കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം കൈവരിച്ചതില്‍ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 2025 സെപ്റ്റംബര്‍ എട്ടിനാണ് കെഎസ്ആര്‍ടിസി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി കോടി രൂപ നേട്ടമുണ്ടാക്കിയത്. മുന്‍പ് 2024 ഡിസംബര്‍ 23 ന് ശബരിമല സീസണില്‍ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോള്‍ മറികടന്നത്.
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് 2023 ഡിസംബറിൽ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ്. അതേസമയം സിപിഐ സംസ്ഥാന സമ്മേളനത്തിൽ ബിനോയ് വിശ്വത്തിന് അതിരൂക്ഷ വിമർശനം ഉണ്ടായി. ബിനോയ് വിശ്വം വലിയ തോൽവി എന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. രാവിലെ ഒന്നും രാത്രി മറ്റൊന്നും പറയുന്ന സെക്രട്ടറി ചരിത്രത്തിലാദ്യമാണെന്നും വാക്കിലും നിലപാടിലും വ്യക്തത ഇല്ലാത്ത സെക്രട്ടറിയെന്നും സിപിഐയുടെ രാഷ്ട്രീയ നിലപാട് പറയാൻ പോലും ബിനോയ് വിശ്വത്തിന് കഴിയുന്നില്ല എന്നും വിമർശിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ തയ്യാറെന്നും തിരുത്തലിൽ പിടിവാശി ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂർ പരാജയം മുറിവാണെന്നും ജാഗ്രത കുറവുണ്ടായത് പരിശോധിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം കെ ഇ ഇസ്മയിലിന് മുന്നിൽ വാതിൽ അടയ്ക്കില്ലെന്നും പക്ഷേ അത് അകത്ത് കയറ്റൽ അല്ല, വേദിയിൽ ഇരിക്കാൻ ഇസ്മയിലിന് യോഗ്യത ഇല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. കെ ഇ ഇസ്മയിലിന് ഒപ്പം പന്ന്യൻ രവീന്ദ്രനും സി ദിവാകരനും ഒഴിവായി. പക്ഷേ അവർ ഇവിടെ ഉണ്ട് കെ ഇ ഇസ്മയിൽ പക്ഷേ അങ്ങനെ അല്ലെന്നും പാർട്ടിയെ തുടർച്ചയായി കുറ്റപ്പെടുത്തുന്നുവെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. സിപിഐ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകൾ.
സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നാളെ ദില്ലിയിൽ തുടങ്ങും. മൂന്ന് ദിവസമായി ചേരുന്ന സിസി യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ഇന്ന് ദില്ലിയിലെത്തും. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാനാണ് സിസി യോഗം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്നിവ യോഗത്തിൽ ചർച്ചയാകും.
അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്‍റെ മരണത്തിൽ നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് അച്ഛന്‍. പാർട്ടി രഹസ്യങ്ങൾ ജോയൽ പുറത്ത് പറയുമോ എന്ന ഭയംമൂലം സിപിഎം പ്രാദേശിക നേതാക്കളാണ് പൊലീസ് മർദനത്തിന് ഒത്താശ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.
കേരളത്തിൽ ഡിവൈഎഫ്ഐ നേതാവിനും രക്ഷയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസ് മർദനമാണ് ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിന് കാരണമെന്നും വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. പിണറായി വിജയന് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യതയില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
കേരളത്തിന്റെ സമഗ്ര നഗരനയം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘കേരള അര്‍ബന്‍ കോണ്‍ക്ലേവ്’ കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നഗര വികസന മന്ത്രി മനോഹർ ലാൽ ഖട്ടർ മുഖ്യാതിഥിയായി. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. രണ്ടു ദിവസങ്ങളില്‍ 36 സെഷനുകളിലായി 295 പ്രഭാഷകര്‍ പങ്കെടുക്കും.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സസ്പെൻഷൻ സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉടൻ കത്ത് നൽകും. സഭയിൽ വരുന്നതിൽ രാഹുൽ സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ. എംഎൽഎയെ വിലക്കാൻ പാർട്ടിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ലൈംഗിക ആരോപണങ്ങൾ നേരിട്ടതിനെ തുടർന്നാണ് പാർട്ടി അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തത്.
സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണമുയർത്തി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണെന്ന് ശരത് പ്രസാദ് പറയുന്നു. എന്നാൽ അഞ്ച് വര്‍ഷം മുമ്പുള്ള ശബ്ദ സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് ശരത് പ്രസാദ് വിശദീകരിച്ചു.
ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ വിവാദത്തിൽ പ്രതികരിച്ച് തൃശ്ശൂർ സിപിഎം ജില്ല സെക്രട്ടറി അബ്ദുൾ ഖാദർ. ഏതാനും വർഷങ്ങൾക്കു മുമ്പ് പറഞ്ഞ ഓഡിയോ ക്ലിപ്പ് ആണ് ഇന്ന് ചാനലുകളിൽ സംരക്ഷണം ചെയ്തതെന്നും പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും വിഷയത്തിൽ അബ്ദുൾ ഖാദർ പ്രതികരിച്ചു. വസ്തുതയുമായി പൊരുത്തപ്പെടുന്ന യാതൊന്നും അതിലില്ല.സംഭവത്തിൽ ശരത്തിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മാധ്യമങ്ങളിൽ പരസ്യ പ്രസ്താവന നടത്തിയതാണ് കാരണം. ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടതിന് പിന്നിലും നിബിൻ ആണെന്ന സംശയം സിപിഎം നേതാക്കൾക്കുണ്ട്.മണ്ണുത്തി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ഏഴ് സഹകരണ ബാങ്കുകളിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന് ഏരിയാ കമ്മിറ്റിയില്‍ നിന്ന് തന്നെ തരം താഴ്ത്തിയെന്നാണ് കഴിഞ്ഞ ദിവസം നിബിൻ മാധ്യമങ്ങളോട് പറഞ്ഞത്.
ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സിപിഎം. കോഴിക്കോട് തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളയ്ക്കെതിരെയാണ് പാർട്ടി തല നടപടി സ്വീകരിച്ചത്. ഏരിയ കമ്മിറ്റി അംഗമായ പ്രമീളയെ ബ്രാഞ്ചിലേക്ക് ആണ് തരംതാഴ്ത്തിയത്. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനും ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തിയതിനുമാണ് പ്രമീളയ്ക്കെതിരെ നടപടി എടുത്തത്.
നൈറ്റ് ഡ്യൂട്ടിക്കിടെ വയനാട് സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിവെച്ച് വനിതാ ബീറ്റ് ഓഫീസര്‍ക്കുനേരേ പീഡന ശ്രമം. സഹപ്രവര്‍ത്തകനായ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെയാണ് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരാതി നല്‍കിയിരിക്കുന്നത്. സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിനെതിരെയാണ് പരാതി. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയില്‍ വനംവകുപ്പിന്റെ ഇന്റേണല്‍ കമ്മിറ്റി സംഭവം അന്വേഷിക്കുകയും ആരോപണ വിധേയനായ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കല്‍പ്പറ്റ റേഞ്ച് ഓഫീസിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്.
സാമ്പത്തികത്തട്ടിപ്പുകേസിൽ പ്രതിയായ നടൻ സൗബിൻ ഷാഹിർ, സഹനിർമാതാവ് ഷോൺ ആന്റണി എന്നിവർ വിദേശത്ത് പോകാൻ അനുമതിതേടി നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ നേരത്തേ ജാമ്യം അനുവദിച്ചപ്പോൾ കോടതി അനുമതിയോടെ മാത്രമേ വിദേശത്ത് പോകാവൂവെന്ന് നിർദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഹർജി നൽകിയത്.
ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യാവസ്ഥ മോശമെന്ന് വനം വകുപ്പ്. ആനയെ വനം വകുപ്പിലെ വിദഗ്‌ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. കാഴ്ചാപരിമിതിക്കൊപ്പം ആനയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുമുണ്ട്. ആനക്ക് അധിക ദൂരം നടക്കാൻ കഴിയുന്നില്ല. തീറ്റയും വെള്ളവും എടുക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മയക്കുവെടിവെച്ച് പിടികൂടുന്നതിനും ആനയുടെ ആരോഗ്യം തടസമെന്നാണ് വിലയിരുത്തൽ.
പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. കൊടുന്തറ സ്വദേശികളായ ദമ്പതികളുടെ ഏഴു വയസ്സുള്ള മകനെ ചികിത്സിച്ചതിൽ ഗുരുതര വീഴ്‌ചയെന്നാണ് പരാതി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മനു. വിഷയത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ആരോപണവുമായി മനുവിൻ്റെ പിതാവ് രംഗത്തെത്തി.
