രാജ്യസഭയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെടുത്തെന്ന് ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍. കോൺഗ്രസ് എംപി മനു അഭിഷേക് സിംഗ്‍വിയുടെ ഇരിപ്പിടത്തില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെടുത്തതെന്നും അന്വേഷണം പ്രഖ്യാപിച്ചതായും ചെയര്‍മാന്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകാതെ നിഗമനത്തിലെത്തരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖര്‍ഗെ പറഞ്ഞു. എന്നാൽ അഞ്ഞൂറിന്‍റെ ഒരു നോട്ടുമായാണ് സഭയില്‍ പോയതെന്നും ആരോപണം ഞെട്ടിച്ചുവെന്നും സിംഗ് വി പ്രതികരിച്ചു.
വയനാട് ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടുള്ള സഹായം വൈകുന്നതില്‍ പ്രിയങ്ക ഗാന്ധി നേരിട്ട് കണ്ട് സമർപ്പിച്ച നിവേദനത്തിന് അമിത് ഷാ മറുപടി നല്കി. സംസ്ഥാനം വിശദ നിവേദനം നല്കിയത് നവംബർ 13ന് മാത്രമാണെന്നും വയനാട് ദുരന്തത്തിൽ റിപ്പോർട്ട് നല്കുന്നതിൽ കേരളം വലിയ താമസം വരുത്തിയെന്നും അദ്ദേഹം ആവർത്തിച്ചു. പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നരമാസം വൈകിച്ചുവെന്നും ദുരന്ത സമയത്ത് കേരളത്തിന് എല്ലാ സഹായവും നല്‍കി ഇനിയും കേരളത്തിന് ഉചിതമായ സഹായം നല്‍കുമെന്നും അമിത് ഷായുടെ കുറിപ്പില്‍ പറയുന്നു.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് അപ്രയോഗികമാണെന്നും കോടതിയുടെ ചില നിരീക്ഷണങ്ങളോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ. ഈ സാഹചര്യത്തിൽ നിയമ നിർമ്മാണത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണാൻ ആലോചന നടക്കുകയാണെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഈ ആഴ്ച തന്നെ ഉന്നതതല യോഗം വിളിക്കുമെന്നും റവന്യു മന്ത്രി വിവരിച്ചു.
സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാട്ടക്കരാർ വ്യവസ്ഥകൾ മുഴുവൻ ടീകോം ലംഘിച്ചതിനാൽ 246 ഏക്കർ ഭൂമി അടിയന്തരമായി തിരിച്ചെടുക്കണമെന്നും വെറും പത്ത് മിനിട്ട് കൊണ്ട് ചെയ്യാവുന്ന നടപടിയാണ് ഇതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
വയനാട്ടിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസത്തിന് 20 കോടി 44 ലക്ഷം രൂപ സമാഹരിച്ചുവെന്ന് ഡിവൈഎഫ്ഐ. പണമായി എത്തിയ സഹായം മാത്രമാണിതെന്നും മറ്റ് സഹായ വാഗ്ദാനങ്ങൾ വേറെയും ഉണ്ടെന്നും ഡിവൈഎഫ്ഐ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും കേരളമെന്താ ഇന്ത്യയിലല്ലേ എന്ന ചോദ്യം ശക്തമായി ഉയർത്തുമെന്നും നേതാക്കൾ പറഞ്ഞു.
എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ തയ്യാറല്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി 12 ന് വീണ്ടും പരിഗണിക്കും.
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെ പി സി സി പുനസംഘടനക്ക് മുൻപ് തീരുമാനം വന്നേക്കും. കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനത്തിൽ ധാരണയായെന്നാണ് സൂചന. തീരുമാനം വൈകരുതെന്നും, സജീവ പ്രവർത്തനത്തിൽ ഇറങ്ങണമെന്നും സന്ദീപ് നേതൃത്വത്തെ അറിയിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് നേതൃത്വത്തെ തള്ളിപ്പറഞ്ഞ് സരിനൊപ്പം ചേർന്ന യൂത്ത് കോൺഗ്രസ് മുൻനേതാവ് എകെ ഷാനിബ് ഡിവൈഎഫ്ഐയിൽ ചേരും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഷാഫി പറമ്പിൽ എന്നിവരുടെ പ്രവർത്തന ശൈലിയെ വിമർശിച്ചായിരുന്നു ഷാനിബ് യൂത്ത് കോൺഗ്രസ് വിട്ടത്.
വടകരയിൽ ഒമ്പത് വയസുകാരിയായ ദൃഷാനയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം അപകടം നടന്ന് ഒമ്പത് മാസത്തിന് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തി. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. പുറമേരി സ്വദേശിയായ ഷജിൽ എന്ന ആള്‍ ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്നും ഇയാള്‍ക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യ ചുമത്തിയെന്നും വടകര റൂറൽ എസ്പി പറഞ്ഞു. ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. പ്രതി ഇപ്പോൾ വിദേശത്താണെന്നും പൊലീസ് അറിയിച്ചു. കാര്‍ മതിലില്‍ ഇടിച്ചെന്ന് വരുത്തിയാണ് പ്രതി ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിച്ചത്. അപകടത്തിന് ശേഷം വാഹനത്തിന് രൂപമാറ്റം വരുത്തിയെന്നും പൊലീസ് കണ്ടെത്തി. അതോടൊപ്പം കാർ കണ്ടെത്തിയതും പ്രതിയെ തിരിച്ചറിഞ്ഞതും ആശ്വാസമാണെന്നും ഇൻഷ്വറൻസ് കിട്ടുമെന്ന പ്രതീക്ഷയും ഇപ്പോൾ ഉണ്ടെന്നും ദൃഷാനയുടെ അമ്മ കൂട്ടിച്ചേർത്തു.
കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റുകളിലെ കേബിളുകൾ സംബന്ധിച്ച് സൂരക്ഷാ ചട്ടങ്ങൾ ഉറപ്പാക്കാൻ കെ എസ് ഇ ബിക്ക് കർശന നിർദേശം നല്‍കി ഹൈക്കോടതി. അപകടരകരമായ കേബിളുകൾ നീക്കം ചെയ്യാത്തതെന്തുകൊണ്ടാണെന്നും എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും കേബിൾ വലിക്കുമ്പോള്‍ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കെ എസ് ഇ ബി വിശദീകരിക്കണമെന്നും കോടതി നിർദേശം നല്‍കി.
തളിക്കുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളിൻ്റെ മതിൽ ദേശീയപാതയുടെ കാന നിര്‍മാണത്തിലെ അശ്രദ്ധകൊണ്ട് തകര്‍ന്നു. സ്‌കൂള്‍ കെട്ടിടത്തിനു മുന്നിലെ മതിലും ഗ്രൗണ്ടിനോട് ചേര്‍ന്ന് പുതുതായി നിര്‍മിച്ച മതിലും തകര്‍ന്നിട്ടുണ്ട്. മതിലിനരികിലെ മണ്ണിടിഞ്ഞ് മഴവെള്ള സംഭരണി തകരുമെന്ന നിലയിലാണ്. ദേശീയപാത നിര്‍മാണത്തിനായി സ്‌കൂള്‍ ഗ്രൗണ്ടിന്റെ ഒരു ഭാഗവും നേരത്തേ നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കായിക മത്സരങ്ങള്‍ക്കും പരിശീലനത്തിനും പരിമിതി നേരിടുകയാണ്.
സാംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിര്‍മ്മാതാവും നടിയുമായ ആന്‍ ഹുയിക്ക് സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
കെഎം മാണിക്ക് എതിരെ നിയമസഭയ്ക്ക് പുറത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാക്കളായ എ.എ.റഹീം എം.പിയെയും എം.സ്വരാജിനെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് 4 കോടതിയാണ് വെറുതെവിട്ടത്. കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ എൽഡിഎഫ് നിയമസഭ ഉപരോധിച്ച സംഭവത്തിലായിരുന്നു കേസ്.
ശബരിമലയില്‍ നടൻ ദിലീപ് വിഐപി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തില്‍ വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദേശിച്ചു.
പതിനൊന്നാം തവണയും പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി). യോഗത്തിൽ 4:2 എന്ന ഭൂരിപക്ഷത്തോടെ പലിശ നിരക്ക് കുറക്കില്ലെന്ന നിലപാട് എടുക്കുകയായിരുന്നു എംപിസി. പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നത്കൊണ്ടാണ് പലിശ കുറയ്ക്കാത്തതിന്റെ കാരണമായി ചൂണ്ടികാണിച്ചിരിക്കുന്നത്.
കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ ആർ എസ് മധു വിജിലൻസ് പിടിയിലായി. കോർപറേഷന്റെ പള്ളുരുത്തി സോണൽ ഓഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കെട്ടിടത്തിന് എൻ ഒ സി നൽകുന്നതുമായി ബന്ധപ്പെട്ട് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം മധുവിനെ കൈയ്യോടെ പിടികൂടുകയായിരുന്നു.
ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി സിദ്ദിഖിനെ കോടതിയിൽ ഹാജരാക്കും. സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് സിദ്ദിഖ് കോടതിയിൽ ഹാജരായത്.
ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത. ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി നിലവിൽ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി നാളെയോടെ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 11നോ 12നോ ശേഷം കേരളത്തിൽ വീണ്ടും മഴ വർധിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.
ചാലക്കുടി ചിറങ്ങര റെയില്‍വേ മേല്‍പ്പാലം ശനിയാഴ്ച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. മേല്‍പ്പാലത്തിന്റെ പെയിന്റിങ്, കൈവരികളിൽ വിളക്കുകൾ സ്ഥാപിക്കുന്നത് തുടങ്ങി അവസാനഘട്ട പണികളും പൂര്‍ത്തിയാക്കിയാണ് ഉദ്ഘാടനം നടത്തുന്നത്. സോളാര്‍ പാനലുകൾ ഘടിപ്പിച്ച വിളക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
യൂണിവേഴ്സിറ്റി കോളേജിലെ ഇടിമുറിയിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിക്കടക്കം മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ്. പ്രതികളായ എസ് എഫ് ഐ പ്രവർത്തകരുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ പ്രതികളെല്ലാം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പൂവച്ചൽ സ്വദേശിയായ ഭിന്നശേഷിക്കാരനായ വിദ്യാർഥി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്.
തിരുവനന്തപുരം മൃഗശാലയിലെ ഗ്രേസി എന്ന പെൺസിംഹത്തിന്റെ ചികിത്സയ്ക്കായി അമേരിക്കയിൽനിന്ന് മരുന്നെത്തിച്ചു. ക്രോണിക്ക് അറ്റോപിക്ക് ഡെർമറ്റൈറ്റിസ് എന്ന ത്വക്ക് രോഗം കണ്ടെത്തിയതിനെത്തുടർന്നാണ് അമേരിക്കയിൽനിന്ന് മരുന്ന് ഇറക്കുമതി ചെയ്തത്. ഒരു ഡോസിന് ശരാശരി പതിനയ്യായിരം രൂപ വിലവരുന്ന മരുന്നിന്റെ നാല് ഡോസുകൾ ആണ് എത്തിച്ചത്.
ആലപ്പുഴ കളർകോട് ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആൽബിൻ ജോർജിന് വിട നൽകി സഹപാഠികൾ. വിദേശത്തുനിന്ന് ബന്ധുക്കൾ എത്താനുള്ളതിനാൽ പൊതുദർശനത്തിന് ശേഷം ആൽബിന്റെ മൃതദേഹം എടത്വയിലെ സ്വകാര്യആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ചയാണ് സംസ്കാരം.
കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊട്ടിയം സ്വദേശി ലാലുവിനെയാണ് സർജിക്കൽ വാർഡിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രോഗിയുടെ കൂട്ടിരിപ്പിനായി എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം.
കണ്ണൂർ ധർമ്മശാല ചേലേരിയിൽ സ്കൂട്ടറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. ആംസ്റ്റെക് കോളേജ് യൂണിയൻ ചെയർമാൻ പിസി മുഹമ്മദാണ് മരിച്ചത്. സ്കൂട്ടറും ഗ്യാസ് സിലിണ്ടറുമായി വന്ന ഗുഡ്സ് ഓട്ടോയും തമ്മിലിടിച്ചായിരുന്നു അപകടം.
അമേരിക്കയിലെ പ്രശസ്തമായ ഇൻഷുറൻസ് സ്ഥാപന സിഇഒ ബ്രയാൻ തോംസൺ കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് കണ്ടെത്തിയ വെടിയുണ്ടയിൽ നിന്നുള്ള കുറിപ്പുകളും അന്വേഷണ വിധേയമാക്കുന്നു. ഇൻഷുറൻസ് വ്യവസായ രംഗത്ത് പതിവായി ഉപയോഗിക്കപ്പെടുന്ന മൂന്ന് വാക്കുകളായ കാലതാമസം എന്നർത്ഥമാക്കുന്ന ഡിലേ, നിഷേധിക്കുക എന്നർത്ഥം വരുന്ന ഡെനി, തരം താഴ്ത്തുക എന്നർത്ഥം വരുന്ന ഡിപോസ് എന്നീ മൂന്ന് വാക്കുകളാണ് വെടിയുണ്ടകളുടെ ഷെല്ലിൽ കുറിച്ചിരുന്നത്.
പ്രഭാത പ്രാർത്ഥനകൾക്കിടെ ജൂത ദേവാലയത്തിന് തീയിട്ട് അജ്ഞാതർ. ഓസ്ട്രേലിയയിലെ മെൽബണിലാണ് ജൂത ദേവാലയമായ അഡാസ് ഇസ്രയേൽ സിനഗോഗാണ് വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ കത്തിനശിച്ചത്. അഗ്നിരക്ഷാ സേന സംഭവ സ്ഥലത്തേക്ക് എത്തിയപ്പോഴേയ്ക്കും കത്തിനശിച്ച നിലയിലായിരുന്നു ദേവാലയമുണ്ടായിരുന്നത്.
ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ഷേഖ് ഹസീനക്ക് ബംഗ്ലാദേശ് കോടതിയിൽ തിരിച്ചടി. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരായ വിമർശനങ്ങളാണ് ഹസീനക്ക് കോടതിയിൽ തിരിച്ചടിയായത്. മുഹമ്മദ് യൂനുസ് വംശഹത്യയുടെ സൂത്രധാരനാണെന്ന ആരോപണം വ്യാപകമായി ചർച്ചയായതോടെ ഹസീനയുടെ പ്രസംഗങ്ങൾക്ക് കോടതി വിലക്ക് പ്രഖ്യാപിച്ചു.
ബഹിരാകാശ സഞ്ചാരി സുനിത വില്ല്യാംസും ബുച്ച് വിൽമോറും ഒരാഴ്ച നീളുന്ന ദൗത്യത്തിനായാണ് ബഹിരാകാശത്ത് എത്തിയതെങ്കിലും നാസയുടെ ഏറ്റവും ഒടുവിലെ പദ്ധതിപ്രകാരം 2025 ഫെബ്രുവരിയോടെ മാത്രമേ ഇരുവരെയും തിരികെയെത്തിക്കാനാകൂവെന്ന് റിപ്പോർട്ട്.