സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജയിലുദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായെന്ന് ജയിൽ മേധാവി എഡിജെപി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റൻ്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയുമാണ് അടിയന്തിരമായി സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. ഇന്നലെ രാത്രി ജയിലിൽ മേൽനോട്ട ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും ഗോവിന്ദചാമിയെ പാർപ്പിച്ചിരുന്ന പത്താം ബ്ലോക്കിൽ നിരീക്ഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയുമാണ് അന്വേഷണ വിധേയമായി മാറ്റി നിർത്തിയത്.
ഒരു കയ്യില്ലാത്ത ആളെ കണ്ട നാട്ടുകാരായ ഒരാൾക്ക് സംശയം തോന്നിയതോടെയാണ് ഗോവിന്ദചാമിയെ പിടികൂടാനായത്. വിനോജ് എന്നയാളാണ് ഗോവിന്ദചാമിയെ കണ്ടത്. കണ്ണൂർ ബൈപ്പാസ് റോഡിൽ വെച്ചാണ് റോഡിന്റെ വലത് വശം ചേർന്ന് ഒരാൾ നടന്ന് പോകുന്നത് കണ്ടത്. തലയിലൊരു ഭാണ്ഡം പിടിച്ചിട്ടുണ്ടായിരുന്നു. സംശയം തോന്നിയതോടെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെയും കൂട്ടി 15 മീറ്ററോളം ദൂരത്തിലേക്ക് വരുകയും ഗോവിന്ദചാമിയെന്ന് വിളിക്കുകയും ചെയ്തു അതോടെ അയാൾ ഓടി മതിൽ ചാടി ഓടുകയായിരുന്നുവെന്നും ദൃക്സാക്ഷി പറയുന്നു. ഉടനെ പൊലീസിൽ അറിയിക്കുകയും പൊലീസ് സംഘമെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
കണ്ണൂരിലെ തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിൻ്റെ കിണറ്റിൽ നിന്നാണ് ഗോവിന്ദചാമിയെ പിടികൂടിയതെന്നും നാട്ടുകാർ നൽകിയ വിവരമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചതെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ്. മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ജയിൽ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചയുടൻ തങ്ങൾക്ക് വിവരം കൈമാറിയെന്നും കമ്മീഷണർ വിശദീകരിച്ചു. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നും ഗോവിന്ദചാമിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജയിൽ ചാട്ടം ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിലാണെന്ന് ഗോവിന്ദച്ചാമിയുടെ പ്രാഥമിക മൊഴി. പൊലീസ് ചോദ്യം ചെയ്യലിലാണ് ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്. അതോടൊപ്പം ജയിലിലെ കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നാണ് ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഗോവിന്ദചാമി ഇക്കാര്യം പറഞ്ഞത്. ആയുധം നൽകിയ ആളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തുവെന്ന് പ്രതി സമ്മതിച്ചു. മുറിച്ചതിന്റെ പാടുകൾ പുറത്തുനിന്ന് കാണാതിരിക്കാൻ തുണികൊണ്ട് കെട്ടിവെച്ചതായും ഇയാൾ മൊഴി നൽകി. ജയിലിന്റെ മതിൽ ചാടുന്നതിനായി പാൽപ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തി.
ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ജയിൽ അധികൃതരുടെ സഹായമില്ലാതെ ഒരാൾക്ക് ഇങ്ങനെ രക്ഷപ്പെടാനാകില്ലെന്നാണ് കരുതുന്നത്. അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ജയിൽ ചാടുന്നതിന് ഗോവിന്ദച്ചാമിക്ക് ലഭിച്ചു. നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് കൊടും കുറ്റവാളി പിടിയിലായതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ മറ്റേതെങ്കിലും കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം, സംസ്ഥാനത്തുള്ളത് കഴിവുകെട്ട ഭരണകൂടമാണ് മുഖ്യമന്ത്രിയുടെ കഴിവ് കേടാണ് ഇതിനൊക്കെ പിന്നിലെന്നും സർക്കാരിന്‍റെ വീഴ്ചയാണ് ജയിൽ ചാട്ടത്തിന് കാരണമെന്നും സംസ്ഥാനത്ത് എവിടെയാണ് സുരക്ഷ ഉള്ളതെന്നും സുധാകരൻ ചോദിച്ചു.
ഗോവിന്ദചാമി ജയിൽ ചാടിയ സംഭവത്തില്‍ ഉന്നത തലത്തിൽ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സ്വന്തം തീരുമാനപ്രകാരമാണ് അയാൾ ജയില്‍ ചാടിയതെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എടി രമേശ് പറഞ്ഞു സാഹചര്യതെളിവുകൾ സൂചിപ്പിക്കുന്നത് അങ്ങനെയാണ് ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ട് അത് പുറത്ത് വരണം അകത്തും പുറത്തും അയാൾക്ക് സഹായം ലഭിച്ചിട്ടുണ്ട് ആരാണ് ഇയാൾക്ക് സഹായം ചെയ്തു കൊടുത്തതെന്ന് പുറത്ത് വരണം ജയിൽ അധികൃതർ പറയുന്നത് വിശ്വസിനീയമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ആസൂത്രിതമാണോ എന്ന് സംശയിക്കത്തക്ക നിലയിൽ ചില രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് പ്രചരണം അഴിച്ചു വിടുന്നുണ്ടെന്നും അതിന്റെ തെളിവാണ് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഇക്കാര്യത്തിലുള്ള പ്രതികരണമെന്നും സിപിഎം നേതാവ് പി ജയരാജന്‍. അടച്ച സെല്ലിന്‍റെ ഇരുമ്പഴി മുറിച്ച് പുറത്തു കടന്നെന്നാണ് പ്രാഥമിക വിവരം ഇത് ഗൗരവാവഹമായ അന്വേഷണം ആവശ്യമുള്ള വിഷയമാണ് ആ അന്വേഷണം സർക്കാർ ജാഗ്രതയോടെ നടത്തുമെന്ന് ഉറപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റക്കയ്യൻ ഗോവിന്ദച്ചാമി ഇതൊക്കെ ആരുടേയും സഹായം ഇല്ലാതെ ചെയ്ത് രക്ഷപ്പെട്ടെന്ന് ജനം എങ്ങനെ വിശ്വസിക്കുമെന്നും ഒരു കൈ ഇല്ലാത്തവന് പോലും പുഷ്പം പോലെ ഇറങ്ങി പോകാൻ പറ്റുന്നതാണോ നമ്പർ 1 കേരളത്തിലെ ജയിലുകളെന്നും സന്തോഷ് പണ്ഡിറ്റ്. ഇവൻ ഈ ചെയ്ത കൊലപാതകം ഉത്തർ പ്രദേശിലോ മറ്റോ ആയിരുന്നെങ്കിൽ, അന്നേ, യു പി മോഡൽ ശിക്ഷ നൽകി പടമായേനേ എന്നുമാണ് സന്തോഷ് പണ്ഡിറ്റിന്‍റെ വാക്കുകള്‍.
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ ജയിൽ മോചിതയാകുമെന്ന ഡോ. കെ എ പോളിന്റെ വീഡിയോയ്ക്ക് എതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. കഴിഞ്ഞ ദിവസമാണ് ഇവഞ്ചലിസ്റ്റും ഗോബൽ പീസ് ഇനീഷ്യേറ്റീവ് സംഘടനയുടെ സ്ഥാപകനുമായ ഡോ. കെ എ പോൾ നിമിഷ പ്രിയ ജയിൽ മോചിതയാകുമെന്ന് വ്യക്തമാക്കി സമൂഹമാധ്യമമായ എക്‌സിൽ വീഡിയോ പങ്കുവച്ചത്. ഈ വീഡിയോക്ക് പിന്നാലെയാണ് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ രംഗത്ത് വന്നത്. കേസിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിവാദ എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി വിജിലൻസ് കോടതിയിൽ ഹാജരാക്കി. സാക്ഷി മൊഴികളുടെ പകർപ്പും ഹാജരാക്കി. നേരത്തെ കേസ് ഡയറി ഹാജരാക്കാൻ വിജിലൻസ് വിമുഖത കാണിച്ചത് വാർത്തയായിരുന്നു. പിന്നാലെ കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോഴത്തെ നടപടി.
വിമർശനങ്ങളെ സദുദ്ദേശത്തോടെ കാണണമെന്നും വിമർശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. ആദ്യം പോസിറ്റീവായി പ്രതികരിച്ച രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് നിലപാട് മാറ്റി സദുദ്ദേശപരമെന്ന് കാണാൻ സൗകര്യമില്ലെന്ന് രാഹുൽ പറഞ്ഞു ഇത്തരം നിലപാടുകൾ എടുത്താൽ പാർട്ടിയുടെ സ്ഥിതി എന്താകുമെന്ന് ഓർക്കണം എസ്എഫ്ഐയെ പുകഴ്ത്തിയെന്ന തെറ്റായ വ്യാഖ്യാനത്തിലൂടെ തനിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയെന്നും അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റിൽ വിമർശിച്ചു.
കാഞ്ഞങ്ങാട് സൗത്തിൽ മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറി ഉയർത്തുന്നതിനിടെ വാതകം ചോർന്നു. ടാങ്കറിൻ്റെ വാൽവ് പൊട്ടിയതോടെയാണ് വാതകം ചോർന്നത്. ഇതോടെ പ്രദേശത്ത് അര കിലോമീറ്റർ പരിധിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എൽപിജി ഗ്യാസുമായി പോകുന്ന ടാങ്കർ ഇന്നലെ ഉച്ചക്കാണ് മറിഞ്ഞത്. കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി.
ബാണാസുരസാഗര്‍ അണക്കെട്ടിന്‍റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ രാവിലെ 10 മുതൽ സ്‌പിൽവെ ഷട്ടർ 30 സെൻ്റീ മീറ്ററായി ഉയർത്തി. എക്സിക്യൂട്ടീവ് എൻജിനീയറാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഷട്ടർ 15 സെന്‍റീ മീറ്റർ തുറന്നിരുന്നു. സെക്കൻ്റിൽ 12.20 ക്യുമെക്സ് വെള്ളം ഘട്ടംഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത് കൂട്ടുമെന്നാണ് എക്സിക്യൂട്ടീവ് എൻജിനീയർ വ്യക്തമാക്കിയത്.
ഡിജിറ്റൽ സര്‍വകലാശാലയുടെ കൈരളി ചിപ്പ് നിര്‍മാണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റ് ക്യാമ്പയിൻ കമ്മിറ്റി. ഗവര്‍ണറെയും മുഖ്യമന്ത്രിയെയും സമീപിച്ച പരാതിക്കാർ, വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടു. സാങ്കേതിക പഠന റിപ്പോര്‍ട്ടോ, വിദഗ്ധ വിലയിരുത്തലുകളോ ഇല്ലാതെ 25 ലക്ഷത്തിന്‍റെ പാരിതോഷികവും സര്‍ക്കാര്‍ ഫണ്ടും തട്ടുന്നുവെന്നും കേന്ദ്രത്തെ അറിയിക്കുന്നില്ലെന്നുമാണ് പരാതി. എന്നാൽ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നാണ് ചിപ്പിന് നേതൃത്വം നൽകിയ, സർവകലാശാല ഡീൻ അലക്സ് ജെയിംസിന്‍റെ പ്രതികരണം.
പീരുമേട്ടിൽ വനത്തിനുള്ളിൽ വച്ച് ആദിവാസി സ്ത്രീ സീത മരിച്ചത് കാട്ടാന ആക്രമണം തന്നെയെന്ന് പൊലീസ് നിഗമനം. കഴുത്തിനുണ്ടായ പരിക്കുകൾ വനത്തിനുള്ളിൽ നിന്നും പുറത്തേക്ക് കൊണ്ടു വരുമ്പോൾ താങ്ങിപ്പിടിച്ചത് മൂലമുണ്ടായതാകാം. വാരിയെല്ലുകൾ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലും തോളിലിട്ട് ചുമന്നു കൊണ്ടു വരുമ്പോഴുമുണ്ടായത്. എന്നാൽ ശരീരത്തിൽ കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം പരിശോധന നടത്തിയ പീരുമേട് താലൂക്ക് ആശുപത്രിയിലെ അസി. സർജൻ ആദർശ് രാധാകൃഷ്ണൻ പറഞ്ഞിരുന്നത്.
വയനാട് വാഴവറ്റയിൽ വൈദ്യുതാഘാതം ഏറ്റ് സഹോദരങ്ങൾ മരിച്ചു. വാഴവറ്റ സ്വദേശികളായ കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് ഇവർ നടത്തിവന്ന കോഴിഫാമിൽ വെച്ചായിരുന്നു അപകടം. ഫാമുടമ പുൽപ്പറമ്പിൽ വീട്ടിൽ സൈമൺ ഇരുവരെയും കാണാതായതോടെ നടത്തിയ തിരച്ചിലിനിടെയാണ് ഇരുവരെയും ഫാമിൽ ഷോക്കേറ്റ് നിലയിൽ കണ്ടെത്തിയത്.
ഇരുപത്തിയൊന്ന് വർഷം മുൻപ് മണിപ്പാൽ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന അനന്യ എന്ന പെണ്‍കുട്ടിയെ തേടി അമ്മ സുജാത ധർമ്മസ്ഥലയിൽ എത്തി. മകളെ അന്വേഷിച്ചിറങ്ങിയ തന്നെ ധർമ്മസ്ഥലയിൽ അജ്ഞാതരായ ആളുകൾ തടഞ്ഞുവെച്ച് മർദ്ദിച്ചെന്നും അമ്മ ആരോപിക്കുന്നു.അതേ സമയം, ധർമസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണസംഘത്തിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള കൂടിയാലോചനകളിലാണ് കർണാടക ആഭ്യന്തരവകുപ്പ്.
ഛത്തീസ്ഗഡിലെ ബസ്തറില്‍ വീണ്ടും മാവോയിസ്റ്റുകൾ കീഴടങ്ങി. അഞ്ച് ജില്ലകളില്‍ നിന്നായുള്ള 66 പേരാണ് സുരക്ഷാസേനയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. ഇതില്‍ 49 പേരുടെ തലയ്ക്ക് വിലയിട്ടിരുന്നു. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ 18 മാസത്തിനിടെ കീഴടങ്ങിയ മാവോയിസ്റ്റുകളുടെ എണ്ണം 1,570 ആയി. 2023-2024 കാലഘട്ടത്തില്‍ 813 പേരാണ് കീഴടങ്ങിയത്.
രാജസ്ഥാനില്‍ സ്കൂൾ കെട്ടിടത്തിന്‍റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് നാല് വിദ്യാര്‍ത്ഥികൾ മരിച്ചു. 17 പേര്‍ക്ക് പരിക്ക്. ജലവര്‍ ജില്ലയിലെ ഒരു ഗവണ്‍മെന്‍റ് സ്കൂളിലാണ് അപകടം. അധ്യാപനം നടക്കുന്നതിനിടയിലായിരുന്നു സംഭവം. അപകടം ഹൃദയഭേദകമാണെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥികൾക്ക് മതിയായ ചികിത്സ നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ എക്സില്‍ കുറിച്ചു.
2021 മുതൽ 2024 വരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്താരാഷ്ട്ര സന്ദർശനങ്ങൾക്ക് 295 കോടി രൂപ ചെലവഴിച്ചതായി കേന്ദ്ര സർക്കാരിന്റെ കണക്കുകൾ. 2025ലെ യുഎസ്, ഫ്രാൻസ് ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി 67 കോടിയിലധികം രൂപ ചെലവഴിച്ചതായും കേന്ദ്ര സർക്കാർ പുറത്തു വിട്ട ഡാറ്റയിൽ പറയുന്നു.
അഡ്മിഷനില്‍ ക്രമക്കേട് കാണിച്ച അധ്യാപകനെ സസ്പെന്‍റ് ചെയ്ത് തൃപുരയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ്. അഗര്‍തലയിലെ റാംതാക്കൂര്‍ കോളേജിലെ പ്രൊഫസര്‍ അഭിജിത് നാഥ് എന്ന അധ്യാപകനെയാണ് സസ്പെന്‍റ് ചെയ്തത്. കോളേജില്‍ അനധികൃതമായി അഡ്മിഷൻ നടന്നു എന്ന വാര്‍ത്തകൾക്ക് പിന്നാലെയാണ് നടപടി.
പലസ്തീൻ പ്രശ്നത്തിൽ നിർണ്ണായക പ്രഖ്യാപനവുമായി ഫ്രാൻസ്. പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചു. സെപ്തംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ വച്ച് ഫ്രാൻസ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് പ്രസിഡൻ്റ് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യ – യു കെ വ്യാപാര കരാർ യാഥാർഥ്യത്തിലായതോടെ സ്കോച്ച് വിസ്കിയുടെ തീരുവ 150 ൽ നിന്ന് 75 ആയിട്ടാണ് കുറയുക. അടുത്ത പത്ത് വർഷത്തിൽ ഇത് 40 ശതമാനമായി കുറയുമെന്നും കരാറിൽ പറയുന്നു. ആഡംബര കാറുകളായ ജാഗ്വാർ, ലാൻഡ്റോവർ തുടങ്ങിയ കാറുകളുടെ ചുങ്കം 100 ൽ നിന്ന് 10 ആയി കുറയും. നിശ്ചിത എണ്ണം കാറുകളാവും തീരുവ കൂറച്ച് ഇറക്കുമതി അനുവദിക്കുകയെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഐപിഎല്‍ മത്സരത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം യാഷ് ദയാലിനെതിരെ പോക്സോ കേസെടുത്ത് ജയ്പൂര്‍ പോലീസ്. കഴിഞ്ഞ ഐപിഎല്ലിനിടെ ജയ്പൂരില്‍ വെച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തതെന്ന് ദൈനിക് ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഗാസിയാബാദില്‍ നിന്നുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലും യാഷ് ദയാലിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
സിറിയൻ സർക്കാരിനുള്ള പിന്തുണ ആവർത്തിച്ച് സൗദി മന്ത്രിസഭ. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം സിറിയയിലെ വികസനം സംബന്ധിച്ച് സൗദിയും ഇതര രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ഈ വിഷയത്തിൽ സൗദിയടക്കം വിവിധ രാജ്യങ്ങളടെ വിദേശകാര്യ മന്ത്രിമാർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ ഉള്ളടക്കത്തെ സ്വാഗതം ചെയ്തു.