തിരുവനന്തപുരം പേരൂർക്കടയിൽ ദളിത് സ്ത്രീയായ ബിന്ദുവിൻ്റെ വ്യാജമോഷണക്കേസുമായി ബന്ധപ്പെട്ടുള്ള പ്രത്യേക സംഘത്തിന്‍റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. പേരൂർക്കട സ്റ്റേഷനിൽ നടന്ന പൊലീസ് തിരക്കഥയാണ് ബിന്ദുവിനെതിരായ കേസെന്ന് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സ്വർണ മാല സോഫയുടെ അടിയിൽ നിന്നും കിട്ടിയെന്ന കാര്യം ഓമന ഡാനിയലും മകള്‍ നിധി ഡാനിയലും എസ്ഐ പ്രസാദിനോട് പറഞ്ഞിരുന്നു. ബിന്ദുവിനെതിരെ കേസെടുത്തതിനാൽ മാല കിട്ടിയ കാര്യം പുറത്ത് പറയരുതെന്നും ചവർ കൂനയിൽ നിന്നും കിട്ടിയെന്ന് പറയാൻ എസ്ഐ പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസില്‍ നിർണായക കണ്ടെത്തൽ. സരോവരത്ത് നടത്തുന്ന തെരച്ചില്‍ വിജിലിന്‍റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ഏഴാം ദിവസത്തെ തെരച്ചിലിലാണ് മൃതദേഹ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. അസ്ഥിഭാഗങ്ങളാണ് ലഭിച്ചത്. സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കിട്ടി. ഈ കേസില്‍ പ്രതികളായ നിഖിലിന്‍റേയും ദീപേഷിന്‍റേയും കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് നിർണായക കണ്ടെത്തൽ.
മലപ്പുറത്ത് സർവീസിനിടയിൽ ടൂറിസ്റ്റ് ബസ്സിൽ ഡ്രൈവർ മദ്യപിച്ച് ബോധം കെട്ടതിനെ തുടർന്ന് ബസിലെ യാത്രക്കാർ അഞ്ച് മണിക്കൂറോളം റോഡിൽ കുടുങ്ങി. വഴിക്കടവ് – ബാംഗ്ലൂർ രാത്രികാല ടൂറിസ്റ്റ് ബസിൽ ഓഗസ്റ്റ് 31നാണ് സംഭവം നടന്നത്. ബസ് തിരുനെല്ലി എത്തിയതോടെ ഡ്രൈവർ മദ്യപിച്ച് ബോധം കെട്ടതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. താൽക്കാലിക ഡ്രൈവർ ആയിരുന്നുവെന്നും പൊലീസ് വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞതെന്നും ട്രാവൽ ഏജൻസി പറയുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം കെ മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് എം കെ മുനീർ. രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വയനാട് പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണവിധേയനായ പഞ്ചായത്ത് അംഗത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിനെയാണ് വീടിന് അടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കച്ചന്റെ വീട്ടിൽ നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ജോസ് നെല്ലേടം ഉൾപ്പെടെയുള്ളവരാണെന്ന് തങ്കച്ചൻ ആരോപിച്ചിരുന്നു.
ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്യപ്പെട്ട 767 വേട്ടില്‍ 452 വോട്ടുകളാണ് സി പി രാധാകൃഷ്ണന്‍ നേടിയത്.
നേപ്പാളിൽ കുടുങ്ങിയ മലയാളികൾ നാളെ തിരിച്ചെത്തും. കോഴിക്കോട്, മലപ്പുറം സ്വദേശികളായ 40 പേരാണ് നാളെ തിരിച്ചെത്തുന്നത്. കാഠ്മമണ്ഡുവിൽ നിന്നും ബെംഗളൂരുവിലാണ് വിമാനം മാർഗം എത്തുക. പിന്നീട് റോഡ് മാർഗം കോഴിക്കോട് എത്തും. വിനോദ സഞ്ചാരത്തിനായാണ് സംഘം നേപ്പാളിൽ എത്തിയത്.
നേപ്പാൾ കലാപം അംഗീകരിക്കാനാവാത്തതെന്ന് കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസ് എംപി. പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനത്തെ വിമർശനത്തോടെ സ്വാഗതം ചെയ്ത അദ്ദേഹം വോട്ടർ പട്ടിക പരിഷ്‌കരണവുമായി ഏകപക്ഷീയമായി മുന്നോട്ട് പോകുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമർശിച്ചു.
നേപ്പാളിൽ പ്രക്ഷോഭത്തിനിടെ ഇന്ത്യാക്കാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയായ രാജേഷ് ദേവി സിങ് ഗോലയാണ് മരിച്ചത്. 57 വയസായിരുന്നു പ്രായം. നേപ്പാൾ തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ ഒരു ഹോട്ടലിലായിരുന്നു ഇവരുണ്ടായിരുന്നത്. ഈ ഹോട്ടലിന് പ്രതിഷേധക്കാർ തീയിട്ടപ്പോൾ ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.
ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്. സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജയ്പൂരിൽ ഹവിൽദാർ ആയിരുന്നു ബാലു. ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കൽ ട്രെയിനിങ്ങിനിടയാണ് സംഭവം ഉണ്ടായത്. മരണകാരണം വ്യക്തമല്ല.
അമേരിക്കയിലെ മോട്ടലിൽ ഇന്ത്യക്കാരനെ തലയറുത്തു കൊന്നു. കർണാടക സ്വദേശിയായ മോട്ടൽ മാനേജർ ചന്ദ്ര നാഗമല്ലയ്യ (50) ആണ് കൊല്ലപ്പെട്ടത്. മോട്ടലിലെ ജീവനക്കാരനായ യോർദാനിസ് കോബോസ്-മാർട്ടിനെസ് (39) ആണ് കൊലയാളി. കേടായ വാഷിങ് മെഷീനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് ക്രൂരമായ സംഭവം നടന്നത്.
സ്വകാര്യത സംരക്ഷണത്തിൽ വീണ്ടും ഉത്തരവുമായി ദില്ലി ഹൈക്കോടതി. അനധികൃതമായി വാണിജ്യ ആവശ്യങ്ങൾക്ക് ബച്ചന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അനുവാദമില്ലാതെ എഐ അടക്കം ഉപയോഗിച്ച് ചിത്രങ്ങൾ ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാണിച്ചാണ് അഭിഷേക് ബച്ചൻ കഴിഞ്ഞ ദിവസം ഹർജി നൽകിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനു തൊട്ടുമുമ്പ് മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ സംഘർഷം. മോദിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം ചിലർ നശിപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. തുടർന്ന് പൊലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. അതേസമയം, ദേശീയപാത ഉപരോധം നാഗ സംഘടനകൾ താൽക്കാലികമായി പിൻവലിച്ചിട്ടുണ്ട്.
ബീഹാറിനു പിന്നാലെ കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വരുന്നു. ഇതുസംബന്ധിച്ച ഒരുക്കങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നടന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി വന്നാൽ ഉടൻ അന്തിമ പ്രഖ്യാപനം ഉണ്ടാകും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ എസ് ഐ ആർ നടപ്പാക്കുമെന്ന് കേന്ദ്ര തെര കമ്മീഷൻ നേരത്തെ സൂചന നൽകിയിരുന്നു. എസ് ഐ ആർ നടപ്പാക്കും മുൻപ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കുമെന്നാണ് വിവരം.
ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍ വാഹനം ഇടിച്ചു കയറ്റിയാൽ കേസ് മാത്രമല്ല വാഹനവും കണ്ടുകെട്ടും.
വിചാരണയ്ക്ക് എത്തിച്ചേരാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എത്താതിരുന്ന അന്വേഷണ ഉദ്യോഗസ്ഥനെ ഹരിയാനയിലെ പ്രത്യേക കോടതി ഒരു മണിക്കൂര്‍ തടവിന് ശിക്ഷിച്ചു. 2021 -ലെ ഒരു കൊലപാതക കേസിന്‍റെ വാദം കേൾക്കുന്നതിനിടെയായിരുന്നു സംഭവം. കോടതിയിൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ രാജേഷ് കുമാറിനെ ഒരു മണിക്കൂർ നേരത്തേക്ക് കസ്റ്റഡിയിൽ എടുക്കാൻ അഡീഷണൽ ജില്ലാ, സെഷൻസ് ജഡ്ജി ഉത്തരവിട്ടത്.
നേപ്പാളിൽ കലാപത്തെ തുടർന്നുള്ള ജയിൽ ചാട്ടം പ്രതിസന്ധിയാകുന്നു. ഇന്ത്യൻ അതിർത്തിയിൽ നിന്ന് 65 പേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടുന്നത്. ഇവരെല്ലാം നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പിടികൂടുന്ന പലരും അവകാശപ്പെടുന്നത് തങ്ങൾ ഇന്ത്യാക്കാരെന്നാണ്. അതിനാൽ തന്നെ അതിർത്തിയിൽ ഇപ്പോൾ പരിശോധന കർശനമാക്കിയിട്ടുണ്ട്.
ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറുപേർക്ക് ഔദ്യോഗിക ബഹുമതികളോടെ ഖത്തർ അന്തിമോപചാരം അർപ്പിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ നേതൃത്വത്തിൽ ഇമാം അബ്ദുൽ വഹാബ് പള്ളിയിലാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഹമാസിന്റെ അഞ്ച് പ്രവർത്തകരും ഒരു ഖത്തർ സൈനികനുമാണ് കൊല്ലപ്പെട്ടത്.
ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ വിലയിരുത്തി. ഇസ്രയേലിന് ആക്രമണത്തിന് സംയുക്ത മറുപടി ഉണ്ടാകുമെന്ന് ഖത്തർ പ്രധാനമന്ത്രി അറിയിച്ചു. ആക്രമണത്തിലൂടെ ഇസ്രായേൽ ബന്ധി മോചനത്തിന് ഉള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കി എന്നും ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.
ഖത്തർ എടുക്കുന്ന ഏത് തീരുമാനത്തിനും ഒപ്പമുണ്ടാകുമെന്ന് ആവർത്തിച്ച് സൗദി അറേബ്യ. ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഖത്തർ നടത്തുന്ന നീക്കങ്ങളെ സൗദിയും പിന്തുണക്കും. സൗദി ശൂറാ കൗൺസിൽ യോഗത്തിൽ സൗദി കിരീടാവകാശി ഇക്കാര്യം ആവർത്തിച്ചു. സൗദിയുമായി ബന്ധം സ്ഥാപിക്കാനുള്ള ഇസ്രയേൽ നീക്കം പുതിയ സംഭവത്തോടെ വൈകും.
മുഴുവൻ സ്‌കൂളുകളിലും ഡിജിറ്റൽ പഞ്ചിങ് സിസ്റ്റം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. ഞായറാഴ്ച മുതലായിരിക്കും പുതിയ രീതിയിലൂടെ ഹാജർ രേഖപ്പെടുത്തുക. അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും നിയമം ബാധകമാകും. മാനവ വിഭവ ശേഷി വകുപ്പിന്റേതാണ് തീരുമാനം.പഴയ രീതിയിലുള്ള രജിസ്റ്റർ ഒപ്പിടൽ രീതി ഇതോടെ അവസാനിക്കും.
ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ ഈ വർഷാവസാനം ആരംഭിക്കും. കരാർ നടപ്പായാൽ കാർഷിക, ടെക്‌സ്‌റ്റൈൽസ്, ഫാർമസ്യൂട്ടിക്കൽസ് ഉൽപ്പന്നങ്ങൾ കൂടുതലായി ഗൾഫിലെത്തും. ഇന്ത്യയിൽ ഗൾഫ് രാജ്യങ്ങളുടെ ഉത്പന്നങ്ങളും എത്തിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള വ്യാപാര കരാർ ചർച്ചകൾ അടുത്തയാഴ്ചയെന്ന് അമേരിക്ക. വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ അമേരിക്കയിലേക്ക് ക്ഷണിച്ചെന്ന് പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ അറിയിച്ചു. അമേരിക്കയുടെ പ്രധാന സുഹൃത്തായ ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്നും അടുത്ത സുഹൃത്തായ മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
സൈനിക അട്ടിമറി ഗൂഢാലോചന കേസിൽ മുൻ ബ്രസീലിയൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയ്ക്ക് 27 വർഷം തടവ് ശിക്ഷ. ബ്രസീലിയൻ സുപ്രീം കോടതിയാണ് ബോൾസോനാരോയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2022-ലെ തെരഞ്ഞെടുപ്പിൽ ലുല ഡ സിൽവയോട് ശേഷം അധികാരത്തിൽ തുടരാൻ അട്ടിമറി നടത്തിയെന്നായിരുന്നു ആരോപണം.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുകഴ്ത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ജൂത ജനതയുടെ യഥാർത്ഥ സുഹൃത്താണ് ട്രംപ് എന്നും, ട്രംപ് നൽകിയ സഹായങ്ങൾ എണ്ണിപ്പറഞ്ഞുകാണ്ടാണ് നെതന്യാഹുവിന്റെ പോസ്റ്റ്. അതേസമയം, ബാത് യാമിലെ പുതിയ വിനോദ നടപ്പാതയ്ക്ക് നെതന്യാഹു ഡോണൾഡ് ട്രംപിന്റെ പേര് നൽകി.