ് ആണ് ഫോട്ടോ ഫിനിഷില്‍ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *