സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിനോട് നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്കൂളിലെ ബാക്ക് ബെഞ്ച് സങ്കൽപ്പം മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പഴഞ്ചൻ രീതികൾ എന്നും പറ്റില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വിദഗ്ദ സമിതിയെ നിയോഗിക്കും നല്ല മാറ്റം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അവധിക്കാല മാറ്റ നിർദേശത്തിന് പിന്നാലെയാണ് പുതിയ ആശയം മന്ത്രി പങ്കുവച്ചിരിക്കുന്നത്.
64-ാമത് കേരള സ്കൂൾ കലോത്സവ തീയതികൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 2026 ജനുവരി 07 മുതൽ 11 വരെ തൃശ്ശൂർ ജില്ലയിൽ വച്ചാണ് കലോത്സവം നടക്കുക. ഇരുപത്തഞ്ചോളം വേദികളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സംസ്കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. സംസ്ഥാന കലോത്സവത്തിനു മുന്നോടിയായി സ്കൂൾതല മത്സരങ്ങൾ സെപ്തംബർ മാസത്തിലും, സബ്ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ടാംവാരത്തിനുള്ളിലും ജില്ലാതല മത്സരങ്ങൾ നവംബർ ആദ്യവാരവും പൂർത്തിയാക്കും.
നഗരങ്ങളിലെ ശുചിത്വനിലവാരം സംബന്ധിച്ച് കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം നടത്തിവരുന്ന ദേശീയ ശുചിത്വ സർവ്വേയായ സ്വഛസർവേക്ഷന്റെ ഒൻപതാം പതിപ്പിൽ കേരളം വൻ മുന്നേറ്റം. സംസ്ഥാനത്തെ 93 നഗരസഭകളിൽ 82 ഉം ആയിരം റാങ്കിനകത്താണ്, ജനസംഖ്യാടിസ്ഥാനത്തിൽ ആദ്യ 100 നഗരങ്ങളുടെ പട്ടികയിൽ കൊച്ചി, മട്ടന്നൂർ, തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ, ഗുരുവായൂർ, തിരുവന്തപൂരം, കൊല്ലം എന്നീ 8 നഗരങ്ങൾ ഇടം പിടിച്ചു.
ഡിഇഒ, എഇഒ ഇവരെല്ലാം സ്ഥാനക്കയറ്റം വഴി വരുന്നവരാണ് ഇവര്‍ക്കെല്ലാം ഭരണപരിചയം കുറവാണെന്നും മന്ത്രി വി ശിവൻകുട്ടി. അത് ഓഫീസ് പ്രവർത്തനത്തെ ബാധിക്കുന്നു കഴിഞ്ഞ അഞ്ചു വർഷത്തെ സ്വന്തം അനുഭവം ആണ് പറഞ്ഞാൽ വിവാദമാകുമെന്ന് അറിയാം എന്നാലും കുഴപ്പമില്ല. ഡിഇഒ, എഇഒ എന്നിവര്‍ക്കെല്ലാം ഭരണപരിശീലനം കാര്യമായി നൽകേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.പത്തനംതിട്ട നാറാണമൂഴി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിയോണല്‍ മെസിയുള്‍പ്പെടുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാനായി അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്(എഎഫ്എ) 130 കോടി രൂപ കൈമാറിയിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ടിവി ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷൻ എം ഡി ആന്‍റോ അഗസ്റ്റിൻ. പണം വാങ്ങിയ ശേഷം വരാതിരിക്കുന്നത് ചതിയാണെന്നും വരാതിരുന്നാല്‍ നിയമ നടപടികള്‍ ആലോചിക്കുമെന്നും ആന്‍റോ അഗസ്റ്റിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെപിസിസി പുനസംഘടന ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ ദില്ലിയിലെത്തി. ഇന്നും നാളെയുമായി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി പുനസംഘടനപട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. ഉടന്‍ നടപടിയുണ്ടാകുമെന്നും നന്നായി പ്രവര്‍ത്തിച്ച നേതാക്കളുടെ സേവനം തുടര്‍ന്നും പാര്‍ട്ടി പ്രയോജനപ്പെടുത്തുമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി.
പ്രൊഡ്യുസേഴ്‍സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരെ നിര്‍മാതാവ് സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയില്‍ ഹര്‍ജി നല്‍കി. ബൈലോ പ്രകാരം താന്‍ മത്സരിക്കാന്‍ യോഗ്യയാണെന്നാണ് സാന്ദ്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് ബൈലോക്ക് വിരുദ്ധമാണെന്നും ഹര്‍ജിയിലുണ്ട്.
കൂത്താട്ടുകുളം നഗരസഭയിൽ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇടതിന് ഭരണം നഷ്ടമായത്. സിപിഎം വിമത കല രാജു യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. കലാ രാജുവിനൊപ്പം ഒരു സ്വതന്ത്രനും യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്തതാടെയാണ് അവിശ്വാസ പ്രമേയം പാസായത്.
ടിപി കേസ് പ്രതി കൊടി സുനിയും സംഘവും പൊതുസ്ഥലത്ത് മദ്യപിച്ച സംഭവത്തിൽ കേസെടുക്കാനാകില്ലെന്ന നിലപാടു ആവര്‍ത്തിച്ചു തലശ്ശേരി പൊലീസ്. സ്വമേധയാ പൊലീസിന് കേസെടുക്കാൻ തെളിവില്ലെന്നും ആര്‍ക്കും പരാതിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാൻ പറ്റാതെ കേസ് നിൽക്കില്ലെന്നുമാണ് പൊലീസിന്‍റെ വാദം.
അടൂർ ഗോപാലകൃഷ്ണന് പിന്തുണയുമായി സംവിധായകൻ ശ്രീകുമാരൻ തമ്പി. കെ.എസ്.എഫ്.ഡി.സി പണം കൊടുക്കുമ്പോള്‍ സുതാര്യത വേണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്നും അടൂരിന്റെ പ്രസംഗത്തിനിടെ ഗായിക പുഷ്പവതി പ്രതിഷേധിച്ചത് ശരിയായില്ലെന്നും ശ്രീകുമാരൻ തമ്പി വിമര്‍ശിച്ചു.
അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വര്‍ഷമായി കിട്ടാത്തതിൽ ഭർത്താവ് ഷിജോ ആത്മഹത്യ ചെയ്തതതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി സ്കൂൾ മാനേജർ. അധ്യാപികയുടെ ശമ്പളം അടക്കം ആനുകൂല്യങ്ങൾ നൽകുന്നതിന് രേഖകൾ നൽകിയതാണ് അത് ഉദ്യോഗസ്ഥർ മുക്കിയെന്ന് നാറാണംമൂഴി സെന്‍റ് ജോസഫ്സ് സ്കൂൾ മാനേജർ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ഇടപെട്ടിട്ടും ഡി ഇ ഓഫീസ് ജീവനക്കാർ അനങ്ങിയില്ലെന്നും സ്കൂള്‍ മാനേജർ കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കര നിയോജകമണ്ഡലത്തിലെ 28 സർക്കാർ, എയ്ഡഡ് എൽപി, യുപി സ്കൂളുകളിൽ പഠിക്കുന്ന 7081 കുട്ടികൾക്കായി ഉമ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതിയ്ക്ക് തുടക്കമായി. പിടി തോമസ് ഫൗണ്ടേഷന്റെ സഹകരണത്തിൽ ബിപിസിഎല്ലിന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി 98 ലക്ഷം രൂപയുടെ ചെലവിൽ, 165 അധ്യയനദിനങ്ങൾക്കായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ‘സുഭിക്ഷം തൃക്കാക്കര’ എന്നാണ് പേര്.
കോടതിയലക്ഷ്യ പരാതിയിൽ സിപിഎമ്മിനെതിരെ നടപടിയെടുക്കുന്നതിലും നല്ലത് അവഗണിച്ച് ഒഴിവാക്കുന്നതാണെന്ന് ബോംബെ ഹൈക്കോടതി.
അഡ്വ. എസ് എം ഗോർവാഡ്‌കർ നൽകിയ പരാതിയിൽ ജസ്റ്റിസുമാരായ രവീന്ദ്ര ഘുഗെ, ഗൗതം അൻഖത് എന്നിവരുടേതാണ് തീരുമാനം. ബോംബെ ഹൈക്കോടതിയുടെ ജൂലൈ 25 ലെ വിധിക്കെതിരെ സിപിഎം പുറത്തുവിട്ട വാർത്താക്കുറിപ്പിനെതിരെയായിരുന്നു പരാതി.
ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം തേവലക്കര സ്വദേശിനി അതുല്യയുടെ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ജൂലൈ 19 നാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാഹുല്‍ഗാന്ധിക്കെതിരായ സുപ്രീംകോടതി പരാമർശത്തില്‍ തിരിച്ചടിച്ച് പ്രിയങ്ക ഗാന്ധി. യഥാർത്ഥ ഇന്ത്യക്കാരൻ ആരെന്ന് ജഡ്ജിമാർ തീരുമാനിക്കേണ്ട കോടതി പരാമര്‍ശത്തോട് ബഹുമാനത്തോടെ വിയോജിക്കുന്നു സർക്കാരിനെ ചോദ്യം ചെയ്യുകയെന്നതാണ് പ്രതിപക്ഷ നേതാവിന്‍റെ കടമ സൈന്യത്തെ രാഹുൽ ഗാന്ധി അപമാനിച്ചിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു
കർണാടകയിലെ നാല് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലെയും ജീവനക്കാർ ചൊവ്വാഴ്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതോടെ ദൈനംദിന ജീവിതം സാരമായി തടസ്സപ്പെട്ടു. കർണാടക ഹൈക്കോടതി തിങ്കളാഴ്ച സമരങ്ങൾക്കെതിരെ ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചിട്ടും കെഎസ്ആർടിസി, ബിഎംടിസി, എൻഡബ്ല്യുകെആർടിസി, കെകെആർടിസി ജീവനക്കാരുടെ യൂണിയൻ പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.
ബിജെപി പാർലമെന്‍ററി പാർട്ടിയോഗത്തില്‍ അമിത് ഷായെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഏറ്റവും കൂടുതൽ കാലം ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടർച്ചയായി ഇരുന്നതിനാണ് അഭിനന്ദനം. അമിത് ഷാ ഇനിയും റെക്കോഡുകൾ തകർക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
17000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായി റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി. കേസിൽ ചോദ്യംചോയ്യലിന് ദില്ലിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ഓഗസ്റ്റ് ഒന്നിന് അനിൽ അംബാനിക്ക് ഇഡി സമൻസ് അയച്ചിരുന്നു.
ദില്ലിയിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾക്കിടെ ഗുരുതര സുരക്ഷാ വീഴ്ച. ചെങ്കോട്ടയിൽ നടന്ന മോക് ഡ്രിൽ പരാജയപ്പെട്ടു. ഡമ്മി ബോംബ് കണ്ടെത്താൻ കഴിയാതെ വന്നതോടെ ചെങ്കോട്ടയുടെ സുരക്ഷാ ചുമതലയിലുള്ള ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു. ചെങ്കോട്ടയിലുണ്ടായിരുന്ന പൊലീസുകാർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് നടപടി.
താരിഫ് വിഷയത്തില്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലൂടെ ഇന്ത്യ യു എസ് ബന്ധം വഷളായിട്ടുണ്ടെന്ന് വ്യക്തമാണെന്ന് കോൺഗ്രസ് ആരോപിച്ചു. അമേരിക്കയുമായുള്ള ബന്ധത്തിന് ഇന്ത്യ വലിയ വില നൽകേണ്ടിവരുമെന്ന് ജയറാം രമേശ് പറഞ്ഞു. ട്രംപിന്‍റെ പ്രസ്താവനകൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ വിമര്‍ശനവുമായി മുന്‍ താരം സുനില്‍ ഗവാസ്കര്‍. പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ച് 183.3 ഓവറുകള്‍ എറിഞ്ഞ മുഹമ്മദ് സിറാജ്, ജോലിഭാരത്തിന്‍റെ പേരിലാണ് കളിക്കാർക്ക് വിശ്രമം അനുവദിക്കുന്നതെന്ന ഇന്ത്യൻ ടീമിന്‍റെ വാദത്തെത്തന്നെ തള്ളിക്കളഞ്ഞുവെന്ന് ഗവാസ്കര്‍ പറഞ്ഞു. സിറാജിന്‍റെ പ്രകടനം മറ്റ് താരങ്ങളും മാതൃകയാക്കണമെന്നും ജോലിഭാരമെന്ന വാക്കുതന്നെ ഇന്ത്യൻ ക്രിക്കറ്റിന്‍റെ നിഘണ്ടുവില്‍ നിന്ന് എടുത്തുകളയണമെന്നും ഗവാസ്കര്‍ ആവശ്യപ്പെട്ടു.
ഐഎസ്എൽ പ്രതിസന്ധിക്ക് പിന്നാലെ താരങ്ങളുടെ ശമ്പളം മരവിപ്പിച്ച് ബെംഗളൂരു എഫ്‌സി. അനിശ്ചിതകാലത്തേക്കാണ് തീരുമാനമെന്ന് ക്ലബ് വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് ക്ലബിന്‍റെ ഉടമകളായ ജെ എസ് ഡബ്ല്യു ഗ്രൂപ്പ് അഭ്യർത്ഥിച്ചു.ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്‍റെ ഭാവിയെ പറ്റിയുള്ള അനിശ്ചിതത്വം കണക്കിലെടുത്ത്, ഫസ്റ്റ് ഇലവന്‍ ടീമിലെ കളിക്കാരുടെയും സ്റ്റാഫുകളുടെയും ശമ്പളം അനിശ്ചിതമായി മരവിപ്പിക്കുക എന്ന തീരുമാനം കൈക്കൊള്ളാന്‍ ടീം നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ബെംഗളൂരു എഫ്‌സി പ്രസ്താവനയില്‍ വ്യക്തമാക്കി.