മേപ്പാടി പഞ്ചായത്ത് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് പഴയ സാധനങ്ങൾ നൽകിയത് ഗുരുതരമായ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സർക്കാ‍ർ നൽകിയ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നടപടിയാണെന്നും, ദുരന്തത്തിൻ്റെ തുടക്കത്തിൽ തന്നെ പഴയ സാധനങ്ങൾ ദുരിതബാധിതർക്ക് നൽകരുതെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്നും മേപ്പാടിയിലെ വിഷയത്തിൽ വിജിലൻസ് വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു.

 

 

 

വയനാട്ടിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി. മൂന്ന് കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഇവരിൽ ഒരാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ഭക്ഷ്യ കിറ്റിലെ സോയാബീൻ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പരാതി.

 

 

 

വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള മോഡൽ ടൗൺഷിപ്പ് നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾ അനിശ്ചിതത്വത്തിലെന്ന് റിപ്പോർട്ട്. സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയിൽ ഉടമസ്ഥാവകാശം ഉന്നയിച്ച് രണ്ട് എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹര്‍ജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും.

 

 

 

മുതി‍ർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ ജയതിലകിനെതിരെ പരസ്യ പോരിലേക്ക് എൻ പ്രശാന്ത്. ഡോ. ജയതിലകിനെ കുറിച്ച് പൊതുജനം അറിയേണ്ട ചില കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത്‌ ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവ്വാഹമില്ലെന്നും പ്രശാന്ത് പറയുന്നു. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് പരിഹസിച്ചു.

 

 

 

 

കോന്നി തഹസിൽദാരുടെ ചുമതലയിൽ നിന്ന് ഒഴിവാക്കി കളക്ടറേറ്റിലേക്ക് മാറ്റി നൽകണമെന്ന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലെന്നും, അടുത്ത മാസം ജോലിയിൽ പ്രവേശിക്കുമെന്നും മഞ്ജുഷ അറിയിച്ചു.

 

 

ഈ വയനാടും ഇങ്ങ് എടുത്തിരിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. മാനന്തവാടിയിൽ ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസിന് വേണ്ടിയുള്ള പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ജയിച്ചാൽ നവ്യയെ കേന്ദ്ര മന്ത്രിയാക്കാൻ പോരാടുമെന്നും, വയനാടുകാർക്ക് ഈ തെരഞ്ഞെടുപ്പ് ശിക്ഷ നൽകാനുള്ള അവസരമാണ് ശിക്ഷാ നടപടികൾ വയനാട്ടുകാർ സ്വീകരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

 

 

 

ട്രോളി ബാഗ് വിഷയം ഉപേക്ഷിക്കേണ്ട വിഷയമല്ലെന്നും ശരിയായി അന്വേഷിക്കേണ്ട വിഷയം തന്നെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതുൾപ്പെടെയുള്ള ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും ബാഗ് വിവാദം എൽഡിഎഫിന് വോട്ട് ആകുമെന്നും അദ്ദേഹം പറഞ്ഞു. ബാഗ് വിഷയത്തിൽ താൻ പറഞ്ഞതാണ് പാർട്ടി നിലപാട് അതല്ലാത്ത ഒരു അഭിപ്രായ പ്രകടനവും പാർട്ടിയുടേതല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

 

 

 

പെട്ടി വിവാദത്തില്‍ പ്രതികരണം നടത്താതെ സംസ്ഥാന സമിതിയംഗം എൻ.എന്‍. കൃഷ്ണദാസ്. ഇന്നലത്തേത് ഇന്നലെ കഴിഞ്ഞെന്നും ഇനിയത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പ്രതികരിച്ചു. പാലക്കാട് വികസന വിഷയങ്ങള്‍ ചര്‍ച്ചയാകണമെന്നും പാലക്കാടിന്റെ വികസനത്തിന് ഇടതു സര്‍ക്കാരിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു എം.എല്‍.എ വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.

 

 

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് കള്ളപ്പണമെത്തിച്ചെന്ന സിപിഎമ്മിൻ്റെ പരാതിയിൽ കേസെടുത്തില്ലെന്ന് പാലക്കാട് എസ്‌പി ആനന്ദ്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് എസ്‌പി വ്യക്തമാക്കി.

 

 

 

സ്ത്രീത്വത്തെ അപമാനിച്ചിട്ടും പൊലീസ് കേസ് എടുത്തില്ലെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഡിജിപിയുടെ നടപടി കുറ്റകരമായ അനാസ്ഥയാണെന്നും കേസ് എടുത്തില്ലെങ്കിൽ അങ്ങനെ വിട്ട് കൊടുക്കില്ലെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

 

 

 

മുനമ്പം ഭൂമി പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കവെ വിവാദപരാമര്‍ശവുമായി ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്‍. വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാല്‍ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്നാണ് ഗോപാലകൃഷ്ണന്റെ പരാമര്‍ശം. വയനാട് കമ്പളക്കാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വിവാദപ്രസംഗം.

സിപിഎം തനിക്കെതിരെയെടുത്ത നടപടിയിൽ കടുത്ത അതൃപ്തി ഉണ്ടെന്ന് പി പി ദിവ്യ. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ല എന്ന് അവർ പ്രതികരിച്ചു. തന്റെ ഭാഗം കേൾക്കാൻ പാർട്ടി തയ്യാറായില്ലെന്നും ഫോണിൽ വിളിച്ച നേതാക്കളെ ദിവ്യ അതൃപ്തി അറിയിച്ചുവെന്നുമാണ് വിവരം. റിമാൻ്റിൽ കഴിയുന്ന സമയത്താണ് പിപി ദിവ്യയെ തരംതാഴ്ത്തിയത്. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ.

 

 

കായികമേളയിൽ മികവ് പ്രകടിപ്പിക്കുന്നവർക്ക് തുടർപഠനത്തിനും പരിശീലനത്തിനുമായി പ്രത്യേക പദ്ധതി പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതുസംബന്ധിച്ച പ്രഖ്യാപനം 11ന് കായികമേള സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി നടത്തുമെന്നും അ‌ദ്ദേഹം പറഞ്ഞു.

 

 

 

 

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ഒരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു കണ്ടെന്നും അത് ന്യൂനമർദമായി ശക്തി പ്രാപിക്കാനും തുടർന്ന് തമിഴ്‌നാട് ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

 

 

 

 

കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈർ അഷ്റഫ് ആണ് അറസ്റ്റിൽ ആയത്. പഠന കാര്യത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ സെപ്റ്റംബറിൽ ഇയാൾ വിദ്യാർത്ഥിയെ ക്രൂരമായി പൊള്ളലേൽപ്പിക്കുകയും, ചൂരൽ ഉപയോഗിച്ച് അടിക്കുകയും ചെയ്തത്. സംഭവത്തിന് ശേഷം ഉമൈർ കർണാടകയിൽ ഒളിവിൽ ആയിരുന്നു.

 

 

 

സോളാർ കേസിൽ പരാതിക്കാരിയുടെ ആരോപണം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ്‌ ന്യൂസിനെതിരെ രജിസ്റ്റർ ചെയ്ത അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. വാർത്ത സമ്മേളനം റിപ്പോർട്ട്‌ ചെയ്യുന്നത് അപകീർത്തി കേസിന് ബാധകമാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കെസി വേണുഗോപാൽ നൽകിയ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്.

 

 

എറണാകുളം വടക്കേക്കരയിൽ കാഴ്ചപരിമിതയായ സ്ത്രീയുടെ വീട്ടിലെ കുടിവെള്ള വിതരണം വിച്ഛേദിച്ച് മൂന്ന് ദിവസമായിട്ടും പുനസ്ഥാപിച്ചില്ലെന്ന് പരാതി. ബില്ലടച്ചിട്ടും വാട്ടർ അതോറിറ്റി കുടിവെള്ളവിതരണം പുനസ്ഥാപിച്ചില്ലെന്ന് സുബ്രഹ്മണ്യനും ഇന്ദിരയും പറയുന്നു. വകുപ്പിൽ നിന്നും ആരും എത്തില്ലെന്നും അംഗീകൃത പ്ലംബറെ വിളിക്കണമെന്നുമാണ് അധികകൃതരുടെ നിലപാട്. കുടിശ്ശിക വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കണക്ഷൻ വിച്ഛേദിച്ചത്.

 

 

 

സംസ്ഥാനത്ത് സവാള വില കുതിക്കുന്നു. ഒരാഴ്ചക്കിടെ മൊത്ത വിപണിയിൽ കൂടിയത് ഇരുപത്തഞ്ച് രൂപ. ചില്ലറ വിപണയിലെ വിലക്കയറ്റം ശരാശരി മുപ്പത് രൂപയാണ്. കേരളത്തിലേക്ക് സവാള എത്തുന്ന മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിൽ കനത്ത മഴയിൽ സവാള നശിച്ചതാണ് തിരിച്ചടിയായതെന്നാണ് സൂചന.

 

 

സംവിധായകൻ രഞ്ജിത്തിന് എതിരായ പീഡനപരാതി നൽകിയ യുവാവിനെ ബെംഗളൂരുവിലെ വിവിധ താജ് ഹോട്ടലുകളിൽ എത്തിച്ച് തെളിവെടുക്കും. വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലിൽ വെച്ച് തന്നെ ആണോ രഞ്ജിത്തിനെ കണ്ടതെന്ന് ഉറപ്പില്ലെന്ന് പരാതിക്കാരൻ മൊഴി നൽകിയിരുന്നു. സംഭവം നടന്നിട്ട് 9 വർഷത്തോളം ആയതിനാൽ ഫോട്ടോ കാണിച്ചപ്പോൾ ഹോട്ടൽ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പരാതിക്കാരൻ വ്യക്തമാക്കി.

 

 

 

തെങ്ങിൻ മുകളിൽ നിന്നും കുരങ്ങ് കരിക്കെറിഞ്ഞതിനെ തുടർന്ന് കർഷകന് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോൺ എന്ന കർഷകനാണ് പരിക്കേറ്റത്. കർഷകന് നേരെ കുരങ്ങ് കരിക്ക് പിഴുതെറിയുകയായിരുന്നു ഏറിൽ തലയ്ക്കും മുഖത്തും പരിക്കേറ്റു.

 

 

 

മലപ്പുറം തിരൂർ തലക്കടത്തൂർ നിയന്ത്രണം വിട്ട കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരിച്ചത്. അപകടത്തിൽ മതിലിനും കാറിനും ഇടയിൽ കുടുങ്ങി കുട്ടിക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു.

 

 

 

 

 

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണം അഞ്ചായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) ആണ് മരിച്ചത്. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു, ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ച മറ്റ് നാല് പേർ.

 

 

 

 

മരുതൂര്‍ തോടിൽ ഓട്ടോറിക്ഷ മറിഞ്ഞ് കാണാതായ കല്ലയം പ്ലാവിള സ്വദേശി വിജയന്‍റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ തെങ്ങിൻ്റെ തടിയിൽ ത‍ടഞ്ഞ് നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് അപകടം ഉണ്ടായത്.

 

 

വന്ദേ ഭാരത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമമെന്ന് സംശയം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ട്രെയിൻ വരുന്ന സമയത്ത് ഒരാൾ പാളത്തിൽ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ട്രെയിൻ ഈ ബൈക്കിൽ ഇടിക്കുകയും ഏറെ ദൂരം വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു.

 

 

സമോസ വിവാദത്തിൽ നിന്നും തലയൂരാൻ ഹിമാചൽ സ‌ർക്കാർ ഇടപെട്ടില്ലെന്ന് സിഐഡി വിഭാഗത്തിന്റെ വിശദീകരണം. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും ആഭ്യന്തര അന്വേഷണം മാത്രമാണിതെന്നും സിഐഡി ഡിജി അറിയിച്ചു. ആർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടില്ലെന്നും ഒരു നടപടിയും എടുത്തിട്ടില്ലെന്നും ഡിജി വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് കരുതിയിരുന്ന സമോസകളും കേക്കുകളും സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്പിയ സംഭവത്തിൽ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സിഐ‍ഡ‍ി അന്വേഷണത്തിന് ഉത്തരവിട്ടത്.

 

 

 

 

പശ്ചിമ ബംഗാളിളെ സെക്കന്തരാബാദ്-ഷാലിമർ സൂപ്പർഫാസ്റ്റ് വീക്ക്‌ലി എക്‌സ്‌പ്രസിൻ്റെ മൂന്ന് കോച്ചുകൾ പാളം തെറ്റി. പുലർച്ചെ ഖരഗ്പൂർ ഡിവിഷനിലെ നാൽപൂർ സ്റ്റേഷൻ കടന്നുപോകുന്നതിനിടെയാണ് ട്രെയിൻ പാളം തെറ്റിയത്. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാളം തെറ്റിയ കോച്ചുകളിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. പാളം തെറ്റിയ മൂന്ന് കോച്ചുകളിൽ ഒന്ന് പാഴ്‌സൽ വാനും രണ്ടെണ്ണം പാസഞ്ചർ കോച്ചുകളുമായിരുന്നു.

 

 

 

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിൽ വൻ ഭീകരാക്രമണം. സ്ഫോടനത്തിൽ 26 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചാവേറാക്രമണമാണ് ഉണ്ടായതെന്നാണ് സൂചന. ജാഫർ എക്സ്പ്രസ് പെഷവാറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ പ്ലാറ്റ്ഫോമിൽ തടിച്ചുകൂടിയിരിക്കെയാണ് അപ്രതീക്ഷിതമായി സ്ഫോടനം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു. റെസ്‌ക്യൂ, ലോ എൻഫോഴ്‌സ്‌മെന്റ് ടീമുകൾ പരിക്കേറ്റവരെയും മരിച്ചവരെയും ക്വറ്റയിലെ സിവിൽ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.

 

 

 

ആറ് മാസത്തിനുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസിന്റെ റിപ്പോർട്ട്. ഹമാസിനെതിരെ ഇസ്രയേൽ ഉപയോഗിച്ചആയുധങ്ങളുടെ സ്വഭാവമാണ് ഇത്രയധികം ആൾനാശത്തിന് കാരണമായതെന്നും ഐക്യരാഷ്ട്രസഭ വിശദമാക്കുന്നു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *