വയനാട് പുനരധിവാസത്തിൽ കേന്ദ്ര വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. കലക്ക വെള്ളത്തിൽ മീൻ പിടിക്കരുതെന്നും  കാര്യങ്ങൾ നിസ്സാരമായി എടുക്കരുത്, ഹൈക്കോടതിക്ക് മുകളിലാണോ ദില്ലിയിലെ ഉദ്യോഗസ്ഥരെന്നും കോടതി ചോദിച്ചു. അടുത്ത വിമാനത്തിൽ ഉദ്യോഗസ്ഥരെ കോടതിയിൽ എത്തിക്കാൻ കഴിയുമെന്ന് പറഞ്ഞ ഹൈക്കോടതി, തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു.

 

വയനാട് പുനരധിവാസത്തിനായുള്ള കേന്ദ്ര ഫണ്ട്   വിനിയോഗിക്കാനുള്ള സമയം ഡിസംബർ 31 വരെ ആക്കിയിട്ടുണ്ടെന്ന് കേന്ദ്രത്തിന്‍റെ അഭിഭാഷകൻ ഹൈക്കോടിതിൽ അറിയിച്ചു. ഇതില്‍ ചില വ്യവസ്ഥതകളടക്കം ഉൾപ്പെടുത്തിയതായും അഭിഭാഷകൻ അറിയിച്ചു. എന്നാൽ രേഖാമൂലം ഇത് ഹാജരാക്കാൻ കേന്ദ്ര സർക്കാർ അഭിഭാഷകന് സാധിച്ചില്ല. ഇത് കോടതി വിമർശനത്തിന് കാരണമായി.

 

ആശാവർക്കർമാരുടെ വിഷയത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടികാഴ്ചയ്ക്ക് അനുമതി തേടിയ സംഭവം ലോക്സഭയിലുന്നയിച്ച് കെ സി വേണുഗോപാൽ. സംഭവത്തിൽ വ്യക്തത വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആശാവർക്കർമാരുടെ കാര്യത്തിൽ കേന്ദ്രം സംസ്ഥാനത്തെയും, സംസ്ഥാനം കേന്ദ്രത്തേയും അങ്ങോട്ടുമിങ്ങോട്ടും പഴിചാരുകയാണെന്നും ഇത് പ്രശ്നം പരിഹരിക്കാൻ ഗുണമാകില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

 

സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജുമായി അടുത്തയാഴ്കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. അതോടൊപ്പം കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാകാതെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് തിരിച്ചെത്തി. കൂടിക്കാഴ്ചയ്ക്ക് അപ്പോയിൻമെന്റ് തേടിയത് എന്നാണെന്ന കാര്യത്തിൽ വിവാദം കനക്കുന്നതിനിടെയും വ്യക്തത വരുത്താൻ ആരോഗ്യ മന്ത്രി തയ്യാറായില്ല. ചോദ്യങ്ങൾ ചോദിച്ച മാധ്യമങ്ങളെ പഴിച്ച വീണാ ജോർജ്, ആരോഗ്യമന്ത്രിയെ ക്രൂശിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും ഊഹാപോഹങ്ങൾക്ക് മറുപടിയില്ലെന്നും കൊച്ചിയിൽ പറഞ്ഞു.

 

ഓണറേറിയം വര്‍ധന ആവശ്യപ്പെട്ടുള്ള ആശ വര്‍ക്കാര്‍മാരുടെ സമരത്തെ വീണ്ടും തള്ളി സര്‍ക്കാര്‍. സമരം തീരാതിരിക്കാൻ കാരണം സമരക്കാരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി നിയമസഭയിൽ മറുപടി പറഞ്ഞ മന്ത്രി എംബി രാജേഷ് വിമര്‍ശിച്ചു. കേന്ദ്രത്തെ സഹായിക്കുന്ന സമരമെന്നും മന്ത്രി ആരോപിച്ചു. ഇതോടെ സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

 

ആശാ വർക്കർമാരുടെ സമരം ന്യായമെന്ന് പ്രതിപക്ഷം. സമരക്കാരെ സര്‍ക്കാര്‍ പുച്ഛിക്കുന്നുവെന്നും ഒത്തുതീർപ്പാർക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും തുടര്‍ ചര്‍ച്ചകളിലൂടെ സമരം തീര്‍ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രിയുമായി ആരോഗ്യമന്ത്രി ചർച്ച നടത്തുമെന്നാണ് പ്രതിപക്ഷം അറിഞ്ഞത്. പക്ഷെ കണ്ടില്ലെന്നും അപ്പോയിന്മെന്റ് ചോദിച്ചതിനെക്കുറിച്ച് ആരോഗ്യ മന്ത്രിയാണ് വിശദീകരിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം പൂര്‍ത്തിയാക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപണം ഉയർത്തി ഇറങ്ങിപ്പോക്കിന് തൊട്ടു മുമ്പ് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിന് സമീപമെത്തി പ്രതിഷേധിക്കുകയും ചെയ്തു.

 

ആശ പ്രവർത്തകരുടേത് രാഷ്ട്രീയ സമരമെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ.  കേന്ദ്ര ഗവൺമെന്റ് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ആളുകളുടെ ശമ്പളം സംസ്ഥാന സർക്കാർ തരണമെന്ന് പറയുന്നത് വസ്തുതകളുമായി ബന്ധപ്പെട്ടതല്ലെന്നും കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് സമരമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയങ്ങൾ അല്ല സമരത്തിൽ വിഷയമാക്കിയിട്ടുള്ളതെന്നും 90% ആശാവർക്കർമാരും സമരത്തിൽ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അന്തരിച്ച മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ അനുകൂലിച്ച് പറഞ്ഞ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ ഇ ഇസ്മയിൽ. സിപിഐ സംസ്ഥാന നേതൃത്വത്തിൻ്റെ സസ്പെൻഷൻ നടപടി സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും നടപടി വന്നാലും താൻ പാർട്ടിയിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞ കാര്യങ്ങളിൽ ഖേദമില്ല പറയേണ്ട കാര്യം മാത്രമാണ് പറഞ്ഞതെന്നും അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യനാകില്ലെന്നും പാർട്ടി നടപടി  എന്നോ പ്രതീക്ഷിച്ചതാണ്  എന്തു കൊണ്ട് വൈകി എന്നാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ശശി തരൂരിന്‍റെ തുടര്‍ച്ചയായ നിലപാടുകളില്‍ കെപിസിസി നേതൃത്വത്തിന് കടുത്ത അതൃപ്തി. പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്ന തരൂരിനെ ഹൈക്കമാന്‍റ് നിയന്ത്രിക്കണമെന്നാണ് പൊതുവികാരം. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിട്ടും തരൂര്‍ മണ്ഡലം തിരിഞ്ഞുനോക്കുന്നില്ലെന്ന വിമര്‍ശനവും കടുത്തിട്ടുണ്ട്.

 

എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപമെന്ന് പരാതി. ജില്ലാ ജയിലിലെ ഫാര്‍മസിസ്റ്റിന്‍റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ഫാർമസിസ്റ്റ് വി.സി ദീപയുടെ പരാതിയിൽ ഡോക്ടര്‍  ബെല്‍നാ മാര്‍ഗ്രറ്റിനെതിരെയാണ് കേസെടുത്തത്. പരാതിയിൽ കേസെടുത്ത കൊച്ചി സിറ്റി പൊലീസ് ഡോക്ടർക്കെതിരെ അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിക്കും ദീപ പരാതി നല്‍കിയിട്ടുണ്ട്.

 

മാര്‍ച്ച് 24, 25 തിയതികളില്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് എസ്എസ്എൽസി പരീക്ഷകളെ ബാധിക്കില്ല. എസ് ബി ഐയുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പറുകള്‍ നിര്‍ദേശിക്കുന്ന സമയത്ത് തന്നെ ബാങ്ക് അധികൃതരെത്തി പരീക്ഷാ നടത്തിപ്പുകാര്‍ക്ക് കൈമാറും. ഇതിനായി നിര്‍ദേശം നല്‍കിയതായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യുഎഫ്ബിയു) അറിയിച്ചു.

 

ബിജെപി സംസ്ഥാന പ്രസിഡണ്ടിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും. കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിൻറെ ചുമതലയുള്ള പ്രഹ്ളാദ് ജോഷിയുടെ സാന്നിധ്യത്തിൽ ചേരുന്ന സംസ്ഥാന കൗൺസിലിലാണ് തീരുമാനമുണ്ടാകുക. തിങ്കളാഴ്ച സംസ്ഥാന കൗൺസിലിന് മുമ്പായി ഞായറാഴ്ച കോർ കമ്മിറ്റി ചേരും.

 

ബിജെപി പ്രവർത്തകനായിരുന്ന കണ്ണൂർ മുഴപ്പിലങ്ങാട് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാക്കളും പ്രവർത്തകരും അടക്കം ഒൻപത് പ്രതികൾ കുറ്റക്കാർ. പത്താം പ്രതിയെ വെറുതെ വിട്ടു. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന വിരോധത്തിൽ 2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സൂരജിനെ കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധത്തോടെ പ്രതികൾ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കോലപ്പെടുത്തി എന്നാണ് കേസ്.

 

നിരവധി ലഹരി കേസുകളില്‍ പ്രതിയായ യുവാവിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ലഹരി മാഫിയക്കെതിരെ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് നൂറനാട് സ്വദേശി ഷൈജുഖാന്‍ എന്ന ഖാന്‍ പി കെ (41) യുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. 2020 മുതല്‍ നൂറനാട് പൊലീസ്, നൂറനാട് എക്സൈസ്, ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ഷൈജു ഖാന്‍.

 

ഇടുക്കി പെരിയാർ കടുവാ സങ്കേതത്തിലെ തമിഴ്നാട് ഐ.ബിക്ക് സമീപം വടിവാളുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പത്തനംതിട്ട കൊടുമൺ സ്വദേശിയായ വിജേഷ് വിജയൻ (32), കടമനാട് സ്വദേശി അരവിന്ദ് രഘു(22) എന്നിവരാണ് പിടിയിലായത്.

 

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോട്ടയം ജില്ലാ സെഷൻസ് കോടതി മാറ്റി. കേസിൽ വിശദമായ റിപ്പോർട്ട് നൽകാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം, നോബി ലൂക്കോസിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് മരിച്ച ഷൈനിയുടെ അച്ഛൻ കുര്യാക്കോസ് ഹർജിയിൽ കക്ഷി ചേർന്നു. പൊലീസ് റിപ്പോർട്ട് കിട്ടിയതിനുശേഷം കോടതി ഹർജി പരിഗണിക്കും.

 

പണി എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊച്ചിയിൽ കാപ്പാ കേസ് പ്രതിയുടെ അതിക്രമം. തൃക്കാക്കര സ്വദേശിയായ യുവാവിനെ ക്രൂരമായി ആക്രമിച്ച ശ്രീരാജിനെ പൊലീസ് പിടികൂടി.

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കത്തിയുമായെത്തിയാണ് പ്രതി ആക്രമിച്ചത്. പെൺകുട്ടിയുമായുള്ള അടുപ്പം പറഞ്ഞായിരുന്നു ആക്രമണമെന്നാണ് വിവരം.

 

കെഎസ്ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് ചുള്ളിമാനൂർ കൊച്ചു ആട്ടുകാൽ സ്വദേശി ഷെമീം മൻസിൽ മുഹമ്മദ് ഷെമീം (50) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് വിവരം. ഒന്നര മാസം മുൻപാണ് ഇദ്ദേഹത്തിന് പ്രമോഷൻ കിട്ടിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

സംസ്ഥാനത്തെ കച്ചവട സ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് എത്തുന്ന ജിഎസ്ടി ഉദ്യോഗസ്ഥർ പരിശോധന  തുടങ്ങുന്നതിന് മുമ്പും ശേഷവും  ബന്ധപെട്ട രേഖകൾ വ്യാപാരിയെയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരെയോ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ.  ഉദ്യോഗസ്ഥരെ തിരിച്ചറിയുന്ന രേഖകളും പരിശോധനയ്ക്കായി ചുമതലപ്പെടുത്തപ്പെട്ട സ്ഥാപനങ്ങൾ ഏതൊക്കെ എന്നുമുള്ള ഔദ്യോഗിക രേഖകൾ ഇതിലുണ്ടാവണമെന്നുമാണ് നിർദ്ദേശം.

 

മണ്ഡല പുനർനിർണയത്തിനെതിരായ പോരാട്ടം കേവലം ലോക്സഭാ സീറ്റുകൾക്ക് വേണ്ടിയല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. നാളെ ചെന്നൈയിൽ നടക്കുന്ന യോഗത്തിനായി നേതാക്കൾ എത്തിത്തുടങ്ങി. മണ്ഡല പുനർനിർണയത്തിനെതിരെ ബിജെപി ഇതര പാർട്ടികളുടെ ഐക്യ കർമ്മ സമിതി രൂപീകരണമാണ് എം.കെ.സ്റ്റാലിൻ  വിളിച്ച യോഗത്തിന്റെ പ്രധാന അജണ്ട.

 

യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ശമ്പളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ ഏപ്രില്‍ ഒന്ന് ചൊവ്വാഴ്ച വരെയാണ് സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി ലഭിക്കുക.

രാജ്യത്തെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ഈ അവധി ബാധകമാണെന്ന് മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.

 

സൗദി അറേബ്യയിലെ കനത്ത മഴയിൽ ഒരു മരണം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ തനോമ  ​ഗവർണറേറ്റിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മൂന്നു പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന വാഹനം മുങ്ങിപ്പോവുകയായിരുന്നു.

 

വ്യോമ ഗതാഗതത്തിന് ഭീഷണി സൃഷ്ടിക്കുന്ന ജിപിഎസ് സ്പൂഫിങ് ഇന്ത്യൻ വ്യോമപാതയിലും അനുഭവപ്പെടുന്നതായി കേന്ദ്ര സർക്കാർ. പാകിസ്ഥാനോട് ചേർന്ന പ്രദേശങ്ങളിലാണ് ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിമാന കമ്പനികളിൽ നിന്ന് ലഭ്യമായ വിവരം അനുസരിച്ച് ഒന്നര വർഷത്തിനിടെ 465 തവണ, ജിപിഎസ് സിഗ്നലുകളെ കബളിപ്പിക്കാനുള്ള സ്പൂഫിങ് നടന്നതായി കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മൊഹുൽ  ലോക്സഭയെ അറിയിച്ചു.

 

സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കാൻ കർണാടക സര്‍ക്കാര്‍ തീരുമാനം.ലഹരിക്കെതിരെ സ്കൂൾ തലത്തിൽ നിന്നേ പ്രതിരോധം സംഘടിപ്പിക്കും.8 മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠനവിഷയമാക്കും .ആഴ്ചയിൽ രണ്ട് ക്‌ളാസുകൾ ആണ് ഉണ്ടാവുക.ഡോക്ടർമാരും പോലിസ് ഉദ്യോഗസ്ഥരും ആണ് ക്ലാസ് എടുക്കുക.

 

കർണാടകയിലെ 48 എംഎൽഎമാർ ഹണി ട്രാപ്പിലെന്ന് സഹകരണ വകുപ്പ് മന്ത്രി കെ എൻ രാജണ്ണ പറഞ്ഞു. ഇതിൽ ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും എംഎൽഎമാർ ഉണ്ട്.ദേശീയ പാർട്ടികളിലെ എംഎൽഎ മാരും ഹണി ട്രാപ്പിന് ഇരകളാണ്. തനിക്ക് നേരെയും ഹണി ട്രാപ്പിന് ശ്രമം നടന്നെന്ന് രാജണ്ണ വെളിപ്പെടുത്തി.

 

വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ തകരാറുകൾ കാരണം ലണ്ടനിലെ ഹീത്രൂ വിമാനത്താവളം ഇന്ന് അർദ്ധരാത്രി വരെ അടച്ചിടുമെന്ന് അറിയിപ്പ്. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെയാണ് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇക്കാര്യം പോസ്റ്റ് ചെയ്തത്.

 

ത്രിഭാഷാ വിവാദം  രാഷ്ട്രീയ പ്രേരിതമെന്ന്  ആർഎസ്എസ്.മാതൃഭാഷ, പ്രാദേശിക ഭാഷ, ജോലിക്കാവശ്യമായ ഭാഷ എന്നിങ്ങനെ മൂന്ന് ഭാഷകൾ പഠിക്കണം എന്നാണ് ആർഎസ്എസ് നിലപാട്.മാതൃഭാഷ പ്രധാനമാണ്, അത് പ്രാഥമിക ഭാഷ ആയിരിക്കണം.ഹിന്ദി മേഖയിലെ ആർഎസ്എസ് കേഡർമാരോട് ഒരു ദക്ഷിണേന്ത്യൻ ഭാഷ പഠിക്കാൻ ആർ എസ് എസ് നിർദേശം നൽകിയിട്ടുണ്ട്.അത് സമൂഹത്തിന്റെ ഒരുമയ്ക്ക് സഹായകമാകും എന്നും ആർഎസ്എസ് സംഘടനാ ജനറൽ സെക്രട്ടറി മുകുന്ദ് സി ആർ പറഞ്ഞു .

 

യുഎസ് എംബസി വിസ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് പാസ്‌പോർട്ട് – വിസ ഏജന്‍റുമാർക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്. യുഎസ് വിസ അപേക്ഷകളില്‍ വ്യാപകമായ ക്രമക്കേട് നടത്തി യുഎസ് സര്‍ക്കാരിനെ വഞ്ചിച്ചു എന്ന എംബസിയുടെ കണ്ടെത്തലോടെയാണ് ഏജന്‍റുമാര്‍ക്കെതിരെ കേസെടുത്തത്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീരിച്ച് പ്രവര്‍ത്തിക്കുന്ന വിസ ഏജറ്റുമാരാണ് അപേക്ഷകളിലും രേഖകളിലും കൃത്രിമം കാണിച്ചത്.

 

ഐപിഎല്ലിന്‍റെ പതിനെട്ടാം സീസണ് നാളെ കൊൽക്കത്തയിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ നിലിവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ്  റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. വൈകിട്ട് 7.30ന് കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് മത്സരം.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *