Untitled design 20250128 140330 0000

രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ദില്ലി രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിങ്, ജെപി നദ്ദ, അടക്കം കേന്ദ്രമന്ത്രിമാരും വിവിധ എൻഡിഎ മുഖ്യമന്ത്രിമാരും സന്നിഹിതരായിരുന്നു. മുഖ്യമന്ത്രിക്ക് ഒപ്പം പർവേഷ് വർമ, ആഷിഷ് സൂദ്, മഞ്ചീന്ദർ സിങ്, രവീന്ദ്ര ഇന്ദാർജ് സിങ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ദില്ലിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷാലിമാര്‍ ബാഗ് മണ്ഡലം പിടിച്ചെടുത്ത രേഖ ശർമ.

 

 

 

 

യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുജിസി കരട് നിര്‍ദേശങ്ങളിലെ വിസി നിയമന നിര്‍ദേശങ്ങളോടാണ് പ്രധാന എതിര്‍പ്പെന്നും, കരട് നിര്‍ദേശം ആരെയും വിസിയാക്കാൻ ചാന്‍സിലര്‍ക്ക് അധികാരം നൽകുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ യജമാനന്മാര്‍ക്കുവേണ്ടി ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തിലും സമാന സ്ഥിതിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

 

 

 

യുജിസി കരട് റെഗുലേഷനെതിരെ കൺവെൻഷൻ സംഘടിപ്പിച്ചതിന് സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുകയാണെന്നും യുജിസി ഭരണഘടനക്കുള്ളിൽ നിന്നായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും കണ്‍വെൻഷനിൽ സംസാരിക്കവെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സർക്കാരുകൾ സർവകലാശാലകളെ പിന്തുണയ്ക്കുകയും സഹായിക്കുകയുമാണ് വേണ്ടത് നിയന്ത്രിക്കുകയല്ല വേണ്ടതെന്നും അക്കാദമിക സമൂഹമാണ് ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങൾ നടത്തേണ്ടതെന്നും യുജിസി കരട് നിർദ്ദേശങ്ങൾക്കെതിരെ നിയമപരമായും ഭരണഘടനാപരമായും നീങ്ങണമെന്നും സതീശൻ പറഞ്ഞു.

 

 

 

 

ആശാ വർക്കർമാർ നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരത്തിനെതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിലേക്ക് മാറ്റി. പൊതുഗതാഗതവും കാൽനട സ‌ഞ്ചാരവും തടസപ്പെടുത്തിയുളള പ്രതിഷേധം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്ക് വന്നത്. ആശാ വർക്കർമാരുടെ സമരം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല അടക്കമുളളവരെ എതിർകക്ഷിയാക്കിയായിരുന്നു ഹൈക്കോടതിയിലെ ഹർജി.

 

 

 

 

ഇന്ന് 12-ാം ദിവസത്തിലേക്ക് കടന്ന സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആശാ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ മഹാ സംഗമമായി പ്രതിഷേധിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശാ വർക്കർമാരെ ഉൾപ്പെടുത്തിയ മഹാ സംഗമം ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്തു. വേതന കുടിശിക മാത്രമല്ല മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിച്ചാൽ മാത്രമെ സമരം പിൻവലിക്കുകയുള്ളുവെന്നുമാണ് ആശാ വർക്കർമാരുടെ നിലപാട്.

 

 

 

 

എസ്.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെ എസ്.എഫ്.ഐ.ക്ക്‌ തെറ്റുകൾ സംഭവിക്കാതിരിക്കട്ടെ എന്ന് ഉപദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾ ഇപ്പോൾ തുടർന്നുപോകുന്ന രീതിയിൽ സംശുദ്ധമായ രീതികൾ തുടരുകയെന്നും എതെങ്കിലും തരത്തിലുള്ള തെറ്റുകൾ സംഭവിക്കാതിരിക്കുക തെറ്റിനെതിരേ നല്ല തോതിൽ പടപൊരുതുന്ന നില സ്വീകരിക്കുകയെന്നും അങ്ങനെ എസ്.എഫ്.ഐ.യുടെ പ്രത്യേകത കാത്തുസൂക്ഷിക്കാൻ നിങ്ങൾക്കു കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

മുഖ്യമന്ത്രി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്നും നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എലപ്പുള്ളിയില്‍ മദ്യ നിര്‍മാണ ശാലക്കുള്ള അനുമതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ സി.പി.ഐ ആസ്ഥാനത്ത് പോയി അവരെ പിണറായി അപമാനിച്ചുവെന്നും സാധാരണ എകെജി സെന്ററിൽ വിളിച്ച് വരുത്തിയാണ് അപമാനിക്കാറെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസിന്റെ യാത്ര ബത്ത ഉയർത്താൻ നിർദേശം. പ്രതിവർഷ തുക 5 ലക്ഷത്തിൽ നിന്നും 11.31 ലക്ഷം ആക്കാൻ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകി. നേരത്തെ കെ വി തോമസിന് യാത്ര ബത്തയായി പ്രതിവർഷം 5 ലക്ഷം രൂപയായിരുന്നു തുക അനുവദിച്ചിരുന്നത്. എന്നാൽ യാത്രാ ആവശ്യങ്ങൾക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു ആവശ്യം.

 

 

 

 

 

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ടെടുത്ത കേസിൽ പി.സി.ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ മതവിദ്വേഷ പരാമർശം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി പരാമർശിച്ചു. നിലവില്‍ പരമാവധി 3 വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷയെന്നും പുതിയ ക്രിമിനല്‍ നിയമത്തിലും ശിക്ഷ വര്‍ധിപ്പിച്ചിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

 

 

 

 

മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനകൾക്കായി ജലവിഭവ വകുപ്പിനുള്ള 10 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന സ്പീഡ് ബോട്ട് തേക്കടിയിലെത്തി. ബോട്ട് വെള്ളിയാഴ്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്യും. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിരീക്ഷണത്തിനും പരിശോധനകൾക്കുമായി മുൻപ് ഒരു സ്പീഡ് ബോട്ടുണ്ടായിരുന്നു. അത് തകരാറിലായതിനെ തുടർന്ന് മറ്റു വകുപ്പുകളുടെ ബോട്ടിലും ജീപ്പിലുമാണ് ഉദ്യോഗസ്‌ഥർ അണക്കെട്ടിലെത്തിയിരുന്നത്.

 

 

കേരളത്തി ഇനി 25 സെന്റിൽ കൂടുതലുള്ള കൃഷി ഭൂമി വാണിജ്യാവശ്യത്തിനായി തരം മാറ്റുമ്പോൾ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 25 സെന്റ് ശേഷമുള്ള അധിക ഭൂമിക്കു മാത്രം ഫീസ് നൽകിയാൽ മതിയെന്നുമുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

 

 

 

ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി. സ്പെഷ്യൽ ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തിൽ നിന്നും 1.50 ലക്ഷം ആക്കി ഉയർത്തി. സീനിയർ പ്ലീഡറുടെ ശമ്പളം 1.10 ത്തിൽ നിന്നും 1.40 ലക്ഷവും പ്ലീഡർമാറുടേത് 1 ലക്ഷത്തിൽ നിന്നും 1.25 ലക്ഷവും ആക്കി ഉയർത്തി. 3 വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം കൂട്ടിയത്.

 

 

 

 

റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സിന്‍റെ ഗ്ലാസ് തകർന്ന സംഭവത്തില്‍ ബസ്സ് ഓടിച്ച മൂന്നാർ ഡിപ്പോയിലെ രാജേഷ് എന്ന ഡ്രൈവർക്ക് സസ്പെൻഷൻ. കെഎസ്ആർടിസി വിജിലൻസ് തൊടുപുഴ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് നടപടി.ഗതാഗത മന്ത്രിയുടെ ഓഫീസ് നേരിട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.അറ്റകുറ്റ പണി പൂർത്തിയാക്കി ബസ് സർവ്വീസ് തുടങ്ങി.ഡ്രൈവറുടെ അശ്രദ്ധ കാരണം ആണ് ചില്ല് പൊട്ടിയത് എന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

 

 

 

 

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ പാർട്ടിപ്രവർത്തകരെ ആഹ്വാനംചെയ്ത് മുസ്‌ലിംലീഗ് ഉന്നതതലയോഗം മലപ്പുറത്തു ചേർന്നു. തീരദേശത്തിന് ഭീഷണിയായ മണൽഖനനത്തിന് അനുമതി നൽകിയതിനെതിരേയും കലാലയങ്ങളിലെ ക്രൂരമായ റാഗിങ്ങിനെ അപലപിച്ചും യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. റാഗിങ്ങിൽ പ്രതികളാകുന്നത് എസ്.എഫ്.ഐ. പ്രവർത്തകരാണെന്നും രക്ഷിതാക്കൾ കുട്ടികളെ കലാലയങ്ങളിലേക്ക് അയക്കാൻ ഭയക്കുകയാണെന്നും പ്രമേയത്തിൽ പറഞ്ഞു.

 

 

 

കല്ലമ്പലത്ത് അറബിക് കോളെജ് ഹോസ്റ്റലിൽ പതിമൂന്നുകാരൻ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ വൈസ് പ്രിൻസിപ്പൽ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി. അതേ കോളെജിലെ വിദ്യാർഥികളായ കിളിമാനൂർ തട്ടത്തുമല സ്വദേശി ഷെമീർ (24), കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മുഹ്സിൻ (22), വിവരം മറച്ചുവെച്ചതിന് അറബിക് കോളെജ് വൈസ് പ്രിൻസിപ്പൽ കല്ലമ്പലം സ്വദേശി റഫീഖ് (54) എന്നിവരാണ് അറസ്റ്റിലായത്.

 

 

 

മണാലിയിലേക്ക് വിനോദയാത്രക്ക് പോയി വൈറലായ ഉമ്മക്കെതിരായ മത പണ്ഡിതന്‍റെ പ്രസംഗം വിവാദത്തിൽ. ഭർത്താവ് മരിച്ച സ്ത്രീ വീട്ടിൽ അടങ്ങിയിരിക്കാതെ യാത്ര നടത്തുന്നത് തെറ്റാണെന്നാണ് പണ്ഡിതന്‍റെ പ്രസംഗം. പ്രസംഗവും തുടർന്നുണ്ടായ പ്രചാരണവും ഉമ്മയെ മാനസികമായി ഏറെ വേദനിപ്പിച്ചെന്ന് മകൾ ജിഫാന പറഞ്ഞു. കോഴിക്കോട് കടിയങ്ങാട് സ്വദേശി നബീസുമ്മയാണ് മണാലി യാത്രയുടെ ദൃശ്യങ്ങളിലൂടെ വൈറൽ ആയത്.

 

 

 

മസ്തകത്തിന് മുറിവേറ്റ അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ ഇപ്പോഴും ക്ഷീണിതനാണെന്ന് ഡോക്ടർമാരുടെ സംഘം. ശ്വാസം പുറത്തുപോകുന്നത് മസ്തകത്തിലെ മുറിവിലൂടെയാണെന്നും തുമ്പികൈയിലേക്കും മുറിവ് വ്യാപിച്ചതായും ഡോക്ടർമാർ പറഞ്ഞു. അണുബാധാ സാധ്യതയും തള്ളികളയാനായിട്ടില്ല. അപകടനില തരണം ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

 

 

 

ഉപരാഷ്ട്രപതി ജഗ്ദീപ് ധര്‍കറിനെ സന്ദർശിച്ച് നടന്‍ മമ്മൂട്ടി. ദില്ലിയില്‍ ചലച്ചിത്ര ചിത്രീകരണത്തിന് എത്തിയപ്പോഴാണ് ഉപരാഷ്ട്രപതിയെ മമ്മൂട്ടി വസതിയില്‍ എത്തി സന്ദര്‍ശിച്ചത്. മോഹൻ ലാലും മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്‍റെ ഷൂട്ടിനാണ് മമ്മൂട്ടി ദില്ലിയില്‍ എത്തിയത്. ജോണ്‍ ബ്രിട്ടാസ് എംപിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

 

 

 

നടൻ ബാലയ്ക്കെതിരെ വഞ്ചനാകുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും കേസെടുത്ത് പൊലീസ്. മുൻ ഭാര്യ അമൃത സുരേഷിന്റെ പരാതിയിലാണ് ഈ മാസം ഏഴിന് കടവന്ത്ര പൊലീസ് കേസ് എടുത്തത്. ഇരുവരും തമ്മിലുള്ള വിവാഹമോചന ഉടമ്പടിയിൽ അമൃതയുടെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്നാണ് പരാതി.

 

 

 

 

പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന് ഡിഐജി കണ്ടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് റിപ്പോർട്ട്. അഞ്ചല്‍ രാമഭദ്രന്‍ വധക്കേസില്‍ കൂറുമാറിയ പുനലൂര്‍ മുന്‍ ഡിവൈഎസ്പി വിനോദിനാണ് സംരക്ഷണം. അച്ചടക്ക നടപടിക്ക് ഡിജിപിയുടെ ശുപാര്‍ശ ഉണ്ടായിട്ടും സര്‍വീസില്‍ തുടര്‍ന്നുകൊണ്ടുള്ള വകുപ്പ് തല അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

 

 

 

 

വിനോദയാത്രയ്ക്കിടെ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിക്ക് ചികിത്സ നൽകുന്നതിൽ അധ്യാപകർ വീഴ്ച വരുത്തിയെന്ന പരാതിയിൽ കൊല്ലം ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. മുഖത്തല എൻഎസ്എസ് യുപി സ്കൂളിലെ ആറാം ക്ലാസുകാരനായ ആരോമലിനാണ് വാഹനമിടിച്ച് കൈയ്ക്ക് പരിക്കേറ്റത്. കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.

 

 

 

 

 

മാട്ടുപ്പെട്ടിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. അലക്ഷ്യമായി വാഹനമോടിക്കൽ, മനപൂർവമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നാഗർകോവിൽ സ്വദേശി വിനേഷിനെതിരെ മൂന്നാർ പൊലീസ് കേസെടുത്തിരിക്കുന്നത്. വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നു തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

 

 

 

 

ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂർ സ്വദേശി അനു ശേഖർ (31) ആണ്‌ മരിച്ചത്. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷൻമാസ്റ്ററായിരുന്നു. ചെങ്കോട്ട – ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

 

 

 

 

വരാനിരിക്കുന്ന ദേശീയദിന ആഘോഷങ്ങൾക്കായി എല്ലാ ഗവർണറേറ്റുകളിലുമായി 23 നിശ്ചിത സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗത്തിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ അലി അൽ ഉസ്താദ് അറിയിച്ചു.

 

 

 

 

ഹജ്ജ് സീസണിനോടനുബന്ധിച്ച് ആഭ്യന്തര തീർത്ഥാടകർക്ക് പാക്കേജുകൾ അവതരിപ്പിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം. സൗദി പൗരന്മാർക്കും പ്രവാസികളുൾപ്പടെയുള്ള താമസക്കാർക്കുമാണ് ഇത് ലഭ്യമാകുക. വ്യത്യസ്തമായ നിരക്കുകളിലുള്ള നാല് പാക്കേജുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകർക്ക് നിരക്കുകളും മുൻഗണനകളും അനുസരിച്ച് അവർക്കാവശ്യമുള്ള പാക്കേജുകൾ സ്വീകരിക്കാം.

 

 

 

 

ജന്മാവകാശ പൗരത്വം നിർത്തലാക്കാൻ നിർദേശിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ഫെഡറൽ അപ്പീൽ കോടതി തള്ളി. ഉത്തരവ് ഭരണഘടനയുടെ ലംഘനമാണെന്ന് ഒമ്പതാം സെർക്യൂട്ട് അപ്പീൽസ് കോടതിയുടെ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. നേരത്തെ കീഴ്കോടതി തള്ളിയ വിധിക്കെതിരെയാണ് വൈറ്റ് ഹൌസ് അപ്പീൽ കോടതിയെ സമീപിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *