വഖഫ് നിയമ ഭേദഗതി ബിൽ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ലോക്സഭയില അവതരിപ്പിക്കുന്നു. 8 മണിക്കൂർ ബില്ലിൻമേൽ സഭയിൽ ചർച്ച നടക്കും. ശേഷം കിരൺ റിജിജു സഭയില്‍ മറുപടി നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചർച്ചയിൽ സംസാരിക്കും. എന്നാൽ ബില്ലിനെതിരെ ശക്തമായി പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ബിൽ അവതരിപ്പിക്കാൻ മന്ത്രിയെ ക്ഷണിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. നിയമം അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭേദഗതികളിലെ എതിര്‍പ്പുകള്‍ പറയാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശവർക്കർമാരുമായി സർക്കാർ നാളെ വീണ്ടും ചർച്ച നടത്തും. നാളെ വൈകിട്ട് മൂന്ന് മണിക്ക് എൻ എച്ച് എം ഓഫീസിൽ വെച്ചാണ് ചർച്ച. മുഴുവൻ സംഘടനകളുമായും ആരോഗ്യമന്ത്രി ചർച്ച നടത്തും. സമരക്കാർക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു-ഐഎൻടിയുസി നേതാക്കളെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്.
സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയേറി. തമിഴ്നാട്ടിലെ മധുരയിൽ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് മുതിര്‍ന്ന നേതാവ് ബിമൻ ബോസ് പതാക ഉയര്‍ത്തി. കേരള സർക്കാരിനെതിരായ നീക്കങ്ങളെ പ്രതിരോധിക്കാൻ ആഹ്വാനം ചെയ്തു പാർട്ടി കോൺഗ്രസ് പ്രമേയത്തിലെ വിവരങ്ങളും പുറത്തുവന്നു. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ കോൺഗ്രസ് പങ്കാളിയാകുന്നുവെന്നും അധിക വരുമാനം കണ്ടെത്താനുള്ള കിഫ്‌ബി അടക്കമുള്ള സംവിധാനങ്ങൾക്ക് പൂർണ്ണ പിന്തുണയെന്നും പ്രമേയത്തിൽ പറയുന്നു.
സിപിഎം സംഘടന റിപ്പോര്‍ട്ടിൽ കേരളത്തിലെ എസ്എഫ്ഐയ്ക്ക് വിമര്‍ശനം. കേരളത്തിലെ എസ്എഫ്ഐയിൽ തെറ്റായ പ്രവണതകളുണ്ടെന്നും ഇത് പരിഹരിക്കാൻ പാർട്ടി ഇടപെട്ട് കൊണ്ടിരിക്കുന്നു എന്നും റിപ്പോർട്ട് പറയുന്നു. ക്യാമ്പസുകളിൽ എസ്എഫ്ഐ ശക്തമാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. എന്നാൽ, ഇവരെ പാർട്ടി തലത്തിൽ ഉയർത്തി കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
പ്രകാശ് കാരാട്ട് സിപിഎം തലപ്പത്ത് തുടരില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കാൻ മധുരയിലെത്തിയ എംവി ഗോവിന്ദൻ പറഞ്ഞു. എംഎ ബേബി പ്രകാശ് കാരാട്ടിന്‍റെ പിൻഗാമി ആകുമോയെന്നതിൽ പാർട്ടി കോൺഗ്രസ് തീരുമാനമെടുക്കുമെന്നും പ്രായപരിധിയിൽ ഇളവ് പിണറായി വിജയന് മാത്രമേ ഉണ്ടാകുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പിബി അംഗങ്ങൾക്ക് മേൽ നിയന്ത്രണം വരുന്നു. പിബി അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്തും. പാർട്ടി കോൺഗ്രസ് ഉയർത്തുന്ന ദൗത്യങ്ങൾ പിബി അംഗങ്ങൾ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും സിപിഎം സംഘടന റിപ്പോർട്ടില്‍ പരാമര്‍ശം. സിപിഎം സംഘടന പാർലമെന്ററി വ്യാമോഹം വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നുവെന്നും പാർട്ടിയിലേക്ക് യുവാക്കൾ വരുന്നില്ലെന്നും സംഘടന റിപ്പോർട്ടില്‍ പരാമര്‍ശമുണ്ട്.
സിപിഎം പിബിയിലെ ദളിത് പ്രാതിനിധ്യം കൂട്ടുകയല്ല, പാർട്ടി കോൺഗ്രസ്സിന്റെ അജണ്ട എന്ന് ഡോ.രാമചന്ദ്ര ഡോം. ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതിയെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുകയാണ് പ്രധാന ലക്ഷ്യമെന്നും സിപിഎം പിബിയിലെ ഏക ദളിത് അംഗം ആയ ഡോ.രാമചന്ദ്ര ഡോം പറഞ്ഞു. 6 പതിറ്റാണ്ടു പിന്നിട്ട സിപിഎമ്മിന്റെ ചരിത്രത്തിൽ പിബിയിലെ ഏക ദളിത് മുഖമാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള മുൻ ലോക്സഭാംഗം കൂടിയായ ഡോക്ടർ രാമചന്ദ്ര ഡോം.
പാർട്ടി കോൺഗ്രസിന് യുകെയിൽ നിന്നെത്തിയ പ്രതിനിധിയെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാതെ തിരിച്ചയച്ച് സിപിഎം. യുകെ മലയാളിയും പത്തനംതിട്ട സ്വദേശിയുമായ രാജേഷ് കൃഷ്ണയെ ആണ് കേന്ദ്ര കമ്മിറ്റി തിരിച്ചയച്ചത്. കേരളത്തിലെ ചില ഉന്നത നേതാക്കളുമായി അടുപ്പമുള്ള രാജേഷിന്‍റെ വിവാദ ഇടപാടുകൾ ചൂണ്ടികാട്ടി പരാതി എത്തിയതോടെയാണ് അസാധാരണ പുറത്താക്കൽ .
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് കുടുംബസമേതം എത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മകളും മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഭാര്യയുമായി വീണ വിജയനും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യമായിട്ടല്ല പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും പല പ്രാവശ്യം സമ്മേളനത്തിന്‍റെ ഭാഗം ആയിട്ടുണ്ടെന്നും വീണ വിജയൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ വിചാരണ ഈ മാസം 11ആം തിയതി പൂർത്തിയാക്കണമെന്ന് വിചാരണ കോടതി. മധ്യവേന അവധിക്ക് മുമ്പ് വിചാരണ പൂർത്തിയാക്കണമെന്ന് പ്രോസിക്യൂഷനും പ്രതിഭാഗത്തോടും വിചാരണ കോടതി നിർദ്ദേശം നൽകി. അന്തിമവാദം പൂർത്തിയായ ശേഷം കേസ് വിധി പറയാനായി മാറ്റും.എട്ടാം പ്രതിയായ ദിലീപിന്റെ അന്തിമവാദമാണ് നിലവിൽ ഒന്നരമാസമായി വിചാരണ കോടതിയിൽ നടക്കുന്നത്.
ആദിവാസി യുവാവിനെ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ വലിയ പ്രതിഷേധം ഉയർത്തി കോൺഗ്രസ്. ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ അന്വേഷണം വേണമെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ അന്വേഷണമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
വാളയാര്‍ കേസ് പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദ്ദേശം. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേള്‍ക്കും.
സഹോദരിയെ അപമാനിച്ച ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ. വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് എം എൽ എയുടെ സഹോദരി ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിക്ക് ജഗദീഷിന് മുമ്പാകെയെത്തിയത്. എന്നാൽ വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ സെക്രട്ടറി അപമാനിച്ചു എന്നും അതുകൊണ്ടാണ് മോശം ഭാഷ ഉപയോഗിക്കേണ്ടി വന്നതെന്നും എം എൽ എ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായ യുവതിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന സുഹൃത്ത് സുകാന്തിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. യുവതിയുടെ ആത്മഹത്യയ്ക്ക് പ്രേരണയായത് എടപ്പാള്‍ സ്വദേശിയായ സുകാന്ത് ആണെന്നാണ് ആരോപണം. ഒളിവിലുള്ള സുകാന്തിനെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. സുകാന്ത് രാജ്യം വിട്ടുപോകാതിരിക്കാനാണ് നോട്ടീസിറക്കിയത്.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനത്തിനിരയായ കഴകക്കാരൻ ആര്യനാട് സ്വദേശി ബിഎ ബാലു രാജിവെച്ചു. ഇന്നലെ കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റര്‍ക്ക് രാജി കത്ത് കൈമാറുകയായിരുന്നു. വിവാദങ്ങള്‍ക്കുശേഷം അവധിയിൽ പോയ ബാലു ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതായിരുന്നു.വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് മാത്രമാണ് രാജിക്കത്തിലുള്ളത്.
ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ ജാതി വിവേചനത്തെ തുടര്‍ന്ന് അവധിയിൽ പോയ കഴകക്കാരൻ ബാലു രാജി കത്ത് നൽകിയ സംഭവത്തിൽ തന്ത്രിമാര്‍ക്കും കൂടൽമാണിക്യം ദേവസ്വം ബോര്‍ഡിനുമെതിരെ തുറന്നടിച്ച് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ചെയര്‍മാൻ കെബി മോഹൻദാസ്. റിക്രൂട്ട്മെന്‍റ് ബോര്‍ഡിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാൻ ചര്‍ച്ചക്ക് വിളിച്ചിട്ട് ക്ഷേത്രം തന്ത്രി വന്നില്ലെന്നും ക്ഷേത്രത്തിലെ തന്ത്രിമാരുടെ നിലപാട് പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുൽത്താൻ, മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്. സിനിമാ താരങ്ങളായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് തസ്ലിമ മൊഴി നൽകിയിട്ടുണ്ട്.
കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിൽ മുഖ്യപ്രതി പങ്കജ് മേനോൻ പിടിയിൽ. ഒളിവിൽ കഴിഞ്ഞ പ്രതിയെ തിരുവനന്തപുരം കല്ലമ്പലത്ത് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ പിടിയിലായ പ്രതികൾ ഏഴായി. ഒന്നാം പ്രതി അലുവ അതുൽ ഉൾപ്പടെ രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്. മാർച്ച് 27 ന് പുലർച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തി പ്രതി ജിം സന്തോഷിനെ ആറംഗ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്.
കോഴിക്കോട് വേദവ്യാസ സൈനിക സ്കൂളിൽ നിന്നും ഒളിച്ചോടിപ്പോയ ബീഹാര്‍ സ്വദേശിയായ പതിമൂന്നുകാരനെ പൂനെയിൽ നിന്നും തിരിച്ചെത്തിച്ചു. ഒളിച്ചോടിപ്പോയി എട്ട് ദിവസത്തിന് ശേഷം പൂനെയില്‍ നിന്നാണ് കഴിഞ്ഞ ദിവസം കുട്ടിയെ കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഒരു ഹോട്ടലില്‍ കുട്ടി ജോലിക്ക് നില്‍ക്കുകയായിരുന്നു. കുട്ടിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
എറണാകുളം ഷൊര്‍ണൂര്‍ റൂട്ടിൽ ആധുനിക സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി അവസാന ഘട്ടത്തിലേയ്ക്ക്. ഈ റൂട്ടിലുള്ള റെയിൽവേ ട്രാക്കിലെ വളവുകൾ നിവര്‍ത്തുക കൂടി ചെയ്യുന്നതോടെ ട്രെയിനുകൾക്ക് നിലവിലുള്ളതിനേക്കാൾ വേഗത കൈവരിക്കാൻ സാധിക്കും. മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗതയിൽ ഓടാൻ കഴിയുന്ന വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പെടെ ഈ റീച്ചിൽ 80 കിലോമീറ്റര്‍ വരെ, അതായത് പകുതി വേഗതയിലാണ് സര്‍വീസ് നടത്തുന്നത്.
ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നൽകണമെന്ന് തൃണമൂൽ കോൺഗ്രസ്. സുനിതയെ പരമോന്നത ബഹുമതി നൽകി ആദരിക്കുന്നതിലൂടെ സുനിതയുടെ ബഹിരാകാശത്ത് നിന്നുള്ള തിരിച്ചുവരവിന്‍റെ ആഘോഷം രാജ്യത്ത് പൂർത്തിയാകുമെന്നും തൃണമൂല്‍ എംപി നദീമുൾ ഹഖ് പറഞ്ഞു. 2007ൽ സുനിത നാട്ടിൽ വന്നപ്പോൾ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആദരിക്കാൻ തയാറായില്ലെന്നും എം പി പറഞ്ഞു.
പഞ്ചസാര വില വര്‍ധന തടയാനുള്ള ശക്തമായ നടപടികളുമായി കേന്ദ്രം. പ്രതിമാസം കൈവശം വയ്ക്കാവുന്ന പഞ്ചസാര സ്റ്റോക്ക് പരിധി ലംഘിക്കുന്ന പഞ്ചസാര മില്ലുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രാലയം വ്യക്തമാക്കി. പൂഴ്ത്തിവയ്പ്പ് തടയുന്നതിനും വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനുമായാണ് വെളുത്തതോ ശുദ്ധീകരിച്ചതോ ആയ പഞ്ചസാരയുടെ പ്രതിമാസ സ്റ്റോക്ക് പരിധി മന്ത്രാലയം നി്ശ്ചയിച്ചിരിക്കുന്നത്.
അഞ്ചുവയസുകാരിയായ വിദ്യാര്‍ത്ഥിനിയുടെ പിതാവില്‍ നിന്ന് പണം തട്ടിയ കേസില്‍ പ്രീ-സ്കൂള്‍ പ്രിന്‍സിപ്പലും സഹായികളും അറസ്റ്റില്‍. ശ്രീദേവി റുഡാഗി എന്ന അധ്യാപികയും സഹായികളായ ഗണേഷ് കാലെ (38) സാഗര്‍ (28) എന്നിവരുമാണ് അറസ്റ്റിലായത്. ശ്രീദേവിയും വിദ്യാര്‍ത്ഥിനിയുടെ പിതാവും പ്രണയത്തിലായിരുന്നെന്നും ഇയാളില്‍ നിന്നും പലപ്പോഴായി ശ്രീദേവി പണം കൈപ്പറ്റിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ബലാത്സംഗക്കേസില്‍ ജയിലിലായിരുന്ന ആള്‍ദൈവം ആസാറാം ബാപ്പുവിന് ജാമ്യം. 2013 ല്‍ 13 കാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്നതിനിടെയാണ് ജാമ്യം ലഭിച്ചത്. ചികിത്സയ്ക്ക് വേണ്ടി മൂന്ന് മാസത്തെ ഇടക്കാല ജാമ്യമാണ് നല്‍കിയിരിക്കുന്നത്. ജാമ്യം നല്‍കിയതിന് പിന്നാലെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.
പാകിസ്ഥാനിൽ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം ഇന്ന് പുലര്‍ച്ചെ 2.58നാണ് പാകിസ്ഥാനിൽ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങളും ലഭ്യമായിട്ടില്ല.
കാൻസർ ചികിത്സയുടെ പാർശ്വഫലങ്ങൾ കാരണം കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചാൾസ് രാജാവ് തിരികെയെത്തി. ചികിത്സയ്ക്കു ശേഷമുള്ള തന്റെ ആദ്യത്തെ പൊതുപരിപാടിയിൽ ചൊവ്വാഴ്ച പങ്കെടുത്തു. ചികിത്സക്കു ശേഷം ചില ശാരീരികാസ്വസ്ഥകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു.
ഗാസയില്‍ ഇസ്രയേല്‍ സൈന്യം കരയാക്രമണം വ്യാപിപ്പിക്കാന്‍ പോവുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി. ഗാസയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുന്നതിന് വേണ്ടിയാണ് ആക്രമണം വ്യാപിപ്പിക്കുന്നതെന്നാണ് കാറ്റ്സ് തന്‍റെ പ്രസ്താവനയില്‍ പറയുന്നത്. ഗാസ മുനമ്പിലെ ബഫര്‍ സോണ്‍ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തോടാണ് പിടിച്ചെടുക്കുന്ന കൂടുതല്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുക.