Untitled design 20241121 135223 0000

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ച് ചേര്‍ത്ത എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ.

വയനാട് ദുരന്ത സമയത്ത് വിവിധ സേനകളെ ലഭ്യമാക്കുന്നതിൽ കേന്ദ്രം സഹായിച്ചിരുന്നു പക്ഷേ അർഹമായ ദുരന്ത സഹായം വൈകിക്കുകയാണ് ഇതിൽ പ്രതിഷേധം അറിയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു ചൂരൽമലയിലുണ്ടായത് വരാനിരിക്കുന്ന ചെലവ് ഉൾപ്പെടെ 1222 കോടിയുടെ സഹായമാണ് ഇതിനായി ചോദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

 

വയനാട് ഉരുൾപൊട്ടലിനെ തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിക്കാൻ പദ്ധതിയിടുന്ന ടൗൺഷിപ്പിനായി മേപ്പാടി പഞ്ചായത്ത് പ്രാഥമിക പട്ടിക തയ്യാറാക്കി. 983 കുടുംബങ്ങളാണ് ഇപ്പോൾ വാടക വീടുകളിൽ താമസിക്കുന്നതെന്നാണ് കണക്ക് എന്നാൽ 504 കുടുംബങ്ങളെയാണ് ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടികയിൽ ചർച്ച നടത്താൻ ദുരന്തബാധിതരുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിച്ചിരിക്കുകയാണ് മേപ്പാടി പഞ്ചായത്ത്.

 

 

 

ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് റദ്ദാക്കിയ സിംഗിൾബെഞ്ച്, തുട‍രന്വേഷണത്തിന് ഉത്തരവിട്ടു. മല്ലപ്പളളി പ്രസംഗത്തിന്‍റെ പേരിൽ മന്ത്രി സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ സംസ്ഥാന പൊലീസ് നടപടിയെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്. 2022 ൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റിയുടെ പരിപാടിയിലായിരുന്നു വിവാദ പ്രസംഗം ഉണ്ടായത്. ഏറ്റവും നന്നായി ജനങ്ങളെ കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് നമ്മുടേത് അതിൽ കുറച്ചു ഗുണങ്ങൾ ഇട്ടിട്ടുണ്ട് ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡിൽ എഴുതിയിട്ടുണ്ട് പക്ഷേ കൃത്യമായി കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എന്നായിരുന്നു പ്രസംഗം.

 

 

 

മല്ലപ്പളളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജി വെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. കോടതി ഉത്തരവ് അംഗീകരിക്കുന്നു. പക്ഷേ തന്‍റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. വിഷയത്തിൽ അന്ന് ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് താൻ രാജിവെച്ചുവെന്നും അതിന്റെ സമയം കഴിഞ്ഞു ഒരു കോടതി ശരിയെന്നും മറ്റൊരു കോടതി തെറ്റെന്നും പറഞ്ഞു ഇനി രാജിയില്ലെന്നും ഉത്തരവ് പഠിച്ച് പരിശോധിച്ച് നിയമനടപടിയുമായി മേൽക്കോടതിയിൽ പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

 

 

രാജിവെച്ച സജി ചെറിയാനെ പിൻവാതിലിലൂടെ വീണ്ടും മന്ത്രിയായി നിയമിച്ച മുഖ്യമന്ത്രിക്ക് കൂടിയുള്ള മറുപടിയാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതുകൊണ്ട് അടിയന്തിരമായി സജി ചെറിയാൻ രാജിവെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. മന്ത്രിക്ക് അനുകൂലമായി പോലീസ് നൽകിയ റിപ്പോർട്ടാണ് സ്വീകാര്യമല്ലെന്ന് കോടതി പറഞ്ഞതെന്നും മന്ത്രി സ്ഥാനത്തിരുന്നുക്കൊണ്ട് അദ്ദേഹം അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും ഇനിയും അന്വേഷണം പ്രഹസനമായി മാറുമെന്നും സതീശൻ കുട്ടിച്ചേർത്തു.

 

 

സജി ചെറിയാനെ മുഖ്യമന്ത്രി അടിയന്തരമായി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ ആവശ്യപ്പെട്ടു. പോലീസ് റിപ്പോർട്ട് തന്നെ ഹൈക്കോടതി തള്ളിയെന്നും അന്ന് രാജി വെക്കാൻ ഉണ്ടായ സാഹചര്യം ഇപ്പോഴും തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡിയെ ഭരണഘടനയുടെ അന്തസത്ത പഠിപ്പിക്കുന്നവർരാണ് സിപിഎമ്മുകാരെന്നും രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ രാജിവെപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു

 

 

പാലക്കാട് മണ്ഡലത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസവുമായി മൂന്ന് മുന്നണികളും. നഗരത്തിലെ പോളിംഗ് വർദ്ധനയിൽ പ്രതീക്ഷ വയ്കുന്ന എൻഡിഎ, 8000ത്തിലേറെ വോട്ടിന് ജയിക്കുമെന്നും, നഗരസഭയിൽ ഒപ്പത്തിനൊപ്പവും പിരായിരിയിൽ ശക്തമായ മേൽകൈയും ഉറപ്പെന്ന് വാദിക്കുന്ന യുഡിഎഫ് മാത്തൂരിൽ കൂടി മുന്നേറ്റമുണ്ടാക്കി ജയിച്ചുവരുമെന്നും വിശദീകരിക്കുന്നു. ത്രികോണ മത്സരത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പിന്നിലായെന്നും പി സരിന്റെ സാധ്യതയാണ് തെളിഞ്ഞു വരുന്നതെന്നെന്നും എൽഡിഎഫും വ്യക്തമാക്കി.

 

 

 

ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് തികഞ്ഞ വിജയപ്രതീക്ഷയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പോളിംഗ് കുറഞ്ഞതും വിവാദങ്ങളും യുഡിഎഫിനെ ബാധിക്കില്ലെന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ അധപതനമാണ് വിവാദങ്ങളിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ബിജെപി ജയിക്കട്ടെ എന്ന നിലപാടാണ് സിപിഎമ്മിനെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

 

ശബരിമലയിൽ സംസ്ഥാന സർക്കാരിനെ പുകഴ്ത്തി എൻഎസ്എസ്. തീർത്ഥാടനം സുഗമവും കുറ്റമറ്റമാക്കാനും സർക്കാർ ശ്രമിക്കുന്നത് അഭിനന്ദനാ‍ര്‍ഹമെന്നാണ് എൻഎസ്എസ് മുഖപത്രത്തിലെ ലേഖനത്തിലെ പരാമര്‍ശം. സ്പോട്ട് ബുക്കിങ്ങിൽ ഉണ്ടായ ആശയക്കുഴപ്പം അടക്കം സർക്കാർ വേഗത്തിൽ പരിഹരിച്ചതാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്നും എൻഎസ്എസ് ആവർത്തിച്ചു.

 

 

 

വിവാദ പരസ്യം സമസ്ത മുഖപത്രത്തിൽ വന്നതിന് പിന്നിൽ സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയെന്ന് ആരോപണം. പരസ്യ വിവാദത്തിൽ സുപ്രഭാതം പത്രത്തിന്റെ മാനേജ്മെന്റിനകത്ത് നിന്നുള്ളവരും നിക്ഷേപകരും രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ലീഗ് വിരുദ്ധ ചേരിയായി അറിയപ്പെടുന്ന രണ്ടോ മൂന്നോ ആളുകളാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്ന വിലയിരുത്തലുണ്ട്. വാർത്തകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ നിന്ന് ഈ പരസ്യം കൊടുക്കുന്നത് വലിയ രീതിയിലുള്ള പ്രശ്നമാകുമെന്ന് ചൂണ്ടിക്കാട്ടിയിട്ടും പരസ്യവുമായി മുന്നോട്ട് പോകാനുള്ള നിർദ്ദേശം ലഭിച്ചെന്നാണ് പറയപ്പെടുന്നത്.

 

 

 

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ശ്രദ്ധ തിരിച്ചു വിടാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി വഖഫ് ബോഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. താൻ വഖഫ് ബോഡ് ചെയർമാൻ ആയ സമയത്താണ് വിഷയങ്ങൾക്ക് ആധാരമായ കാര്യങ്ങളെന്ന പ്രചാരണം അതിൻ്റെ ഭാഗമാണെന്നും സർക്കാർ നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാനെ വഖഫ് ബോഡിന് സാധിക്കൂവെന്നും പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. ചന്ദ്രികയിൽ എഴുതിയ ലേഖനത്തിലാണ് റഷീദലി തങ്ങളുടെ വിശദീകരണം.

 

 

 

പൂരം നടത്തിപ്പിന് ഉന്നത അധികാര സമിതി വേണമെന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ സത്യവാങ്മൂലത്തിനെതിരെ വിമര്‍ശനവുമായി തിരുവമ്പാടി ദേവസ്വം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തമ്പുരാന്‍ കളിക്കേണ്ടെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഉന്നതാധികാര സമിതിയെന്ന നിലപാട് ഹൈക്കോടതിയില്‍ പറഞ്ഞതെന്നായിരുന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ വിശദീകരണം.

 

 

 

ഇൻഷുറൻസ് കമ്പനി കൊവിഡ് ചികിത്സയുടെ ക്ലെയിം അനുവദിക്കാതിരുന്നതിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരിയായ പാലക്കാട് അനക്കര സ്വദേശിനി മേലേപ്പുറത്ത് വീട്ടില്‍ സൗമ്യ എ.കെ യ്ക്ക് ഉപഭോക്തൃ കോടതിയുടെ അനുകൂലവിധി. തൃശൂരിലെ ഫ്യൂച്ചര്‍ ജനറാലി ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ മാനേജര്‍ക്കെതിരെയായിരുന്നു പരാതി. ഹര്‍ജിക്കാരിക്ക് ക്ലെയിം തുകയായി തുക 200000 രൂപയും അതിന്മേൽ 2021 മാര്‍ച്ച് 15 മുതലുള്ള 12 ശതമാനം പലിശയും നൽകാൻ വിധിച്ചു. ഇതിന് പുറമെ നഷ്ടപരിഹാരമായി 25000 രൂപയും അതിന്മേൽ ഹര്‍ജി തിയ്യതി മുതല്‍ 6 ശതമാനം പലിശയും കോടതി ചിലവിലേക്ക് 10000 രൂപയും നല്‍കണമെന്നും കോടതി വിധിച്ചു.

 

 

 

 

എറണാകുളം പറവൂർ മാഞ്ഞാലി എസ്എൻജിഐ എസ്ടി (SNGIST) കോളേജിൽ ജപ്തി നടപടിക്ക് സ്വകാര്യ ബാങ്കിന്റെ നീക്കം. കോളേജിനകത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചാണ് ജപ്തി നടപടിക്കായി അധികൃതരെത്തിയത്. ജപ്തിക്കെതിരെ വിദ്യാർത്ഥികളും ജീവനക്കാരും രക്ഷിതാക്കളും പ്രതിഷേധിച്ചു. തിരിച്ചടവ് മുടങ്ങിയതോടെയാണ് കോളേജിനെതിരെ ജപ്തി നടപടി ആരംഭിച്ചത്. കോളേജ് ഇനി പലിശയടക്കം 19 കോടിയോളം രൂപയാണ് അടയ്ക്കാനുളളത്. കോളേജ് മാനേജ്മെന്റ് ബാങ്ക് അധികൃതവുമായി നടത്തിയ ചർച്ചയെ തുടർന്ന് ജപ്തി നടപടി താൽക്കാലികമായി നിർത്തി വെക്കാൻ തീരുമാനമായി.

 

 

 

കടലിൽ അനധികൃതമായി സിനിമ ഷൂട്ടിംഗ് നടത്തിയ വിഷയത്തിൽ ബോട്ടുകൾ വിട്ട് നൽകണമെങ്കിൽ 10 ലക്ഷം രൂപ അടക്കണമെന്ന് അധികൃതർ. പിഴയിനത്തിൽ രണ്ട് ബോട്ടുകൾ 5 ലക്ഷം രൂപ അടക്കണമെന്നും പെർമിറ്റ് പുതുക്കാനും അഞ്ചുലക്ഷം നൽകണമെന്നും ഫിഷറീസ് മാരിടൈം വിഭാഗം അറിയിച്ചു. ഇന്നലെ ചെല്ലാനം കടലിൽ നിന്നാണ് എറണാകുളം സ്വദേശികളായ വികെ അബു ബെനഡിക്ക്റ്റ്, സെബാസ്റ്റ്യൻ എന്നിവരുടെ ബോട്ടുകൾ കോസ്റ്റൽ പൊലീസ് പിടിച്ചെടുത്തത്.

 

 

 

അന്തിക്കാട് കുറുമ്പിലാവ് സിപിഐ ലോക്കൽ കമ്മറ്റി ഓഫീസ് അടിച്ചു തകർത്ത കേസിലെ പ്രതികളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പഴുവിൽ സ്വദേശികളായ പൊറ്റെക്കാട്ട് മണികണ്ഠൻ (52), വലിയപറമ്പിൽ അമൽരാജ് (24) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

 

 

 

 

നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ പുലർച്ചയാണ് മരണം. 60 വയസ്സായിരുന്നു. നടൻ ബാലൻ കെ. നായരുടെ മകനാണ് മേഘനാഥൻ. 1983 ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യ സിനിമ. പിന്നീട് പഞ്ചാഗ്നി, ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി നിരവധി സിനിമകളിൽ മേഘനാഥൻ അഭിനയിച്ചു. ഷൊർണൂരിലെ വീട്ടിലാകും അദ്ദേഹത്തിൻ്റെ സംസ്കാരം.

 

 

 

തീപിടിത്തത്തെ തുടർന്ന് ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കൽ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് നവജാതശിശുക്കൾ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചു. ഇവരുടെ മരണത്തിന് തീപിടിത്തവുമായി ബന്ധമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

 

 

 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച് ഗയാന. തലസ്ഥാനമായ ജോർജ്‍ടൗണിൽ വെച്ച് പ്രസിഡന്റ് ഡോ. ഇർഫാൻ അലിയാണ് പുരസ്കാരം മോദിക്ക് സമ്മാനിച്ചത്. ഈ ബഹുമതി തനിക്ക് മാത്രമുള്ളതല്ലെന്നും 140 കോടി ഇന്ത്യക്കാർക്ക് കൂടി ലഭിക്കുന്ന അംഗീകാരമാണെന്നും മോദി പറഞ്ഞു.

 

 

 

 

 

ഗൗതം അദാനി ഇന്ത്യൻ നിയമവും അമേരിക്കൻ നിയമവും ലംഘിച്ചെന്ന് വ്യക്തമായെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് അദാനി ഇപ്പോഴും സ്വതന്ത്രനായി തുടരുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ലെന്നും പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഴിമതിയിൽ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന കാനഡ മാധ്യമറിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്‌ക്കെതിരേയുള്ള അപകീര്‍ത്തിപ്രചാരണമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍. മനഃപൂര്‍വ്വമായി ഇത്തരത്തിലുള്ള അസംബന്ധപ്രസ്താവനകള്‍ ഒരു മാധ്യമത്തിന് നല്‍കിയ ഉദ്യോഗസ്ഥരെ കനേഡിയന്‍ സര്‍ക്കാര്‍ പുറത്താക്കണമെന്നും രണ്‍ധീര്‍ ജയ്‌സ്വാൾ ആവശ്യപ്പെട്ടു.

 

 

 

സൗരോർജ്ജ കരാറുകൾ നേടാൻ ഇന്ത്യയിൽ 2000 കോടിയിലധികം രൂപ കൈക്കൂലി നല്കിയെന്ന് ആരോപിച്ച് ഗൗതം അദാനിക്കെതിരെ അമേരിക്കൻ അന്വേഷണ ഏജൻസിയുടെ കുറ്റപത്രം പുറത്ത് വന്നതിന് പിന്നാലെ അദാനിക്കെതിരെ ഉടൻ സിബിഐ കേസെടുക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലായി നടന്ന അഴിമതി അമേരിക്കൻ ഏജൻസി കണ്ടെത്തേണ്ടി വന്നത് അപമാനകരമാണെന്നും പ്രധാനമന്ത്രിയുടെ സംരക്ഷണം കാരണമാണ് അദാനിക്കെതിരെ കേസില്ലാത്തതെന്നും സിപിഎം ചൂണ്ടിക്കാട്ടി.

 

 

 

ഹിസ്ബുല്ലയുടെ മീഡിയ റിലേഷൻസ് മേധാവി മുഹമ്മദ് അഫീഫ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഹിസ്ബുല്ല തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ലെബനനിലെ അറബ് സോഷ്യലിസ്റ്റ് ബാത് പാർട്ടിയുടെ ഓഫീസിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുല്ലയുടെ ഉന്നത വക്താവ് കൂടിയായ അഫീഫ് കൊല്ലപ്പെട്ടത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *