മുസ്ലിം ലീഗ് റാലിയിലെ പലസ്തീൻ പരാമർശം തിരുത്തില്ലെന്ന് ശശി തരൂർ. അതേസമയം തനിക്കും തരൂരിനും ആ നിലപാടാണ്, അതിൽ അഭിപ്രായ ഭിന്നതയില്ല. പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ അടിസ്ഥാന നയത്തിന് വിരുദ്ധമായി തനിക്കും തരൂരിനും നിലപാട് എടുക്കാനാവില്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ വ്യക്തമാക്കി.
കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കോവിസ് കേസുകൾ. ഇതോടെ കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. അതോടൊപ്പം തമിഴ്നാട്ടിൽ 4പേർക്ക് കൊവിഡ് ഉപവകഭേദമായ JN. 1 സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. നവംബറിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോൾ വന്നതെന്നും 4 പേരും രോഗമുക്തർ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
മത വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നുണ്ടെന്നും, എന്നാല്‍ മത ചടങ്ങുകളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ്. ഇത് ശരിയായ നടപടിയല്ല. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. നേരത്തെ, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു.
ശബരിമലയിൽ ഇന്നലെ ഒരു ലക്ഷത്തിലേറെ ഭക്തർ ദർശനം നടത്തിയെന്ന് റിപ്പോർട്ട്. കനത്ത തിരക്ക് കണക്കിലെടുത്ത് പമ്പയിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്, അതോടൊപ്പം ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും. ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയിലെത്തുന്ന ഘോഷയാത്രയെ ശരംകുത്തിയിൽ പൊലീസും ദേവസ്വം ബോർഡും ചേർന്ന് സ്വീകരിക്കും. വൈകീട്ടാണ് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന.
ശബരിമലയിൽ പരിധി നിശ്ചയിക്കാതെ വിർച്വൽ ക്യൂ ബുക്കിങ്ങുകൾ സ്വീകരിച്ച ദേവസ്വം ബോർഡിന്റെ നടപടികളിൽ പോലീസിന് കടുത്ത അതൃപ്തി. അവസാനഘട്ടത്തിൽ ഇത്രയധികം സ്ലോട്ടുകൾ നൽകിയ ദേവസ്വം ബോർഡിന്റെ മുൻധാരണയില്ലാത്ത പ്രവർത്തിയാണ് വീണ്ടും കാര്യങ്ങൾ വഷളാക്കിയതെന്നാണ് പൊലീസിന്റെ ആരോപണം. വിർച്വൽ ക്യൂ 2022 മാർച്ച് മുതലാണ് ദേവസ്വം ബോർഡ് ഏറ്റെടുത്തത്.
മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇതുവരെ പതിനെട്ട് കോടി കുറവെന്നാണ് കണക്ക്.
തമിഴ്നാട്ടിലെ പ്രളയ ബാധിതര്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം ഈ മാസം 22 മുതല്‍ 25 വരെ ആറ് ലോഡ് അവശ്യ സാധനങ്ങള്‍ തൂത്തുക്കുടിയില്‍ എത്തിച്ചു. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, തിരുവനന്തപുരം കോര്പ്പറേഷന് ഓഫീസ് എന്നിവയാണ് കളക്ഷന്‍ സെന്ററുകള്‍. ഇന്നത്തോടു കൂടി സാധനങ്ങളുടെ കളക്ഷന്‍ അവസാനിപ്പിക്കാനാണ് നീക്കം.
മന്ത്രിസഭ കേരളത്തിലുടനീളം സഞ്ചരിച്ച 36 ദിവസത്തിനുള്ളില്‍ സർക്കാരിന് ലഭിച്ചത് 6,21,167 പരാതികൾ. ഏറ്റവും അധികം പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. ലഭിച്ച പരാതികളില്‍ എത്രയെണ്ണം തീർപ്പാക്കി എന്ന വിവരം ലഭിച്ചിട്ടില്ല. ലഭിച്ച പരാതികള്‍ പരിഹരിക്കാന്‍ ഓരോ ജില്ലയിലും സ്പെഷ്യല്‍ ഓഫീസർമാരെ നിയമിക്കുന്നതും സർക്കാർ പരിഗണനയിലാണെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുമ്പോൾ ക്രൈസ്തവ നേതാക്കളുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ. ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്കിയ വിരുന്നിന് കിട്ടിയത് നല്ല പ്രതികരണമാണെന്നും ബിജെപി അറിയിച്ചു.
സഭ മേലധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച തെരഞ്ഞെടുപ്പ് ഗുണ്ട് മാത്രമാണെന്നും, ക്രിസ്മസ് വിരുന്നില്‍ മണിപ്പൂർ ബിഷപ്പിനെ കൂടിക്കാഴ്ചക്ക് ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ക്രൈസ്തവർ അകന്നു പോകുമെന്ന ഭയം കോൺഗ്രസിനില്ല. ക്രൈസ്തവ സഭ മേലധ്യക്ഷന്മാരുമായുള്ള മോദിയുടെ കൂടിക്കാഴ്ച തെരഞ്ഞെടുപ്പ് തന്ത്രം മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൃഗസംരക്ഷണ വകുപ്പിൽ ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടുന്നതിന് മാർക്ക് ലിസ്റ്റിൽ തിരുത്ത് വരുത്തിയെന്ന് ആരോപണം. തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പിൽ സീനിയർ ഇൻസ്ട്രക്ടറായ രമാദേവി, ഗസറ്റഡ് തസ്തികയിൽ ജോലി ചെയ്യുന്നത് മറ്റൊരാളുടെ മാർക്ക് ലിസ്റ്റ് ഉപയോഗിച്ചാണെന്നാണ് പരാതി.
സപ്ലൈകോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നതടക്കം സപ്ലൈകോ പുനഃസംഘടനയെ കുറിച്ചുള്ള പ്രത്യേക സമിതി റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വിലകൂട്ടാൻ എൽഡിഎഫ് നേരത്തെ അനുമതി നൽകിയെങ്കിലും നവകേരള സദസ് തീരാൻ കാത്തിരിക്കുകയായിരുന്നു എന്നാണ് സൂചന.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സർക്കാർ വ്യക്തമാക്കിയതോടെ പാചകത്തിനുള്ള ടെൻഡറിൽ പങ്കെടുത്ത് പഴയിടം മോഹനൻ നമ്പൂതിരി. ജനുവരി 3 ന് കൊല്ലത്തെ കലോത്സവ കലവറയിൽ പ്രവർത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് നാനൂറോളം സ്വകാര്യ ആശുപത്രികൾ കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സഹകരിച്ചിരുന്നു, എന്നാൽ 400 കോടി രൂപയിലധികം സ്വകാര്യ ആശുപത്രികള്‍ക്ക് കിട്ടാനുള്ളതിനാൽ നൂറ്റിയന്‍പതോളം ആശുപത്രികള്‍ ഇതിനോടകം തന്നെ പദ്ധതിയില്‍ നിന്നും പിന്മാറി.
തിരുവനന്തപുരം പൊൻമുടിയിൽ ഇന്ന് രാവിലെ 8.30 ഓടെ പൊലീസ് സ്റ്റേഷന്റെ മുൻവശത്തായി പുള്ളിപ്പുലിയെ കണ്ടു. റോഡിലൂടെ കാടിലേക്ക് കയറി പോകുകയായിരുന്നു. സ്ഥലത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം തുടരുകയാണ്.
പെര്‍മിറ്റ് ലംഘനത്തിന്റെപേരില്‍ റോബിന് ബസ് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് രാവിലെ വീണ്ടും സര്‍വീസിനിറങ്ങി. എന്നാല്‍ ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധന നടത്തി. പരിശോധനയ്ക്കു ശേഷം മോട്ടോര്‍വാഹന വകുപ്പ് സർവീസ് തുടരാൻ അനുവദിച്ചു. അതേസമയം, നിയമലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നെയ്യാറ്റിൻകരയിലെ തിരുപുറം പഞ്ചായത്തിലെ പുറുത്തിവിളയിൽ ക്രിസ്മസ് ഫെസ്റ്റിനിടെ താല്കാലിക നടപ്പാലം തകർന്നുണ്ടായത് സംഘാടകരുടെ അനാസ്ഥയാണെന്നാരോപിച്ച് ഉണ്ടായ സംഘർഷത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു, മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.
കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം. ആറുമാസം മുൻപ് നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സാപ്പിഴവുണ്ടായെന്ന് കാണിച്ച് കളക്ടർക്കും ഡിഎംഒയ്ക്കും പരാതി നൽകി തുടർ നടപടികൾക്കായി കാത്തിരിക്കുകയാണ് കുടുംബം.
തൃശൂർ വെള്ളാഞ്ചിറയിൽ കോഴി ഫാമിന്റെ മറവിൽ വ്യാജ മദ്യ നിർമാണകേന്ദ്രം കണ്ടെത്തി. 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റർ സ്പിരിറ്റുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ബിജെപി മുൻ പഞ്ചായത്തംഗം കെ പി എ സി ലാൽ അടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ വിജുകുമാറിനെ ആക്രമിച്ച കേസിൽ നെടുമങ്ങാട് കരിപ്പൂർ കാരാന്തല ഈന്തിവിള വീട്ടിൽ അഖിൽ , കരിപ്പൂർ കാരാന്തല ആലുവിള വീട്ടിൽ വിനിൽ എന്നിവരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യ ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് സെഞ്ചൂറിയനില്‍ തുടക്കമാവും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന മത്സരമാണിത്.