ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് ആദ്യ മൂന്ന് തൂണുകളെക്കാള്‍ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്നും വാര്‍ത്തകള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍, ആദ്യം റിപ്പോര്‍ട്ട് ചെയ്യണം എന്നതാണ്. അക്ഷരത്തെറ്റുകളോ വ്യാകരണപ്പിശകോപോലും തിരുത്താനുള്ള സാവകാശം ഇല്ലാതെയാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രേക്കിങ് ന്യൂസ് സംസ്കാരം മാധ്യമങ്ങളെ കൂപ്പുകുത്തിക്കുന്നുണ്ടോ എന്ന കാര്യവും മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് കോട്ടയിൽ ആരെങ്കിലും ജയിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഡികളുടെ സ്വർഗത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായിയുടെ മണ്ഡലത്തിൽ പോലും തനിക്ക് ഭൂരിപക്ഷം കിട്ടിയെന്നും അതിൽ സിപിഎം വോട്ടുകളുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾ നികൃഷ്ടജീവിയായി മുഖ്യമന്ത്രിയെ കാണുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും യുഡിഎഫ് – ബി ജെ പി ഡീൽ എന്ന് പറയാൻ സിപി എമ്മിന് നാണമില്ലേ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ പ്രതീക്ഷയോടെ നോക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പാലക്കാട് അങ്ങാടിപൂരം കാണാമെന്ന് ഇടത് സ്ഥാനാർഥി ഡോ.പി.സരിൻ. വൈകുന്നേരത്തെ റോഡ് ഷോ വലിയ സംഭവമാകും. തന്നെ പ്രകോപിപ്പിക്കരുതെന്ന് കോൺഗ്രസ് നേതാക്കളോട് ആവർത്തിച്ച അദ്ദേഹം പ്രകോപനം തുടർന്നാൽ കൂടുതൽ പേർ തനിക്കൊപ്പം കോൺഗ്രസിൽ നിന്ന് വരുമെന്ന് മുന്നറിയിപ്പും നൽകി. താൻ ഒറ്റയ്ക്കാണ് വന്നത്. ഇനിയെങ്കിലും കോൺഗ്രസ് നന്നാകട്ടേയെന്ന് താൻ കരുതിയത് കൊണ്ടാണ് കൂടുതൽ പേരെ ഒപ്പം കൂട്ടാതിരുന്നതെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.
പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാർട്ടി വിട്ടു. തുടർ ഭരണം സി.പി.എം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിമർശിച്ചു. താൻ സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ഡോ.പി.സരിൻ്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ഷാനിബ് പറഞ്ഞു.
റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റി. അന്വേഷണത്തിൻ്റെ ചുമതല ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീതക്ക് കൈമാറി. ചുമതല ഏറ്റെടുത്ത ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീത കണ്ണൂർ കളക്ട്രേറ്റിലെത്തി കളക്ടർ അരുൺ കെ വിജയൻ്റെ മൊഴിയെടുത്തു. സംഭവത്തിൽ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോർട്ട് കളക്ടർ നൽകിയിരുന്നു. എന്നാൽ അതിന് പിന്നാലെ കളക്ടർക്ക് എതിരെ ആരോപണം വന്നതോടെയാണ് അന്വേഷണചുമതല മറ്റൊരാളെ ഏല്പിച്ചത്.
എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ലായിരുന്നെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. നവീൻ ബാബുവിന്റെ കുടുംബത്തിന് അയച്ചകത്ത് കുറ്റസമ്മതമല്ലെന്നുമാണ് കളക്ടർ പ്രതികരിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്നും കളക്ടർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകി എന്നാരോപിച്ച് ടി വി പ്രശാന്തൻ നൽകിയ പരാതി വ്യാജമെന്ന് റിപ്പോർട്ട്. പരാതിയിലെ പ്രശാന്തന്റെ ഒപ്പും പെട്രോൾ പമ്പിൻ്റെ ഭൂമിക്കായുള്ള പാട്ടക്കരാറിലെ ഒപ്പും വ്യത്യസ്തമാണ്. പേരുകളിലും വൈരുധ്യമുണ്ട്. പരാതിയിൽ പേര് പ്രശാന്തൻ എന്നും പാട്ട കരാറിൽ പ്രശാന്ത് എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് പറയുന്ന ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. എഡിഎം ഓഫീസിൽ നിന്ന് തൻ്റെ ക്വാർട്ടേർസിലേക്ക് നടന്നുപോകുമ്പോൾ പിന്തുടർന്ന് വന്ന സ്കൂട്ടർ യാത്രികൻ എഡിഎമ്മിൻ്റെ അരികിലേക്ക് വാഹനം കൊണ്ടുവന്ന ശേഷം, വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തിൽ പോകുന്നതാണ് ദൃശ്യം. എഡിഎമ്മിനെ പിന്തുടർന്ന സ്കൂട്ടർ യാത്രികൻ പ്രശാന്തനാണ് എന്ന് പൊലീസ് സംശയിക്കുന്നു.
രണ്ടാഴ്ച മുൻപ് നവീൻ ബാബു നാട്ടിൽ വന്ന സമയത്ത് സംസാരിച്ചത് അനുസരിച്ച് ജോലി സംബന്ധമായ സമ്മർദ്ദം നവീൻ ബാബു നേരിട്ടതായി മനസിലായിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ ബന്ധു വ്യക്തമാക്കി. ട്രാൻസ്ഫർ വാങ്ങി വരണമല്ലോയെന്ന് കരുതി ആരോടും മറുത്ത് സംസാരിക്കാതെ ഇരിക്കുകയാണെന്നും നവീൻ ബാബു പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവനെ കൊലയ്ക്ക് കൊടുത്തിട്ടുള്ള കുമ്പസാരം തങ്ങൾക്ക് വേണ്ടെന്നും അദ്ദേഹം കളക്ടറുടെ അനുശോചന കുറിപ്പിനെക്കുറിച്ച് പറഞ്ഞു.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ കളക്ടർ അരുൺ കെ വിജയന് മുഖ്യപങ്കെന്ന് സിപിഎം നേതാവും നവീൻ ബാബുവിന്റെ ബന്ധുവുമായ മലയാലപ്പുഴ മോഹനൻ വീണ്ടും വിമർശിച്ചു. താൻ വിരമിക്കുകയല്ല, സ്ഥലംമാറ്റമാണെന്ന് വ്യക്തമാക്കി യാത്രയയപ്പ് യോഗം വേണ്ടെന്ന് എഡിഎം പറഞ്ഞതാണ് എന്നാൽ നിർബന്ധിച്ച് പരിപാടി നടത്തുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കേരള രാഷ്രീയത്തിലെ ഗതി മാറ്റത്തിനു തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൻ.ഡി.എയുടെ ശരിയായ മൂന്നാം ബദൽ കേരളമാകെ സ്വീകരിക്കപ്പെടുമെന്നും. പാലക്കാട് യുഡിഎഫിനും ചേലക്കരയിൽ എൽഡിഎഫും എന്ന ഡീലാണ് സംസ്ഥാനത്തുള്ളത്. മൂന്നാമത് ഒരാൾ കയറി കളിക്കേണ്ട എന്നാണ് അന്തർധാര. അത് പൊളിയുമെന്നും സുരേന്ദ്രൻ പറഞ്ഞു. കണ്ണൂരിലെ പെട്രോൾ പമ്പിലും എൽഡിഎഫ്-യുഡിഎഫ് ഡീലുണ്ട്. പെട്രോൾ പമ്പിന് സ്ഥലം ലഭിക്കാൻ ഇടപെട്ടത് ഡിസിസി ഭാരവാഹിയാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
തിരുവനന്തപുരം നഗരസഭയ്ക്ക് കേന്ദ്രസര്‍ക്കാരിൽ നിന്ന് 10 കോടി ഇൻസെന്റീവ് ലഭിച്ച നേട്ടം പങ്കുവെച്ച് മേയര്‍ ആര്യ രാജേന്ദ്രൻ. അമൃത് 1.0 & 2.0 പദ്ധതികളുടെ മികച്ച നിർവ്വഹണത്തിനാണ് ഈ ഇൻസെന്റീവ് ലഭിച്ചത്. അമൃത് പദ്ധതികളിലൂടെ നഗരസഭ പരിധിയിലെ വീടുകളിൽ കുടിവെള്ളം എത്തിച്ച പ്രവർത്തികൾക്കാണ് കേന്ദ്ര സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ചത്. പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കേരള വാട്ടർ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നഗരസഭയുടെ നന്ദി അറിയിക്കുന്നതായും മേയര്‍ ഫേസ് ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം കോര്പ്പറേഷന് മുന്നില്‍ ആത്മഹത്യഭീഷണിമുഴക്കി ശുചീകരണതൊഴിലാളികള്‍. കോവിഡ് കാലത്ത് വീടുകളില്‍ നിന്ന് മാലിന്യം നീക്കി ഉപജീവനം ചെയ്തിരുന്നവരാണ് സമരം ചെയ്തത്. 15 ദിവസമായി തുടരുന്ന സമരം പരിഹരിക്കാന്‍ ശ്രമിക്കാത്തതിനെ തുടര്‍ന്നാണ് സമരക്കാര്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. തൊഴിലെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും മാലിന്യം നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം പിടിച്ചെടുക്കുന്നുവെന്നുമാണ് ഇവരുടെ ആരോപണം. പിന്നീട് മേയർ ഇടപെട്ട് സമരം അവസാനിപ്പിച്ചു.
ശബരിമലയിൽ വൻ ഭക്തജന തിരക്ക്. 52,000 പേരാണ് വർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത്. ശബരിമല ദർശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മുൻ വൈരാഗ്യത്തെ തുടർന്ന് കോളജ് ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ മർദിച്ച പ്രതികളെ ഇടുക്കി രാജാക്കാട് പൊലീസ് പിടികൂടി. ഇടുക്കി രാജകുമാരി എൻഎസ്എസ് കോളേജിന്റെ ഹോസ്റ്റലിൽ കയറിയായിരുന്നു മർദനം. ആക്രമണത്തിൽ ലക്ഷദ്വീപ് സ്വദേശി സൈദ് മുഹമ്മദ് നിഹാൽ, പത്തനംതിട്ട സ്വദേശി അജയ്, ഹരിദേവ് എന്നിവർക്ക് പരിക്കേറ്റു.
താനൂരിൽ ബൈക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിൽ. വേങ്ങര ഊരകം സ്വദേശികളായ താഴത്തെവീട്ടിൽ അബു താഹിർ, കുറ്റിപ്പുറത്ത് ഷാജി കൈലാസ്, പന്നിയത്ത് പറമ്പിൽ ഷംനാഫ് എന്നിവരെയാണ് പെരിന്തൽമണ്ണയിൽ നിന്ന് അറസ്റ്റ് ചെയ്തത്. താനൂർ തീരദേശത്തെ ഫാറൂഖ് പള്ളിയുടെ പരിസരത്ത് നിന്നായിരുന്നു മോഷണം.
കൊല്ലം പരവൂരിൽ എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ. ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തിൽ ഷംനത്ത് (പാർവതി) ആണ് അറസ്റ്റിലായത്. പരവൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടിയുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഷംനത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സാഹിത്യ നിരൂപകനും സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു(68). അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മണിക്കൂറുകളുടെ ഇടവേളകളിൽ സംസ്ഥാനത്താകെ അഞ്ച് പേര് വാഹനാപകടത്തിൽ മരിച്ചു. ഇരവിപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് പള്ളിത്തോട്ടം സ്വദേശി മനീഷ് (31), ഇരവിപുരം പനമൂട് സ്വദേശി പ്രവീൺ (32) എന്നിവരാണ് മരിച്ചത്. തകർന്നു കിടക്കുന്ന തീരദേശ റോഡിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. ആലപ്പുഴയിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. ഹരിപ്പാട് ചെറുതന സ്വദേശി സഞ്ജു (21)വാണ് മരിച്ചത്. ഇന്ന് രാവിലെ വളഞ്ഞവഴി ജംഗ്ഷനിലായിരുന്നു അപകടം. പുന്നപ്ര കാർമൽ കോളേജിലെ വിദ്യാർത്ഥിയാണ് . അമ്പലംകുന്ന് ഭാഗത്ത് വെച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ യാത്ര ചെയ്ത മടുത്തങ്കില്‍ രാജേഷ്, നടുവിലേതിൽ കിഷോർ എന്നിവരാണ് മരിച്ചത്. രാജേഷ് ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റി ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഹർജി. അദ്ദേഹത്തിന്റെ വസ്ത്രധാരണത്തിനെതിരെ അഭിഭാഷകൻ സത്യകുമാർ ആണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സർക്കാർ പരിപാടികളിൽ ജീൻസും ടീഷർട്ടും ധരിക്കുന്നു, കാഷ്വലായ ചെരിപ്പ് ഉപയോഗിക്കുന്നു എന്നെല്ലാമാണ് പരാതി. ഉദയനിധി ധരിക്കുന്ന ടീ ഷർട്ടുകളിൽ പലപ്പോഴും ഡിഎംകെയുടെ ചിഹ്നമുണ്ടെന്നും ഹർജിയിൽ പറയുന്നു. സർക്കാർ പരിപാടികളിൽ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് പൊതുപ്രവർത്തകർക്ക് വിലക്കുള്ളതിനാൽ ഇത് ശരിയല്ലെന്നാണ് അഭിഭാഷകന്റെ വാദം.
ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈയിൽ നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്ന ഐഎക്സ് 196 വിമാനത്തിനാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. 189 യാത്രക്കാരുമായി പുലര്‍ച്ചെ 1.20ന് വിമാനത്താവളത്തിലെത്തിയ വിമാനം സുരക്ഷാസേന വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട് .
കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയ്യുടെ ജീവിതത്തെ ആസ്പദമാക്കി വെബ് സിരീസ് ഒരുങ്ങുന്നു. ജാനി ഫയര്‍ ഫോക്സ് പ്രൊഡക്ഷന്‍ ഹൗസ് ആണ് വെബ് സിരീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോറന്‍സ്- എ ഗ്യാങ്സ്റ്റര്‍ സ്റ്റോറി എന്ന പേരിലായിരിക്കും സിരീസ് എത്തുക. ഈ ടൈറ്റിലിന് ഇന്ത്യന്‍ മോഷന്‍ പിക്ചേഴ്സ് അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് വിവരം.
ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടി. യഹിയ സിന്‍വറിന്റെ പോസ്റ്റ്മോർട്ടത്തിൽ പങ്കാളിയായ ഇസ്രയേൽ നാഷണൽ സെന്റർ ഓഫ് ഫോറൻസിക് മെഡിസിനിലെ ഡോ. ചെൻ കുഗേൽ ന്യൂയോർക്ക് ടൈംസിനോടാണ് ഇക്കാര്യം വിശദമാക്കിയത്. നേരത്തെ തന്നെ ചെറുമിസൈലോ ടാങ്കിൽ നിന്നുള്ള ഷെല്ലിൽ നിന്നോ ഉള്ള ചീളുകൾ തറച്ച പരിക്കേറ്റ നിലയിലായിരുന്നു യഹിയ സിന്‍വര്‍ ഉണ്ടായിരുന്നത്. ഇതിൽ യഹിയ സിന്‍വറിന്റെ കൈ തകർന്ന നിലയിലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.