സർവകലാശാലകൾ ഗവർണർ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ച് കണ്ണൂരിലും കോഴിക്കോട്ടും പ്രതിഷേധവുമായി എസ് എഫ് ഐ. കാലിക്കറ്റ് സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. രണ്ടിടത്തും പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. കണ്ണൂർ സർവകലാശാലയിൽ ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
കെ എസ് ആർ ടി സി ബസുകൾ അധിക സർവീസുകളടക്കം നടത്തുന്നുണ്ടെങ്കിലും ജനജീവിതത്തെ സാരമായി ബാധിച്ച് സ്വകാര്യബസ് സമരം. വിദ്യാർത്ഥി കൺസെഷൻ വർധന അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
കെ എസ് ആർ ടി സി യൂണിയനുകൾ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി ഇടത് സംഘടനകൾ. കെ എസ് ആർ ടി സിയും നാളെ നിരത്തിലിറങ്ങില്ലെന്നും ദേശീയ പണിമുടക്കിൽ കെ എസ് ആർ ടി സി യൂണിയനുകളും പങ്കെടുക്കുമെന്നും എൽ ഡി എഫ് കൺവീനർ കൂടിയായ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണനടക്കം വ്യക്തമാക്കി. ആരെങ്കിലും നാളെ കെ എസ് ആർ ടി സി ബസ് നിരത്തിൽ ഇറക്കിയാൽ അപ്പോൾ കാണാമെന്നും ടി പി വ്യക്തമാക്കി.
നാളത്തെ ട്രേഡ് യൂണിയൻ പണിമുടക്ക് കേരളത്തിൽ മാത്രമാണുള്ളത് മറ്റ് സംസ്ഥാനങ്ങളിൽ സമരമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജിവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാം ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, അടിസ്ഥാന സൗകര്യമേഖലകളിൽ കടം വാങ്ങിയിട്ട് ജീവിക്കേണ്ട സ്ഥിതിയിലാണ് നമ്മുടെ നാടുള്ളത്. മറ്റ് സംസ്ഥാനങ്ങൾ സാമ്പത്തിക മുന്നേറ്റങ്ങൾ നടത്തുമ്പോൾ കേരളം ഇപ്പോഴും പണിമുടക്ക് പോലുള്ള സമരങ്ങൾ നടത്തുകയാണ് ഇത്തരം സമരങ്ങൾ സാമ്പത്തിക മേഖലയെ പിന്നോട്ട് അടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
കേരള സർവ്വകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ സ്ഥാനത്ത് നിന്ന് നീക്കാനൊരുങ്ങി ചാൻസലർ കൂടിയായ ഗവര്‍ണര്‍. ചാൻസലറുടെ തീരുമാനം എന്തായാലും കോടതിയിൽ ചോദ്യം ചെയ്യാനാണ് സിണ്ടിക്കേറ്റിൻ്റെ ശ്രമം. മുൻ ഗവർണറെക്കാൾ കടുപ്പമാണ് രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു വിമർശിച്ചു.
സ്വകാര്യ ആശുപത്രിയിലെ ചികിത്സയുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ പിന്തുണച്ച് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ. സജി ചെറിയാൻ പറഞ്ഞതിൽ വിവാദം കാണുന്നില്ലെന്നും സർക്കാർ ആശുപത്രിയിൽ ഇല്ലാത്ത സൗകര്യങ്ങൾ ഉണ്ട്. അതിനു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരും അതിൽ തെറ്റ് കാണേണ്ടതില്ല എന്നാൽ ചെറിയ വീഴ്ചയുടെ പേരിൽ മെഡിക്കൽ കോളേജുകളുടെ നന്മ കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സഭകളുടെ പിന്തുണയിൽ കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലേക്കെത്തിക്കാൻ യു ഡി എഫ് നീക്കം ശക്തമെന്ന് റിപ്പോർട്ട്. മനുഷ്യ – മൃഗ സംഘര്‍ഷത്തിൽ കേരള കോൺഗ്രസിനുള്ള ആശങ്ക മുതലെടുത്താണ് യു ഡി എഫിന്റെ ശ്രമങ്ങൾ. അടിയന്തര നിയമസഭ സമ്മേളനം വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി, മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച സാഹചര്യമടക്കം സാധ്യതയായി യു ഡി എഫ് കാണുന്നുണ്ടെന്നാണ് വിവരം.
സപ്ലൈകോയിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി സൂചിപ്പിച്ച് പ്രചരിക്കുന്ന യൂട്യൂബ് വീഡിയോകളും സമൂഹ മാധ്യമ പോസ്റ്റുകളും വ്യാജമെന്ന് സപ്ലൈകോ ജനറൽ മാനേജർ വി.കെ അബ്ദുൽ ഖാദർ അറിയിച്ചു. സപ്ലൈകോയിൽ സ്ഥിരം ജീവനക്കാരെ പി.എസ്.സി മുഖേനയാണ് നിയമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. യുഎഇയിലുള്ള നൗഷാദിന്റെ വീസാ കാലാവധി ഇന്ന് തീരാനിരിക്കെയാണ് പൊലീസിന്റെ നിർണായക നടപടി. രണ്ട് മാസത്തെ വിസിറ്റിംഗ് വീസയിലാണ് നൗഷാദ് വിദേശത്തേക്ക് പോയത്. വീസാ കാലാവധി തീരുന്നതിനാൽ നൗഷാദ് നാട്ടിലെത്താൻ സാധ്യതയുണ്ടെന്ന് പൊലീസ് അനുമാനിക്കുന്നു.
പത്തനംതിട്ട കോന്നി പയ്യനാമൺ പാറമട അപകടത്തിൽപ്പെട്ട ബീഹാർ സ്വദേശിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ വൈകുന്നു. അപകട സ്ഥലത്തെത്തിയ ദൗത്യസംഘത്തിന് വെല്ലുവിളിയായി വീണ്ടും പാറയിടിഞ്ഞു. ഇതോടെ ദൗത്യം താത്കാലികമായി നിര്‍ത്തിവെച്ചു. യന്ത്രങ്ങൾ എത്തിച്ച ശേഷം വീണ്ടും രക്ഷാദൗത്യം തുടങ്ങും.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യംചെയ്യലിനായി നടൻ സൗബിൻ ഷാഹിർ മരട് പൊലീസ് സ്റ്റേഷനിൽ ഇന്നും ഹാജരായി. പരാതിക്കാരന് പണം മുഴുവൻ താൻ നൽകിയതാണെന്ന് സൗബിൻ പറഞ്ഞു. ലാഭവിഹിതവും നൽകാൻ താൻ തയ്യാറാണെന്നും ലാഭവിഹിതം താന്‍ മാറ്റി വച്ചിട്ടുണ്ടെന്നും ഇതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും സൗബിൻ പറയുന്നു.
സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വിവാദമായ സംഭവത്തില്‍ വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഷൈൻ ടോം ചാക്കോയുടെ ഏറ്റുപറച്ചില്‍.
നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ ഏക പ്രതിയാണ്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നാലു വയസ്സുകാരിയെ പീഡിപ്പിച്ചു എന്നായിരുന്നു ജയചന്ദ്രനെതിരെയുള്ള കേസ്.
ബ്രസീലിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡൻറ് ലുല ദ സിൽവയുമായി ഇന്ന് ചർച്ച നടത്തും. ബ്രിക്സ് ഉച്ചകോടിക്കു ശേഷം റിയോ ദ ജനേറയിൽ നിന്ന് ബ്രസീലിയയിൽ എത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം ഹൃദ്യമായ വരവേല്പ് നൽകി. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്റ്റേറ്റ് വിസിറ്റ് തലത്തിലേക്ക് ബ്രസീൽ ഉയർത്തിയിരുന്നു.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വ്യോമയാന മന്ത്രാലയത്തിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. 2 പേജുള്ള റിപ്പോര്‍ട്ടെന്നാണ് സമർപ്പിച്ചതെന്നാണ് സൂചന. അപകടത്തിന്റെ കാരണമടക്കം കണ്ടെത്താൻ നേരത്തെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിച്ചിരുന്നു.
ഒമാനില്‍ ഒരു കമ്പനിയുടെ ലബോറട്ടറിയില്‍ നിന്ന് മാരക വിഷവാതകം ചോര്‍ന്നു. സൊഹാറിലെ ഒരു കമ്പനിയില്‍ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. വിഷവാതക ചോര്‍ച്ച തടയുന്നതില്‍ വിദഗ്ധരായ സംഘം ചോര്‍ച്ച നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫൻസ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി എക്സ് പ്ലാറ്റ്‍ഫോമില്‍ കുറിച്ചു. അപകടകരമായ വിഷവാതകം ചോര്‍ന്നെങ്കിലും അധികൃതരുടെ കൃത്യമായ ഇടപെടല്‍ മൂലം ആര്‍ക്കും പരിക്കേറ്റിട്ടില്ല.
കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പർക്ക് സസ്പെൻഷൻ. ഇന്ന് രാവിലെ തമിഴ്നാട്ടിലെ കടലൂരിലുണ്ടായ അപകടത്തിലാണ് ഗേറ്റ് കീപ്പർക്കെതിരെ നടപടിയെടുത്തത്. കടലൂരിനും ആളപ്പാക്കത്തിനും ഇടയിലുള്ള റെയിൽവേ ഗേറ്റ് നമ്പർ 170ലൂടെ പോയ സ്കൂൾ വാനിനെയാണ് വില്ലുപുരം മയിലാടുംതുറൈ പാസഞ്ചർ ഇടിച്ച് തെറിപ്പിച്ചത്.
കോഴിക്കോട് ബേപ്പൂർ ലോഡ്ജിലെ കൊലപാതകത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൊലപാതകം ഉണ്ടായെന്ന് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനാണ് നടപടി. ബേപ്പൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ, സിപിഒ എന്നിവർക്കെതിരെ ആണ് നടപടി. മെയ് 24നാണ് കൊലപാതകം നടന്നത്.
ദില്ലി സർവകലാശാലയിലെ നാലുവർഷ ബിരുദ കോഴ്‌സ് ഉൾപ്പടെ ദേശീയ വിദ്യാഭ്യാസ നയം പുനഃപരിശോധിക്കണമെന്ന് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ. ആവശ്യമുന്നയിച്ച് 2000 അധ്യാപകർ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും നൽകി. 4 വർഷ കോഴ്‌സിനായി അധ്യാപക, അനധ്യാപക നിയമനം, അധിക ക്ലാസ് മുറികൾ, ലാബുകൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് അധ്യാപകർ.
കര്‍ണാടകയിലെ യാദ്ഗിരി ജില്ലയിലെ സുരപുര താലൂക്കിലെ മൂന്നുപേരുടെ മരണം മലിനജലം കുടിച്ചത് കൊണ്ടെന്ന് ആരോപണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. മലിനജലം ഉപയോഗിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ 20 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്.
വാഹനാപകടത്തിൽ സൗദി പൗരൻ മരിച്ച കേസിൽ ഒരു മാസം ജയിലിലാവുകയും ആറുവർഷം യാത്രാവിലക്ക് നേരിടുകയും ചെയ്ത മലയാളി കോഴിക്കോട് കുന്ദമംഗലം പടനിലം സ്വദേശി ഷാജു സാമൂഹികപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തി.ഷാജു ഓടിച്ച വാട്ടർ ടാങ്കർ ലോറിയുടെ പിന്നിൽ സ്വദേശി പൗരൻ ഓടിച്ച വാഹനം വന്നിടിക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.
വടക്കൻ ഇറാഖിൽ ഗുഹയിലെ തെരച്ചിൽ ദൗത്യത്തിനിടയിൽ ഏഴ് തുർക്കി സൈനികർ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം. ഇതോടെ കുർദ് തീവ്രവാദികൾ കൊലപ്പെടുത്തിയ സൈനികന്റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിലിനിടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 12 ആയി. ഗുഹയിൽ നിറഞ്ഞ മീഥേൻ ഗ്യാസ് ശ്വസിച്ചാണ് സൈനികർ കൊല്ലപ്പെട്ടതെന്നാണ് തുർക്കി സൈന്യം വ്യക്തമാക്കിയത്.
വടക്കൻ ഗാസയിൽ കഴിഞ്ഞ രാത്രി മാത്രം അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന ചൊവ്വാഴ്ച അറിയിച്ചു. ഇവർക്ക് പുറമെ മറ്റ് രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ഗാസയിലെ ആരോഗ്യ വിഭാഗം നൽകുന്ന വിവരമനുസരിച്ച് ഇസ്രായേൽ നടത്തിയ രണ്ട് ആക്രമണങ്ങളിൽ 18 പലസ്തീനികൾ കൊല്ലപ്പെട്ടു.
പകര തീരുവ ഈടാക്കുന്ന തീയതി മൂന്നാഴ്ച്ച നീട്ടിയെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. നാളെ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന തീരുവ നടപടികളാണ് ട്രംപ് തത്കാലത്തേക്ക് നീട്ടിയത്. നിലവിലെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് ഒന്നിനായിരിക്കും പകര തീരുവ നടപ്പാകുക.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം യഷ് ദയാലിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഉജ്വല സിംഗിന്റെ പരാതിയിലാണ് നടപടി. അന്വേഷണത്തില്‍ താരത്തിനെതിരെ വ്യക്തമായ തെളിവുകള്‍ കിട്ടിയതിനാലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.