20250825 140804 0000

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ എം. ആർ.അജിത് കുമാറിനെതിരെയുള്ള കടുത്ത നടപടി ഒഴിവാക്കാമെന്ന് ഡി ജി പി. സസ്പെൻഷൻ പോലുള്ള നടപടി ആവശ്യമില്ലെന്നും ഡി ജി പി പറഞ്ഞു. അതേസമയം മുൻ ഡി ജി പിയുടെ റിപ്പോർട്ടിൽ പുതിയ ശുപാർശ എഴുതി ചേർത്തു. അജിത്ത് കുമാറിനെ പൊലീസിൽ നിന്ന് മാറ്റിയതിനാൽ കടുത്ത നടപടി വേണ്ടെന്നും റിപ്പോർട്ടിലുണ്ട്. മുൻ ഡി ജി പി യുടെ റിപ്പോർട്ട് പുനഃപരിശോധിച്ചത് സർക്കാർ ആവശ്യപ്രകാരം ആണ് അതിനാൽ താക്കീത് നൽകി അന്വേഷണം അവസാനിപ്പിച്ചേക്കും.

 

എഡിജിപി എംആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിമർശനവുമായി ഹൈക്കോടതി. മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥൻ അന്വേഷിച്ചിട്ട് എന്തുകാര്യമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അജിത് കുമാർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അതേസമയം നിയമ പ്രശ്നങ്ങളുണ്ടെന്ന് നിരീക്ഷിച്ച കോടതി പ്രോസിക്യൂഷൻ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തിയതെങ്കിൽ നടപടി ക്രമത്തിന് വിരുദ്ധമാണെന്നും പറഞ്ഞു. നാളെ എല്ലാ വിശദീകരണങ്ങളും കോടതിക്ക് മുന്നിലെത്തും.

 

കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും, സിപിഎം കാത്തിരിക്കൂ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ മുന്നറിയിപ്പ്. സിപിഎമ്മുകാർ അധികം കളിക്കരുതെന്നും ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം ബിജെപി പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുതെന്നും കാളയുമായി വൈകാതെ ബിജെപി അധ്യക്ഷന്‍റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ടി വരുമെന്നും സതീശന്‍ കൂട്ടിച്ചേർത്തു.

 

ഹരിത പ്രോട്ടോകോൾ പാലിക്കാതെ നിരോധിച്ച പ്ലാസ്റ്റിക്ക് ബൊക്കെ തദ്ദേശ സ്വയംഭരണ വകുപ്പ്, മന്ത്രിക്ക് തന്നെ നൽകി കുത്തനൂർ പഞ്ചായത്ത് ഭരണസമിതി. ബൊക്കെ വാങ്ങാതെ അതിലെ ചട്ടലംഘനം വേദിയിൽ നിന്ന് തന്നെ മന്ത്രി എംബി രാജേഷ് ചൂണ്ടിക്കാട്ടി. പതിനായിരം രൂപ പിഴയീടാക്കാൻ കഴിയുന്ന കുറ്റമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നിരോധിത പ്ലാസ്റ്റിക് ഉപയോഗം തടയേണ്ട വകുപ്പ് തന്നെയാണ് അത് ലംഘിച്ചതെന്നും സർക്കാർ ഉത്തരവ് പോലും പലരും വായിച്ച് നോക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പസംഗമം മതേതര സർക്കാർ ചെയ്യേണ്ട പണിയല്ലെന്ന് കുമ്മനം രാജശേഖരൻ. ഭക്തജന സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിക്ക് അധികാരമില്ല ശബരിമല ഹിന്ദു ക്ഷേത്രം മതവിഷയമാണ് ശബരിമലക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണിത് ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ പോലും മനസില്ലാത്ത മന്ത്രിയാണ് വി എൻ വാസവനെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ശിവൻകുട്ടിയോട് പറയാൻ ഉള്ളത് ഇത് കേരളമാണ് എന്നാണ് ഭക്തജനങ്ങളെ ഇറക്കി പ്രതിരോധിക്കുമെന്നും സംഗമത്തിന് പിന്നിൽ രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല. മുൻകൂട്ടി തീരുമാനിച്ച പരിപാടി ഉണ്ടായതിനാലാണ് അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കഴിയാത്തതെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. തന്റെ അഭാവത്തിൽ രണ്ട് മന്ത്രിമാരെ നിയോഗിച്ചതായും സ്റ്റാലിൻ അറിയിച്ചു.

 

അനർട്ടിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് വിശദമായ വിജിലൻസ് അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനർട്ടിന്‍റെ സി ഇ ഓ സ്ഥാനത്തുനിന്ന് നരേന്ദ്ര നാഥ് വെല്ലൂരിയെ നീക്കം ചെയ്തതുകൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

 

തൃപ്പൂണിത്തുറയിൽ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി. മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തിയതിനെ തുടർന്ന് മന്ത്രി എംബി രാജേഷ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ഘോഷയാത്ര. തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും. ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

തൃശ്ശൂരിലും ഓണാഘോഷങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുര നടയിൽ ഭീമൻ അത്തപ്പൂക്കളമൊരുക്കി. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് മേയർ എംകെ വർഗീസ് കൊടിയുയർത്തി. സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അത്തപ്പൂക്കളം ഒരുക്കിയത്. കൊടിയേറ്റിന് ശേഷം ഭിന്നശേഷിക്കാരുടെ മേളവും ഉണ്ടായി. മേളത്തിനൊപ്പം മേയറും ചുവടുവെച്ചു.

 

ദേശീയപാത അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ പാലിയേക്കരയിൽ ടോൾ പിരിവ് നീളും. ടോൾ തടഞ്ഞ നടപടി സെപ്റ്റംബർ 9 വരെ തുടരും. പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആയിട്ടില്ലെന്ന് മോണിറ്ററിങ് കമ്മിറ്റി വിലയിരുത്തി. റോഡ് നിർമാണം മന്ദഗതിയിലാണെന്നും സർവീസ് റോഡുകൾ പൂർണമായും നവീകരിച്ചിട്ടില്ലെന്നും മോണിറ്ററിങ് കമ്മിറ്റി റിപ്പോർട്ട് നൽകി.

 

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രനെതിരായ ഹർജി പിന്‍വലിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. കെ സുരേന്ദ്രനെതിരെ നല്‍കിയ റിവിഷന്‍ ഹർജി പിന്‍വലിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കിയത്. റിവിഷന്‍ ഹർജി പിന്‍വലിച്ചത് സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാരിന്‍റെ നീക്കം.

 

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഫോർമുലയുമായി എ ഗ്രൂപ്പ്. കെഎസ്‌യു മുൻ സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിനെ പ്രസിഡന്റ്‌ ആക്കാനും നിലവിലെ വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയെ ദേശീയ ജനറൽ സെക്രട്ടറിയാക്കാനുമാണ് നിർദ്ദേശം. കെ സി വേണുഗോപാൽ ഗ്രൂപ്പിൽ നിന്നുള്ള ബിനു ചുള്ളിയിലിനെയും ദേശീയ ജനറൽ സെക്രട്ടറിയാക്കി ഉയർത്തണമെന്നാണ് എ ഗ്രൂപ്പ് നിര്‍ദേശിക്കുന്നത്.

 

പാര്‍ട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് നിലപാടെടുത്ത് എഐസിസി. കാര്യങ്ങൾ വ്യക്തമാക്കാതെ ഇനി തുടർ പരിഗണനകളില്ലെന്നും രാഹുലിൽ നിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി.

 

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് നേതാക്കളെ അറിയിച്ചു. എന്നാൽ ആരോപണങ്ങളിൽ രാഹുൽ തന്നെ വിശദീകരണം നൽകട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിലവിൽ പാർട്ടി അന്വേഷണം ഇല്ലെന്നാണ് സൂചന.

 

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തത് അഡ്ജസ്റ്റ്മെന്റ് ആണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇത് കോൺഗ്രസും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ള മലയാളികളെ പറ്റിക്കാനുള്ള ഒത്തുകളിയാണ്. രാഹുൽ മാങ്കൂട്ടത്തലിന്റെ തെറ്റുകൾക്കുള്ള ശിക്ഷയായി ഇതിനെ കാണാനാവില്ലെന്നും മന്ത്രി പറഞ്ഞു.

 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധത്തില്‍ കൻ്റോൺമെൻ്റ് ഹൗസിലേക്ക് യുവമോർച്ച പ്രവര്‍ത്തകര്‍ കാളയുമായി പ്രതിഷേധിച്ചതിൽ പരാതി. യൂത്ത് കോൺഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ഗൗതം കാട്ടാക്കടയാണ് യുവമോർച്ചയ്ക്കെതിരെ പരാതി നൽകിയത്. പ്രതിഷേധം മതവികാരം വൃണപ്പെടുത്തുന്നതും മൃഗങ്ങളോടുള്ള ക്രൂരതയുമാണെന്ന് കാണിച്ച് ഡിജിപിക്കാണ് പരാതി നൽകിയത്.

 

രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് പ്രതിരോധത്തിലല്ലെന്ന് മുതിർന്ന നേതാവ് കെ മുരളീധരൻ. ആരോപണത്തിൽ കഴമ്പില്ലെങ്കിൽ സസ്പെൻഷൻ പിൻവലിക്കുമെന്നും, രാഹുൽ ആണ് കാര്യങ്ങൾ വിശദീകരിക്കണോ എന്ന് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്‌ എം എൽ എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങൾക്ക് ഉണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും വിമർശനവുമായി യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹി താരാ ടോജോ അലക്സ്. എത്രയലക്കി വെളുപ്പിച്ചാലും എത്ര കഥകൾ പാടിപ്പുകഴ്ത്തിയാലും എത്ര മാരീചവേഷങ്ങളെ ഇറക്കി കാടിളക്കിയാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടനാണന്ന സത്യം രാമായണം വായിച്ചവർക്കും കേട്ടവർക്കും അറിയാമെന്ന് താരാ ടോജോ അലക്സ് ഫേസ്ബുക്കില്‍ കുറിച്ചു

 

ഗ്രാമീണ, നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ 1200 രൂപ വീതം ഓണസമ്മാനമായി 200 രൂപ വർധിപ്പിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 52.60 കോടി രൂപ അനുവദിച്ചു. 5.26 ലക്ഷം തൊഴിലാളികൾക്ക്‌ ഓണസമ്മാനം ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5,19,623 പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക.

 

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അടുത്ത കാലത്ത് ജപ്പാൻ ജ്വര കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ രണ്ടു ജില്ലകളിലും ആരോഗ്യ വകുപ്പ് പ്രത്യേക വാക്സീൻ യജ്ഞം നടത്തും. ഒന്ന് മുതൽ 15 വരെ വയസ്സുള്ള കുട്ടികൾക്കായാണ് വാക്സീൻ യജ്ഞം. രണ്ട് ഡോസുകളിലായി വാക്സീൻ നൽകും. കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം സംസ്ഥാനത്തിന് പ്രത്യേക നിർദേശം നൽകിയത്.

 

മൂവാറ്റുപുഴ പെറ്റി തുക വെട്ടിപ്പ് കേസിൽ പ്രതി ശാന്തി കൃഷ്ണൻ പൊലീസ് കസ്റ്റഡിയിൽ. ഒളിവിൽ കഴിഞ്ഞ ഇടത്തുനിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഹൈക്കോടതി മുൻ‌കൂർ ജാമ്യം തള്ളിയത്തോടെയാണ് ശാന്തി കൃഷ്ണനെ പൊലീസ് പിടികൂടിയത്. മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്താണ് ശാന്തികൃഷ്ണൻ 16 ലക്ഷത്തിലേറെ രൂപ വെട്ടിച്ചത്.

 

പുലിയെ കണ്ടതായി പറയുന്ന മാവൂരിൽ ഇന്ന് വനംവകുപ്പ് സംഘം പരിശോധന നടത്തും. കാൽപ്പാടുകൾ ഉൾപ്പെടെയുള്ളവ പതിഞ്ഞിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. ആർആർടി സംഘവും സ്ഥലത്തെത്തും. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചാൽ കൂട് സ്ഥാപിക്കും. ഗ്രാസിം സ്റ്റാഫ് കോളനി നിലനിന്ന സ്ഥലത്തെ കാട്ടിനുള്ളിലേക്കാണ് പുലി കടന്നതായി വഴിയാത്രക്കാരൻ കണ്ടത്. പൊലീസ് ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

 

മലപ്പുറം തിരൂർ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി. കുട്ടികളടക്കം 7 പേർ ലിഫ്റ്റിലുണ്ടായിരുന്നു. ഒരു മണിക്കൂറോളം ഇവർ ലിഫ്റ്റിനുള്ളിൽ കുടുങ്ങി. റെയിൽവെ പൊലീസ് ഉടനെ എത്തിയെങ്കിലും ലിഫ്റ്റ് തുറക്കാനായില്ല. തുടർന്ന് ടെക്നീഷ്യന്മാരെ വിളിച്ചു വരുത്തി എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചു.

 

ആലപ്പുഴ ചേർത്തലയിൽ പിതാവിനെ മർദിച്ച സംഭവത്തിൽ മക്കൾ അറസ്റ്റിൽ. പുതിയകാവ് സ്വദേശികളായ അഖിൽ, നിഖിൽ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് കിടപ്പിലായ പിതാവിനെ മകൻ അഖിൽ ക്രൂരമായി മർദിച്ചത്. ചേർത്തല പുതിയകാവ് സ്വദേശി ചന്ദ്രന് നേരെയാണ് ആക്രമണം ഉണ്ടായത്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മദ്യലഹരിയിലായിരുന്ന അഖിലിൻ്റെ ഉപദ്രവം.

 

കണ്ണൂർ സെൻട്രൽ ജയിലിലെ ലഹരി ഡെലിവറിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരിവസ്തുക്കളും മൊബൈൽ ഫോണും ഉൾപ്പെടുന്ന പൊതി എറിഞ്ഞു കൊടുത്താൽ കൂലി കിട്ടാറുണ്ടെന്നാണ് വെളിപ്പെടുത്തൽ. തടവുകാർക്ക് ബീഡിയും കഞ്ചാവും മൊബൈലും എറിഞ്ഞുകൊടുക്കാറുണ്ടെന്നും അതിന് പ്രതിഫലം കിട്ടാറുണ്ടെന്നാണ് പുതിയതെരു സ്വദേശി അക്ഷയിയുടെ മൊഴി. കഴിഞ്ഞ ദിവസമാണ് മതിലിനുമുകളിലൂടെ സാധനങ്ങൾ എറിഞ്ഞുകൊടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അക്ഷയ് യെ പൊലീസ് പിടികൂടിയത്.

 

തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണവുമായി ശ്രീജയുടെ ഭർത്താവ് ജയൻ. പഞ്ചായത്ത് പ്രസിഡന്റ് ബിജു മോഹൻ ആരോപണങ്ങൾ ഉന്നയിച്ചതിൽ മനംനൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്‍റെ പരാതി.

 

തമിഴ്നാട് സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി നഗരമേഖലയിലെ സർക്കാർ സ്‌കൂളുകളിലേക്കും എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലേക്കും വിപുലീകരിക്കുന്നതിന്റെ ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിർവഹിച്ചു. എം.കെ.സ്റ്റാലിനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌ സിംഗ് മാനും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. 20.59 ലക്ഷം കുട്ടികൾക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതി.

 

ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര പത്താം ദിനത്തിലേക്ക്. സുപോൾ നിന്ന് ദർഭംഗയിലേക്കാണ് ഇന്നത്തെ യാത്ര. സീതാമർഹിയിലുള്ള മാതാ ജാനകി ക്ഷേത്രത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും ദർശനം നടത്തും. യാത്രയിൽ പങ്കെടുക്കാൻ തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നാളെ ബീഹാറിൽ എത്തും. അഖിലേഷ് യാദവ്, സിദ്ധരാമയ്യ, ഹേമന്ദ് സോറൻ, രേവന്ദ് റെഡി, സുഖ്വീന്ദർ സിംഗ് സുഖു എന്നിവരും അടുത്ത ദിവസങ്ങളിൽ യാത്രക്ക് എത്തും.

 

സ്റ്റാര്‍ഷിപ്പ് ഗ്രഹാന്തര റോക്കറ്റിന്‍റെ പത്താം വിക്ഷേപണ പരീക്ഷണം സ്പേസ് എക്‌സ് വീണ്ടും മാറ്റിവച്ചു. ടെക്‌സസിലെ മോശം കാലാവസ്ഥ മൂലമാണ് അവസാന നിമിഷം വിക്ഷേപണം നീട്ടിവെക്കാന്‍ ഇലോണ്‍ മസ്‌കിന്‍റെ കമ്പനി തീരുമാനിച്ചത്. ടെക്‌സസിലെ ഇടിമിന്നല്‍ സാധ്യത പരിഗണിച്ചാണ് വിക്ഷേപണം മാറ്റിവച്ചത്. ഇത് രണ്ടാംവട്ടമാണ് സ്റ്റാര്‍ഷിപ്പ് പത്താം പരീക്ഷണം സ്പേസ് എക്‌സ് മാറ്റിവെക്കുന്നത്.

 

ഈ വർഷമോ അല്ലെങ്കിൽ അതിനു ശേഷമോ ചൈന സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉയർന്ന തീരുവ പ്രശ്നം നിലനിൽക്കുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങുമൊത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

 

ഗാസയിലെ നാസർ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടിരുന്നു. പത്രപ്രവർത്തകരുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും അടക്കം എല്ലാ സാധാരണക്കാരുടെയും പ്രവർത്തനത്തെ ഇസ്രായേൽ വിലമതിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *