സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകി. അടൂരിന്റെ പരാമർശങ്ങൾ എസ് സി എസ് ടി ആക്ട് പ്രകാരം കുറ്റകരമെന്ന് പരാതിയിൽ പറയുന്നു. എസ് സി – എസ് ടി കമ്മീഷനും ദിനു വെയിൽ പരാതി നൽകിയിട്ടുണ്ട്. ഫിലിം കോൺക്ലേവ് സമാപന ചടങ്ങിലായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശം. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നും ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നുമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം.
അടൂർ ഗോപാലകൃഷ്ണന്‍റെ പരാമർശം വിവാദത്തിൽ. പുറത്തുവന്നത് ഫ്യൂഡൽ ചിന്താഗതിയെന്ന് സംവിധായകൻ ഡോ. ബിജു പറഞ്ഞു. അടൂരിനെ പോലുള്ളവർ കൂടുതൽ സാമൂഹ്യ ബോധ്യത്തോടെ പെരുമാറണമെന്നും പട്ടിക വിഭാഗക്കാർക്കും വനിതകൾക്കും മാത്രം പരിശീലനം എന്തിനാണ് ഇവർ കഴിവില്ലാത്തവരാണ് എന്ന ബോധ്യത്തിൽ നിന്നാണ് അടൂരിന്റെ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു.
അടൂരിൻ്റെ പരാമർശം ദുരുദ്ദേശത്തോടെയെന്ന് കരുതുന്നില്ലെന്നും വളച്ചൊടിച്ചു വിവാദമാക്കിയെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. സർക്കാർ സ്ത്രീകൾക്കും എസ്‍സി- എസ് ടി വിഭാഗങ്ങൾക്കുമൊപ്പമാണെന്നും മന്ത്രി പറഞ്ഞു.
അടൂരിൻ്റെ പരാമർശത്തെ തള്ളി മന്ത്രി ബിന്ദു. നീതി നിഷേധിക്കപ്പെട്ടവർക്ക് അതുറപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിലുണ്ട്. സ്ത്രീകൾക്കും പട്ടികജാതി വിഭാഗങ്ങളിലുള്ളവർക്കും അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നത് ആവശ്യമായ ഫണ്ട് സർക്കാർ നൽകുന്നതിൽ തെറ്റില്ലെന്നും സാംസ്കാരിക വകുപ്പിന്റെ ഏറ്റവും നല്ല പദ്ധതി ആണിത് ക്യാമറയുടെ നോട്ടം എന്നും പുരുഷ നോട്ടം ആണ് അതിനു ബദൽ നോട്ടം വേണം അതിനായുള്ള ഇടം നമ്മൾ ഉണ്ടാക്കിയെടുക്കണമെന്നും മന്ത്രി ബിന്ദു പറഞ്ഞു.
പിന്നോക്കാവസ്ഥയിലുള്ള പ്രതിനിധികള്‍ക്ക് അവസരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഗ്രാന്‍ഡ് നൽകുന്നത് ഒരു സിനിമയെടുത്തശേഷം അപ്രത്യക്ഷമാകേണ്ടവര്‍ അല്ല അവർ അതിനാലാണ് അവര്‍ക്ക് പരിശീലനമടക്കം നൽകണമെന്ന് പറഞ്ഞതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സിനിമ ചിത്രീകരണത്തെക്കുറിച്ച് അറിവില്ലാത്തതാണ് പ്രശ്നം. അവര്‍ക്ക് ആവശ്യമായ പരിശീലനം നൽകിയാൽ പിന്നീട് ഈ രംഗത്ത് തന്നെ പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസവും അറിവും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദ പരാമർശത്തിനെതിരെ പ്രതിഷേധിച്ച പുഷ്പവതിക്കെതിരെ വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ. തന്റെ സംസാരം തടസ്സപ്പെടുത്താൻ അവർക്കെന്ത് അവകാശമെന്ന് അടൂർ ചോദിച്ചു. അവർ സിനിമയുമായി ബന്ധം ഇല്ലാത്തയാളാണെന്നും താൻ വരത്തൻ അല്ലെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയതി തേടി പ്രോസിക്യൂഷന് യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയുടെ സഹോദരന്റെ കത്ത്. എല്ലാത്തരം മധ്യസ്ഥ ശ്രമങ്ങളെയും ചർച്ചകളെയും തള്ളുന്നു എന്നാണ് കത്തിൽ പറയുന്നത്. വധശിക്ഷ നീട്ടിവെച്ചിട്ട് ഒന്നര മാസം കഴിഞ്ഞെന്നും കത്തിൽ ഓർമ്മപ്പെടുത്തുന്നു.
വിജയരാഘവനെ മികച്ച സഹനടൻ ആയും, തന്നെ മികച്ച സഹനടിയായും തെരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണമെന്ന് നടി ഉർവശി. തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉർവശി പറഞ്ഞു. കേരള സ്റ്റോറി ഇതുവരെ കണ്ടിട്ടില്ലെന്നും വസ്തുതകൾ അറിയില്ല സിനിമ കണ്ടതിനു ശേഷം പ്രതികരിക്കാമെന്നും ഉർവശി പറഞ്ഞു.
പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചിട്ടും കൊലക്കേസ് പ്രതികൾക്കെതിരെ കേസെടുക്കാതെ പൊലീസ്. തലശ്ശേരിയിൽ വെച്ചാണ് കൊടി സുനി, മുഹമ്മദ് ഷാഫി, ഷിജിത്ത് എന്നിവർ മദ്യപിച്ചത്. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ ഇവർക്ക് മദ്യം എത്തിച്ചു നൽകിയവർക്കെതിരെയും അന്വേഷണമില്ല. മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകി ഒതുക്കാനാണ് പൊലീസിൻ്റെ ശ്രമമെന്നാണ് റിപ്പോർട്ട്.
സാംസ്കാരിക വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ വിവരാവകാശ കമ്മീഷണർ ഡോ.എ.അബ്ദുൽ ഹക്കീം. രാജാവിനെക്കാൾ വലിയ രാജഭക്തി ചില ഉദ്യോഗസ്ഥർ കാണിച്ചുവെന്നും വിവരാവകാശ കമ്മീഷന് വായിക്കാൻ പോലും ഹേമ കമ്മിറ്റി റിപ്പോർട്ട് തരാതിരിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അതുകൊണ്ട് നിയമപ്രകാരം സിവിൽ കോടതിയുടെ അധികാരം പ്രയോഗിക്കേണ്ടി വന്നു. അതിനുശേഷമാണ് റിപ്പോർട്ട് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കെയാണ് സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡോ.എ അബ്ദുല്‍ ഹക്കീം വിമര്‍ശനം ഉന്നയിച്ചത്.
പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിനെ കേരള പൊലീസ് പിന്തുടര്‍ന്ന് വേട്ടയാടുന്നതായി അലന്‍റെ മാതാവ് സബിത ശേഖര്‍. അലനെ നിരന്തരം പിന്തുടരുന്ന പൊലീസ്, താമസിക്കുന്ന സ്ഥലങ്ങളിലും വീടുകളിലും എത്തി അലനെ ഭീകരവാദിയായി ചിത്രീകരിക്കുകയാണെന്നും അവർ പറഞ്ഞു. പന്തീരാങ്കാവ് കേസിന്‍റെ വിചാരണ കൊച്ചി എന്‍ഐഎ കോടതിയില്‍ അവസാന ഘട്ടത്തില്‍ എത്തി നിൽക്കുകയാണ്.
വയല്‍ നികത്തിയതിനെതിരെ കർശന നടപടിയെടുത്ത വില്ലേജ് ഓഫീസർക്ക് സ്ഥാനമേറ്റെടുത്ത് ഒൻപതാം മാസം സ്ഥലം മാറ്റം. മാനന്തവാടി വില്ലേജ് ഓഫീസർ രാജേഷ് കുമാറിനെയാണ് തൊണ്ടർനാട്ടേക്ക് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് പിന്നില്‍ തങ്ങളാണെന്നും ഉടനെ കാസർഗോഡേക്ക് സ്ഥലം മാറ്റുമെന്നും മണ്ണ് മാഫിയ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി.
പത്തനംതിട്ട നാറാണംമൂഴി സ്വദേശി ഷിജോ വി. റ്റി. ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ആവര്‍ത്തിച്ച് കുടുംബം. എയ്ഡഡ് സ്കൂളിൽ അധ്യാപികയായ ഷിജോയുടെ ഭാര്യയുടെ ശമ്പളം 14 വർഷമായി ലഭിച്ചില്ലെന്നും ശമ്പളം നൽകാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഡി.ഇ.ഒ ഓഫീസിലെ ഉദ്യോഗസ്ഥരാണ് നടപടികൾ വൈകിപ്പിച്ചതെന്നും കുടുംബം ആരോപിച്ചു.
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എൻഐഎ പ്രാഥമിക വിവരങ്ങൾ തേടും. റെയിൽവേ, ഛത്തീസ്ഗഡ് പൊലീസ് എന്നിവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. കേസ് എടുക്കുന്നതടക്കം തുടർ നടപടി വിശദമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമായിരിക്കുമെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെയടക്കം ആക്രമിച്ച ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ പെൺകുട്ടികൾ പരാതി നൽകിയതിനാൽ കേസെടുത്തേക്കും. ജ്യോതി ശർമ്മ അടക്കമുള്ളവർക്കെതിരെ ഓർച്ച പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ദുർഗ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും എന്നാണ് സൂചന. നേരത്തെ നാരായൺപൂർ പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചിരുന്നു.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ ജാമ്യത്തിന് പിന്നാലെ സന്യാസിനികൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികളുടെ നേരെ നടന്ന അതിക്രമത്തിൽ ബജറംഗ്ദൾ പ്രവർത്തകർക്കെതിരെ കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സി പി ഐ നേതാവ് ഫൂൽ സിങ്.
രാജ്യതലസ്ഥാനത്ത് പ്രഭാത നടത്തത്തിനിടെ തന്‍റെ മാല പൊട്ടിച്ചതായി കോൺഗ്രസ് എം പി സുധാ രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകി. തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള ലോക്‌സഭാ അംഗമായ സുധാ രാമകൃഷ്ണൻ, ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ ഒരാൾ സ്കൂട്ടറിൽ വന്ന് തന്‍റെ മാല തട്ടിയെടുത്തതായി ദില്ലിയിലെ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തിൽ എംപി ചൂണ്ടിക്കാട്ടി.
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം രാവിലെ 8.56ഓടു കൂടിയാണ് സ്ഥിരീകരിച്ചത്. മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായി 8 തവണ പാർലമെൻ്റിലെത്തി കൽക്കരി വകുപ്പ് മന്ത്രിയായി 3 തവണ പ്രവർത്തിച്ചു. ജാർഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത്സോറന്റെ പിതാവാണ് ഷിബു സോറൻ.
ധർമസ്ഥല കേസിൽ പൊലീസിന്‍റെ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്. 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങൾ കണ്ടെത്താൻ ഉപയോഗിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ, ഫോട്ടോകൾ, നോട്ടീസുകൾ തുടങ്ങിയ എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടുവെന്നും കാലഹരണപ്പെട്ട കേസ് രേഖകൾ നശിപ്പിക്കാമെന്ന നിയമം അനുസരിച്ചാണ് ഇത് നശിപ്പിച്ചതെന്നുമാണ് വിവരാവകാശരേഖകൾ പ്രകാരമുള്ള ചോദ്യങ്ങൾക്ക് ലഭിച്ച മറുപടി.
പൊതുസ്ഥലത്ത് പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് ശിക്ഷാർഹമായ കുറ്റമാക്കിയ നിയമം നിലവിൽ വന്നതിന് ശേഷം മുംബൈയിൽ ഇതാദ്യമായി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. ഹിന്ദുജ ആശുപത്രിക്ക് സമീപം എൽ ജെ റോഡിലെ കബൂതർഖാനയ്ക്ക് സമീപം പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് കണ്ട ചിലർക്കെതിരെ മാഹിം പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ. രജിസ്റ്റർ ചെയ്തത്. പ്രാവുകളുടെ അനിയന്ത്രിതമായ കൂട്ടംചേരൽ ശ്വാസകോശ സംബന്ധമായ അണുബാധകൾക്കും പാരിസ്ഥിതിക നാശത്തിനും ഇടയാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി പൊതുജനാരോഗ്യ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
മുസ്ലിം ഹെഡ് മാസ്റ്ററെ പുറത്താക്കാൻ സ്കൂൾ ടാങ്കിൽ കീടനാശിനി കലക്കിയ സംഭവത്തിൽ തീവ്രഹിന്ദുസംഘടന ശ്രീറാം സേനയുടെ നേതാവടക്കം മൂന്ന് പേർ അറസ്റ്റിൽ. കർണാടക ബെലഗാവിയിലെ ഹുളിക്കട്ടി ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് സംഭവം. ശ്രീറാം സേനെ നേതാവ് സാഗർ പാട്ടിൽ, കൂട്ടാളികളായ കൃഷ്ണ മാഡർ, മഗൻ ഗൗഡ പാട്ടീൽ എന്നിവരാണ് അറസ്റ്റിലായത്. സുലൈമാൻ ഗോരിനായിക് എന്ന പ്രധാനാധ്യാപകനെ പുറത്താക്കാനുള്ള ഗൂഢാലോചനയായിരുന്നു ഇതെന്ന് പൊലീസ് പറയുന്നു.
ഇസ്രയേൽ മന്ത്രി ജറുസലേമിലെ അൽ അഖ്സ പള്ളി വളപ്പിൽ പ്രവേശിച്ച് ജൂത വിശ്വാസ പ്രകാരമുള്ള ആരാധന നടത്തിയതിനെതിരെ പ്രതിഷേധം.ദശാംബ്ദങ്ങൾ പഴക്കമുള്ള ധാരണ ലംഘിച്ചാണ് ഇസ്രയേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പ്രാർത്ഥന നടത്തിയത്. ഹമാസിനെതിരായ ഇസ്രയേലിന്റെ വിജയത്തിനും ബന്ദികളാക്കപ്പെട്ട ഇസ്രയേലുകാരുടെ മോചനത്തിനും വേണ്ടി പ്രാർത്ഥിച്ചെന്ന് ബെൻ ഗ്വിർ പറഞ്ഞു.
രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. 2000 കിലോ മീറ്ററോളം ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന് ചോദിച്ച കോടതി, നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഇങ്ങനെ പറയുകയില്ലായിരുന്നുവെന്നും വ്യക്തമാക്കി. ഇന്ത്യൻ ആർമിയുമായി ബന്ധപ്പെട്ട പരാമർശത്തിലെടുത്ത അപകീർത്തി കേസ് റദ്ദാക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങിക്കൊണ്ട് ഇന്ത്യ യുക്രെയ്നെതിരായ യുദ്ധത്തിന് സാമ്പത്തിക സഹായം നൽകുകയാണെന്ന ആരോപണവുമായി വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ട്രംപ് ഭരണകൂടത്തിൽ ഏറ്റവും സ്വാധീനമുള്ളവരിൽ ഒരാളുമായ സ്റ്റീഫൻ മില്ലർ. റഷ്യയുമായുള്ള വ്യാപാരം നിർത്താൻ ഇന്ത്യയ്ക്ക് മേൽ അമേരിക്ക സമ്മർദം ശക്തമാക്കുന്നതിനിടെയാണ് പുതിയ പരാമർശം.അമേരിക്കയിൽ കെട്ടിക്കിടക്കുന്ന കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി തേടുകയാണ് ട്രംപെന്ന വിലയിരുത്തലുകൾ വന്നിരുന്നു. തീരുമാനം നടപ്പാക്കിയാൽ ടെക്സ്റ്റൈൽസ് അടക്കം പല ഉത്പന്നങ്ങളുടെയും കയറ്റുമതിയെ ഇത് ബാധിക്കും.
മത്സരത്തിനിടെ പരിക്കേറ്റ ലിയോണല്‍ മെസിയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് ഇന്റര്‍ മയാമി. മെസിക്ക് കഠിനമായ വേദനയില്ലെന്നും പരിക്കിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് വിശദമായ പരിശോധനകള്‍ക്ക് ശേഷം വ്യക്തമാകുമെന്നും മയാമി പരിശീലകന്‍ ഹാവിയര്‍ മഷറാനോ വ്യക്തമാക്കി