കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിടുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകളിൽ സുരക്ഷാമിത്രം എന്ന പേരിൽ സഹായപ്പെട്ടികൾ സ്ഥാപിക്കും. ഇത് പ്രധാനാധ്യാപികയുടെയോ പ്രിൻസിപ്പലിന്റെയോ മുറിയിൽ വെക്കണം. കുട്ടികൾക്ക് പേര് വെച്ചോ, വെക്കാതെ കാര്യങ്ങൾ പറയാം. ആഴ്ചയിൽ ഒരിക്കൽ പെട്ടി തുറന്ന് പരാതി വായിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ആലപ്പുഴയിലെ നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിയെ രണ്ടാനമ്മയും പിതാവും ക്രൂരമർദനത്തിന് ഇരയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി.
പുലിനഖം കെട്ടി നടന്നവരും ആനക്കൊമ്പ് കൊണ്ടുപോയവരും നമുക്ക് മുന്നിലുണ്ടെന്നും അവര്‍ക്കൊന്നുമില്ലാത്ത നിയമമാണ് വേടന് മാത്രമുള്ളതെന്നും മന്ത്രി ഒ.ആര്‍.കേളു. വേടനെ ഒതുക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നത് ജാതിയുടെ വേലിക്കെട്ടുകളും അതിര്‍വരമ്പുകളും ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വേടന്റെ പരിപാടികള്‍ക്ക് ആളുകൂടിയപ്പോള്‍ ചിലര്‍ക്ക് വിറളിപിടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജ്യോതിഷികളുടെ വീട്ടിൽ പോയാൽ എന്താണ് കുഴപ്പമെന്ന് എ കെ ബാലന്‍. താനുൾപ്പെടെയുള്ള നേതാക്കൾക്ക് ജ്യോതിഷികളുമായി നല്ല ബന്ധമുണ്ട് ജ്യോതിഷികളുമായും മജീഷ്യൻമാരുമായും സംസാരിക്കാൻ തനിക്ക് പ്രത്യേക താൽപര്യമുണ്ട് സമയം നോക്കാനോ ജ്യോതിഷം നോക്കാനോ അല്ല അവിടെ പോകുന്നത്. ജ്യോത്സ്യൻ പറഞ്ഞ കാര്യങ്ങൾ ഉദ്ധരിച്ച് എ കെ ആന്‍റണിക്കെതിരെ താൻ നിയമസഭയിൽ സംസാരിച്ചിരുന്നുവെന്നും എ കെ ബാലൻ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിന്‍സിപ്പലിന്‍റെയും സൂപ്രണ്ടിന്‍റെയും വാര്‍ത്താസമ്മേളത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ് ഡിഎംഇ കെവി വിശ്വനാഥ്. പ്രിൻസിപ്പലിന്‍റെയും സൂപ്രണ്ടിന്‍റെയും വാർത്താ സമ്മേളനം അനുചിതം എന്ന് തോന്നുന്നില്ലെന്നും വാര്‍ത്താസമ്മേളനത്തിനിടെ ഫോണിൽ വിളിച്ചത് താനാണെന്നും അതിൽ ദുരുദ്ദേശ്യമില്ലെന്നും കെവി വിശ്വനാഥ് പറഞ്ഞു. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മാത്രം പറഞ്ഞാൽ മതിയെന്ന് പറയാനാണ് വിളിച്ചത്. ഒരുപാട് ചോദ്യങ്ങള്‍ നേരിട്ടപ്പോഴാണ് സദുദ്ദേശത്തോടെ ഫോണ്‍ വിളിച്ച് ആവശ്യമായ നിര്‍ദേശം നൽകിയത്. അതിൽ മറ്റു ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണം കാണാതായ സംഭവത്തിൽ അടക്കം അന്വേഷണം നടക്കട്ടെയെന്നും താൻ തുറന്ന പുസ്തകമാണെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ. വിവാദങ്ങള്‍ ദു:ഖമുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി തന്നെ നേരിൽ വന്ന് കണ്ട് സംസാരിച്ചിരുന്നു. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിനെതിരായിരുന്നില്ല താൻ ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് എത്താഞ്ഞതാണ് പ്രശ്നം ഉദ്യോഗസ്ഥ തലത്തിൽ ഫയൽ നീങ്ങാതെ കിടന്നു സര്‍ക്കാര്‍ തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും വിവാദങ്ങള്‍ക്കൊന്നുമില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു.
അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുന്നതില്‍ കരാര്‍ ലംഘനമുണ്ടായത് കേരള സര്‍ക്കാരിന്‍റെ ഭാഗഗത്തു നിന്നാണെന്ന് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍. നേരത്തെ കരാര്‍ ലംഘനം നടത്തിയത് എഎഫ്എ ആണെന്നും ടീമിനെ കേരളത്തിലെത്തിക്കാനായി എഎഫ്എ ആവശ്യപ്പെട്ട 130 കോടി രൂപ ജൂണ്‍ ആറിന് തന്നെ കൈമാറിയെന്നും കേരളത്തിലെ സ്പോണ്‍സര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
അര്‍ജന്‍റീന ഫുട്ബോള്‍ ടീമിനെ കേരളത്തില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടത് സ്പോണ്‍സറാണ്. അര്‍ജന്‍റീന ടീമിനെ കേരളത്തില്‍ കൊണ്ടുവരാനുള്ള പണവും സ്പോണ്‍സര്‍ അടച്ചിട്ടുണ്ട്. സര്‍ക്കാരിന് ആരുമായും കരാറില്ല. സ്പോണ്‍സര്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് കരാറൊപ്പിട്ടതെന്നും അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മെസി ഈസ് മിസ്സിംഗ് എന്ന് കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫ് പരിഹസിച്ചു. വിഷയത്തിൽ കായിക മന്ത്രി മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മെസ്സിയാണ് സിപിഎമ്മിന്‍റെ സ്റ്റാർ ക്യാമ്പേയ്നർ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ വിമര്‍ശിച്ചു. മെസ്സി കേരളത്തിലേക്ക് വരുന്നു എന്ന പ്രചാരണം സർക്കാർ “തള്ളി” മറിച്ചുണ്ടാക്കിയ അപകടം എന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് സർക്കാർ വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രി വീണ ജോർജിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 15 അംഗ പൊലീസ് സംഘമാണ് മന്ത്രിക്കൊപ്പം ഉള്ളത്. ആലപ്പുഴ നോർത്ത് സൗത്ത് സ്റ്റേഷനുകളിലെ പൊലീസുകാരാണ് സുരക്ഷ സംഘത്തിൽ ഉള്ളത്. അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ മുൻ കരുതലിനാണ് കൂടുതൽ ഉദ്യോഗസ്ഥരെന്നാണ് വിവരം.
ചില നേതാക്കൾ ജ്യോത്സ്യനെ കാണുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയിൽ വിമർശനമുയർന്നെന്ന വാർത്തയിൽ അങ്ങനെയൊരു വിമർശനം ഉയർന്നിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്ന് പി ജയരാജൻ പ്രതികരിച്ചു. അതിനപ്പുറം താൻ വ്യക്തമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ നിര്‍മാണത്തിലുള്ള പാലം തകർന്ന സംഭവത്തിൽ 3 പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ, എക്സിക്യൂട്ടീവ് എഞ്ചിനിയർ, ഓവർസിയർ എന്നിവരെ സസ്പെൻഡ് ചെയ്തു. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തുമെന്നും പൊതുമരാമത്ത് മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിൻ്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെയുള്ള ആക്രമണങ്ങളിൽ രൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിൽ. ക്രിസ്ത്യൻ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം തുടരുകയാണ് പാകിസ്ഥാനിൽ ന്യൂനപക്ഷ ആക്രമണം നടക്കുന്നുവെന്ന് പറഞ്ഞു കേന്ദ്രം നിയമം നിർമിച്ചു ഹിന്ദുക്കൾക്ക് പൗരത്വം നൽകി. അതുപോലെ ഇന്ത്യയിലെ ന്യൂനപക്ഷം വിദേശ രാജ്യത്തേക്ക് പോകണോ എന്ന് താമരശ്ശേരി ബിഷപ്പ് ചോദിച്ചു.
