ആഭ്യന്തരമന്ത്രി അമിത് ഷാ ബിആർ അംബേദ്ക്കറെ അപമാനിച്ചതിൽ നീല വസ്ത്രങ്ങൾ ധരിച്ച് രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ ബിജെപി പ്രതിഷേധത്തിനിടയിലേക്ക് കയറിയതോടെ സംഘർഷാവസ്ഥയിലെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബിജെപി എംപിമാർ പിടിച്ചുതള്ളിയെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ രാഹുൽ ഗാന്ധി ബിജെപി എപിമാരെ തളളിയെന്ന് ബിജെപിയും ആരോപിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്കി കോണ്‍ഗ്രസ്. മണിക്കം ടാഗോര്‍ എം.പി.യാണ് നോട്ടീസ് നല്‍കിയത്. അമിത്ഷാ മാപ്പുപറഞ്ഞ് മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.
എ.ഡി.ജി.പി എം.ആര്.അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം ഉദ്ദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അനധികൃത സ്വത്തു സമ്പാദനത്തിലുള്ള വിജിലന്‍സ് അന്വേഷണത്തിനു പുറമെ തൃശൂര്‍ പൂരം കലക്കല്‍, ആര്.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയിലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പ് നടത്തിയ 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. പാർട്ട് ടൈം സ്വീപ്പർ മുതൽ വർക്ക് ഓഫീസർ വരെ നടപടി നേരിട്ടവരിൽ ഉൾപ്പെടും. അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിർദ്ദേശിച്ചു.
സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അടക്കം 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
എന്‍.സി.പിയിലെ മന്ത്രിമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, എ.കെ. ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്ന് സിപിഎം തീരുമാനം. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് സി.പി.എം ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള ദേശീയ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ടിനെ അറിയിച്ചു.
വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കെഎസ്എഫ്ഇ ചെയര്മാൻ കെ വരദരാജൻ വ്യക്തമാക്കി. നോട്ടീസ് കൊടുത്ത ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചയാണിതെന്നും, നേരത്തെ തന്നെ യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ലെന്ന് തീരുമാനം എടുത്തിരുന്നതാണ് അങ്ങനയിരിക്കെ ഇത്തരത്തിൽ നോട്ടീസ് നൽകിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വടകര അഴിയൂർ ചോറോട് 9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസിലെ പ്രതി ഷജീലിന് മുൻകൂർ ജാമ്യം ഇല്ല. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർജാമ്യപേക്ഷ തള്ളിയത്. അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്തു കൊണ്ടു പൊലീസ് കോടതിയിൽ ഉന്നയിച്ചത്.
തൃശൂർ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വൻ വേലിയേറ്റമുണ്ടായി. ശക്തമായ തിരയിൽ കടൽവെളളം കരയിലേക്ക് അടിച്ചു കയറിയതിനെ തുടർന്ന് പാർക്കിങ് ഗ്രൗണ്ട് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ വെള്ളം കയറിയിരുന്നു. വെള്ളം കയറിയതോടെ മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ബലാത്സഗംഗ കേസിൽ മോൺസൺ മാവുങ്കലിനെ വെറുതെ വിട്ടു. എറണാകുളം പോക്സോ കോടതിയുടേതാണ് വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ്. മോൺസൻ്റെ മാനേജരായി ജോലി ചെയ്തിരുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു കേസ്.
ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
സിപിഎം കുന്നംകുളം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായ പൊതു സമ്മേളനത്തില്‍ വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്. കാറില്‍ പോകേണ്ട കാര്യമുണ്ടോ നടന്നും പോകാമല്ലോ എന്നായിരുന്നു വിജയരാഘവന് ചോദിച്ചത്.അല്ലെങ്കില്‍ ഇവിടെ ട്രാഫിക് ജാമില്ലേയെന്നും എല്ലാവരും കൂടി കാറില്‍ പോകാതെ നടന്നു പോകാമല്ലോ 25 കാർ പോവുമ്പോള്‍ 25 ആളുകളേ പോകുന്നുള്ളൂവെന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ ഒളിവിൽ. പ്രതികൾ ഇന്ന് കോടതിയിൽ കീഴടങ്ങാൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഹാജരായില്ല. പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ത്, അതുൽ, ധനേഷ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ആലപ്പുഴ അഡീ. സെഷൻസ് കോടതി വീണ്ടും വാറണ്ട് പുറപ്പെടുവിച്ചു.
കൊച്ചി വെണ്ണലയിൽ മരിച്ച അമ്മയുടെ മൃതദേഹം ആരെയും അറിയിക്കാതെ കുഴിച്ചിടാൻ മകന്റെ ശ്രമം. വെണ്ണല സ്വദേശി 70 വയസുള്ള അല്ലി ആണ് മരിച്ചത്. സംഭവത്തിൽ മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് മൃതദേഹം മറവ് ചെയ്യാൻ കുഴി എടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തമായിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ തമിഴ്നാട് – തെക്കൻ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
മോട്ടോർ വാഹന നിയമം അനുസരിക്കാതെ അപകടകരമായ തരത്തിൽ രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ശബരിമല തീർത്ഥാടകരുടെ യാത്രയ്ക്കായാണ് വാഹനത്തിൽ വലിയ തരത്തിൽ മാറ്റം വരുത്തി റോഡിലിറക്കിയത്. യാത്രയ്ക്കിടെ ഇലവുങ്കലിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുത്തു. കൊല്ലം സ്വദേശികളായ ശബരിമല തീർത്ഥാടകരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ക്ഷേത്ര ശ്രീകോവിലിന്റെയും പതിനെട്ടാം പടിയുടെയും മാതൃക ഓട്ടോറിക്ഷയിൽ കെട്ടിവെച്ചിരുന്നു.
തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും സിപിഎം വിമതൻ പുറത്ത്. ഇടത് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാനായിരുന്നു സിപിഎം വിപ്പ്. എന്നാൽ ബ്രാഞ്ച് സെക്രട്ടറി അടക്കം സിപിഎം വിപ്പ് ലംഘിച്ചു. ഇടത് അംഗങ്ങൾക്കൊപ്പം ചേർന്ന് കോൺഗ്രസിന്റെ മൂന്നു പ്രതിനിധികൾ വോട്ട് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി റൻസിന്, ലോക്കൽ കമ്മിറ്റി അംഗം കൃഷ്ണകുമാർ, സിപിഎം അംഗങ്ങളായ സിസിലി,റീന തോമസ് എന്നിവരാണ് വിപ്പ് ലംഘിച്ചത്.
പത്തനംതിട്ടയിൽ മോഷണ കേസിൽ കീഴ് ശാന്തിക്കാരനെ ആളു മാറി പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം വിവാദത്തിൽ. പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ് ശാന്തിയായ വിഷ്ണുവിനെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, ആളുമാറിയാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമായതോടെ വിട്ടയക്കുകയായിരുന്നു. കീഴ് ശാന്തിയെ കൊണ്ടുപോയതോടെ ക്ഷേത്രത്തിലെ പൂജകള്‍ വൈകിയെന്ന് മുരിങ്ങമംഗലം ക്ഷേത്ര ഭാരവാഹികള്‍ ആരോപിച്ചു. സംഭവത്തിൽ പൊലീസിനെതിരെ പ്രതിഷേധവും ഉയര്‍ന്നു.
ഉദയംപേരൂരിൽ 100 വർഷം പഴക്കമുള്ള കണ്ടനാട് ജെബി സ്കൂളിന്റെ കെട്ടിടം തകർന്നു വീണു. ഇവിടെ 3 കുട്ടികൾ പഠിക്കുന്ന അങ്കണവാടിയുമുണ്ട്. കുട്ടികളെത്തുന്നതിന് മുമ്പുള്ള അപകടമായതിനാൽ വൻദുരന്തമാണ് ഒഴിവായത്. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാകെ നിലംപൊത്തിയിരിക്കുകയാണ്.
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിലെ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതി. കോട്ടയം അഡീഷണൽ സെഷൻസ് കോടതി നാളെ പ്രതിക്കുള്ള ശിക്ഷ വിധിക്കും. സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനേയും അമ്മാവനെയുമാണ് പ്രതി വെടിവെച്ച് കൊന്നത്. 2 വർഷത്തോളം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിത്.
മാഹിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 42 കുപ്പി വിദേശ മദ്യം എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ തളിപ്പറമ്പ് സ്വദേശി മുട്ടത്തിൽ മിഥുൻ എന്നയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിപ്പള്ളിയിലെ വാഹന പരിശോധനയ്ക്കിടെയാണ് മദ്യം കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടെ 400 ലിറ്ററോളം വിദേശമദ്യമാണ് ഇത്തരത്തിൽ പിടികൂടിയിരിക്കുന്നത്.
തിരൂരങ്ങാടി മൂന്നിയൂരിൽ തേനീച്ചയുടെ കുത്തേറ്റ് സ്കൂൾ വിദ്യാർഥികളടക്കം മുപ്പതോളം പേർക്ക് പരിക്ക്. മൂന്നിയൂർ കലംകൊള്ളിയാലിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിലുണ്ടായിരുന്ന തേനീച്ചകളാണ് കുത്തിയത്. ഇന്നലെ വൈകീട്ട് മുന്നേകാലോടെയാണ് സംഭവം.
ഗുരുതരമായി പരുക്കേറ്റ മുട്ടുചിറ സ്വദേശി അച്യുതനെ (76) കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
സിനിമ,സീരിയൽതാരം മീനഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1976 മുതൽ സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമാണ് മീന ഗണേഷ്. നന്ദനം, കരുമാടികുട്ടന് തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധേയമായിരുന്നു.
ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം. ബാലകൃഷ്ണൻ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മുൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഡെപൂട്ടി ഡയറക്ടർ സുലഭയാണ് ഭാര്യ. ഒറ്റപ്പാലം കണ്ണിയംപുറത്ത് ജെ.കെ നഗറിൽ തെക്കും പുറത്തെ വീട്ടിൽ പരേതനായ രാമകുമാറിന്റേയും സ്വർണ്ണ കുമാരിയുടേയും മകനാണ്.
ഇടുക്കി ചേലച്ചുവട്ടിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. ചേലച്ചുവട് ആയത്തു പാടത്ത് എൽസമ്മ (74) ആണ് മരിച്ചത്. രാവിലെ ആറു മണിയോടെ വീട്ടിൽ നിന്നും പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ലോറിയിടിച്ചത്. ഉടൻ തന്നെ എൽസമ്മയെ ഇടുക്കി മെഡിക്കൽ കോളജിലും തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുംബൈയിൽ 13 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തിൽ പെട്ട മലയാളി കുടുംബം സുരക്ഷിതർ. പത്തനംതിട്ട സ്വദേശികളായ ജോർജ് മാത്യുവും നിഷ ജോർജ് മാത്യുവും ആറുവസയുകാരൻ ഏബൽ മാത്യുവും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.ആളുകളുടെ ജീവൻ അപകടത്തിലാക്കും വിധം അലക്ഷ്യമായി വാഹനമോടിച്ച കുറ്റം ചുമത്തി സ്പീഡ് ബോട്ട് ഓഡിച്ചയാൾക്കെതിരെ കേസെടുത്തു.
ജമ്മുക്ശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. അഞ്ച് ഭീകരവാദികളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് തമിഴ് സൂപ്പർ താരവും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡൻ്റുമായ വിജയ്. അമിത് ഷായുടെ അബേദ്കർ പരാമർശത്തിനെതിരെയാണ് വിജയുടെ പ്രതികരണം. ചില വ്യക്തികൾക്ക് അംബേദ്കറിൻ്റെ പേരിനോട് അലർജിയുണ്ടാകാം എന്നാണ് വിജയ് എക്സിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബംഗ്ലാദേശ് ഇന്ത്യ സായുധ സേനാ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. ബംഗ്ലാദേശ് സായുധ സേനയുടേയും ഇന്ത്യൻ സായുധ സേന പ്രതിനിധി സംഘവും 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത ഇരു രാജ്യങ്ങളിൽ നിന്നുള്ള സൈനികരും ഒരുമിച്ചായിരുന്നു കൂടിക്കാഴ്ച. വിജയ് ദിവസ് ആഘോഷങ്ങൾക്കായി ഒൻപതംഗ പ്രതിനിധി സംഘമാണ് ഞായറാഴ്ച കൊൽക്കത്തയിൽ എത്തിയത്.
ജമ്മു കശ്മീരിലെ രജോരി ജില്ലയെ ഭീതിയിലാഴ്ത്തി അജ്ഞാതരോഗം. കോട്രംക താലൂക്കിലെ ബാഥല്‍ ഗ്രാമത്തില്‍, ഒന്‍പതു ദിവസത്തിനിടെ രണ്ട് കുടുംബത്തിലെ എട്ടുപേര്‍ക്ക് ജീവന് നഷ്ടമായി. മരിച്ചവരില്‍ ഏഴുപേരും പതിനാലു വയസ്സിന് താഴെയുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകൾ. പരിശോധനകള്‍ക്കായി ബയോസേഫ്റ്റി ലെവല്‍-3 (ബി.എസ്.എല്‍.) മൊബൈല്‍ ലാബോറട്ടറി എന്നിവ രജോരിയിലേക്ക് അയച്ചു.
ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയ ചെറുവിമാനം കത്തിനശിച്ച് രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ഹോമോലുലു വിമാനത്താവളത്തിന് സമീപമുണ്ടായ അപകടത്തിലാണ് പരിശീലന വിമാനം കെട്ടിടത്തിലേക്ക് ഇടിച്ച് കയറി കത്തിനശിച്ചത്. ദാനിയൽ കെ ഇനോയു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്.
അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയിൽ ഐസിയുവിനുള്ളിൽ രോഗിയ്ക്ക് അത്ഭുത രക്ഷയുമായി സ്വയം പ്രഖ്യാപിത ആൾദൈവം. മുകേഷ് ഭുവ എന്ന സ്വയം പ്രഖ്യാപിത ആൾദൈവമാണ് ഐസിയുവിൽ അത്ഭുത രോഗശാന്തി നൽകിയത്. സംഭവത്തിൽ ഗുജറാത്ത് ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ആശുപത്രി സൂപ്രണ്ട് സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് 24 മണിക്കൂറിനകം ചെന്നൈയില്‍ തിരിച്ചെത്തി ആര് അശ്വിന്. ഇന്ന് ചെന്നൈയില്‍ എത്തിയ അശ്വിന് വീട്ടില്‍ വന്‍ സ്വികരണമാണ് പ്രദേശവാസികള്‍ ഒരുക്കിയത്. ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റ് പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയാണ് അശ്വിന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്.
സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ക്വാര്‍ട്ടറിലെത്തി. ഒഡീഷയെ എതിരില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ചാണ് ബി ഗ്രൂപ്പില്‍ രണ്ടു കളികള്‍ ബാക്കി നില്‍ക്കെ കേരളം ക്വാര്‍ട്ടറില്‍ കടന്നത്. ഡെക്കന്‍ അരീന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓരോ പകുതിയിലും ഓരോ ഗോള്‍ നേടുകയായിരുന്നു കേരളം. കേരളത്തിനായി മുഹമ്മദ് അജ്സല്‍ , നസീബ് റഹ്മാൻ എന്നിവര്‍ സ്കോര്‍ ചെയ്തു.