തൃശൂരിൽ കൊട്ടിക്കയറി പൂരാവേശം. കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകൾക്ക് തുടക്കമായത്. ഏഴരയോടെ തിരുവമ്പാടിയുടെ എഴുന്നള്ളപ്പ് ആരംഭിച്ചു.പിന്നാലെ വിവിധ ഘടക പൂരങ്ങൾ എഴുന്നള്ളിത്തുടങ്ങി. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളിയതോടെ പൂരപ്രേമികളുടെ ആവേശം വാനോളമായി. ഘടക പൂരങ്ങള്‍ വടക്കുന്നാഥ സന്നിധിയിലേക്ക് എഴുന്നള്ളികൊണ്ടിരിക്കുകയാണ്. രണ്ടുമണിയോടെയാണ് ഇലഞ്ഞിത്തറ മേളം. വൈകീട്ട് അഞ്ചരയ്ക്ക് തേക്കെ നടയിലാണ് കുടമാറ്റം. നാളെ പുലര്‍ച്ചെയാണ് വെടിക്കെട്ട് നടക്കുക.
തൃശൂർ പൂരത്തിന് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തൃശ്ശൂർ പൂരം കൊണ്ടാടുന്ന ഇന്ന് കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാർക്കും പൂരം ആശംസകൾ നേരുന്നുവെന്ന് അമിത് ഷാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. മഹാനായ ശക്തൻ തമ്പുരാൻ തുടങ്ങി വച്ച ഈ ആഘോഷം വർണ്ണാഭമായ നമ്മുടെ ആചാരങ്ങളുടെ നേർകാഴ്ച ആവുകയും, അനാദിയായ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്‍റെ ഐക്യത്തെ സൂചിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്.
കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരജ്ഞന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി നിർദേശിച്ചു. പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസുകാരനെ പ്രതി കൊലപ്പെടുത്തിയത് 2023 ലാണ്. ക്ഷേത്രത്തിന്റെ മതിലിൽ പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രകോപനമായത്.
കെപിസിസി അധ്യക്ഷപദവിയിൽ നിന്ന് കെ.സുധാകരനെ മാറ്റുന്നതിനെ ചൊല്ലി അനിശ്ചിതത്വം തുടരുന്നുവെന്ന് റിപ്പോർട്ട്. കേരളത്തിലെ സംഘടന പ്രതിസന്ധിയിൽ കടുത്ത അതൃപ്തിയിലാണ് രാഹുൽ ഗാന്ധി. അധ്യക്ഷനെ മാറ്റാനുള്ള തീരുമാനത്തിൽ ലീഗടക്കമുള്ള ഘടകക്ഷികളും അതൃപ്തിയിലാണ്. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ജാഗ്രത കാട്ടിയില്ലെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ
കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ തുടരണം എന്നാവശ്യപ്പെട്ട് വ്യാപകമായി പോസ്റ്റര്‍ പ്രചരണം. കെ എസ് തുടരണം എന്ന വാചകത്തതോടെയാണ് കണ്ണൂർ നഗരത്തിൽ വ്യാപകമായി ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ‘പ്രതിസന്ധികളെ ഊർജമാക്കിയ നേതാവ്’ ‘താരാട്ട് കേട്ട് വളർന്നവൻ അല്ല’ എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്. കോൺഗ്രസ് പടയാളികൾ എന്ന പേരിലാണ് ഫ്ലെക്സ് ബോർഡുകൾ.
ദീപികയുടെ മുഖപ്രസംഗത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം. കെപിസിസി അധ്യക്ഷ ചർച്ചയുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭ ഇടപെട്ടെന്ന വാർത്തകൾ ദീപിക തള്ളി. ആന്റോ ആന്റണിയുടെ പേര് സഭ നിർദേശിച്ചെന്ന വാർത്തകൾ തള്ളിയാണ് സഭ രംഗത്തെത്തിയിരിക്കുന്നത്. അധ്യക്ഷന്റെ മതം മാത്രമല്ല, മതേതരത്വമാണ് മുഖ്യമെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.
കെപിസിസി നേതൃമാറ്റ ചർച്ചകളിൽ രണ്ടുദിവസത്തിനകം തീരുമാനം വരുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വിഷയത്തിൽ പാർട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ട് നീങ്ങുകയെന്നും കെ സി വേണുഗോപാലുമായി ആർക്കും അഭിപ്രായ വ്യത്യാസമില്ല എന്നും മുരളീധരൻ വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് ആരായാലും ഹൈക്കമാന്റ് തീരുമാനിക്കുമെന്നും സഭയല്ല കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നതെന്നും ബെന്നി ബഹന്നാൻ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധ്യക്ഷപദവിയിൽ നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ ചൊല്ലി പാർട്ടിയിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ബെന്നി ബഹന്നാൻ പ്രതികരിച്ചത്.
ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചതോടെ അദ്ദേഹത്തിന് എംഎൽഎയായി തുടരാം. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയുള്ള ഹൈക്കോടതി വിധിക്കെതിരെ എ രാജ എംഎൽഎ നൽകിയ അപ്പീലിലാണ് ജഡ്ജിമാരായ എ അമാനുള്ള, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. ദേവികുളം തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്.
പ്ലസ് ടു പരീക്ഷ ഫലം മെയ് 21 ന്. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 444707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും നടന്നു വരികയാണെന്നും പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
ആത്മകഥാ വിവാദത്തിൽ ഡി.സി ബുക്സിനെതിരായ തുടർ നിയമനടപടികൾ അവസാനിപ്പിക്കുകയാണെന്ന് ഇ.പി ജയരാജൻ. തെറ്റുപറ്റിയെന്ന് ഡിസി ബുക്സ് അംഗീകരിച്ചു.ഇനി പ്രതികാര നടപടികൾക്കില്ല. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ അവസാന ഘട്ടത്തിലേക്ക് എത്തിയെന്നും പ്രസിദ്ധീകരണത്തിനായി മാതൃഭൂമി ബുക്സുമായി വാക്കാൽ കരാർ നൽകി എന്നും ഇപി പറഞ്ഞു.
മാധ്യമപ്രവർത്തകനായ ഷാജൻ സ്‌കറിയയുടെ അറസ്റ്റിനെതിരെ ബിജെപി. വസ്ത്രം പോലും ധരിക്കാൻ സമയം കൊടുക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് അറസ്റ്റ് ചെയ്ത കേരള പൊലീസിന്‍റെ നടപടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണഘടനാവകാശങ്ങളോടും മാധ്യമ സ്വാതന്ത്ര്യത്തോടുമുള്ള അസഹിഷ്ണുതയുടെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സർക്കാരിന്റെ മുഖം രക്ഷിക്കാനും ആളെക്കൂട്ടാനും അനുയോജ്യരായവരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയാണ് ഇടത് സർക്കാരെന്ന് പിവി അൻവർ കുറ്റപ്പെടുത്തി. ഷാജൻ സ്കറിയ ഒരു പിടികിട്ടാപ്പുള്ളി അല്ലെന്നും പട്ടാപ്പകൽ ഏതുനേരവും അസ്റ്റ് ചെയ്യാൻ ‘അവൈലബിൾ’ ആയിട്ടുള്ള വ്യക്തിയാണ് ഷാജൻ എന്നും അൻവർ പറഞ്ഞു.
പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയ. തന്നെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി കോടതിയലക്ഷ്യമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ഷാജൻ സ്കറിയ പറഞ്ഞു. സമൂഹത്തിനു മുന്നിൽ തന്നെ മോശമായി ചിത്രീകരിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പ്രതികാരം തീർക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പേവിഷ ബാധക്കെതിരായ സാർവത്രിക പ്രതിരോധ കുത്തിവെപ്പ് (പ്രീ-എക്സ്പോഷർ പ്രോഫൈലാക്സിസ് -PrEP ) പ്രോഗ്രാം ആരംഭിക്കണമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പദ്ധതി രൂപകൽപ്പന ചെയ്യാൻ വിദഗ്ധരുടെ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്നും ആദ്യഘട്ടമായി സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും സാർവത്രിക പ്രതിരോധ കുത്തിവെപ്പ് നൽകണമെന്നും കെജിഎംഒഎ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി. മലപ്പുറം തിരൂരങ്ങാടി തൃക്കുളത്താണ് സംഭവം. റവന്യൂ അധികൃതർ മകനെ വീട്ടിൽ നിന്ന് പുറത്താക്കി അമ്മക്ക് വീട് തിരികെ നൽകി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അമ്മയ്ക്ക് വീട് ലഭിച്ചത്. തൃക്കുളം അമ്പലപ്പടി സ്വദേശി തണ്ടാശ്ശേരി വീട്ടിൽ കുമാരന്‍റെ ഭാര്യ രാധ(78)ക്കാണ് മകൻ സുരേഷ് കുമാറിൽ നിന്ന് വീട് ലഭ്യമാക്കിയത്.
വിദ്യാര്‍ഥിനികള്‍ വിചാരണയില്‍ കൂറുമാറിയതിനെ തുടര്‍ന്ന് ആറ് പോക്‌സോ കേസുകളില്‍ ജയിൽവാസം അനുഭവിച്ചുവന്ന അധ്യാപകന് 171-ാം നാള്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം നഗരത്തിലെ യുപി സ്‌കൂളിലെ അധ്യാപകന്‍ ബിനോജ് കൃഷ്ണക്കാണ് ജാമ്യം നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്രാപ്രദേശ് സന്ദർശനത്തിനിടെ വാഹനവ്യൂഹം കടന്നുപോകുന്ന പ്രദേശത്തിനടുത്ത് രണ്ടിടങ്ങളിലുണ്ടായ തീപിടുത്തങ്ങളിൽ വിശദമായ അന്വേഷണം തുടരുന്നതായി അധികൃതർ. വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും പിന്നീട് അമരാമതി തലസ്ഥാന മേഖലയിലെ വെങ്കട്ടപാലത്തുമാണ് തീപിടുത്തമുണ്ടായത്.
ഗവർണ്ണർ ബില്ലുകൾ പിടിച്ചു വച്ചതിനെതിരെ നൽകിയ ഹർജി പിൻവലിക്കാൻ സംസ്ഥാനം അനുമതി തേടി. ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട സാഹചര്യത്തിൽ ഇനി ഹർജി നിലനിൽക്കുന്നതല്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം. നിയമ സഭ പാസാക്കിയ ബില്ലുകളിൽ മൂന്നുമാസത്തിനകം ഗവർണർ തീരുമാനമെടുക്കണമെന്ന് തമിഴ്നാട് നൽകിയ ഹർജിയിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ വിധി ബാധകമാകുമെന്നുമാണ് കേരളത്തിന്റെ വാദം.
പഞ്ചാബിൽ വൻ ആയുധ ശേഖരം കണ്ടെത്തി. ഗ്രനേഡുകളും റോക്കറ്റ് പ്രൊപെൽഡ് ഗ്രനേഡുകളും ഐ ഇ ഡികളുമാണ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ പാക്കിസ്ഥാനിലെ ഐ എസ് ഐയുമായി സംഭവത്തിന് ബന്ധമുള്ളതായി കണ്ടെത്തിയെന്ന് സൂചനയുണ്ട്. ടിബ്ബ നംഗൽ- കുലാർ വനപ്രദേശത്ത് പഞ്ചാബ് പൊലീസും കേന്ദ്രസേനകളും നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ ഇന്ത്യ തിരിച്ചടിച്ചാൽ പ്രതിരോധിക്കാൻ പാകിസ്ഥാൻ സൈന്യത്തിന് മുന്നിലുള്ള ആഭ്യന്തര വെല്ലുവിളികൾ ഏറെയാണ്. ഒരു ഏറ്റുമുട്ടലുണ്ടായാൽ വെറും നാലു ദിവസത്തേക്കുള്ള യുദ്ധശേഷി മാത്രമേ പാകിസ്ഥാന് ഉള്ളൂവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ ചർച്ച ചെയ്ത് യുഎൻ രക്ഷാസമിതി. നിലവിലെ സാഹചര്യം വിലയിരുത്തിയ രക്ഷാ സമിതി, ഇന്ത്യക്കെതിരെ പാകിസ്ഥാൻ ആണവ ഭീഷണി മുഴക്കുന്നതിനെ ചോദ്യം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി നിലനിൽക്കുന്ന വേളയിൽ പാക്കിസ്ഥാൻ മിസൈൽ പരീക്ഷണങ്ങൾ നടത്തിയതിനെയും രക്ഷാ സമിതി യോഗത്തിൽ പല രാജ്യങ്ങളും വിമർശിച്ചു.