Untitled design 20250128 140330 0000

മുല്ലപ്പെരിയാർ അണക്കെട്ടിന്  സുരക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. 135 വർഷത്തെ കാലവർഷം അണക്കെട്ട് മറികടന്നത് ആണെന്നും  അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ മൂന്ന് അംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. വർഷങ്ങളായി ഡാം പൊട്ടുമെന്ന ഭീതിയിൽ ആളുകൾ ജീവിക്കുകയാണെന്നും എന്നാൽ ഡാമിൻ്റെ ആയുസ് പറഞ്ഞതിനെക്കാൾ രണ്ടിരട്ടി കഴിഞ്ഞല്ലോ എന്നും ജസ്റ്റിസ് ഋഷികേശ് റോയ് ചോദിച്ചു.

 

ബജറ്റിന് മുന്നോടിയായി 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ധനമന്ത്രി കെഎൻ ബാലഗോപാൽ കേന്ദ്രത്തിന് സമര്‍പ്പിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിന് സമാഹരിക്കുന്ന വായ്പ പോലും കടപരിധിയിൽ ഉൾപ്പെടുത്തുന്ന കേന്ദ്ര നയത്തിനെതിരെ കടുത്ത പ്രതിഷേധമുന്നയിക്കുന്ന കേരളം അത് പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് പ്രധാനമായും കേന്ദ്ര സര്‍ക്കാരിന് മുന്നിൽ വയ്ക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം 3.5 ശതമാനമായെങ്കിലും കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.

 

നെന്മാറ ഇരട്ടക്കൊലക്കേസില്‍ പോലീസിന്റെ വീഴ്ച സംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം പാലക്കാട് എസ്.പിയോട് റിപ്പോര്‍ട്ട് തേടി. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് നാട്ടിലെത്തിയ കാര്യം നാട്ടുകാരും കൊല്ലപ്പെട്ട സുധാകരന്റെ ബന്ധുക്കളും നെന്മാറ പോലീസിനെ അറിയിച്ചിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയൊന്നും ഉണ്ടായിരുന്നില്ല, ഇതിനു പിന്നാലെയാണ് സംഭവത്തില്‍ നെന്മാറ പോലീസിനു സംഭവിച്ച വീഴ്ച സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി മനോജ് എബ്രഹാം പാലക്കാട് എസ്പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

നെൻമാറ ഇരട്ടക്കൊലപാതകത്തിൽ പൊലീസിന്റെ വീഴ്ച്ചയിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ്സിന്റെ മാർച്ച്. ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചതോടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള പ്രവർത്തകരെ സംഘർഷത്തിൽ നിന്ന് പിന്തിരിപ്പിച്ചു. നെന്മാറ കൊലപാതകത്തിന് സാഹചര്യം ഉണ്ടാക്കിക്കൊടുത്തത് പൊലീസ് ആണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

 

നെന്മാറയിൽ അയൽവാസികളായ അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയെ പാലക്കാട് നഗരത്തിൽ കണ്ടതായി സൂചന. കോട്ടമൈതാനത്ത് കണ്ടെന്നാണ് വിവരം കിട്ടിയത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് നഗരത്തിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ നെൻമാറ ബസ് സ്റ്റാൻഡിൽ രാവിലെ പ്രതിയെ കണ്ടതായും സൂചന ലഭിച്ചു.

 

വയനാട് കുറുക്കൻ മൂല കാവേരി പൊയിലിൽ വനഭാഗത്തോട് ചേർന്ന ജനവാസ മേഖലയിൽ കടുവയെ കണ്ടെന്ന് സൂചന. ഇന്നലെ രാത്രി പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളർത്തു നായയെ കടുവ പിടിച്ചുവെന്നും താൻ കടുവയെ നേരിട്ട് കണ്ടുവെന്നും ലക്ഷ്മി പറഞ്ഞു.

 

വയനാട്ടിൽ അടിക്കടി കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ചവരെ ജനകീയ തിരച്ചില്‍ നടത്തുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ജനവാസകേന്ദ്രങ്ങളുമായി അതിരിടുന്ന വനമേഖലകളിലും, കടുവയുടെ സാന്നിധ്യമുണ്ടായതായി സ്ഥിരീകരിച്ച മറ്റിടങ്ങളിലുമാണ് പരിശോധന നടത്തുക. നരഭോജിക്കടുവയെ ചത്തനിലയില്‍ കണ്ടെത്തിയെങ്കിലും ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് പഞ്ചാരക്കൊല്ലിയിലും സമീപപ്രദേശങ്ങളിലും തിരച്ചില്‍ നടത്തും.

 

അരീക്കോട് കൂരംകല്ലില്‍ കാട്ടാന കിണറ്റില്‍ വീണ സംഭവത്തില്‍ രക്ഷാപ്രവർത്തനത്തില്‍ കാലതാമസം വരുത്തിയതിന് ഉന്നത നിർദേശപ്രകാരം കേസെടുത്തു. കേസിൽ നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. ഈ മാസം 23ന് പുലർച്ചെ ഒരുമണിക്കാണ് അട്ടാറുമാക്കല്‍ സണ്ണി സേവ്യറിൻ്റ കിണറ്റില്‍ ആന വീണത്. ജനവാസ മേഖലയിലെ കിണറില്‍ വീണ കാട്ടാനയെ രക്ഷിച്ചത്  മണിക്കൂറുകൾ എടുത്താണ്.

 

മദ്യവില കൂട്ടിയും അമിത നികുതി ഈടാക്കിയും മദ്യപരെ സർക്കാർ കൊള്ളയടിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. വർഷം തോറും മദ്യവില കൂട്ടി മദ്യകമ്പനികളെ സഹായിക്കുന്നത് രാഷ്ട്രീയ അഴിമതിയാണെങ്കിലും, സമാന്തരമായി സർക്കാർ ഖജനാവിലേക്ക് വൻ തുകയാണ് സമാഹരിക്കുന്നതെന്നും ലോകത്തൊരിടത്തും ഇല്ലാത്ത 250 ശതമാനം വരെ മദ്യനികുതി കേരളത്തിൽ വാങ്ങുമ്പോൾ, മിക്ക വിദേശ രാജ്യങ്ങളിലും മദ്യ നികുതി ഭക്ഷ്യവസ്തുക്കളുടെ നികുതിയായ പത്തുശതമാനത്തിൽ താഴെയാണെന്നും അദ്ദേഹം പറഞ്ഞു.

 

മാള ഹോളി ഗ്രേസിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിൽ സംഘർഷം. സംഘർഷത്തിൽ 20 ഓളം കെ.എസ്.യു, എസ്.എഫ്.ഐ. വിദ്യാർഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലൻസ് ഒരുവിഭാഗം പിന്തുടർന്ന് തകർത്തു. കലോത്സവത്തിലെ മത്സരങ്ങൾ തുടങ്ങുന്നത് ഏറെ വൈകുന്നതും ഫലപ്രഖ്യാപനത്തിലെ അപാകതകളും സംബന്ധിച്ച് തുടക്കം മുതൽ തർക്കങ്ങളുണ്ടായിരുന്നു.

 

കാലിക്കറ്റ് യൂണിവേഴ്സിറ്റി  ഡീസോൺ കലോത്സവത്തിനിടെ  ആക്രമണം തുടങ്ങിവച്ചത് എസ്എഫ്ഐക്കാരെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർ പേഴ്സൺ നിഥിൻ ഫാത്തിമ. സ്കിറ്റ് മത്സരം തീർന്നതിനു പിന്നാലെ സ്റ്റേജ് കയ്യേറി എസ്എഫ്ഐക്കാർ അക്രമം അഴിച്ചുവിട്ടുവെന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് കെഎസ് യുക്കാർ അക്രമം നടത്തുന്ന ദൃശ്യങ്ങൾ മാത്രമാണെന്നും എസ്എഫ്ഐക്കാർ അക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ലെന്നും അവർ പറഞ്ഞു.

 

കഠിനംകുളം ആതിര കൊലപാതകത്തിൽ പ്രതി ജോൺസൻ്റെ മൊഴി വിശദീകരിച്ച് ആറ്റിങ്ങൽ ഡിവൈഎസ്പി. ആതിരയും ജോൺസണും ഒരുമിച്ച് താമസിക്കാൻ വീട് എടുത്തിരുന്നുവെന്ന് പ്രതി മൊഴി നൽകിയതായി ഡിവൈഎസ്പി പറഞ്ഞു. കുട്ടിയെ ഉപേക്ഷിച്ചു വരാൻ തയ്യാറല്ലെന്നു ആതിര പറഞ്ഞു. തുടർന്നാണ് ബലം പ്രയോഗിച്ചു കഴുത്തിൽ കുത്തി കൊലപ്പെടുത്തിയതെന്നും ജോൺസൺ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ആതിരയുടെ ബന്ധം കുടുംബം അറിഞ്ഞിരുന്നു. ജോൺസനുമായുള്ള ബന്ധം അറിഞ്ഞതിനെ തുടർന്ന് കുടുംബം ആതിരയെ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിച്ചു. ഇതോടെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതിയുടെ മൊഴിയിലുണ്ട്.

 

കൂത്താട്ടുകുളത്തെ കൗൺസിലർ കലാ രാജുവിന്‍റെ മകനെതിരെ സിപിഎം പ്രാദേശിക നേതാവ് നൽകിയ പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തി. കലാ രാജുവിന്‍റെ മകൻ ബാലുവും സുഹൃത്തുക്കളും ചേർന്ന് തന്നെ മർദിച്ചെന്നാരോപിച്ച് സിപിഎം  തിരുമാറായി ലോക്കൽ കമ്മിറ്റി അംഗം സിബി പൗലോസ് നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എന്നാൽ സംഭവം നടന്നുവെന്ന് ആരോപിക്കുന്ന സമയം ബാലുവും സുഹൃത്തുക്കളും കൂത്താട്ടുകുളത്ത് ഉണ്ടായിരുന്നില്ല എന്ന് പൊലീസ് കണ്ടെത്തി.

 

ആലുവ എടത്തലയിലെ പിവി അൻവറിന്റെ കൈവശമുള്ള പാട്ട ഭൂമിയിലെ കെട്ടിടം പൊളിച്ചു നീക്കണമെന്ന ഹർജിയിൽ പി വി അൻവറിന്റെ ഉടമസ്ഥയിലുള്ള പിവീസ് റിയൽട്ടേഴ്സിനെയും നാവിക ആയുധ സംഭരണ കേന്ദ്രത്തെയും കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം. നാവിക ആയുധ സംഭരണ ശാലയോട്  ചേർന്നാണ് അൻവറിന്റെ കൈവശമുള്ള പാട്ട ഭൂമിയിലെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇത് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ സ്വകാര്യ ഹർജി എത്തിയത്.

 

ദില്ലിയിൽ അധികാരത്തിലെത്തിയാൽ കേന്ദ്രസർക്കാറുമായി ചേർന്ന് ആന്റി റോമിയോ സ്ക്വാഡ് സ്ഥാപിക്കുമെന്ന വാഗ്ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക. പൊതുവിടങ്ങളിലെ സ്ത്രീ സുരക്ഷയ്ക്കായാണ് സ്ക്വാഡ് എന്നാണ് അവകാശവാദം.ഉത്തർപ്രദേശിൽ യോഗി സർക്കാർ ഏറ്റവും വലിയ നേട്ടമായി അവതരിപ്പിക്കുന്ന പദ്ധതിയാണ് ആന്‍റി  റോമിയോ സ്ക്വാഡ്.

 

തെലങ്കാനയിൽ ദുരഭിമാനക്കൊലയെന്ന് സംശയം. തെലങ്കാനയിലെ സൂര്യപേട്ടിൽ ദളിത് യുവാവ് സൂര്യപേട്ട് സ്വദേശി വി കൃഷ്ണന്‍റെ മൃതദേഹം കനാലിൽ കണ്ടെത്തിയതിനെ തുടർന്നാണ് സംശയം ഉയർന്നിരിക്കുന്നത്. ആറ് മാസം മുൻപ് ഇതര സമുദായത്തിൽ നിന്നുള്ള പെൺകുട്ടിയെ കൃഷ്ണ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഇവരുടെ കുടുംബാംഗങ്ങൾ തന്‍റെ മകനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കൃഷ്ണയുടെ അച്ഛൻ ആരോപിക്കുന്നത്.

 

തമിഴ്നാട്ടിലെ കോഴിപ്പോരിന് നിരോധനം നീങ്ങിയതോടെ തമിഴ്നാട്ടിലുടനീളം കോഴിപ്പോര് മത്സരം സജീവമായി. കോഴിപോരിനുവേണ്ടി പ്രത്യേകം ഇനം കോഴികളെ ആറ് മാസം വരെ പ്രത്യേക പരിശീലനം നൽകിയാണ് വളർത്തുന്നത്.

പോരിനിടയിൽ കോഴിയുടെ കാലിൽ കെട്ടിയിരുന്ന മൂർച്ചയേറിയ കത്തി തറച്ച് കാണികളിലൊരാൾ മുമ്പ് മരണപ്പെട്ടതിനെ തുടർന്ന്  കാള പോരിനൊപ്പം കോഴിപ്പോരിനും സുപ്രീം കോടതി വിലക്ക് കല്പിച്ചിരുന്നു.

 

സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങൾ പുനഃപരിശോധിച്ച് പരിഷ്കരിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിശാൽ തീവാരി എന്ന അഭിഭാഷകൻ നല്കിയ  ഹർജി സുപ്രീം കോടതി തള്ളി. കഴിഞ്ഞ ദിവസം ബംഗളുരുവിൽ ഭാര്യയും ഭാര്യ വീട്ടുകാരും നൽകിയ വ്യാജ പരാതിയെ തുടർന്ന് ആത്മഹത്യ ചെയ്ത അതുൽ സുഭാഷിന്റെ മരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹർജി. എന്നാൽ സുപ്രീം കോടതി ഹർജി കേൾക്കാൻ വിസമ്മതം അറിയിച്ചു. സമൂഹമാണ് മാറേണ്ടത്, അല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

 

നയൻതാരയുടെ ഡോക്യുമെന്ററി വിവാദത്തിൽ ധനുഷിന്റെ ഹർജി പരിഗണിക്കരുതെന്ന നെറ്റ്ഫ്ലിക്സിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. പകർപ്പവകാശ നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് ധനുഷ് ഹർജി നൽകിയത്. ധനുഷിന്റെ ഹർജിയിൽ ഫെബ്രുവരി അഞ്ചിന് ഹൈക്കോടതി വാദം കേൾക്കും.

 

ഉയർന്ന അളവിൽ ക്ലോറേറ്റ് സാന്നിദ്ധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൊക്കകോളയും സ്പ്രൈറ്റും മറ്റ് ഉത്പന്നങ്ങളും തിരിച്ചുവിളിച്ച് കമ്പനി. ആരോഗ്യപരമായ കാരണങ്ങൾ മുൻനിർത്തിയാണ് കമ്പനിയുടെ ഈ നടപടി. ബെൽജിയം, നെതർലന്റ്സ്, ബ്രിട്ടൻ, ജെർമനി, ഫ്രാൻസ് ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ നവംബർ മുതൽ വിതരണം ചെയ്ത കാനുകളിലും ഗ്ലാസ് ബോട്ടിലുകളിലുമാണ് ഉയർന്ന അളവിൽ ക്ലോറേറ്റ് കണ്ടെത്തിയത്.

 

സൈന്യത്തിൽ നിന്ന് ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ‍ഡൊണാൾഡ് ട്രംപ്. സൈന്യത്തിൽ ഉപയോ​ഗിച്ചുവരുന്ന ഭിന്നലിം​ഗ സൗഹൃദ സർവ്വനാമങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ഇതിനുള്ള നടപടി സ്വീകരിച്ചതായി അദ്ദേഹം തിങ്കളാഴ്ച വ്യക്തമാക്കി.

 

പ്രധാന മന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് സന്ദർശിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഞാൻ കുറെ നേരം അദ്ദേഹവുമായി ഫോണിൽ സംസാരിച്ചുവെന്നും വൈറ്റ് ഹൗസ് സന്ദർശിക്കാൻ അദ്ദേഹം വരുന്നുണ്ടെന്നും ഫെബ്രുവരിയിൽ ആയിരിക്കും സന്ദർശനത്തിന് വരുന്നതെന്നും ട്രംപ് പറഞ്ഞു.

 

കുംഭമേളക്കായി ഝാന്‍സിയില്‍ നിന്നും പ്രയാഗ് രാജിലേക്ക് അനുവദിച്ച പ്രത്യേക ട്രെയിന് നേരെ യാത്രികരുടെ  ആക്രമണം. ട്രെയിനിന്‍റെ വാതില്‍ തുറക്കാന്‍ കഴിയാത്തതില്‍ പ്രകോപിതനായ യാത്രക്കാരൻ കല്ലെടുത്ത് ഡോറിന്‍റെ ചില്ല് എറിഞ്ഞ് തകർത്തു. ട്രെയിൻ ഹര്‍പാല്‍പ്പൂര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം.

 

ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രഞ്ജി ട്രോഫിയില്‍ കളിച്ചത് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തുപോകാതിരിക്കാന്‍ വേണ്ടി മാത്രമാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവിവെന്ന് സുനിൽ ഗവാസ്കര്‍. സുനില്‍ ഗവാസ്കറുടെ വിമര്‍ശനങ്ങള്‍ക്കെതിരെ രോഹിത് ശര്‍മ ബിസിസിഐക്ക് പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വീണ്ടും വിമര്‍ശനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *