Screenshot 20250705 135848 2

സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം.

 

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതി ഗുരുതരാവസ്ഥയിൽ. രണ്ട് ഡോസ് മോണോ ക്ലോണൽ ആൻ്റി ബോഡി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരുമായി സമ്പർക്കത്തിൽ വന്ന 173 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി. ഇവരിൽ 100 പേർ പ്രാഥമിക പട്ടികയിലാണ്. ഇതിൽ 52 പേർ ഹൈറിസ്ക് കോൺടാക്ട് ലിസ്റ്റിലാണ്.

 

ചാരവൃത്തിക്ക് പിടിയിലായ യു ട്യൂബർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ച സംഭവത്തിൽ മന്ത്രി റിയാസ് മറുപടി പറയണമെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ ആവശ്യപ്പെട്ടു. ജ്യോതി മൽഹോത്രയെ ക്ഷണിച്ചത് എന്തുകൊണ്ടെന്ന് വിശദീകരിക്കണമെന്നും

ആരൊക്കെ വേറെ ക്ഷണിക്കപ്പെട്ടിട്ടുണ്ടെന്നും റിയാസ് വ്യക്തിമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്, കേരള സർക്കാർ എപ്പോഴും രാജ്യവിരുദ്ധ ശക്തികൾക്ക് തണലൊരുക്കുന്നു ഇത്തരം സംഭവങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ലെന്നും പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി.

 

ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി. പാക്കിസ്ഥാന്റെ ചാരൻമാർക്ക് ഇടത് സർക്കാർ ചുവന്ന പരവതാനി വിരിച്ചോയെന്ന് ദേശീയ വക്താവ് ഷഹ്സാദ് പൂനെവാല ചോദിച്ചു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽനിന്നും പുറത്താക്കണമെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ഷഹ്സാദ് പൂനെവാല ആവശ്യപ്പെട്ടു.

 

കേരള സർവകലാശാലയിൽ ജോയിന്റ് റജിസ്ട്രാർ ഹരികുമാറിനെതിരെ വിസി നൽകിയ സമയപരിധി അവസാനിച്ചു. അതേസമയം, വിസിയുടെ കാരണം കാണിക്കലിന് ജോ. രജിസ്ട്രാർ മറുപടി നൽകിയില്ല. അദ്ദേഹം അവധിയിൽ പ്രവേശിച്ചു. ഹരികുമാറിനെതിരായ നടപടി ആലോചിച്ച ശേഷമെന്ന് താൽക്കാലിക വി സി സിസ തോമസ് അറിയിച്ചു. വിസി ഇൻ ചാർജ് സിസ തോമസ് പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ ജോയിന്റ് റജിസ്ട്രാർ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിസി നോട്ടീസ് നൽകിയത്.

 

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസിൽ കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. പൂരം അലങ്കോലപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവൻ ഡിഐജി തോംസൺ ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്ത് വെച്ച് സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്. സംഘം ഈ മാസം എഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും.

 

കോട്ടയം മെ‍ഡിക്കൽ കോളേജിലെ അപകടത്തിൽ ജില്ലാ കളക്ടർ ആവശ്യപ്പെട്ട മുഴുവൻ രേഖകളും കൈമാറിയെന്ന് ആശുപത്രി സൂപ്രണ്ട് ടി.കെ.ജയകുമാർ. അന്വേഷണം നടത്തുന്ന കളക്ടർക്ക് മുന്നിൽ കാര്യങ്ങളൊന്നും മറച്ചുവയ്ക്കാനില്ലെന്നും സൂപ്രണ്ട് പറഞ്ഞു. മുടങ്ങിയ ശസ്ത്രക്രിയകൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും നിലവിൽ മറ്റ് ആശുപത്രികളിലേക്ക് രോഗികളേ മാറ്റേണ്ട സാഹചര്യം ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

 

തൊണ്ടി വാഹനങ്ങൾ പൊലീസ് വാഹനങ്ങളാക്കണമെന്ന് മുൻ ഡിജിപിയുടെ നിർദ്ദേശം. കേസിൽ പിടികൂടുന്ന അവകാശികളില്ലാത്ത വാഹനങ്ങൾ കണ്ടുകെട്ടണം. ആഴ്ചകൾക്കുള്ളിൽ നടപടിക്രമം പാലിച്ച് പൊലീസിലേക്ക് വാഹനം മാറ്റണം. 250 മുതൽ 300 വാഹനങ്ങൾ വരെയാണ് 15 വർഷം കഴിയുന്നതിനാൽ പൊളിക്കുന്നത്. ഇതിന് പകരം വാഹനങ്ങൾ വാങ്ങുന്നില്ല. ആവശ്യത്തിന് വാഹനങ്ങൾ ഇല്ലാത്തതിനാൽ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഇത് മറികടക്കാനുള്ള അടിയന്തിര പരിഹാരം അവകാശികളില്ലാത്ത തൊണ്ടി വാഹനങ്ങൾ കണ്ടുകെട്ടുന്നതാണെന്നും കത്തിൽ പറയുന്നു.

 

കനത്ത മഴ കാരണം ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗുരുവായൂർ യാത്ര തടസപ്പെട്ടു. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡിൽ ഹെലികോപ്ടർ ഇറക്കാനായില്ല. ഉപരാഷ്ട്രപതിയുമായി ഹെലികോപ്ടർ കൊച്ചിയിലേക്ക് മടങ്ങി.

 

മലപ്പുറം കാളികാവിൽ നിന്നും പിടികൂടിയ നരഭോജിക്കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. ഇന്നലെ രാത്രി വൈകിയാണ് എത്തിച്ചത്. കടുവയെ ഇന്ന് ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റും. 21 ദിവസം ഇവിടെ കോറന്റൈനിൽ പാർപ്പിക്കും. സന്ദർശകർക്ക് കർശന വിലക്കുണ്ട്.

 

കോഴിക്കോട് വളയത്ത് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. സ്റ്റീൽ ബോംബ് പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവുമ്മൽ സ്വദേശി ദാമോദരന്റെ കടയ്ക്ക് മുന്നിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. കടയ്ക്ക് നേരെ എറിഞ്ഞ സ്റ്റീൽ ബോംബ് പൊട്ടാത്തതാണെന്ന് സംശയം.

 

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ആൾ കസ്റ്റഡിയിൽ. ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷാ ആണ് കസ്റ്റഡിലായത്. സുരക്ഷ ഉദ്യോഗസ്ഥരാണ് ക്യാമറ ശ്രദ്ധയിൽപ്പെട്ട് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തത്. സുരക്ഷാ മേഖലയിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് പൊലീസ് കേസെടുത്തു. സുരക്ഷാ പരിശോധനക്ക് ശേഷം ഇയാൾ മുന്നോട്ട് നീങ്ങിയ ശേഷമാണ് എമർജൻസി ലൈറ്റ് തെളിഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.

 

ഇന്ത്യയെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ തവാവുർ ഹുസൈൻ റാണ ആക്രമണത്തിൽ തന്‍റെ പങ്ക് സമ്മതിച്ചതായി റിപ്പോർട്ട്. താൻ പാകിസ്ഥാൻ സൈന്യത്തിന്‍റെ വിശ്വസ്തനായ ഏജന്‍റായിരുന്നുവെന്നും റാണ വെളിപ്പെടുത്തിയെന്നാണ് ഇന്ത്യ ടു‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദില്ലിയിലെ തീഹാർ ജയിലിൽ എൻഐഎ കസ്റ്റഡിയിലാണ് തഹാവൂർ റാണ.

 

പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നതായി അധികൃതർ. രക്ഷാപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും കെട്ടിട അവശിഷ്ടങ്ങളിൽ ഭൂരിഭാഗവും നീക്കം ചെയ്തതായും മരണസംഖ്യ സ്ഥിരീകരിച്ചുകൊണ്ട് ഓപ്പറേഷൻ വക്താവ് ഹസ്സൻ ഉൽ ഹസീബ് ഖാൻ പറഞ്ഞു.

 

പരാമവധി രണ്ടാഴ്ച്ചയ്ക്കുള്ളിൽ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി ഒഴിയുമെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സർക്കാരിൽ നിന്ന് വാടകയുടെ അടിസ്ഥാനത്തിൽ ലഭിച്ച പുതിയ വസതിയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന തന്റെ രണ്ട് പെൺമക്കൾക്ക് വീൽചെയറിൽ പോകാനുള്ള സൗകര്യം ഒരുക്കണം ഇതിനായുള്ള കാലതാമസമാണ് ഒഴിയൽ നടപടികൾ വൈകാൻ കാരണമെന്നാണ് ചന്ദ്രചൂഡ് വിശദീകരിക്കുന്നത്.

 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാതായി. കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലും മഴ ശക്തമായി തുടരുന്നു. നാല് ജില്ലകളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകി.

 

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ റെവ്ദണ്ട തീരത്തിന് സമീപം സംശയാസ്പദമായ ബോട്ട് കണ്ടെത്തിയതിനെത്തുടർന്ന് സുരക്ഷ ശക്തമാക്കി പൊലീസ്. റെവ്ദണ്ടയിലെ കോർലായ് തീരത്ത് നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ട് കണ്ടതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പാക് ബോട്ടാണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുണ്ട്.

 

യുഎസിലുള്ള സ്ത്രീയുടെ കവടിയാര്‍ ജവഹര്‍ നഗറിലുള്ള ഒന്നരക്കോടിയുടെ വീടും വസ്തുവും വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തതിന് പിന്നില്‍ വന്‍സംഘമാണെന്നും മുഖ്യ ആസൂത്രകൻ തലസ്ഥാന വാസിയായ വെണ്ടർ ആണെന്നും പൊലീസ് കണ്ടെത്തി. അമേരിക്കയിൽ താമസിക്കുന്ന ഡോറ അസറിയ ക്രിപ്സിന്റെ ജവാഹർ നഗറിലെ വീടും വസ്തുവും ഡോറ അറിയാതെ വളർത്തു മകളെന്നു പറഞ്ഞു മെറിൻ തട്ടിയെടുത്തെന്നാണു കേസ്. ഡോറയും മെറിനും പരിചയക്കാരായിരുന്നു

 

ക്രിപ്റ്റോകറൻസി നിക്ഷേപകർക്ക് ഗോൾഡൻ വിസ അനുവദിക്കുമെന്ന വാദങ്ങൾ തള്ളി യുഎഇ അധികൃതർ. ചില സാമൂഹിക മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും ക്രിപ്റ്റോ നിക്ഷേപകർക്ക് യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നുണ്ടെന്ന രീതിയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരഭകർ, പ്രഗത്ഭരായ വ്യക്തികൾ, ശാസ്ത്രജ്ഞർ, സ്പെഷ്യലിസ്റ്റുകൾ തുടങ്ങി പ്രത്യേക വിഭാഗങ്ങൾക്കാണ് ദീർഘകാല റസിഡൻസിയുള്ള ഗോൾഡൻ വിസ അനുവദിക്കുന്നതെന്ന് ഐസിപി വ്യക്തമാക്കി.

 

ഹമാസ് ആക്രമണത്തിന് പിന്നാലെ. പലസ്തീന്‍, ലബനണന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളോട് യുദ്ധത്തിനിറങ്ങിയ ഇസ്രയേലില്‍ ഇപ്പോൾ യുദ്ധം ചെയ്യാന്‍ യുവാക്കളെ കിട്ടുന്നില്ലെന്ന് റിപ്പോര്‍ട്ട്. സൈന്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ 54,000 തീവ്ര ഓർത്തഡോക്സ് വിദ്യാര്‍ത്ഥികളോട് സൈന്യത്തില്‍ ചേരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കടുത്ത എതിര്‍പ്പുകൾ പല ഭാഗത്ത് നിന്നും ഉയരുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥികൾക്ക് ഇത് സംബന്ധിച്ച് നോട്ടീസയക്കാനാണ് സൈന്യത്തിന്‍റെ (IDF) തീരുമാനം.

 

ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് പ്രധാന രാജ്യങ്ങളായ ചൈനയുടെയും റഷ്യയുടെയും പ്രസിഡന്റുമാർ പങ്കെടുത്തില്ല. അധികാരമേറ്റതിനുശേഷം ആദ്യമായിട്ടാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബ്രിക്സ് വാർഷിക യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. ചൈനയുടെ സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉച്ചകോടിയുടെ ഫലത്തെക്കുറിച്ചുള്ള പരിമിതമായ പ്രതീക്ഷകളുമാണ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള ചൈനയുടെ തീരുമാനത്തിന്റെ കാരണമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

 

ബ്രിക്സിനെതിരെ വിമർശനവുമായി അമേരിക്കൻ പ്രസി‍‍ഡന്റ് ഡോണൾഡ് ട്രംപ്. ബ്രിക്സ് അമേരിക്കൻ വിരുദ്ധമെന്നും ട്രംപ് പറഞ്ഞു. ബ്രിക്സിനോട് ചേർന്നു നില്ക്കുന്ന രാജ്യങ്ങൾക്ക് പത്തു ശതമാനം അധിക തീരുവ പ്രഖ്യാപിക്കും. തീരുവ ചുമത്തുന്നതിനോ കരാറുകൾക്കോ ഉള്ള കത്തുകൾ ഇന്ന് അയച്ചു തുടങ്ങുമെന്നും അമേരിക്കൻ പ്രസിഡന്റ് അറിയിച്ചു. തീരുവ ഏകപക്ഷീയമായി അടിച്ചേല്പിക്കാനുള്ള നീക്കത്തെ ബ്രിക്സ് പ്രഖ്യാപനം എതിർത്തിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *