യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താരിഫ് യുദ്ധം ശക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങൾ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന് വ്യക്തിപരമായി വലിയ വില നൽകേണ്ടി വരുമെങ്കിലും അതിന് തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയിൽ നടന്ന എം എസ് സ്വാമിനാഥൻ ശതാബ്‍ദി അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഡോണൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 50% ഇറക്കുമതി തീരുവ ചുമത്തിയതിനെ അവസരമായി കണ്ട് മുന്നേറ്റം നടത്തണമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമായി ട്രംപിന്റെ നീക്കത്തെ കാണണമെന്നും ഇത് ഊർജമാക്കിയെടുത്ത് ഇന്ത്യ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കണമെന്നും അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു.
തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് ഓഗസ്റ്റ് 12 വരെ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. നേരത്തെ ഓഗസ്റ്റ് എട്ട് വരെയായിരുന്നു വോട്ടർപട്ടിക പുതുക്കാനുള്ള സമയപരിധി. കൂടുതൽ ആളുകൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനും നിലവിലെ വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താനും അവസരം നൽകുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത്.
വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഈ വരുന്ന ശനി, ഞായർ (ഓഗസ്റ്റ് 9,10) തിയതികളിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് അവധിയുണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ ദിവസങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രവൃത്തി ദിനമായിരിക്കുമെന്നും വോട്ടർ പട്ടിക പുതുക്കാൻ എല്ലാവർക്കും അവസരം ലഭിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
കേരള സാങ്കേതിക സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി എസ്എഫ്ഐ. സ്ഥിരം വിസി നിയമനം, ഇയർ ബാക്ക് ഒഴിവാക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്എഫ്ഐ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മതില്‍ ചാടിക്കടന്ന് മുഴുവൻ പ്രവര്‍ത്തകരും അകത്തു കയറി. വിസിയുടെ മുറിക്ക് മുന്നിലാണ് ഉപരോധവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്.
മെസിയെ ക്ഷണിക്കാനെന്ന പേരിൽ 2024 സെപ്തംബറിൽ കായിക മന്ത്രിയുടെ സ്പെയിൻ യാത്രക്ക് സർക്കാരിന് ചെലവായത് 13 ലക്ഷം രൂപ. മന്ത്രിക്കൊപ്പം കായിക വകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും സ്പെയിൻ സന്ദർശിച്ചിരുന്നു. മെസിയെ കൊണ്ടുവരുന്നതിൽ സർക്കാരിന് ഒരു രൂപ പോലും ചെലവില്ലെന്നായിരുന്നു മന്ത്രിയുടെ വാദം.
30 വർഷം മുൻപ് തന്നെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ നുണപ്രചാരണം നടത്തുന്നതായി സി സദാനന്ദൻ എംപി. കണ്ണൂർ പെരിഞ്ചേരിയിലെ സിപിഎം നേതാവ് ജനാർദ്ദന് മർദ്ദനമേറ്റതിൽ തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണ് വിശദീകരണം. സി സദാനന്ദൻ ക്രിമിനൽ കേസിലെ പ്രതിയാണെന്ന പി ജയരാജന്‍റെ പ്രസ്താവനയിലാണ് രാജ്യസഭാ എംപിയുടെ ഫേസ് ബുക്ക് കുറിപ്പ്
അന്വേഷണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയിൽ ഹർജി നൽകി. ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടും എന്നാണ് വിവരം. കേസ് അടിസ്ഥാന രഹിതമാണെന്നടക്കമുള്ള തരത്തില്‍ നിയമോപദേശം ഉണ്ടായ സാഹചര്യത്തിലാണ് ശ്വേതയുടെ നീക്കം. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്.
അമ്മ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ തനിക്കെതിരെ ഉയർന്ന പരാതിയും കേസും ഗൂഡലക്ഷ്യത്തോടെയാണെന്ന് നടി ശ്വേത മേനോൻ വ്യക്തമാക്കി. എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസിൽ ശ്വേതാ മേനോനെതിരെ അനാശാസ്യം തടയൽ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് കേസെടുത്തത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ശ്വേതയുടെ ചില സിനിമകൾ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി.
