20250509 140151 0000

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘര്‍ഷം കനത്തിരിക്കെ ജമ്മുവിലെത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മുവിലെ സാഹചര്യങ്ങൾ വിലയിരുത്താനായി താൻ റോഡ് മാര്‍ഗം ജമ്മുവിലേയ്ക്കുള്ള യാത്രയിലാണെന്ന് വ്യക്തമാക്കുന്ന ചിത്രമടങ്ങുന്ന പോസ്റ്റ് അദ്ദേഹം രാവിലെ തന്നെ സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചിരുന്നു. വാഹനത്തിന് മുന്നിൽ ഇന്ത്യയുടെ പതാക കാണുന്ന രീതിയിലുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.

 

പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന് ഇരട്ടി പ്രഹരം നല്‍കാന്‍ ഇന്ത്യ. സംയുക്ത സൈനിക മേധാവിയും സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി നടത്തിയ ചര്‍ച്ചയില്‍ ആക്രമണം കടുപ്പിക്കാന്‍ തീരുമാനിച്ചു. യോഗ തീരുമാനം പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കും. ഇന്ത്യയുടെ തുടര്‍ നീക്കങ്ങളിലടക്കം നിര്‍ണായകമാകുന്ന ഉന്നതല യോഗമാണ് ദില്ലിയിൽ പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിൽ നടന്നത്.

 

പാകിസ്ഥാന്റെ ഡ്രോൺ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഇതിൽ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആകാശ് മിസൈൽ പ്രതിരോധ സംവിധാനം സുപ്രധാന പങ്കുവഹിച്ചെന്നും പ്രതിരോധ വൃത്തങ്ങൾ വിശദീകരിക്കുന്നു. പാകിസ്ഥാൻ നടത്തിയ ഒന്നിലധികം ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യവും വ്യോമസേനയും പാകിസ്ഥാൻ അതിർത്തിയിൽ ആകാശ് സംവിധാനം വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

 

പഞ്ചാബിലെ ഹോഷിയാർപൂരിൽ പാകിസ്ഥാൻ മിസൈലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഹോഷിയാർപൂരിയിൽ കുന്നിൻ പ്രദേശത്തുനിന്നാണ് മിസൈൽ ഭാഗങ്ങൾ കണ്ടെത്തിയത്. വിവരം ലഭിച്ചയുടനെ പ്രാദേശിക പൊലീസ് സ്ഥലത്തെത്തി. ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ ഭരണകൂടം ആവശ്യപ്പെട്ടു.

 

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ യുടെ തീരുമാനം. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകളിക്കാരെല്ലാം സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പലരും സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.

 

പാകിസ്ഥാൻ സൈബർ ആക്രമണം കണക്കിലെടുത്ത് രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. സോഷ്യൽമീഡിയയിലാണ് വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നത്. ഇത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്നും പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ കാര്യമാണെന്നും പിഐബി അറിയിച്ചു.

 

ഇന്ത്യാ-പാക് സംഘർഷം ശക്തമായതോടെ ഉത്തരാഖണ്ഡിലും ജാഗ്രത നിർദേശം. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അവധികൾ റദ്ദാക്കി. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ നടത്തണമെന്നും സർക്കാർ നിർദ്ദേശം നൽകി.

 

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ. ചെനാബ് നദിയിലെ രണ്ട് അണക്കെട്ടുകൾ മുന്നറിയിപ്പില്ലാതെ തുറന്നു. ബഗ്ലിഹാർ ജലവൈദ്യുത പദ്ധതി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും സലാൽ ഡാമിന്റെ മൂന്ന് ഷട്ടറുകളുമാണ് തുറന്നുവിട്ടത്. ഷട്ടറുകൾ തുറന്നതോടെ പാകിസ്താനിൽ ചെനാബ്‌ നദിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുമെന്നാണ് റിപ്പോർട്ട്.

 

പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ഫോണിൽ സംസാരിച്ചതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ. പാകിസ്ഥാന്‌ ഐക്യദാർഢ്യം അറിയിച്ചെന്നും തുർക്കി പ്രസിഡന്റിൻ്റെ ഓഫീസ് അറിയിച്ചു. പ്രതിസന്ധിയിൽ ശാന്തവും സംയമനം പാലിക്കുന്നതുമായ നയങ്ങളെ തുർക്കി പിന്തുണയ്ക്കുന്നുവെന്ന് എർദോഗൻ ഷെരീഫിനോട് പറഞ്ഞതായി ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

 

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിൽ പാകിസ്ഥാന്റെ പങ്കാളിത്തത്തിന് നിഷേധിക്കാനാവാത്ത തെളിവുകളുണ്ടെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ കൊലപ്പെടുത്തിയ ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ പാക് സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

 

ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങളിൽ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് എല്ലാ ഇന്ത്യക്കാരും ഇപ്പോള്‍ ചെയ്യേണ്ടതെന്നും പാകിസ്ഥാന്‍റെ ആക്രമണശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

 

അതിർത്തിയിലെ സംഘർഷത്തിൻെറ പശ്ചാത്തലത്തിൽ ഇവിടങ്ങളിലുള്ള മലയാളികളുടെ സഹായത്തിനായി സംസ്ഥാന സർക്കാരും നോർക്കയും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സംഘർഷത്തിനിടയിൽ കുരുങ്ങിയവർക്കും അവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ളവർക്കും ഫോണ്‍- ഇ-മെയിൽ- ഫാക്സ് എന്നിവ മുഖേന വിവരം കൈമാറാം.

 

കാസർകോഡ് ജില്ലയിലും അതീവ ജാഗ്രതാ നിർദേശം നൽകി. മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി. കാസർക്കോട് സീതാംഗോളിയിൽ പ്രവർത്തിക്കുന്ന യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കുന്ന സ്ഥാപനമായ എച്ച്.എ.എൽ, ചൗക്കിയിലുള്ള സിപിസിആർഐ, പെരിയയിലെ കേന്ദ്ര കേരള സർവ്വകലാശാല എന്നി സ്ഥാപനങ്ങളിലാണ് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തിയിരിക്കുന്നത്.

 

ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ഡൽഹിയെ സജ്ജമാക്കുന്നതിനുള്ള ഒരുക്കം ആരംഭിച്ച് ദില്ലി സർക്കാർ. അഗ്നിശമന സേനയുടെ ശേഷിയും എത്തിച്ചേരലും വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ‘ദ്രുത പ്രതികരണ വാഹനങ്ങളുടെ’ ഡെമോ മുഖ്യമന്ത്രി രേഖ ഗുപ്‍ത പരിശോധിച്ചു.

 

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്കായി പ്രത്യേക അറിയിപ്പ് പുറത്തിറക്കി. അധിക സുരക്ഷാ സംവിധാനങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാർ കൂടുതൽ സമയം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നേക്കാം എന്നാണ് ഇന്ന് രാവിലെ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് വേണ്ടി നേരത്തെ തന്നെ എത്തിച്ചേരണമെന്നും അധികൃതർ അറിയിച്ചു.

 

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് വൈകീട്ട് മൂന്നിന് പുറത്തുവിടും. വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി ഫലവും ഇന്നറിയാം. 4,26,697 വിദ്യാർഥികളാണ് ഫലം കാത്തരിക്കുന്നത്. വൈകിട്ട് നാലു മണി മുതൽ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും .

 

വളാഞ്ചേരി നിപ രോഗം സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പ് രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. 49 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതില്‍ ആറ് പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. സമ്പർക്ക പട്ടികയിലുള്ള 49 പേരിൽ 45 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിൽ ഉള്ളവരാണ്.

 

പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് കേരള സർവകലാശാലയിൽ തമിഴ് പഠനവകുപ്പ് ഇന്ന് നടത്താനിരുന്ന സെമിനാർ തടഞ്ഞ് വിസി. 24 മണിക്കൂറിനകം വിശദീകരണം നൽകാൻ വകുപ്പ് മേധാവിക്ക് വിസി നിർദേശം നൽകി. സെമിനാർ ദേശീയതക്കെതിരാണെന്ന് മനസ്സിലാക്കിയാണ് തടഞ്ഞതെന്നും വി സി വിശദമാക്കി. ഒരു തമിഴ് മാസികയിൽ വന്ന ലേഖനത്തെ ആസ്പദമാക്കിയായിരുന്നു സെമിനാർ സംഘടിപ്പിച്ചിരുന്നത്.

 

ജീവിതത്തിൽ ഒരിക്കലും ശരീരത്തിലും മനസ്സിലും കറ പുരണ്ടിട്ടില്ലാത്ത സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാന്‍ ഫിലിപ്. സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻ്റ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

 

 

കോഴിക്കോട് വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു. ഒരാൾക്ക് നായയുടെ ആക്രമണത്തിലും പരിക്കേറ്റിട്ടുണ്ട്. ലോകനാർകാവ്, സിദ്ധാശ്രമം പരിസരം, മേമുണ്ട മഠം എന്നിവിടങ്ങളിലാണ് കുറുക്കൻ്റ ആക്രമണം ഉണ്ടായത്. മേമുണ്ട മഠത്തിന് സമീപം ചന്ദ്രികയ്ക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

കിളിമാനൂരിൽ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് ഉണ്ടായിരുന്ന റാപ്പർ വേടന്റെ പരിപാടി സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തി റദ്ദ് ചെയ്തു. സ്റ്റേജ് നിർമ്മിച്ചത് വയലിലായിരുന്നു. കൂടാതെ പരിപാടി കാണാൻ വൻ ജനക്കൂട്ടവും എത്തിയിരുന്നു. പൊലീസിന് റോഡിലെയും, പരിപാടി നടന്ന വയലിലെയും തിരക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല. കൂടാതെ വൈകുന്നേരം പരിപാടിയുമായി ബന്ധപ്പെട്ട് ഒരു ടെക്നീഷ്യൻ മരണപ്പെട്ടിരുന്നു.

 

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച ഗുജറാത്തി കുടുംബത്തിലെ രണ്ട് കുട്ടികൾ ബോട്ട് മറിഞ്ഞ് മരിച്ചതായി റിപ്പോർട്ട്. ബ്രിജേഷ്കുമാർ, ഭാഗ്യ ജാഗ്രതി (39), മക്കളായ പ്രിൻസ് (14), മഹി (10) എന്നിവർ തിങ്കളാഴ്ച മെക്സിക്കോ വഴി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മത്സ്യബന്ധന ബോട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബ്രിജേഷ്കുമാറും ഭാര്യയും ചികിത്സയിലാണ്.

 

പുതിയ മാർപ്പാപ്പയും ആഗോള കത്തോലിക്ക സഭയുടെ തലവനുമായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന് അഭിനന്ദന സന്ദേശം കൈമാറി യുഎഇ ഭരണാധികാരികൾ. ലോകമെമ്പാടും പരസ്പര ധാരണ, സമാധാനം, ഐക്യം എന്നിവ സ്ഥാപിക്കാൻ കഴിയട്ടെ എന്നായിരുന്നു യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *