നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറാണ് ആദ്യം നിലപാട് പറയേണ്ടതെന്ന ഇന്നലെ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിലപാടാണ് താൻ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലിക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അൻവര്‍. യുഡിഎഫിന്‍റെ ഭാഗമാക്കിയിരുന്നെങ്കിൽ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നുവെന്നും താൻ ചെയ്ത കുറ്റം എന്താണെന്നും ഈ സര്‍ക്കാരിനെ താഴെയിറക്കാൻ ആരുടെ കാലാണ് പിടിക്കേണ്ടതെന്നും പിവി അൻവര്‍ ചോദിച്ചു. ഇനി ആരുടെയും കാലുപിടിക്കാനില്ലെന്നും കെസി വേണുഗോപാലിലാണ് ഇനി പ്രതീക്ഷ അദ്ദേഹവുമായി സംസാരിക്കുമെന്നു തൃണമൂലിനെ ഘടകക്ഷിയാക്കാൻ എന്താണ് പ്രശ്നമെന്നും കെ സുധാകരനും ചെന്നിത്തലയും കെ മുരളീധരനടക്കം ബന്ധപ്പെടുന്നുണ്ട് തന്നെ അസോസിയേറ്റഡ് അംഗം ആക്കിയാലും മതി അത് പ്രഖ്യാപിക്കണമെന്നും പിവി അൻവര്‍ കൂട്ടിച്ചേർത്തു.
അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്നും യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എൽഡിഎഫിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നീക്കം നടത്തുന്ന ജനപിന്തുണയുള്ള മുന്നണിയാണ് യുഡിഎഫ്. അത് പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാടും വയനാട് ഉപതെരഞ്ഞെടുപ്പിലും കേരളത്തിലെ പാർലമെന്റ് ഇലക്ഷനിലും കണ്ടു ഇപ്പോൾ നിലമ്പൂരും കാണാൻ പോകുകയാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
പി വി അൻവര്‍ ആദ്യം നിലപാട് പ്രഖ്യാപിക്കണമെന്ന തീരുമാനം വിഡി സതീശൻ മാത്രം എടുത്തതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. പി വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ആദ്യം നിരുപാധിക പിന്തുണ പ്രഖ്യാപിക്കണം അതിനുശേഷം അൻവറിനെ സഹകരിപ്പിക്കുന്നതിൽ യുഡിഎഫ് തീരുമാനം പറയുമെന്നും സഹായിക്കുന്നവരെ ഞങ്ങൾ തിരിച്ചും സഹായിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ തെരെഞ്ഞെടുപ്പിലുണ്ടായ വീഴ്ചകൾ പരിഹരിച്ച് ഒറ്റക്കെട്ടായാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും പിവി അൻവറുമായി സംസാരിച്ചു, ശുഭകരമായ തീരുമാനത്തിലെത്തും. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒരുമിച്ച് നിർത്തും. ഒരു ഘടകക്ഷിയെ മുന്നണിയിലെടുക്കുമ്പോള്‍ ചില ഫോർമാലിറ്റീസുണ്ട്. താൻ പറയുന്നതും പ്രതിപക്ഷനേതാവ് പറയുന്നതും ഒരേ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സഹകരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും ഹൈക്കമാൻഡ് തീരുമാനിച്ച സ്ഥാനാർത്ഥിയെ അൻവർ നിരന്തരം ചോദ്യം ചെയ്യുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ്. അൻവർ യുഡിഎഫുമായി സഹകരിക്കും എന്നാണ് പ്രതീക്ഷയെന്നും അസോസിയേറ്റ് അംഗം ആക്കുന്നതിൽ കൂട്ടായ ചർച്ച നടത്തണമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. അൻവർ മത്സരിക്കും എന്നതിൽ പേടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂരിൽ ബിജെപി സ്വതന്ത്ര സ്ഥാനാർത്ഥിയെ തേടുന്നുവെന്നും ബീന ജോസഫുമായി എം ടി രമേശ് ചർച്ച നടത്തിയെന്നും റിപ്പോർട്ട്. ബിജെപി നേതാവ് എം ടി രമേശ് തന്നെ വന്നുകണ്ടിരുന്നുവെന്നും നിലവിൽ സ്ഥാനാർത്ഥിയാകാനില്ലെന്നും സ്ഥിരീകരിച്ച് മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ബീന ജോസഫ്. കോണ്‍ഗ്രസുകാരിയായി തുടരാനാണ് ആഗ്രഹമെന്നും ആര്യാടൻ ഷൌക്കത്തിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും അവർ പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം ധൈര്യമുണ്ടെങ്കിൽ എം സ്വരാജിനെ മത്സരിപ്പിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സിറ്റിംഗ് സീറ്റിൽ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറാവുകയും ചെയ്യണമെന്ന് അദ്ദേഹം കുറിച്ചു.
പിണറായി സർക്കാരിന്റെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ തയ്യാറാക്കിയ പിണറായി ദ ലെജൻഡ് എന്ന ഡോക്യുമെന്ററി കമൽഹാസൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രകാശനം ചെയ്തു. ഇന്നലെ ഡോക്യുമെന്‍ററിയുടെ ടീസർ പുറത്തിറങ്ങിയിരുന്നു. ഒരു ഗാനമുൾപ്പെടെ 30മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി മുഖ്യമന്ത്രിയുടെ ജീവിതവും ചരിത്രവും ഇഴചേർത്താണ് ഒരുക്കിയിരിക്കുന്നത്.
കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രതാനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും കൂടാതെ പ്രായമായവരും ഗർഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണെന്നും നിർദേശമുണ്ട്.
കേരളതീരത്ത് അപകടത്തില്‍പെട്ട എംഎസ്സി എൽസ 3 എന്ന കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതനുസരിച്ച് വിദഗ്ധരുടെ യോഗം ചേര്‍ന്നു. അതോടൊപ്പം ആലപ്പുഴ തറയിൽ കടവിൽ ഡോൾഫിന്റെ ജഡം അടിഞ്ഞു. കഴിഞ്ഞ ദിവസം കണ്ടയ്നർ അടിഞ്ഞതിന്റെ സമീപമാണ് ഡോൾഫിന്റെ ജഡം അടിഞ്ഞത്.
എംഎസ്സി എൽസ 3 കപ്പലപകടം ഉണ്ടായതിന് തീരത്ത് അടിയുന്ന അപൂര്‍വ്വ വസ്തുക്കള്‍, കണ്ടയ്‌നര്‍ എന്നിവ കണ്ടാല്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും ഇതിനോടകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കപ്പല്‍ മുങ്ങിയ സ്ഥലത്തു നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് മത്സ്യ ബന്ധനം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.
കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കുഫോസ് പ്രൊഫസര്‍ ചെയര്‍ ഡോ. വിഎൻ സഞ്ജീവൻ. 365 ടണ്‍ ചരക്ക് മാത്രമാണ് മുങ്ങിയ കപ്പലിലുള്ളത്. സംഭവത്തിന് പിന്നാലെ തന്നെ കേരള സർക്കാർ ആവശ്യമായ നടപടികൾ എല്ലാം സ്വീകരിച്ചിട്ടുണ്ട്. വാതകം പടരാതിരിക്കാനുള്ള നടപടികൾ കോസ്റ്റ് ഗാർഡ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി. എസ്എഫ്ഐഒ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ദില്ലി ഹൈക്കോടതി ജഡ്ജി സുബ്രഹ്മണ്യൻ പ്രസാദ് ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് കുറ്റപത്രം നൽകില്ലെന്ന് ഉറപ്പ് പാലിച്ചില്ലെന്ന് കേന്ദ്രത്തോട് ജഡ്ജി ചോദിച്ചു. ഇക്കാര്യം രേഖപ്പെടുത്തി വീണ്ടും കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു. മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എൽ നൽകി ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസിൽ നടൻ ശ്രീനാഥ് ഭാസി 21ാമത്തെ സാക്ഷിയാണ്. 55 സാക്ഷികളാണ് കേസിൽ ആകെയുള്ളത്. മൂന്നു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. നിലവിൽ കേസിൽ റിമാന്‍ഡിൽ കഴിയുന്ന തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവർ മാത്രമാണ് കേസിൽ പ്രതികള്‍.
ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലെ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രികാല ഗതാഗതം മെയ് 30 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ദേശീയപാത 85 ല്‍ കരടിപ്പാറയ്ക്ക് സമീപം മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ കൊച്ചി – ധനുഷ്‌കോടി ദേശീയപാത ഇരുട്ടുകാനത്തു നിന്നും കല്ലാര്‍ വട്ടിയാര്‍ വഴി രണ്ടാം മൈല്‍ വരെയുള്ള ഭാഗത്തെ റോഡ് ഗതാഗതം ഇനിയൊരുത്തരവ് ഉണ്ടാകുന്നതു വരെ പൂര്‍ണമായി നിരോധിച്ചു.
കനത്ത മഴയിൽ വെങ്ങാനൂരിലെ മൈക്രോ വാട്ടർ സപ്ലെ സ്‌കീമിനോട് അനുബന്ധിച്ച കിണർ ഇടിഞ്ഞു താഴ്ന്നു. പ്രദേശത്ത് വലിയ ഗർത്തം രൂപപ്പെട്ടതോടെ സമീപത്തെ വാട്ടർ ടാങ്കും തകർച്ചാ ഭീഷണിയിലാണ്. കിണർ ഇടിഞ്ഞതോടെ നിരവധി പേർക്ക് ശുദ്ധ ജലം ലഭ്യമായിരുന്ന സ്രോതസാണ് ഇല്ലാതായത്.
വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന്‍റെ ഷട്ടറുകളുടെ കാര്യക്ഷമത പരിശോധിച്ചു. നിലവില്‍ വെള്ളം അപകടകരമായ തോതിലേക്ക് ഉയര്‍ന്നിട്ടില്ല എങ്കിലും വരും ദിവസങ്ങളില്‍ കൂടി മഴയുണ്ടായാല്‍, റൂള്‍ ലെവല്‍ മറികടക്കുന്ന സ്ഥിതിയുണ്ടായാല്‍ അണക്കെട്ട് തുറക്കുന്നതിന്റെ മുന്‍കരുതല്‍ എന്ന നിലക്കാണ് ഷട്ടറുകളുടെ പ്രവര്‍ത്തനം കെഎസ്ഇബി അധികാരികള്‍ പരിശോധിച്ചത്.
കാസർകോഡ് വ്യാജ മയക്കുമരുന്ന് കേസിൽ യുവാക്കളെ അറസ്റ്റ് ചെയ്തതായി വിവരം. പൊലീസ് പിടിച്ചെടുത്തത് എംഡിഎംഎ എന്ന് ആരോപിച്ചാണ് യുവാക്കളെ ജയിലിൽ അടച്ചത്. പിടികൂടിയത് മയക്കുമരുന്നല്ലെന്ന് മാസങ്ങൾക്കിപ്പുറം ലാബ് പരിശോധനാ ഫലം എത്തിയപ്പോളാണ് യുവാക്കൾക്ക് മോചനം സാധ്യമായത്. കാസർകോട് കോളിച്ചാൽ സ്വദേശി ബിജു മാത്യു, കണ്ണൂർ വാരം സ്വദേശി മണികണ്ഠൻ എന്നിവർക്കാണ് ജയിലിൽ കിടക്കേണ്ടി വന്നത്.
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി റഹീമിന് ചെയ്ത കുറ്റം മറച്ചുവെച്ചതിനാണ് ഇപ്പോൾ റിയാദ് കോടതി 20 വർഷം തടവുശിക്ഷ വിധിച്ചതെന്ന് റിയാദ് സഹായസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്രയും വർഷം തടവിൽ കഴിഞ്ഞ കാലം ഇതിൽ പരിഗണിക്കുമെന്നതിനാൽ അടുത്ത വർഷം മോചനമുണ്ടാവും. എന്നാലും മോചനം വേഗത്തിലാക്കാൻ നിയമപരമായ സാധ്യതകൾ പരമാവധി തേടുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഗുരുവായൂരിലും ഫാം ഫെഡ് തട്ടിപ്പ്. മുന്നൂറോളം പേരിൽ നിന്നായി 50 കോടിയിലധികം തട്ടിപ്പ് നടത്തിയതായി ആരോപണം. ഇത് സംബന്ധിച്ച് 14 പരാതികളാണ് ഗുരുവായൂർ ടെമ്പിൾ പൊലീസിൽ ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കിഴക്കേനടയിലെ റെയിൽവേ ഗേറ്റിനു സമീപം ആർ വി ടവറിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിനെതിരെയാണ് പരാതി.
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവത്തിലെ പ്രതികൾ കോയമ്പത്തൂരിൽ നിന്നും പിടിയിലായി. ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിൽ ഇരുവരെയും ചോദ്യം ചെയ്യുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പ്രമേയം എംഎന്‍എം നേതൃയോഗം അംഗീകരിച്ചു. തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂൺ 19നാണ് തെരഞ്ഞെടുപ്പ്. മൂന്ന് സ്ഥാനാർത്ഥികളെ ഡിഎംകെയും പ്രഖ്യാപിച്ചു. പി വിൽസൻ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. എസ് ആർ ശിവലിംഗം, എഴുത്തുകാരി സൽമ എന്നിവരും ഡിഎംകെ സ്ഥാനാർത്ഥികളാകും.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ദൂറിനെയും ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാടിനെയും കുറിച്ച് വിശദീകരിക്കാൻ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി പ്രതിനിധി സംഘം സൗദി അറേബ്യയിലെത്തി. കുവൈത്ത് സന്ദർശനം പൂർത്തിയാക്കിയാണ് സംഘത്തിന്റെ വരവ്.
പാർലമെന്റ് അംഗം ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഉന്നതതല സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പമെത്തിയ മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനെ അസുഖം ബാധിച്ചതിനെത്തുടർന്ന് കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില മെച്ചപ്പെടുകയാണെന്നും, മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും ചില തുടർ പരിശോധനകൾ ആവശ്യമാണെന്നും പാണ്ഡെ അറിയിച്ചു. അസുഖത്തെത്തുടർന്ന് ഗുലാം നബി ആസാദ് സൗദി, അൽജീരിയ സന്ദർശനങ്ങളിൽ പങ്കെടുക്കില്ല.
കുവൈത്തിൽ സമുദ്രനിരപ്പ് മോണിറ്ററിങ് സ്റ്റേഷൻ സ്ഥാപിച്ചതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് സെന്റർ. കാലാവസ്ഥാ വ്യതിയാനത്തിന്റെ, പ്രത്യേകിച്ച് കടൽനിരപ്പ് ഉയരുന്നതിന്റെ ആഘാതങ്ങളെ നേരിടാനുള്ള രാജ്യത്തിന്റെ ശ്രമം ശക്തമാക്കാനാണ് ഈ നടപടി.
മംഗളൂരു ബണ്ട്വാളിൽ കൊല്ലപ്പെട്ട അബ്ദുൽ റഹീം (ഇംതിയാസ്-42) കോൽത്തമജലു ജുമാ മസ്ജിദ് സെക്രട്ടറിയാണെന്ന് പൊലീസ്. പിക്കപ്പ് വാഹന ഡ്രൈവറായ അബ്ദുൾ റഹീമിനെ (32) മണൽ ഇറക്കുന്നതിനിടെയാണ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. സഹായി കലന്ദർ ഷാഫി വെട്ടേറ്റ് ചികിത്സയിലാണ്.
1971 ലെ വിമോചന യുദ്ധകാലത്ത് പാക് സൈന്യത്തോടൊപ്പം കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ജമാഅത്തെ ഇസ്ലാമി നേതാവ് എടിഎം അസ്ഹറുൽ ഇസ്ലാമിനെ ജയിലിൽ നിന്ന് മോചിപ്പിച്ചു. അസ്ഹറുൽ ഇസ്ലാമിനെ ബംഗ്ലാദേശ് സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്നാണ് ജയിലിൽ നിന്ന് മോചിപ്പിച്ചത്. 2014 ൽ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി) ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു.
അഫ്ഗാനിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനം ഇന്ത്യ പുനരാരംഭിച്ചു. ബിസിനസ്, വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്കായി ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. 2021 ആഗസ്തിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം, കാബൂളിലെ എംബസിയിൽ നിന്ന് ഇന്ത്യ ഉദ്യോഗസ്ഥരെ പിൻവലിക്കുകയും വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
തൊഴിലുടമയുടെ അടുത്തുനിന്ന് ഒളിച്ചോടി എന്ന (ഹുറൂബ്) കേസിൽപ്പെട്ട് കഴിയുന്ന പ്രവാസികൾക്ക് സൗദിയില്‍ ആശ്വാസ വാർത്ത. ഹുറൂബ് പിൻവലിച്ച് പുതിയ തൊഴിലുടമയിലേക്ക് മാറി നിയമപരമായ പദവി ശരിയാക്കാൻ അവസരം. ചൊവ്വാഴ്ച (മെയ് 27) മുതൽ പുതിയ നിയമം പ്രാബല്യത്തിലായി.
ചൊവ്വയിലേക്ക് ഉള്‍പ്പടെയുള്ള ഗ്രഹാന്തര യാത്രകള്‍ ലക്ഷ്യമിട്ട് ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്സ് കമ്പനി തയ്യാറാക്കുന്ന സ്റ്റാർഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റിന്‍റെ പരീക്ഷണ ദൗത്യം വീണ്ടും പരാജയം. സൗത്ത് ടെക്സസിലെ ബൊക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ഒമ്പതാം പരീക്ഷണ വിക്ഷേപണത്തില്‍ ലക്ഷ്യത്തിൽ എത്തും മുമ്പ് സ്റ്റാര്‍ഷിപ്പിന്‍റെ മുകള്‍ ഭാഗമായ സ്പേസ്‌ക്രാഫ്റ്റ് ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ വച്ച് തകരുകയായിരുന്നു.
അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ വാഷിംഗ്ടണിലെ വസതിക്ക് മുന്നിൽ വച്ച് ഏറ്റുമുട്ടി ഡ്യൂട്ടിയിലുള്ള വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ. ഒബാമയുടെ വസതിക്ക് മുന്നിൽ വച്ചാണ് ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ കയ്യേറ്റമുണ്ടായതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരേയും സസ്പെൻഡ് ചെയ്തതായി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അന്തർ ദേശീയ വിദ്യാർത്ഥികൾക്കുള്ള വിസ സംബന്ധിയായ നടപടി ക്രമങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അപേക്ഷകരുടെ സമുഹമാധ്യമങ്ങളിലെ പെരുമാറ്റം വിശദമായി വിലയിരുത്തിയ ശേഷം മാത്രമാകും ഇനി വിദേശ വിദ്യാർത്ഥികൾക്കായി വിസ നൽകുകയെന്നാണ് ട്രംപ് ഭരണകൂടം വിശദമാക്കുന്നത്.