രാജ്യത്തെ വിഭജിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അർബൻ നക്സലുകളുടെ ഈ കൂട്ടായ്മയെ തിരിച്ചറിയണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കാടുകളിൽ വളർന്ന നക്സലുകൾ ഇപ്പോൾ ഇല്ലാതായി എന്നാല്‍ പുതിയ അർബൻ നക്സലിസം രൂപപ്പെട്ടു വ്യാജമുഖംമൂടി ധരിച്ച് രാജ്യത്തെ ക്ഷയിപ്പിക്കുന്ന ഇവരെ തിരിച്ചറിഞ്ഞ് നേരിടണമെന്നും മോദി പ്രതികരിച്ചു. രാഷ്ട്രീയ ഏകതാ ദിവസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തൃശ്ശൂര്‍ പൂര നഗരിയിലെത്താൻ ആംബുലന്‍സിൽ കയറിയെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൻ്റെ കാലിന് പ്രശ്നമുണ്ടായിരുന്നുവെന്നും ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല , അഞ്ച് കിലോമീറ്റര്‍ കാറിൽ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി ഇത്തരത്തിൽ നാട്യം തുടര്‍ന്നാൽ ഓര്‍മയുണ്ടോ ഈ മുഖം എന്ന് ജനങ്ങള്‍ ചോദിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സുരേഷ് ഗോപി നല്ല നടനായിരുന്നുവെന്നും എന്നാൽ എപ്പോഴും ഈ അഭിനയം മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ അറിവോടെയാണ് സുരേഷ് ഗോപി ആംബുലന്‍സിൽ തൃശൂര്‍ പൂരം നഗരയിലെത്തിയതെന്നും അത് തങ്ങളുടെ മിടുക്കാണെന്നാണ് ബിജെപി പറഞ്ഞത് ആ മിടുക്കിന്‍റെ ഗുണഭോക്താവാണ് സുരേഷ് ഗോപിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ആംബുലൻസ് ഉപയോഗിക്കുന്നതിന് ചട്ടങ്ങൾ ഉണ്ട് സുരേഷ് ഗോപി ഈ ചട്ടങ്ങൾ ലംഘിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് മണ്ഡലത്തിൽ കെ മുരളീധരന്റെ പേര് ഡിസിസി നിർദ്ദേശിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് കെ സി വേണുഗോപാൽ. രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിക്കും മുൻപ് മുരളീധരനോട് കൂടി സംസാരിച്ചായിക്കുമല്ലോ പാർട്ടി തീരുമാനം എടുത്തതെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. വി ഡി സതീശൻ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പാർട്ടിക്കുള്ളിൽ ആർക്കെങ്കിലും മുഖ്യമന്ത്രി മോഹമുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റെന്നും തനിക്ക് മുഖ്യമന്ത്രിയാകാൻ മോഹമില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.
കെ മുരളീധരൻ നിയമസഭയില്‍ എത്തുന്നത് വിഡി സതീശന് ഇഷ്ടമല്ലെന്നും അതുകൊണ്ടാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ യുഡിഎഫ് പരിഗണിക്കാതിരുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കോണ്‍ഗ്രസിൽ മുഖ്യമന്ത്രിയാകാൻ നടക്കുന്നവര്‍ നിരവധിയുണ്ടെന്നും അഞ്ചോ ആറോ ആളുകളാണ് മുഖ്യമന്ത്രിയാകാൻ നടക്കുന്നത്. അതില്‍ മുരളീധരനും ഉണ്ട്. അതിനാലാണ് പാലക്കാട്ടെ ഡിസിസി ഏകകണ്ഠമായി മുരളീധരന്‍റെ പേര് നിര്‍ദേശിച്ചിട്ടും വിഡി സതീശൻ തള്ളി കളഞ്ഞതെന്നും ഗോവിന്ദൻ പറഞ്ഞു.
ഒറ്റ തന്ത പരാമര്‍ശത്തിൽ സുരേഷ് ഗോപിക്ക് മറുപടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തന്തക്ക് പറയുമ്പോള്‍ അതിനുമപ്പുറമുള്ള തന്തയുടെ തന്തക്കാണ് പറയേണ്ടതെന്നും എന്നാൽ അത് പറയുന്നില്ലെന്നും വിഡി സതീശൻ മറുപടി പറഞ്ഞാൽ മതിയെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
സുരേഷ് ഗോപിക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. രാഷ്രീയത്തിൽ ഒറ്റ തന്ത പ്രയോഗത്തിനു മറുപടി ഇല്ലെന്നും അത് സിനിമയിൽ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസും ഉണ്ട് കൂടാതെ ഡിഎൻഎ ടെസ്റ്റ് ഫലം പുറത്ത് വിട്ടോ അപ്പോൾ അറിയാം കാര്യങ്ങളെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
എഡിഎം കുറ്റസമ്മതം നടത്തിയെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി തള്ളി നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. സഹപ്രവർത്തകരോട് സൗഹാർദ്ദപരമായി ഒരിക്കലും പെരുമാറാത്ത കളക്ടറോട് നവീൻ ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്നും മഞ്ജുഷ പറഞ്ഞു. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.
എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് എല്ലാവർക്കും മനസ്സിലായെന്ന് കെ മുരളീധരൻ. പി പി ദിവ്യയെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ജനം തിരിച്ചറിയുന്നുണ്ടെന്നും കളക്ടറിനെ കൊണ്ട് വരെ മൊഴിമാറ്റുന്ന അവസ്ഥയാണുള്ളത്, കണ്ണൂര്‍ കളക്ടര്‍ സിപിഎമ്മിന്‍റെ ചട്ടുകമായി മാറിയെന്നും മുരളീധരന്‍ വിമര്‍ശിച്ചു. നവീന്‍ ബാബുവിന്‍റെ മരണത്തില്‍ഒന്നാം പ്രതി ദിവ്യയെങ്കിൽ രണ്ടാം പ്രതി കളക്ടരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉമർ ഫൈസിയുടെ പ്രസ്താവന സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. നല്ല അർത്ഥത്തിലുള്ള പ്രസ്താവനയല്ല ഉമർഫൈസിയുടേതെന്നും അദ്ദേഹം പറഞ്ഞു. ഉമർ ഫൈസിയുടെ പ്രസ്താവനയുടെ ഗൗരവം സമസ്ത ഒട്ടും കുറച്ചു കാണില്ല എന്നാണ് പ്രതീക്ഷയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാവരുതെന്നും ജനവികാരം സമസ്ത കണക്കിലെടുക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം പോത്തുകല്ല്, ആനക്കല്ലിലെ ഭൂമിക്കടിയിൽ നിന്നുണ്ടായ സ്‌ഫോടന ശബ്ദത്തിൽ പ്രതികരണവുമായി ജില്ലാ കളക്ടർ വിആർ വിനോദ്. സാധാരണ പ്രതിഭാസം മാത്രമാണ് പ്രദേശത്ത് സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഭൂമികുലുക്കമായി അനുഭവപ്പെടുന്നില്ലെങ്കിലും ചെറിയ തോതിൽ ഉണ്ടാവാനുളള സാധ്യത തള്ളിക്കളായാനാവില്ലന്നും കളക്ടർ പറഞ്ഞു.
കാസര്‍കോട് ബാവിക്കരയില്‍ തടയണക്ക് സമാന്തരമായി പാലം നിര്‍മ്മിക്കണമെന്നും പ്രഖ്യാപിച്ച ടൂറിസം പദ്ധതി നടപ്പിലാക്കണമെന്നുമുള്ള ആവശ്യം ശക്തമാക്കി നാട്ടുകാര്‍. പാലം നിര്‍മ്മിച്ചാല്‍ ബോവിക്കാനത്ത് നിന്ന് ചട്ടഞ്ചാലിലേക്കുള്ള ദൂരം ഏഴ് കിലോമീറ്ററായി കുറയുമെന്നും, കാസര്‍കോട് ബാവിക്കരയില്‍ പാലവും ടൂറിസം പദ്ധതിയും വരുന്നൂവെന്ന് പറയാൻ തുടങ്ങിയിട്ട് കാലങ്ങളായെന്നും നാട്ടുകാര്‍ പറയുന്നു.
ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് ഇനി പുതിയ ഇടയൻ. സിറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപത ആർച്ച്ബിഷപ്പ് ആയി തോമസ് തറയിൽ സ്ഥാനമേറ്റു. ചങ്ങാനാശ്ശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ ആയിരക്കണക്കിന് സഭ വിശ്വാസികളാണ് പങ്കെടുത്തത്. സ്ഥാനം ഒഴിയുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിലിനുള്ള നന്ദിപ്രകാശനവും നടന്നു.
പാലക്കാട് സിപിഎം അവരുടെ വോട്ടുകൾ ചോരാതെ നോക്കിയാൽ ബിജെപി ജയിക്കുമെന്ന് ശോഭ സുരേന്ദ്രൻ. ഫ്ലക്സ് കത്തിക്കുന്നതിലൂടെ തന്നെ ഇല്ലാതാക്കാം എന്നത് വ്യോമോഹമാണെന്നും തന്നെ ഇല്ലാതാക്കാൻ ലൈസൻസുള്ള തോക്ക് വാങ്ങേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
ഓഫീസ് അടയ്ക്കുന്നതിനിടെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരന് പാമ്പുകടിയേറ്റു. ഓഫീസ് അറ്റൻഡറായ മുഹമ്മദ് ജൗഹറിനാണ് കടിയേറ്റത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ളിൽ വെച്ചാണ് ജീവനക്കാരന് പാമ്പുകടിയേറ്റത്. ഉടനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരിയിലെ ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്ന് ഏജന്‍സികളിലേക്ക് കൊണ്ട് പോകുന്ന പാചക വാതക സിലിണ്ടറുകളില്‍ ദ്രവ വസ്തുക്കള്‍ കലര്‍ത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന മാഫിയ പ്രവര്‍ത്തിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് അറിയിച്ചു. സിലിണ്ടറുകളില്‍ നിന്ന് പാചക വാതകം ചോര്‍ത്തി ബാക്കി വെള്ളമോ മറ്റ് മായങ്ങളോ ചേര്‍ത്ത് ഏജന്‍സികളില്‍ എത്തിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാട്ടാക്കടയില്‍ മോഷണ വാഹനങ്ങള്‍ പിടിക്കാനെത്തിയെന്ന വ്യാജേന വ്യാപാരി വ്യവസായി സംഘടനയില്‍പ്പെട്ട വ്യാപാരികളെ തമിഴ്നാട് പൊലീസ് കളളക്കേസില്‍ കുടുക്കിയതായി പരാതി. ചൊവാഴ്ച പുലര്‍ച്ചെ 150 കുപ്പി മദ്യം കടത്തിയെന്ന കേസില്‍ 4 വ്യാപാരികളെ കളിയിക്കാവിള പൊലീസ് അറസ്റ്റ് ചെയ്തിലാണ് പരാതി. തമിഴ്നാട്ടില്‍ നിന്ന് അതിര്‍ത്തി കടക്കുന്ന അരിക്ക് കൈക്കൂലി നല്‍കാത്തതാണ് വിരോധമെന്ന് വ്യാപാരി വ്യവസായികള്‍ പറയുന്നു.
പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണനിർമാണബ്രാൻഡായ ബിപിഎല്ലിന്‍റെ സ്ഥാപക ഉടമ ടിപിജി നമ്പ്യാർ അന്തരിച്ചു. 96 വയസ്സായിരുന്നു. ഇന്ന് രാവിലെ ബെംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള സ്വവസതിയിൽ ആയിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം കഴിഞ്ഞ കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. മുൻ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്.
കോട്ടയത്ത് വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയിൽ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം. കരൂർ സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്. വീട്ടിൽ പണിക്ക് എത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം. മണ്ണുമാന്തി യന്ത്രത്തിന്‍റെ ഒപ്പറേറ്റർ പുറത്തേക്ക് പോയപ്പോൾ പോൾ ജോസഫ് സ്വയം യന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതോടെയായിരുന്നു അപകടം.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലുള്ള ഒരു ക്ഷേത്രത്തിന് സമീപം റോക്കറ്റ് ലോഞ്ചർ കണ്ടെത്തി. ക്ഷേത്രത്തിന് സമീപത്തുള്ള കാവേരി നദിയുടെ തീരത്തായാണ് റോക്കറ്റ് ലോഞ്ചർ കണ്ടെത്തിയത്. ജിയപുരം പൊലീസ് സ്ഥലത്ത് എത്തിയ ശേഷമാണ് ഇത് റോക്കറ്റ് ലോഞ്ചറാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് ഇത് സുരക്ഷിതമായി 117 ആർമി ഇൻഫൻട്രി ബറ്റാലിയന് കൈമാറുകയും ചെയ്തു.
എറണാകുളം തോപ്പുംപടിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. അസം സ്വദേശി കബ്യ ജ്യോതി കക്കാടിനെയാണ് ഇന്നലെ രാത്രി ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്നും കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സിന്‍റെ വീട്ടില്‍ വന്‍ മോഷണം. സ്റ്റോക്സ് പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന സമയത്താണ് ലണ്ടനിലെ നോര്‍ത്ത് ഈസ്റ്റ് അരീനയിലുള്ള കാസില്‍ ഈഡനിലെ വീട്ടില്‍ മോഷണം നടന്നത്. പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കുന്നതിനിടെയാണ് വീട്ടില്‍ മോഷണം നടന്നതെന്നും തനിക്ക് വൈകാരികമായി ഏറെ പ്രിയപ്പട്ടതും അമൂല്യമായതുമായ പലവസ്തുക്കളും മോഷ്ടാക്കൾ കൊണ്ടുപോയെന്നും സ്റ്റോക്സ് പറഞ്ഞു.
ഇസ്രായേൽ ചില നിബന്ധനകൾ പാലിച്ചാൽ വെടിനിർത്തൽ പരിഗണിക്കുമെന്ന് ഹിസ്ബുല്ലയുടെ പുതിയ നേതാവ് നയിം ഖാസിം. ഹിസ്ബുല്ലയ്ക്ക് മാസങ്ങളോളം ലെബനനിലെ ഇസ്രായേലിന്റെ വ്യോമ, കര ആക്രമണങ്ങളെ ചെറുക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അധികാരമേറ്റതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസംഗത്തിൽ ഇസ്രായേലുമായി ചർച്ചകളിലൂടെയുള്ള പ്രശ്നപരിഹാരം കാണാൻ തയ്യാറാണെന്നും നയിം ഖാസിം വ്യക്തമാക്കി.
രാജ്യത്തെ പെട്രോൾ പമ്പുടമകൾക്ക് നൽകുന്ന ഡീലർ കമ്മിഷൻ വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. പെട്രോളിന് ലിറ്ററിന് 65 പൈസയും ഡീസലിന് 44 പൈസയുമാണ് ഡീലർ കമ്മിഷൻ കൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകൾ. രാജ്യത്തെ ഉൾപ്രദേശങ്ങളിലേക്ക് ഇന്ധനമെത്തിക്കാനുള്ള സംസ്ഥാനാന്തര ചരക്കുനീക്ക ഫീസ് വെട്ടിക്കുറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഉത്തരകൊറിയ പുതിയ ദീർഘദൂര മിസൈൽ പരീക്ഷിച്ചെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയ്ക്കുള്ള പ്രദേശം ലക്ഷ്യമാക്കിയാണ് മിസൈൽ തൊടുത്തതെന്നും ഇതേത്തുടർന്ന് അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ പ്രതികരണവുമായെത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
വ്യോമസേന – ഉത്തരാഖണ്ഡ് യുദ്ധ സ്മാരക കാർ റാലിയെ സ്വീകരിച്ച് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. സേനയിൽ ചേരാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 7000 കിലോമീറ്റർ ദൂരം റാലി നടത്തിയത്. ലഡാക്കിലെ സിയാച്ചിനിൽ നിന്ന് ആരംഭിച്ച റാലി തവാങ്ങിൽ സമാപിച്ചു.