ടിപി കേസ് പ്രതി കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവയുടെ പരസ്യ മദ്യപാനത്തിൽ കേസെടുത്ത് പൊലീസ്. കൊലക്കേസ് പ്രതിയായ കൊടി സുനിക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ കണ്ണൂരിൽ മൂന്ന് സിവിൽ പൊലീസുകാരെ ദിവസങ്ങൾക്ക് മുൻപ് സസ്പെൻ്റ് ചെയ്തിരുന്നു.
താരസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി. തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കേയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികൾ അറിയിച്ചു. അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നും അറിയിപ്പുണ്ട്.
വയനാട് തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന ജീവനക്കാരൻ പിടിയിൽ. അക്കൗണ്ടന്‍റ് വിസി നിധൻ ആണ് പിടിയിലായത്. ജീവനക്കാരനെ മലപ്പുറത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കേസിൽ ഉള്‍പ്പെട്ട അക്രഡിറ്റഡ് എൻജിനീയർ ജോജോ ജോണി വിദേശത്തേക്ക് കടന്നതായി സംശയം. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ആലപ്പുഴ നൂറനാട് നാലാംക്ലാസുകാരിയെ മർദിച്ച കേസിൽ പിടിയിലായ അച്ഛനെയും രണ്ടാനമ്മയെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരുവരും ഇന്നലെ രാത്രിയാണ് പിടിയിലായത്. ഇരുവരുടെയും മാസങ്ങൾക്ക് മുൻപ് ഉള്ള ഫോൺകോൾ വിവരങ്ങൾ ഉൾപ്പടെ പൊലീസ് ശേഖരിച്ചിരുന്നു. പ്രതികളെ നൂറനാട് സ്റ്റേഷനിൽ എത്തിച്ചു. ഇന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മർദനമേറ്റ കുഞ്ഞിനെ നേരിൽ കാണും.
കഴിഞ്ഞ വർഷം ബസിൽ വച്ച് വാളയാർ പൊലീസ് 96.57 ഗ്രാം മെത്താഫിറ്റമിൻ പിടികൂടിയ കേസിൽ പ്രതിയായ നൈജീരിയൻ പൌരൻ അറസ്റ്റിൽ. ബെംഗളൂരുവിലെ കോളജിൽ ഗവേഷണ വിദ്യാർത്ഥിയായ എബുക്ക പ്രോസ്പർ ഇഗ്ബോനുസ് (27) ആണ് പിടിയിലായത്. വാളയാർ പൊലീസ് ബെംഗളൂരുവിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കണ്ണൂരിൽ കെഎസ്‍യു പ്രവര്‍ത്തകന് ക്രൂരമര്‍ദനം. കണ്ണൂര്‍ കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയായ അസൈനാറിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തിൽ അസൈനാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡിവൈഎഫ്ഐ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കെഎസ്‍യു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതി. സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അസൈനാറിനെ വളഞ്ഞിട്ട് ആക്രമിച്ചത്.
പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാർത്ഥി അമ്മു സജീവന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. കുടുംബത്തിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി. ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്ന അമ്മു സജീവൻ 2024 നവംബർ 15നാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചത്. പത്തനംതിട്ട പൊലീസ് അന്വേഷിച്ച കേസിൽ മൂന്നു സഹപാഠികളെ പ്രതി ചേർത്തിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരുന്നത്.
വോട്ടർ ലിസ്റ്റ് വെബ്സൈറ്റിൽ നിന്ന് നീക്കിയെന്ന റിപ്പോർട്ടുകൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ചില സംസ്ഥാനങ്ങളുടെ വോട്ടർ പട്ടിക സൈറ്റിൽ നിന്ന് കാണാതായെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് പ്രതികരണം. വിഷയത്തിൽ രാഹുൽ ഗാന്ധി സത്യവാങ്മൂലം നല്കണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം കത്ത് നല്കിയിട്ടും കമ്മീഷൻ ഒഴിഞ്ഞു മാറുന്നു എന്ന് രാഹുൽ ഗാന്ധിയുടെ ആരോപണം.
നോട്ട വോട്ടുകളുടെ നിയമസാധുത പരിശോധിക്കാൻ സുപ്രീം കോടതി ആലോചിക്കുന്നു. സർക്കാരിതര സംഘടനയായ വിധി സെൻ്റർ ഫോർ ലീഗൽ പോളിസിയുടെയും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിൻ്റെയും ഹർജികൾ പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി ഈ വിലയിരുത്തൽ നടത്തിയത്. എതിരാളികളില്ലാതെ ഒരാൾ മാത്രം പത്രിക നൽകുകയും വിജയിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നോട്ട വോട്ടുകൾ പരിഗണിക്കണോയെന്നാണ് ആലോചന.
ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവെച്ച ജഗ്ദീപ് ധൻകറെ ജൂലൈ 22 മുതൽ കാണാനില്ലെന്ന് കപിൽ സിബൽ. വിഷയത്തിൽ ആഭ്യന്തരമന്ത്രി അമിത്ഷാ ഇടപെടണമെന്ന് കപിൽ സിബൽ പറഞ്ഞു. വ്യക്തിപരമായി തനിക്ക് ബന്ധമുള്ള വ്യക്തിയാണ് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും വിവരമില്ലെന്നും സിബൽ പറഞ്ഞു.
വയനാട് ലോക്സഭാ എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രക്ക് ഹരിയാണയിലെ ഗുരുഗ്രാമിൽ മൂന്നര ഏക്കർ ഭൂമി കൈക്കൂലിയായി ലഭിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലെ ചില കണ്ടെത്തലുകൾ പ്രിയങ്ക ഗാന്ധിക്കും കുരുക്കാകുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്.
അംഗീകാരമില്ലാതെ രജിസ്റ്റർ ചെയ്ത 344 പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിലെ ആറ് പാർട്ടികളുടെ രജിസ്ട്രേഷനും തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. ആർഎസ്പി (ബി), എൻഡിപി സെക്കുലാർ എന്നിവയുടെ രജിസ്ട്രേഷനും റദ്ദാക്കി. രാജ്യത്ത് ആറ് ദേശീയ പാർട്ടികളാണ് ഇപ്പോഴുള്ളത്. ബിജെപി കോൺഗ്രസ്, സിപിഎം, ബിഎസ്പി, എഎപി, എൻപിപി എന്നിവയാണ് ദേശീയ കക്ഷികൾ.
ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു. മരണസംഖ്യയെക്കുറിച്ച് വ്യക്തമായ അറിവില്ലെന്നും രക്ഷാപ്രവർത്തനം വളരെ വേഗം പൂർത്തിയാക്കുമെന്നും തെരച്ചിലിന് റഡാർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കുമെന്നും ലെഫ്റ്റനന്റ് കേണൽ ടിജു തോമസ് പറഞ്ഞു. അതോടൊപ്പം ഡെറാഡൂണിൽ എത്തിയ മലയാളികൾ സുരക്ഷിതരാണെന്ന് വിവരം മലയാളികൾ 3 ദിവസത്തിനകം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ.
ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ലാൻസ് നായ്‌ക് പ്രിത്‌പാൽ സിങ്, ശിപായ് ഹർമിന്ദർ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. സൈന്യത്തിൻ്റെ ചിനാൽ കോർപ്സിൽ ഭാഗമായിരുന്ന ഇരുവരുടെയും മരണത്തിൽ സൈന്യം അനുശോചിച്ചു.തുടർച്ചയായ ഒൻപതാം ദിവസത്തിലേക്ക് കടന്ന ഏറ്റുമുട്ടലിലാണ് സൈനികർ കൊല്ലപ്പെട്ടത്.
ദോഹ ഫെസ്റ്റിവൽ സിറ്റിയുമായി സഹകരിച്ച് ‘10,000 സ്റ്റെപ്സ് ചാലഞ്ച്’ സംഘടിപ്പിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പുവരുത്തുക, ടീം സ്പിരിറ്റ് ശക്തമാക്കുക, പോസിറ്റീവും പ്രചോദനാത്മകവുമായ തൊഴിൽ അന്തരീക്ഷം വളർത്തുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ചലഞ്ച്. മന്ത്രാലയത്തിന്‍റെ വിവിധ വകുപ്പുകളിൽ നിന്നുള്ള ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്‍റുറോവുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, തന്ത്രപ്രധാനമായ സഹകരണമാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്തതെന്ന് റഷ്യൻ എംബസി അറിയിച്ചു. സൈനിക സാങ്കേതിക രംഗങ്ങളിലെ സഹകരണം, വിമാനങ്ങളുടെ നിർമ്മാണം, രാസ വ്യവസായം, ഇരുമ്പ് ഉരുക്ക് നിർമ്മാണം തുടങ്ങിയ വിവിധ മേഖകളിലെ സഹകരണം എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി.
ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ തീരുമാനം അപകടകരമെന്ന് ഐക്യരാഷ്ട്രസഭ. മേഖലയിലെ സംഘർഷാവസ്ഥ മൂർച്ഛിക്കാൻ ഇസ്രയേൽ അധിനിവേശം ഇടയാക്കുമെന്ന് സെക്രട്ടറി ജനറൽ ആന്‍റണിയൊ ഗുട്ടെറെസ് വ്യക്തമാക്കി.ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കത്തെ സൗദി അറേബ്യ, ജോർദാൻ, തുർക്കി, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അപലപിച്ചു.
ഗാസ പിടിച്ചടക്കാനല്ല ശ്രമിക്കുന്നതെന്നും ഹമാസിൻ്റെ പിടിയിൽ നിന്ന് ഗാസയെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിൻ്റെ പിടിയിൽ നിന്ന് മോചിപ്പിച്ച് ഗാസയുടെ നിയന്ത്രണം സമാധാനകാംക്ഷികളായ ഭരണ സംവിധാനത്തെ ഏൽപ്പിച്ചാൽ അതിലൂടെ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനും ഭാവിയിൽ നടന്നേക്കാവുന്ന ആക്രമണ ഭീഷണി ഇല്ലാതാക്കാനും സാധിക്കും എന്നും നെതന്യാഹു പറയുന്നു.
ക്രിക്കറ്റിന്‍റെ മെക്കയെന്ന് അറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് കഷ്ണങ്ങളായി മുറിച്ചുവില്‍ക്കാനൊരുങ്ങി സ്റ്റേഡിയം പരിപാലിക്കുന്ന മാര്‍ലിബോള്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി). ഗ്രൗണ്ടിന്‍റെ നവീകരണത്തിനും പരിപാലത്തിനുമായി ധനസമാഹരണം ലക്ഷ്യമിട്ടാണ് എംസിസി ക്ലബ്ബിന്‍റെ 25000ത്തോളം വരുന്ന അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഗ്രൗണ്ടിലെ പുല്‍ത്തകിടിയുടെ കഷ്ണങ്ങള്‍ മുറിച്ച് വില്‍ക്കാനൊരുങ്ങുന്നത്.