മുണ്ടക്കൈ ചൂരല്‍മല പ്രകൃതി ദുരന്തം അതിജീവിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വയനാട് മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം നാളെ വൈകിട്ട് നാലിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റനിലായി ക്ലസ്റ്ററുകള്‍ തിരിച്ചാണ് വീടുകള്‍ നിര്‍മ്മിക്കുക. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍വഹിക്കുന്നത്.
ആശ വര്‍ക്കര്‍മാരുടെ സമരത്തിൽ സര്‍ക്കാര്‍ നിലപാടിനെതിരെ സാഹിത്യ അക്കാദമി പ്രസിഡന്‍റും കവിയുമായ കെ സച്ചിദാനന്ദൻ. ആശമാരെ അധിക്ഷേപിക്കുകയോ പരിഹസിക്കുകയോ ചെയ്യരുതെന്നും ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും സമരത്തിന് പിന്തുണയുമായി സംഘടിപ്പിച്ച ജനസഭയിൽ അദ്ദേഹം പറഞ്ഞു. ആശ വര്‍ക്കര്‍മാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് മുഷ്കാണെന്നും ഇത് തന്നെയാണ് ഇന്ത്യ ഭരിക്കുന്നവര്‍ സാധാരണക്കാരോട് കാണിക്കുന്നതെന്നും നടൻ ജോയ് മാത്യുവും വിമര്‍ശിച്ചു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണന് സാവകാശം നൽകി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ദില്ലിയിൽ പാർലമെന്റ് സമ്മേളനം അടക്കം ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണൻ രേഖാമൂലം അസൗകര്യം അറിയിച്ചിരുന്നു. അടുത്ത മാസം ഏഴിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും ഇഡി വരും ദിവസങ്ങളിൽ രാധാകൃഷ്ണന് നോട്ടീസ് അയക്കുക.
കേരളത്തെ 20 വർഷം പിന്നോട്ടടിച്ചത് ഇടതുപക്ഷമെന്ന് ശശി തരൂർ. മൊബൈൽ ഫോൺ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴും അവർ എതിർത്തെന്നും പുരോഗതിക്ക് വേണ്ടി സംസാരിക്കുന്നവർ കുറച്ചു വൈകിയിട്ടാണ് യാഥാർത്ഥ്യം കണ്ടുപിടിക്കുകയെന്നും തരൂർ പറഞ്ഞു. കേരളത്തിൽ മാത്രമാണ് സ്വകാര്യ സർവകലാശാലകൾ ഇല്ലാത്തതെന്നും ഇടതുപക്ഷം കാരണമാണ് ഇതുവരെ ഒഴിവായി നിന്നതെന്നും കുട്ടികൾ കേരളം വിട്ട് പുറത്ത് പഠിക്കാൻ പോകുന്നു എന്തിനാണ് ഇത്ര വർഷം കാത്തിരുന്നത് എന്നാണ് ചോദ്യം ഇപ്പോൾ ചെയ്തത് നന്നായി എന്നും തരൂർ പറഞ്ഞു.
ബിജെപി നേതാവ് വിവി രാജേഷിനെതിരെ പോസ്റ്റർ. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നിലും വിവി രാജേഷിന്റെ വീടിന് മുന്നിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനധികൃത സ്വത്തിൽ അന്വേഷണം വേണമെന്നാണ് പോസ്റ്ററിലെ ആവശ്യം. ഇന്ന് രാവിലെയാണ് വിവി രാജേഷിന്റെ വഞ്ചിയൂരിലെ വീടിന് മുന്നിലും ഒപ്പം തന്നെ ബിജെപി സംസ്ഥാന കമ്മറ്റിയുടെ പുതിയ ഓഫീസിനും പഴയ ഓഫീസിന് മുന്നിലും ഈ പോസ്റ്റർ വന്നിട്ടുള്ളത്.
വി.വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അതൃപ്തിയറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിയിൽ ഇനി ഇത്തരം പ്രവണത അനുവദിക്കില്ലെന്ന് അദ്ദേഹം ജില്ലാ നേതൃത്വത്തിന് താക്കീതുനൽകി. ബുധനാഴ്ച രാവിലെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്നിലും വി.വി. രാജേഷിന്റെ വീടിനുമുന്നിലും അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകൾ ഇന്ന് അവസാനിക്കും. ഒമ്പതാം ക്ലാസ്, പ്ലസ് വൺ പരീക്ഷകൾ നാളെയും ഉണ്ട്. എസ്എസ്എൽസി, പ്ലസ് ടു മൂല്യ നിർണയം ഏപ്രിൽ മൂന്ന് മുതൽ നടക്കും. പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളിൽ വിദ്യാർത്ഥി സംഘർഷം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് ഈ വർഷം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളില്‍ ആഘോഷങ്ങൾ വിലക്കി കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം പ്രധാന അധ്യാപകർക്ക് കിട്ടിയിട്ടുണ്ട്.
കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ കെഎസ്‍യു സംസ്ഥാന അധ്യക്ഷന്‍റെ നേതൃത്വത്തില്‍ നടത്തിയ ലഹരിക്കെതിരായ ക്യാമ്പയിനില്‍ പങ്കെടുക്കാതിരുന്ന 290 കെഎസ്‍യു ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി. ഇതിന് പുറമെ ഏഴ് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെയും 58 ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടി വന്നേക്കും. യാത്രയോട് സഹകരിക്കാതിരുന്ന നേതാക്കള്‍ക്കെതിരെയാണ് കൂട്ട നടപടി.
നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ട സംഭവവുമായി ബന്ധപ്പെട്ട് തന്റെ നിറത്തിൽ തനിക്ക് സന്തോഷമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. പുരോഗമന കേരളം എന്ന ലക്ഷ്യത്തിലേക്ക് പോവുകയാണെന്നും ആ തുടർക്കഥയിലെ ചാപ്റ്റർ മാത്രമാണിതെന്നും ശാരദ മുരളീധരൻ പറഞ്ഞു. ഒരിക്കലും ജോലിയെ വർണ അടിസ്ഥാനത്തിൽ വേർതിരിക്കുമെന്ന് കരുതിയില്ല, അപ്രതീക്ഷിതമായിരുന്നു പരാമർശമെന്നും പറഞ്ഞ ആൾ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. ആരാണ് ഇങ്ങനെ പറഞ്ഞതെന്ന് പറയില്ലെന്നും അറിയാതെ ഇരിക്കട്ടെയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ശരീര നിറവുമായി ബന്ധപ്പെട്ട് അപമാനം നേരിട്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പുമായി ബന്ധപ്പെട്ട് ഇത്തരം ചര്‍ച്ചകള്‍ സമൂഹം ഏറ്റെടുക്കുമ്പോള്‍ മാത്രമാണ് ഇതിനെതിരെയുള്ള ചിന്തകള്‍ ഉയര്‍ന്നുവരുകയുള്ളുവെന്ന് കെ. രാധാകൃഷ്ണൻ എം.പി പ്രതികരിച്ചു. സ്ത്രീയെയും ദളിതരെയും ആദിവാസിയേയും പാർശ്വവല്‍ക്കരിക്കപ്പെട്ടവരെയും എന്തും പറയാമെന്ന കാഴ്ചപ്പെട് ഇന്നും സമൂഹിത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിറത്തിന്റെ പേരില്‍ മുന്‍ മന്ത്രി എം.എം.മണിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും അധിക്ഷേപിച്ചിരുന്നെന്നാരോപിച്ച് പ്രതിപക്ഷനേതാവിനെതിരെ ബിനീഷ് കോടിയേരി. നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടുവെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ വെളിപ്പെടുത്തലിന് പിന്നാലെ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ ഒരു മാസം ക്ലീൻ കേരള കമ്പനി കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നും വർക്ക് ഷോപ്പുകളിൽ നിന്നും 42,190 കിലോഗ്രാം നിഷ്ക്രിയ അജൈവ മാലിന്യം നീക്കം ചെയ്തു. ഇതിൽ 4,560 കിലോഗ്രാം ഇ- വേസ്റ്റ് ആണ്. വിവിധ ഡിപ്പോകളിലും വർക്ക്ഷോപ്പുകളിലും വർഷങ്ങളായി കെട്ടിക്കിടന്ന അജൈവമാലിന്യമാണ് എഗ്രിമെന്‍റ് അടിസ്ഥാനത്തിൽ നീക്കം ചെയ്തു കൊണ്ടിരിക്കുന്നത്.
കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. നോബിക്ക് ജാമ്യം കൊടുക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. നോബി ഷൈനിയെയും മക്കളെയും പിന്തുടർന്ന് പീഡിപ്പിച്ചുവെന്നും മരിക്കുന്നതിന്റെ തലേന്ന് നോബി ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യ ചെയ്യാൻ പ്രേരണ ആയതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
കാസര്‍കോട് കൊളത്തൂര്‍ നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. നിടുവോട്ടെ എം ജനാര്‍ദ്ദനന്‍റെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഫെബ്രുവരി 23 നും ഇവിടെ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. കുറച്ച് കാലങ്ങളായി പുലിയുടെ ശല്യമുള്ള പ്രദേശമായിരുന്നു കുളത്തൂർ. അങ്ങനെയാണ് വനംവകുപ്പ് കൂട് സ്ഥാപിക്കുന്നത്.
തൃപ്പൂണിത്തുറ ഹിൽപാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമാകുന്നതിന്റെ ഭാഗമായി മാസ് ക്ലീനിംഗ് ഡ്രൈവ് നടത്തി. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ്റെ സഹകരണത്തോടെയാണ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് സ്ഥലം സന്ദർശിക്കുകയും, എൻഎസ്എസ് വോളണ്ടിയേഴ്സിനെയും, നഗരസഭയെയും അഭിനന്ദിക്കുകയും ചെയ്തു.
എറണാകുളം ജില്ലയിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യ കണ്ണി പെരുമ്പാവൂരിൽ പിടിയിലായി. വിദ്യാർഥികൾ റോബിൻ ഭായ് എന്ന് വിളിക്കുന്ന അസാം സ്വദേശി റോബിൻ മണ്ഡൽ ആണ് പിടിയിലായത്. പെരുമ്പാവൂർ ഭായി കോളനിയിൽ നിന്നും 9 കിലോയിൽ അധികം കഞ്ചാവുമായാണ് പൊലീസ് ഇയാളെ പിടികൂടിയത്.
സൗത്ത് വയനാട് ഡിവിഷന്‍ മേപ്പാടി റെയിഞ്ച് മുണ്ടക്കൈ സ്റ്റേഷന്‍ പരിധിയില്‍ വരുന്ന അരണമല മലവാരത്തെ മാപ്പിള തലമുടി വനഭൂമിയില്‍ അതിക്രമിച്ച് കടന്ന് ഡോക്യുമെന്ററി ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച സംഘം പിടിയിലായി. ഹൈദരാബാദ് രാരന്തപൂര്‍ പുലി ഹരിനാദ് (ഡയറക്ടര്‍), ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ പെരുകലപ്പുടി താഡെപ്പള്ളി രാമഷ് ബാബു, രാരന്തപൂര്‍ ബനാ പ്രശാന്ത്, (അസി. ക്യാമറാമാന്‍) എന്നിവരുൾപ്പെടെയാണ് അറസ്റ്റിലായത്.
കൊല്ലം ചടയമംഗലത്ത് വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയയാളെ എക്സൈസ് പിടികൂടി. ഇടത്തറ ആലത്തറമല സ്വദേശി സുനീഷ് (25) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടുവളപ്പിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
കോഴിക്കോട് മുക്കം അഗസ്ത്യന്‍മുഴി തടപ്പറമ്പിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അനന്ദു(30) വിന്റെ മരണം കൊലപാതമാണെന്ന പരാതിയുമായി അമ്മ സതി. മൂത്തമകനും തന്റെ സഹോദരനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും സതി ആരോപിച്ചു. കഴിഞ്ഞ മാര്‍ച്ച് 15നാണ് അനന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പരിസ്ഥിതിക്ക് ദോഷം വരുത്തുന്നവരോട് കരുണ കാണിക്കരുതെന്നും നിയമവിരുദ്ധമായി മുറിക്കുന്ന ഓരോ മരത്തിനും ഒരു ലക്ഷം രൂപ പിഴ ചുമത്തണമെന്നും സുപ്രീം കോടതി. കൂട്ടത്തോടെ ഒരുപാട് മരങ്ങൾ മുറിക്കുന്നത് ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നതിനേക്കാൾ പാപമാണെന്നും, ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെയും പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന രീതിയിലും മരങ്ങൾ മുറിക്കുന്നവരെ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് നേരിടണമെന്നും സുപ്രീം കോടതി പറഞ്ഞു.
ഓൺലൈൻ ഗെയിമിംഗിനെതിരെ നടപടികളുമായി കേന്ദ്ര സർക്കാർ. നിയമവിരുദ്ധമായ ഓൺലൈൻ പണ ഗെയിമിംഗ് സ്ഥാപനങ്ങളുടെ 357 വെബ്‌സൈറ്റുകൾ/യുആർഎല്ലുകളെ ഇതുവരെ തടഞ്ഞുവെന്നും അത്തരം 700 സ്ഥാപനങ്ങൾ അന്വേഷണത്തിലാണെന്നും സർക്കാർ ദിവസം അറിയിച്ചു.
മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. വിവാദ പരാമര്‍ശത്തില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമർശനം ഉന്നയിച്ചത്. പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നും കോടതി വിമര്‍ശിച്ചു.
മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് ഇക്കാര്യം എയർപോർട്ട് അതോറിറ്റിയെ അറിയിക്കുന്നത്. തുടർന്ന് പൊലീസെത്തിയാണ് മൃതദേഹം പുറത്തെടുക്കുന്നത്. മണിക്കൂറുകൾക്ക് മുൻപ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
അഫ്ഗാനിസ്ഥാനിലെ കുപ്രസിദ്ധ ഭീകരരുടെ തലയ്ക്ക് വിലയിട്ടിരുന്ന നടപടി പിൻവലിച്ച് അമേരിക്ക. പിൻവലിച്ചത് യുഎസ്, ഇന്ത്യൻ എംബസികളിൽ ആക്രമണം നടത്തിയ ഹഖാനി നേതാക്കളെപ്പറ്റി വിവരം നൽകുന്നവർക്ക് പ്രഖ്യാപിച്ചിരുന്ന പാരിതോഷികം. താലിബാനുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് അഫ്ഗാൻ മന്ത്രി സിറാജുദ്ദീൻ ഹഖാനി അടക്കമുള്ളവർക്ക് എതിരായ നോട്ടീസ് അമേരിക്ക പിൻവലിച്ചത്.
ഹമാസിനെതിരെ ഗാസയിൽ ജനങ്ങളുടെ പ്രതിഷേധം. ഹമാസ് യുദ്ധം നിർത്തണമെന്നും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണമെന്നും മുദ്രാവാക്യം മുഴക്കിയാണ് ആളുകൾ തെരുവിലിറങ്ങിയത്. ഹമാസിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കുചേരാനുള്ള അഭ്യർത്ഥനകൾ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ടെലിഗ്രാമിൽ പ്രചരിച്ചതിനെ തുടർന്നാണ് ആളുകൾ ഒത്തുകൂടിയത്.
യുഎസ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സമഗ്രമായ മാറ്റങ്ങൾ നിർബന്ധമാക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഓർഡറില്‍ ഒപ്പുവെച്ച് ഡോണൾഡ് ട്രംപ്. യുഎസ് വോട്ടർ രജിസ്ട്രേഷന് പൗരത്വത്തിന്‍റെ രേഖാമൂലമുള്ള തെളിവ് ആവശ്യപ്പെടുകയും എല്ലാ ബാലറ്റുകളും തെരഞ്ഞെടുപ്പ് ദിവസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നത് ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് ഉത്തരവിൽ ഉള്ളത്. ഉദാഹരണമായി ഇന്ത്യയെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഈ ഉത്തരവിൽ ഒപ്പുവെച്ചത്.