ശ്വേത മേനോന് പിന്തുണയുമായി നടന്‍ ദേവന്‍. ശ്വേത മേനോനെതിരെയുള്ള പരാതി ചില പടങ്ങളിലെ സീനുകൾ വെച്ചാണെന്നും അത് ശ്വേത മേനോന്‍റെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ല മറിച്ച് സിനിമയുടെ സ്ക്രിപ്റ്റ് ആഗ്രഹിക്കുന്നത് അനുസരിച്ചാണ് ചെയ്തത്, അതിൽ സെക്സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെൻസർ ബോർഡ് ആണ് എന്നാണ് ദേവന്‍റെ പ്രതികരണം.
നടി ശ്വേതാ മേനോന് എതിരായ കേസിൽ പ്രതികരണവുമായി നടൻ രവീന്ദ്രൻ. സഹപ്രവർത്തക നേരിട്ടത് ദൗർഭാഗ്യകരമായ അനുഭവമാണെന്നും വിഷയത്തിൽ പ്രതിഷേധം അറിയിക്കുന്നുവെന്നും രവീന്ദ്രൻ പറഞ്ഞു. അഭിനേതാക്കൾക്കെതിരെ വരുന്ന കുബുദ്ധിപരമായ എല്ലാ പ്രവർത്തനങ്ങളെയും എതിർത്ത് തോൽപ്പിക്കണമെന്നും നടൻ ആവശ്യപ്പെട്ടു.
പാലിയേക്കര ടോൾ പ്ലാസ വിഷയത്തിൽ ഷാജി കോടൻകണ്ടത്ത് സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകി. അഭിഭാഷകൻ മുഹമ്മദ് സാദിഖ് മുഖാന്തരമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കരാർ കമ്പനിയുടെ അപ്പീൽ മുന്നിൽ കണ്ടാണ് നീക്കം. ഹൈക്കോടതി ഉത്തരവിനെതിരെ കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും അപ്പീൽ നൽകിയാൽ തന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുത് എന്നാണ് ഹർജിയിലെ ആവശ്യം. ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാലിയേക്കരയിലെ ടോൾ പിരിവ് നാലാഴ്ചത്തെക്ക് ഹൈക്കോടതി തടഞ്ഞിരുന്നു.
അടൂർ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അധിക്ഷേപിച്ചതിനെ ന്യായീകരിച്ച് നടൻ വിനായകൻ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വിനായകൻ തന്റെ അധിക്ഷേപ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത കുറിപ്പിൽ അടൂരിന്റെയും യേശുദാസിന്റെയും പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു വിനായകന്റെ അധിക്ഷേപം.
ബലാത്സംഗ കേസിനെ തുടർന്ന് ഒളിവിൽ പോയ റാപ്പർ വേടനെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. വേടന്റെ ലൊക്കേഷൻ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും വേടൻ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു.
നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. കൊല്ലം സ്വദേശി അഡ്വക്കേറ്റ് സംഗീത് ലൂയിസാണ് അറസ്റ്റിലായത്.കാക്കനാട് സൈബർ പോലീസിന്റേതാണ് നടപടി. സാമൂഹിക മാധ്യമങ്ങളിലൂടെയും ഫോണിലൂടെയുമാണ് സംഗീത് ലൂയിസ് ബാലചന്ദ്രമേനോനെ പണമാവശ്യപ്പെട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ഒന്നാം പ്രതി മിനു മുനീർ നേരത്തെ അറസ്റ്റിലായിരുന്നു.
തൃശ്ശൂർ കോടാലി സ്കൂളിൽ റൂഫ് വീണ സംഭവത്തിൽ കോസ്റ്റ്ഫോർഡിനോട് റിപ്പോർട്ട് തേടി തദ്ദേശസ്വയംഭരണ വകുപ്പ്. സമാന്തര പരിശോധന നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പും അറിയിച്ചിട്ടുണ്ട്. എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 54 ലക്ഷം രൂപയ്ക്ക് കോസ്റ്റ്ഫോർഡ് ആണ് ബിൽഡിംഗ് നിർമിച്ചത്. നിർമ്മാണത്തിൽ അപാകത ഉണ്ടായോ എന്നറിയാൻ രണ്ടു വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള സമിതിയെ കോസ്റ്റ് ഫോർഡ് പരിശോധനയ്ക്ക് നിയോഗിച്ചു.
ശബരിമല ക്ഷേത്രത്തിന്റെ അങ്കണത്തിൽ സ്വാമി അയ്യപ്പന്റെ പഞ്ചലോഹവിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിക്ക് നൽകിയ അനുമതി തിരുവിതാംകൂർ ദേവസ്വം ബോർഡ് പിൻവലിച്ചു. പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്, സ്വകാര്യ വ്യക്തി അനുമതിയില്ലാതെ പണം പിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പരാതിയെത്തിയതിനെ തുടർന്നാണ് നടപടി.
പെരിന്തൽമണ്ണയിൽ ഓട്ടിസം ബാധിച്ച 6 വയസ്സുകാരനെ മർദിച്ച കേസിൽ അധ്യാപികക്കെതിരെ വകുപ്പ് തല നടപടിക്ക് നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. മർദനമേറ്റ 6 വയസ്സുകാരന്റെ രണ്ടാനമ്മ കൂടിയാണ് അധ്യാപിക. പെരിന്തൽമണ്ണ എഇഒക്ക് ആണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർദേശം നൽകിയത്. കുട്ടിയെ മർദിച്ച സംഭവത്തിൽ നേരത്തെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റുമാനൂർ ജയ്നമ്മ തിരോധാന കേസിൽ പ്രതി സിഎം സെബാസ്റ്റ്യന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒരാഴ്ച നീണ്ട കസ്റ്റഡി കാലാവധിയിൽ പല തവണ ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യൻ അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടില്ല. ആദ്യം ഡിഎൻഎ പരിശോധനയ്ക്ക് അയച്ച ശരീര അവശിഷ്ടങ്ങളുടെ ഫലം കിട്ടുന്ന മുറയ്ക്ക് ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
കാട്ടുപന്നി ആക്രമണത്തിൽ കോളേജ് അധ്യാപകനും കുഞ്ഞിനും പരിക്ക്. നിലമ്പൂർ അമൽ കോളേജിലെ അധ്യാപകൻ മുനീറിനും രണ്ട് വയസുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. രാവിലെ 7.10 ഓടെയായിരുന്നു അപകടം. മൈലാടി ഗവ. യുപി സ്കൂളിന് സമീപത്ത് വച്ചാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. ഒക്കത്തുണ്ടായിരുന്ന രണ്ട് വയസുകാരനായ മകൻ തെറിച്ചുവീഴുകയായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം മുനീറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഉത്തരാഖണ്ഡിലെ ദുരന്തത്തിൽ പരിക്കേറ്റവരുടെ ആദ്യ സംഘത്തെ ഡെറാഡൂണിൽ എത്തിച്ചു. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. കാലാവസ്ഥ മോശമായതും ദുരന്ത ബാധിത പ്രദേശത്തേക്ക് എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. കൂടുതൽ രക്ഷാപ്രവർത്തകരെ വ്യോമമാർഗം ഇവിടേക്ക് എത്തിക്കാൻ ശ്രമത്തിലാണ് സർക്കാർ. മലയാളികളായ 28 പേര്‍ ഗംഗോത്രിയിലെ ക്യാമ്പിൽ ഉണ്ട്. ഇവരെ എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഉത്തരാഖണ്ഡ് ദുരന്തത്തില്‍ പരിസ്ഥിതി ദുർബല മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ തിരിച്ചടിയായെന്ന് പരിസ്ഥിതി വിദഗ്ധർ. കേന്ദ്രസർക്കാരിന്‍റെ ചാർധാം ഹൈവേ പദ്ധതിയിലെ നിർമ്മാണ പ്രവൃത്തികളും ഖീർ ഗംഗ നദീതീരം കേന്ദ്രീകരിച്ച് നടത്തിയ നിർമ്മാണ പ്രവർത്തികളും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ഭഗീരഥി എക്കോ സെൻസിറ്റീവ് മേഖലയിലെ നിർമ്മാണത്തിനെതിരെ പരിസ്ഥിതി സ്നേഹികൾ നിയമ പോരാട്ടം നടത്തിയെങ്കിലും കമ്പനി സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി വാങ്ങിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങൾ നടത്തിയത്.
ജമ്മു കശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ക്ക് വീരമൃതു. സംഭവത്തിൽ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ പത്തരയോടെ ഉദ്ദം പൂരിൽ കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല
ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിനെതിരായ യശ്വന്ത് വർമയുടെ ഹർജി സുപ്രീം കോടതി തള്ളി. ഔദ്യോഗികവസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ കേസിൽ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ ശുപാർശ ചെയ്ത ആഭ്യന്തര സമിതിയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം. തിരുപ്പൂരിൽ എസ്‌ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു. തിരിപ്പൂർ സ്വദേശിയായ മണികണ്ഠൻ എന്നയാളാണ് മരിച്ചത്. അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ പൊലീസിനെ ആക്രമിച്ചുവെന്നും വെടിയുതിർക്കേണ്ടി വന്നുവെന്നുമാണ് പൊലീസിന്റെ വാദം. ഒരു പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ് ഐ യെ വെടിവെച്ച കേസിൽ മറ്റ് രണ്ട് പ്രതികൾ ഇന്നലെ കീഴടങ്ങിയിരുന്നു.ചൊവ്വാഴ്ച അർദ്ധരാത്രിയാണ് സ്പെഷ്യൽ എസ്‌ഐ ഷണ്മുഖസുന്ദരം കൊല്ലപ്പെട്ടത്.
യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി 11,535 കോച്ചുകളിൽ സിസിടിവി ക്യാമറകൾ ഘടിപ്പിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഏകദേശം 74,000 കോച്ചുകളിലും 15,000 ലോക്കോമോട്ടീവുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലാണ് റെയിൽവേ മന്ത്രി ഇക്കാര്യം അറിയിച്ചത്.
രാജസ്ഥാനിലെ കുമാവാസിൽ 25 ലേറെ തെരുവ് നായകളെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തി. ഓഗസ്റ്റ് 2, 3 തിയ്യതികളിലാണ് സംഭവമുണ്ടായത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ പൊലീസ് കേസെടുത്തു.
രാജ്യത്തിന്‍റെ അഖണ്ഡതക്ക് എതിരെന്നും വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് 25 പുസ്തകങ്ങൾ ജമ്മു കശ്മീരിൽ നിരോധിച്ചു. അരുന്ധതി റോയിയുടെ ആസാദി എന്ന പുസ്തകമടക്കമാണ് നിരോധിച്ചത്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ 96 -ാം വകുപ്പ് പ്രകാരം, ഈ പുസ്തകങ്ങൾ വിദ്വേഷപരമായ ഉള്ളടക്കം പ്രചരിപ്പിക്കുകയും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് വിവരിച്ചുകൊണ്ടാണ് നടപടി.
ധർമ്മസ്ഥലയില്‍ ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിഠൽ ഗൗഡയുടെ വാഹനം തകർത്തു. ധർമ്മസ്ഥല ട്രസ്റ്റിനെ അനുകൂലിക്കുന്ന അക്രമികളാണ് വാഹനം തകർത്തത്. ഇന്നലെ നാല് മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ ആയിരുന്നു വാഹനം തകര്‍ത്തത്. വാഹനത്തിന്‍റെ ചില്ലുകൾ തകർക്കുകയും, സീറ്റുകൾ കുത്തിക്കീറുകയുമായിരുന്നു. 2012 ലാണ് ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി 17കാരിയായ സൗജന്യ കൊല്ലപ്പെടുന്നത്.
വിക്കിമാനിയ 2025 അന്താരാഷ്ട്ര സമ്മേളനത്തില്‍ പഞ്ചാബ് സ്വദേശിനിയും സന്നദ്ധപ്രവര്‍ത്തകയായ വിക്കിപീഡിയ വോളണ്ടിയര്‍ നിതേഷ് ഗില്ലിന് ‘വിക്കിമീഡിയന്‍ ഓഫ് ദഇയര്‍ അവാര്‍ഡ്’ വിഭാഗത്തില്‍ ഓണററി മെന്‍ഷന്‍. വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയില്‍സിന്റെ നേതൃത്വത്തില്‍ നെയ്‌റോബിയില്‍ നടന്ന 20-ാമത് വിക്കിമാനിയ സമ്മേളനത്തിലാണ് അംഗീകാരം സമ്മാനിച്ചത്.
95-ാമത് സൗദി ദേശീയ ദിനത്തിനായുള്ള ഔദ്യോഗിക മുദ്രയും സ്ലോഗനും പുറത്തിറക്കി. ‘നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ്’ എന്ന ആഘോഷ പ്രമേയത്തിലുള്ള മുദ്ര പൊതുവിനോദ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ആലുശൈഖ്. പുതിയ ആഘോഷ പ്രമേയം സൗദിയുടെ 95 വർഷത്തെ അഭിമാനത്തെയും ആദരവിനെയും പ്രതിഫലിപ്പിക്കുന്നതാണ്.
ഘാനയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ രണ്ട് മന്ത്രിമാർ ഉൾപ്പെടെ എട്ടുപേർ മരിച്ചു. പ്രതിരോധ മന്ത്രി എഡ്‌വാർഡ് ഒമാനെ ബോആമ, ശാസ്ത്ര സാങ്കേതിക, പരിസ്ഥിതി വകുപ്പ് മന്ത്രി ഇബ്രാഹിം മുഹമ്മദ് എന്നിവരടക്കമുള്ളവർക്കാണ് ജീവൻ നഷ്ടമായത്. സർക്കാർ പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രിതല സംഘം സൈനിക ഹെലികോപ്ടറിൽ സഞ്ചരിച്ചത്.
പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഈ മാസം വീണ്ടും യുഎസ് സന്ദർശിക്കാനൊരുങ്ങുന്നു. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം വാഷിംഗ്ടണിലേക്ക് പോകുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നതിന്‍റെ സൂചനയായി വിലയിരുത്തപ്പെടുന്നു.യുഎസ് സെൻട്രൽ കമാൻഡ് (സെന്‍റ്കോം) കമാൻഡർ ജനറൽ മൈക്കിൾ കുറില്ലയുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാനാണ് മുനീർ എത്തുന്നത്.
അമേരിക്കയിൽ സൈനിക കേന്ദ്രത്തിൽ വെടിവെയ്പ്പിൽ 5 സൈനികർക്ക് പരിക്ക്. ജോർജിയ സംസ്ഥാനത്തെ ഫോർട്ട് സ്റ്റുവർട്ട് സൈനിക കേന്ദ്രത്തിൽ ഉണ്ടായ വെടിവെയ്പ്പിലാണ് സൈനികർക്ക് പരിക്കേറ്റത്. സൈനികരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം. പട്ടാളക്കാരൻ തന്നെയാണ് ഇതര സൈനികർക്ക് നേരെ വെടിയുതിർത്തത്. കോർണേലിയസ് റാഡ്‌ഫോർഡ് എന്ന 28 കാരനായ സൈനികനാണ് വെടിവയ്പിന് പിന്നിൽ.