തലസ്ഥാന നഗരിയെ ഭക്തി സാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല. ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ, നഗരത്തിൽ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിലും പുണ്യാഹം തളിച്ചു. ആറ്റുകാൽ ദേവിക്ക് പൊങ്കാല നിവേദിച്ച ശേഷം ഭക്തലക്ഷങ്ങൾ മടങ്ങുകയാണ്. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
തിരുവനന്തപുരം സെൻട്രലിനും കൊല്ലം ജംഗ്ഷനുമിടയിൽ ഇന്ന് ഒരു സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ സർവീസ് കൂടി അനുവദിച്ചു. ആറ്റുകാൽ പൊങ്കാല സമർപ്പിച്ച് മടങ്ങുന്ന ഭക്തർക്ക് വേണ്ടി തിരുവനന്തപുരം സെൻട്രൽ പ്ലാറ്റ്ഫോം നമ്പർ 1 ൽ നിന്നും ഉച്ചയ്ക്ക് 1:30 ന് കൊല്ലം വരെയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ട്രെയിൻ നമ്പർ 06037 കൊല്ലം സ്പെഷ്യൽ ഹാൾട്ട് സ്റ്റേഷനുകൾ ഉൾപ്പെടെ എല്ലാ സ്റ്റേഷനുകളിലും നിർത്തുന്നതാണ്. തിരിച്ച് കൊല്ലത്ത് നിന്ന് വൈകുന്നേരം 5:55 ന് പുറപ്പെടും.
സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ പൊങ്കാലയുമായി ആശാ വര്‍ക്കര്‍മാര്‍. ഒരു മാസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരാണ് ഇന്ന് പ്രതിഷേധ പൊങ്കാലയിട്ട് സമരം നടത്തുന്നത്. സർക്കാരിൻ്റെ കനിവ് തേടിയുള്ള പൊങ്കാലയാണ് ഇടുന്നതെന്ന് ആശാ വര്‍ക്കര്‍ പ്രതികരിച്ചു. തങ്ങളുടെ 32 ദിനരാത്രിങ്ങളുടെ വ്രതമാണ് നേര്‍ച്ചയായി സമര്‍പ്പിക്കുന്നതെന്നും തങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ സര്‍ക്കാര്‍ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷയെന്നും ആശമാർ പറയുന്നു.
ആശ വർക്കർമാരുടെ സമരത്തിനെതിരെ മുഖപ്രസംഗവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. സമര നേതൃത്വം അടിക്കടി ആവശ്യങ്ങൾ മാറ്റുകയാണെന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം. കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വം സമരം ചെയ്യുന്നവർ മറച്ചു പിടിക്കുന്നുവെന്നും സമരത്തിന്റെ പൊള്ളത്തരം ഓരോ ദിവസം കഴിയുമ്പോഴും പുറത്തുവരുന്നുവെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.
ആശമാർ താഴേതട്ടിൽ നടത്തുന്നത് നിർണ്ണായക സേവനമെന്ന് ചൂണ്ടിക്കാട്ടി ആശ വർക്കർമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ നൽകി. നിലവിൽ 5000 മുതൽ 9000 വരെയാണ് ആശ വർക്കർക്ക് ധനസഹായം കിട്ടുന്നത്. ഇത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് പാർലമെൻ്റി കമ്മിറ്റി ചൂണ്ടിക്കാട്ടി. ആരോഗ്യ ഗവേഷണ രംഗത്തും ആശമാരെ പ്രയോജനപ്പെടുത്തണമെന്നും ഇതിന് അധിക ധനസഹായം ഗവേഷണ ഫണ്ടിൽ നിന്ന് നൽകണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നു. രാം ഗോപാൽ യാദവ് അധ്യക്ഷനായ കമ്മിറ്റിയുടേതാണ് ശുപാർശ.
കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ബി രാജേഷ്. ഏപ്രിലിൽ തിരുവനന്തപുരത്ത് നടക്കുന്ന ‘വൃത്തി’ ശുചിത്വ കോൺക്ലേവിലേക്കും, മെയ് മാസത്തിൽ കൊച്ചിയിൽ നടക്കുന്ന അർബൻ കോൺക്ലേവിലേക്കും കേന്ദ്ര മന്ത്രിയെ ക്ഷണിച്ചു. കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന കേരളത്തിലെ നഗര തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 687 കോടി രൂപ എത്രയും വേഗം അനുവദിക്കണമെന്ന് കൂടിക്കാഴ്ചയിൽ മന്ത്രിയോട് ആവശ്യപ്പെട്ടതായി എം ബി രാജേഷ് പറഞ്ഞു.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ പത്തനംതിട്ട, പാലക്കാട്, മലപ്പുുറം എന്നീ മൂന്ന് ജില്ലകളിൽ അൾട്രാ വയലറ്റ് സൂചികയിൽ ഇന്നലെ ഓറഞ്ച് അലെർട്ട് രേഖപ്പെടുത്തി. മൂന്ന് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ കോന്നി – 8, പാലക്കാട് ജില്ലയിലെ തൃത്താല -10, മലപ്പുറം ജില്ലയിലെ പൊന്നാനി – 10 എന്നിങ്ങനെയാണ് അൾട്രാ വയലറ്റ് രശ്മികളുടെ അളവ് രേഖപ്പെടുത്തിയത്.
തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്സ്മെന്റ് കോസ്റ്റല്‍ പൊലീസ് സംയുക്ത സംഘം. പ്രത്യേക അന്വേഷണ സംഘം ആഴക്കടലില്‍ നടത്തിയ പരിശോധനയിലാണ് തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളി സ്വദേശി കരീപ്പാടത്ത് വീട്ടില്‍ മനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സൂര്യദേവന്, ഏങ്ങണ്ടിയൂര്‍ സ്വദേശി പുതുവീട്ടില്‍ നസീറിന്റെ ക്യാരിയര്‍ തുടങ്ങിയ വള്ളങ്ങള്‍ പിടിച്ചെടുത്തത്.
അടൂർ നഗരസഭ ചെയർപേഴ്സനെതിരെ ആരോപണവുമായി സിപിഎം കൗൺസിലർ. അടൂർ നഗരത്തിലെ ലഹരിക്കച്ചവടത്തിന്റെ കേന്ദ്രമായ ഒരു കടക്കെതിരെ പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് റോണി പാണംതുണ്ടിൽ ആരോപിച്ചു. എന്നാൽ ആരോപണം തള്ളി നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് രംഗത്തെത്തി. റോണിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ലഹരി കച്ചവടം ഉണ്ടെന്ന് പറയുന്ന കടക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചുവെന്നും ആവേശം മൂത്ത് റോണി പലതും വിളിച്ചു പറയുന്നതാണെന്നും അവര്‍ പറഞ്ഞു.
വയനാട്ടിലെ മുണ്ടക്കൈയിലെയും ചൂരൽ മലയിലെയും അതീവ അപകട സാധ്യതയുള്ള സ്ഥലത്തേക്ക് തന്നെ തിരിച്ചു പോകേണ്ടി വരുമോ എന്ന ആശങ്കയിൽ ദുരന്തബാധിതർ. ഗോ, നോ-ഗോ സോൺ മേഖല അടിസ്ഥാനമാക്കി മൂന്നാംഘട്ട പുനരധിവാസ കരട് പട്ടിക തയാറാക്കിയപ്പോൾ പലരും പട്ടികയിൽ നിന്നും പുറത്തായി. ചില സ്ഥലത്ത് അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന വീടുകളിൽ ഒന്ന് പട്ടികയിലും മറ്റൊന്ന് പട്ടികക്ക് പുറത്തുമാണ്. സമരം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പടവെട്ടിക്കുന്ന് പ്രദേശത്തെ കുടുംബങ്ങൾ.
ആർ എസ് എസ് ഉൾപ്പെടെയുള്ള മുഴുവൻ സംഘടനകളുമായി നല്ല ബന്ധം നിലനിർത്തിയിരുന്ന പ്രമുഖഗാന്ധിയനായ ജി.ഗോപിനാഥൻ നായരുടെ പ്രതിമ അനാശ്ചാദനം ചെയ്യവെ മൂന്നാംകിട രാഷ്ട്രീയം പറയാനുള്ള വേദിയാക്കിയതിലൂടെ തുഷാർ ഗാന്ധി മഹാത്മാവിനേയും ഗോപിനാഥൻനായരേയും അപമാനിക്കുകയായിരുന്നുവെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് കുറ്റപ്പെടുത്തി. ഗാന്ധികുടുംബത്തിന്റെ പിൻതലമുറക്കാരനെന്ന പേരിൽ തലച്ചോറുംനാവും അർബൻനക്സലൈറ്റ്റുകൾക്കും രാജ്യദ്രോഹശക്തികൾക്കും പണയം വച്ച തുഷാർ ഗാന്ധിയുടെ പരിശ്രമം രാജ്യത്തെ തരംതാഴ്ത്തി കെട്ടാനാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയർ ബോർഡ് ജീവനക്കാരിയായ ജോളി മധുവിൻറെ മരണം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചുവെന്ന് കേന്ദ്രം. ജോയിൻറ് സെക്രട്ടറി തല ഉദ്യോഗസ്ഥൻറെ നേതൃത്വത്തിൽ അന്വേഷിക്കും. കയർ ബോർഡിലെ സാമ്പത്തിക ഇടപാടുകളിൽ പ്രത്യേക അന്വേഷണവും നടത്തും. കഴിഞ്ഞ ഫെബ്രുവരി 10 നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയർ ബോര്‍ഡില്‍ തൊഴില്‍ പീഡന പരാതി ഉന്നയിച്ച ജീവനക്കാരി സെറിബ്രല്‍ ഹെമിറേജ് രോഗ ബാധിതയായി മരിച്ചത്.
നേമത്തിനടുത്ത് മൂക്കുന്നിമലയിൽ തീപിടിത്തം. പള്ളിച്ചൽ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട ജനവാസ മേഖലയോട് ചേർന്നാണ് തീപിടിത്തമുണ്ടായത്. മലയുടെ മൂന്ന് വശങ്ങളിലായി ഉണങ്ങി കിടന്ന ഏക്കർ കണക്കിന് അടിക്കാട് കത്തിപ്പോയെങ്കിലും ഫയർഫോഴ്സ് എത്തി തീയണച്ചതോടെ ജനവാസമേഖലയിലേക്ക് തീ പടർന്നില്ല. പ്രദേശത്ത് മദ്യക്കുപ്പികളും മറ്റും കാണുന്നതിനാൽ സാമൂഹ്യവിരുദ്ധർ കത്തിച്ചതാവാമെന്നും ഫയർഫോഴ്സ് പറയുന്നു.
മലപ്പുറം തിരുവാലിയിൽ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ച 17 വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തി. കാരണം കണ്ടെത്താൻ ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർഥികൾക്ക് നിരോധിത ലഹരി ഉൽപന്നങ്ങളുടെ വിൽപന കണ്ടെത്തിയ സംഭവത്തിൽ പരിശോധന ശക്തമാക്കുമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ചേർത്തല- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൻ.എം എന്ന ബസിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
കേന്ദ്ര അന്വേഷണ ബ്യൂറോ (സിബിഐ) കേരള പൊലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ തിരുവനന്തപുരം വർക്കലയിൽ നിന്ന് പിടികൂടിയത് യുഎസ് ഏറെക്കാലമായ തിരയുന്ന കുറ്റവാളിയെ. ലിത്വാനിയ പൗരനായ അലക്സി ബെസിയോക്കോവ് ആണ് അറസ്റ്റിലായത്. പ്രതി ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാൻ പദ്ധതിയിടുമ്പോൾ തിരുവനന്തപുരത്ത് നിന്നാണ് അറസ്റ്റിലായതെന്ന് സിബിഐ അറിയിച്ചു.
പാലക്കാട് കൊഴിഞ്ഞമ്പാറയിൽ ജോത്സ്യനെ ഹണി ട്രാപ്പിൽപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ ഒരു സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ. കൊഴിഞ്ഞാമ്പാറ, കല്ലാണ്ടിച്ചള്ളയിലെ വീട് കേന്ദ്രീകരിച്ച് നടത്തിയ ഹണീ ട്രപ്പ് കവർച്ചയിൽ മലപ്പുറം, മഞ്ചേരി സ്വദേശിനി ഗൂഡലൂർ താമസിക്കുന്ന മൈമുന (44), കുറ്റിപ്പള്ളം, പാറക്കാൽ എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്.
ഹരിപ്പാട് കുമാരപുരത്ത് നിന്ന് പത്ത് വർഷം മുൻപ് കാണാതായ യുവാവിന്റേത് കൊലപാതകമെന്ന് സംശയം. പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി. 2015 നവംബറിലാണ് കുമാരപുരം സ്വദേശി 25 കാരനായ രാജേഷിനെ കാണാതായത്. കാണാതായതിന്റെ പിറ്റേ ദിവസം വീടിന് തൊട്ടടുത്ത റോഡിൽ തളംകെട്ടി നിൽക്കുന്ന രക്തവും മുടിയും കണ്ടെത്തിയതോടെ രാജേഷിന്റേത് കൊലപാതകമാണെന്ന് കുടുംബവും നാട്ടുകാരും ആരോപിച്ചിരുന്നു.
ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ.കെ കൊച്ച് (76) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ കാൻസർ ബാധിതനായി പാലിയേറ്റീവ് ചികിത്സയിൽ ആയിരുന്നു. കേരളത്തിലെ ദളിത് മുന്നോക്ക പോരാട്ടങ്ങൾക്ക് വേണ്ടി ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ആളാണ് കെകെ കൊച്ച്. 2021ൽ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിരുന്നു. ‘ദലിതൻ’ എന്ന ആത്മകഥ ശ്രദ്ധേയമാണ്.
അങ്കമാലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ തെന്നി വീണ് 44 കാരൻ മരിച്ചു. കാഞ്ഞൂർ സ്വദേശി വടക്കൻ വീട്ടിൽ ജിനുവാണ് മരിച്ചത്. കിണറിലെ ചെളി കോരുന്നതിനിടെ പാറയിൽ തലയടിച്ചു വീഴുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം അങ്കമാലി എല്‍ എഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മദീനയിലെ പ്രവാചകപ്പള്ളിയെലെത്തുന്ന കുട്ടികൾക്കായി ട്രാക്കിങ് ബ്രേസ്ലെറ്റ് സംവിധാനം ഏർപ്പെടുത്തി. റമാദാനിലെ തിരക്കിൽ കുട്ടികളെ നിരീക്ഷിക്കുന്നതിനും രക്ഷിതാക്കൾ പ്രാർത്ഥന നിർവഹിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. കുട്ടികളെ നഷ്ടപ്പെട്ടാൽ കുടുംബങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് വേരിഫിക്കേഷൻ കോഡ് വഴി വിവരങ്ങൾ ലഭ്യമാക്കുന്നതാണ് സംവിധാനം.
ഹോസ്റ്റൽ ഭക്ഷണത്തിൽ ബ്ലേഡും പുഴുവുമെന്ന് ആക്ഷേപം.ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിലാണ് സംഭവം.ഗോദാവരി ഹോസ്റ്റലിൽ ഇന്നലെ കൊടുത്ത ഭക്ഷണത്തിലാണ് പുഴുവും ബ്ലേഡും കണ്ടത്.കഴിഞ്ഞ കുറച്ച് കാലമായി ഹോസ്റ്റലിൽ കിട്ടുന്ന ഭക്ഷണം തീരെ മോശമെന്ന് വിദ്യാർത്ഥികൾ പറയുന്നു.
പ്രതിമാസ പാസുകൾ പുറത്തിറക്കാനുള്ള തയാറെടുപ്പുമായി ചെന്നൈ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എംടിസി). പാസ് ഉടമകൾക്ക് എസി ബസുകൾ ഉൾപ്പെടെ എല്ലാ എംടിസി സർവീസുകളിലും യാത്ര ചെയ്യാൻ സാധിക്കും. മെയ് മാസം മുതൽ 225 എസി ഇലക്ട്രിക് ബസുകൾ ആരംഭിക്കാനുള്ള പദ്ധതിയും എംടിസി പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി പലതവണ മതം മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ. 2000 മുതല്‍ 2010 വരെ പാകിസ്ഥാനു വേണ്ടി 61 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ ബഹുമാനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ അമേരിക്കയിലേക്ക് പോയതെന്ന് ലെഗ് സ്പിന്നര്‍ പറഞ്ഞു.
ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കൻ തീരത്ത് വടക്കൻ കടലിൽ ഓയിൽ ടാങ്കറിലുണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയമാക്കി. ചരക്ക് കപ്പലും ഓയിൽ ടാങ്കറും കൂട്ടിയിടിച്ചാണ് കപ്പലിന് തീ പിടിച്ചത്. തിങ്കളാഴ്ചയാണ് അമേരിക്കൻ ഓയിൽ ടാങ്കർ കപ്പലായ സ്റ്റെന ഇമ്മാക്കുലേറ്റും പോർച്ചുഗീസ് ചരക്കുകപ്പലായ സോളോംഗും തമ്മിൽ കൂട്ടിയിടിച്ചത്. 220000 ബാരൽ വിമാന ഇന്ധനമായിരുന്നു സ്റ്റെന ഇമ്മാക്കുലേറ്റ് കപ്പലിലുണ്ടായിരുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര വരുന്ന തിങ്കളാഴ്ചയായിരിക്കുമെന്ന് നാസ. പതിനേഴാം തീയതി ഇന്ത്യൻ സമയം വൈകീട്ട് 6.35നാകും സുനിത കൂടി ഇപ്പോൾ ഭാഗമായ ക്രൂ 9 ദൗത്യ സംഘം നിലയത്തിൽ നിന്ന് പുറപ്പെടുകയെന്നാണ് വിവരം.
രാജ്യങ്ങൾ വാണിജ്യ യുദ്ധത്തിലേക്ക് കടക്കുമ്പോൾ എല്ലാം നഷ്ടപ്പെടുകയാണ് സംഭവിക്കുകയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ട്രംപ് ഭരണകൂടം നടപ്പാക്കുന്ന ഇറക്കുമതി തീരുവ പരിഷ്കരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ. “ഒരു ആഗോള സമ്പദ് വ്യവസ്ഥയിലാണ് നാം ജീവിക്കുന്നത്. എല്ലാം പരസ്പര ബന്ധിതമാണ്. സ്വതന്ത്ര വ്യാപാര ബന്ധം നിലനിൽക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം എല്ലാ രാജ്യങ്ങൾക്കും ഗുണം ലഭിക്കുന്ന തരത്തിൽ അതിനെ ഉപയോഗപ്പെടുത്താം എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.